Tuesday, April 12, 2011

വേദന


കുട്ടികളും അവരുടെ അമ്മൂമ്മ മുത്തശ്ശന്‍മാരും തമ്മിലുള്ള ഒരു ആത്മബന്ധത്തിനെ കുറിച്ച് ഞാന്‍ അധികമൊന്നും ചിന്തിച്ചിരുന്നില്ല,ഈ അടുത്ത കാലം വരെ.അതായതു മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അമ്മയെ നഷ്ടമാകുന്നത് വരെ.അന്ന് എന്റെ മകള്‍ക്ക് പത്തു വയസായിരുന്നു പ്രായം.അമ്മൂമ്മയെ ഒരുപാട് ഇഷ്ടമായിരുന്ന അവളുടെ അന്നത്തെ സങ്കടം ഇപ്പോഴും എന്റെ കണ്ണിലുണ്ട്.

ജൂലൈ,ഓഗസ്റ്റ്‌ മാസത്തിലുള്ള വേനലവധിക്കാണ് വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള നാട്ടില്‍ പോക്ക്. കഷ്ടി ഒരു മാസം,ബന്ധുവീട് സന്ദര്‍ശനവും ,പലപല അമ്പലങ്ങളില്‍ പോക്കും ആയി പെട്ടന്നങ്ങു കഴിയും.ഞാന്‍ എന്റെ പല കൂട്ടുകാരികളെ കണ്ടു തീര്‍ക്കുന്ന തിരക്കിലാകുമ്പോള്‍,നന്നു(മകള്‍)എപ്പോഴും അമ്മൂമ്മയുടെ കൂടെ.അവള്‍ക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കികൊടുത്തും,പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോയും,എന്ത് ചോദിച്ചാലും വാങ്ങി കൊടുത്തും,വഴക്ക് പറയാതെയും,ആവശ്യത്തില്‍ കൂടുതല്‍ കൊഞ്ചിച്ചും,അമ്മൂമ്മയും മുത്തശ്ശനും ഒരു മാസം കൊണ്ട് അടുത്ത ഒരു വര്‍ഷത്തെക്കായുള്ള സ്നേഹം മുഴുവന്‍ അവളില്‍ നിന്നും അനുഭവിക്കും.തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ.

ജപ്പാനില്‍ ഞങ്ങള്‍ താമസിക്കുന്നത് ഒരു ഗ്രാമപ്രദേശത്ത് ആണ്.അടുത്തെങ്ങും ഒരു മലയാളി പോയിട്ട് ഇന്ത്യക്കാരന്‍ പോലും ഇല്ല.കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു തമിഴ്‌ ഫാമിലി കുറച്ചകലെ ആയി താമസിക്കാന്‍ വന്നു.അവരാണ് ആകെ ഉള്ള ഇന്ത്യന്‍ ബന്ധം.ഇവിടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നതും വരുന്നതും ഒക്കെ നടന്നാണ്.അതാണ്‌ നിയമം.പോകുന്ന വഴിയില്‍ കാണുന്ന അമ്മൂമ്മയോടും അപ്പൂപ്പനോടും ഒക്കെ വര്‍ത്തമാനം പറഞ്ഞു രസിച്ചാണ് യാത്ര.എല്ലാ കുട്ടികളെയും പോലെ നന്നുവിനും പ്രയമയവരോട് ഒരു പ്രത്യേക അടുപ്പം ഉണ്ട്.അവള്‍ടെ കൂട്ടുകാരുടെ അമ്മൂമ്മയോക്കെ അവള്‍ക്കും അമ്മൂമ്മയാണ്.

ഇവിടെ ഇന്ത്യക്കാര്‍ ആരും ഇല്ലാത്തതുകൊണ്ട് തന്നെ,എല്ലാ വര്‍ഷവും കുട്ടികളെ നാട്ടില്‍ കൊണ്ടുപോകാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.അല്ലെങ്കില്‍ സ്വന്തം നാട് എന്നും അവര്‍ക്ക് അത്ഭുതമായി തന്നെ നില്‍ക്കും.നന്നുവിന്റെ ആറാം ക്ലാസ്സിലെ വേനലവധി വരെ ഇത് തുടര്‍ന്ന് കൊണ്ടിരുന്നു.കഴിഞ്ഞ വര്ഷം പോകാന്‍ സാധിച്ചില്ല.നന്നു ജൂനിയര്‍ ഹൈസ്കൂളില്‍ ആയതു കൊണ്ട് വേനലവധിക്കും അവര്‍ക്ക് സ്കൂളില്‍ പോകേണ്ടതുണ്ട്.സ്കൂള്‍ ഓര്‍ക്കെസ്ട്രയില്‍ അംഗമായത് കൊണ്ട് അവള്‍ക്കു എല്ലാ ദിവസവും പ്രാക്ടിസിനായി സ്കൂളില്‍ പോകണം.ആ സമയത്തായിരിക്കും എല്ലാ കോണ്‍സെര്‍ട്സും വരുന്നത്,ഡിസ്ട്രിക്ട് ലെവല്‍ മുതല്‍ നാഷണല്‍ ലെവല്‍ വരെ.

നാട്ടിലുള്ള,അവളുടെ അതെ പ്രായത്തിലുള്ള കസിന്റെ ഫോട്ടോസ് ഒക്കെ കാണുമ്പോള്‍ ഇടയ്ക്കൊക്കെ ഇന്ത്യയില്‍ പോകാന്‍ തോന്നുന്നു എന്ന് പറയും അവള്‍.ഗള്‍ഫിലുള്ള മറ്റൊരു കസിന്‍ എല്ലാ വേനലവധിക്കും നാട്ടില്‍ പോകും.അവധിക്കാലം കഴിഞ്ഞുള്ള അവരുടെ ഫോട്ടോസ് നന്നുവില്‍ സന്തോഷത്തിനു പകരം വിഷമം ഉണ്ടാക്കും."അവള്‍ക്കെന്തു സുഖാണ്...അമ്മൂമ്മയുടെയും മുത്തശ്ശന്റെയും കൂടെ ഇരിക്കാലോ.."എന്നൊക്കെ പറയും... "അസൂയക്കാരി" എന്നൊക്കെ ഞാന്‍ കളിയാക്കുമെങ്കിലും എനിക്കറിയാം അവള്‍ക്കു അതെല്ലാം മിസ്‌ ചെയ്യുന്നുണ്ട് എന്ന്.മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അമ്മ ഞങ്ങളെ വിട്ടു പോയതിനു ശേഷം നന്നു ഒരിക്കലേ നാട്ടില്‍ പോയുള്ളൂ.പക്ഷെ നാട്ടില്‍ ഉണ്ടായ പതിനഞ്ചു ദിവസവും കസിന്സിനോപ്പം അവരുടെ വീട്ടില്‍ ആയിരുന്നു.അമ്മൂമ്മ ഇല്ലാത്ത വീട്ടിലേക്കു വരാന്‍ തോന്നുന്നില്ലായിരുന്നു എന്നവള്‍ പിന്നീട് പറഞ്ഞു.

ഞാന്‍ ഇതൊക്കെ പറയാന്‍ കാരണം ഈ അടുത്ത ദിവസം ഉണ്ടായ ഒരു സംഭവം ആണ്.

കുറച്ചു ദൂരെ ആയി ഒരു തമിഴ്‌ ഫാമിലി ഉണ്ട് എന്ന് പറഞ്ഞല്ലോ.അവര്‍ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നും അവരുടെ അച്ഛനും അമ്മയും വന്നു.കഴിഞ്ഞ ആറു മാസമായി അവരിവടെ ഉണ്ടായിരുന്നു.തമിഴ്നാട്ടില്‍ നിന്നും വന്ന അവര്‍ക്ക് കഠിനമായ വിന്റെര്‍ സഹിക്കാവുന്നതിലും അപ്പുറം.മഞ്ഞു വീണു കിടക്കുന്നത് കൊണ്ട് പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത വിഷമം വേറെ.എനിക്ക് പറ്റാവുന്ന സഹായങ്ങള്‍ ഞാനും ചെയ്തിരുന്നു.അങ്ങനെ പല തവണ അവിടെ പോവുകയും മറ്റും ചെയ്തപ്പോള്‍ ആ അമ്മൂമ്മയുമായി കുറച്ചു അടുപ്പമായി നന്നുവിനു. അവര്‍ പറയുന്നത് ഒന്നും അവള്‍ക്കു മനസ്സിലാവില്ല,അവര്‍ തമിഴില്‍ വച്ചുകാച്ചും..നന്നു കണ്ണ് മിഴിച്ചു ഇരിക്കും.എന്നാലും അവരെ ആദ്യമായി കണ്ടപ്പോള്‍ തന്നെ നന്നു എന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു,നമ്മുടെ അമ്മൂമ്മയെ പോലെ തോന്നുന്നു അല്ലെ എന്ന്.
ആറു മാസത്തിനുശേഷം അവര്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അവരെയെല്ലാം വീട്ടിലേക്കു ഡിന്നറിനു ക്ഷണിച്ചു.അന്ന്,അവര്‍ വീട്ടില്‍ .വന്നതിനു ശേഷമാണ് നന്നു സ്കൂളില്‍നിന്ന് വന്നത്.അവരെ കണ്ടപാടെ എന്റെ അടുത്ത് വന്നുപറഞ്ഞു..
"അമ്മെ.. ആ അമ്മൂമ്മ ഉടുത്തിരിക്കുന്ന സാരി നമ്മുടെ അമ്മൂമ്മയുടെ സാരി അല്ലെ...എങ്ങനെയാ അത് സെയിം ആയത്?"
സെയിം സാരികള്‍ ഒരുപാട് ഉണ്ടാവില്ലേ എന്ന് ഞാന്‍ മറുപടിയും കൊടുത്തു.അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു അവര്‍ പോകാന്‍ ഒരുങ്ങി.ഇന്ത്യയില്‍ വന്നാല്‍ ചെന്നൈയില്‍ വന്നു അവരെ കാണണം എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു ഉമ്മ വച്ചു ആ സ്നേഹമയിയായ അമ്മ.അത് കഴിഞ്ഞു നന്നുവിന്റെ കൈ പിടിച്ചു മോളും വരണം ട്ടോ എന്ന് പറഞ്ഞു.ശേരി എന്ന് അവള്‍ പറഞ്ഞെങ്കിലും അവളുടെ മുഖം വല്ലതാകുന്നത് എനിക്ക് മനസ്സിലായി.ആ അമ്മൂമ്മ പോകാന്‍ ഇറങ്ങിയതും നന്നു ഒരു കരച്ചില്‍...ഞാന്‍ ശെരിക്കും ഞെട്ടി പോയി...വേദനിച്ചാല്‍ കൂടി കരയാത്ത പെണ്ണാണ്...ഏങ്ങലടിച്ചു കരച്ചിലോട് കരച്ചില്‍...പിന്നെ ആ അമ്മൂമ്മ ഓടി വന്നു അവളെ കെട്ടിപിടിച്ചു കരച്ചില്‍..ആകെ ബഹളമയമായി.

സത്യമായും ഞാന്‍ വല്ലാതെ അമ്പരന്നു പോയിരുന്നു...അങ്ങനെയുള്ള സോഫ്റ്റ്‌ കോര്‍ണര്‍ ഒന്നും പുറത്തു കാണിക്കാറില്ല അവള്‍....കൂട്ടുകാരും,സ്കൂളും, ക്ലബ്‌ ആക്ടിവിറ്റിയും,ഐ പോഡും,ടാബും ഒക്കെ ആയി നടക്കുന്ന,ഒന്നിനെയും കൂസാതെ,ഒരു ടിപ്പിക്കല്‍ ടീനേജര്‍ ആയ "I don't care" എന്ന മട്ടില്‍ കറങ്ങി നടക്കുന്ന നന്നു... എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.കണ്ണുനീരിന്റെ നീറ്റല്‍ ഞാനും അറിഞ്ഞു ആ നിമിഷം. എനിക്കാണ് തെറ്റിയത്, അമ്മൂമ്മയുടെ നഷ്ടം അവള്‍ ശെരിക്കും അറിയുന്നുണ്ട്.

കുട്ടികളുടെ ജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട് അമ്മൂമ്മമാരും മുത്തശ്ശന്മാരും.അമ്മ കണ്ണുരുട്ടിയാല്‍,അച്ഛന്‍ ദേഷ്യപെട്ടാല്‍ ഒക്കെ ഓടിച്ചെന്നു പരാതി പറയാന്‍,വാല്‍സല്യം നുകരാന്‍ ഒക്കെ അമ്മൂമ്മയല്ലാതെ മറ്റാരുണ്ട്? നന്നുവിനു നഷ്ടപെട്ട അവളുടെ അമ്മൂമ്മയെ തിരികെ കൊടുക്കാന്‍ എനിക്കൊരിക്കലും കഴിയില്ല...പക്ഷെ ആശ്വസിക്കുന്നു...പിന്നെയും ഉണ്ടല്ലോ ഒരുപാട് ബന്ധങ്ങളും ബന്ധനങ്ങളും ..മുറിഞ്ഞു പോവാതെ നോക്കണം...എന്റെ കുട്ടികള്‍ക്ക് വേണ്ടി....

Wednesday, February 23, 2011

മൌണ്ട് ഫുജിയും ടോക്യോയും

വീണ്ടുമൊരു യാത്ര.ഇത്തവണ മനുവും പിള്ളേരും ഇല്ല,രണ്ടു കൂട്ടുകാരികളുടെ കൂടെ രണ്ടു ദിവസത്തെ പ്രോഗ്രാം.ലക്‌ഷ്യം ടോക്യോയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ക്വില്‍ട്ട് ഫെസ്റ്റിവല്‍ കാണുക,അവിടെ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കുക,ഇത്രയുമായിരുന്നു.പക്ഷെ ഒരുപാട് നാളത്തെ ആഗ്രഹമായ ഫുജിസാന്‍(Mount Fuji) മനസ്സിലങ്ങനെ കിടന്നതുകൊണ്ട് യാത്ര രണ്ടു ദിവസത്തെയ്ക്കാക്കി.ഒരു ദിവസം ഫുജിസാനും അടുത്ത ദിവസം ടോക്യോയും.

വിന്റെര്‍ ആയതു കൊണ്ട് ഫുജിസാന്റെ മുകളില്‍ കയറാനൊന്നും പരിപാടി ഉണ്ടായിരുന്നില്ല.പക്ഷെ ജപ്പാനിലെ ഏറ്റവും പൊക്കമുള്ള,ഏറ്റവും ഭംഗിയുള്ള ഫുജിസാനെ കാണണം എന്നത് ഒരു ആഗ്രഹമായിരുന്നു.അതിനു കാരണം എന്റെ ഒരു കൂട്ടുകാരി ആണ്.മൂന്നു നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരുടെ ഭര്‍ത്താവിനു ജോലിമാറ്റം കിട്ടിയത് ഷിസുഒക(Shizuoka)എന്ന സ്ഥലത്തേക്കയിരുന്നു. ഷിസുഒകയില്‍ ഫുജിസാന്‍ ന്റെ അടുത്തു തന്നെ.രാവിലെ ഉറക്കമുണര്‍ന്നു ആദ്യം കാണുന്ന കാഴ്ച ഗാംഭീര്യത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന ഫുജിസാന്‍.നല്ല തെളിഞ്ഞ ദിവസങ്ങളില്‍ വല്ലാത്തൊരു വശ്യതയാണ് ഫുജിയ്ക്ക്.ഓരോ ഋതുക്കളിലും ഓരോ ഭംഗി...എന്റെ സുഹൃത്ത്‌,തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളില്‍ എല്ലാം, മൊബൈലില്‍ ഫുജിസാനെ പകര്‍ത്തി എനിക്കയച്ചു തരുമായിരുന്നു അന്നൊക്കെ.കണ്ടു കണ്ടു എനിക്കെങ്ങനെയെങ്കിലും ഫുജിസാനെ നേരിട്ട് കണ്ടേ പറ്റൂ എന്ന അവസ്ഥയായി.
എല്ലാ വര്‍ഷവും പ്ലാന്‍ ചെയ്യും,എന്തെങ്കിലുമൊക്കെ കാരണം കൊണ്ട് പോകാന്‍ പറ്റാതാവും,ഞാനൊഴിച്ചു പ്ലാന്‍ ചെയ്തവരൊക്കെ പോകുകയും ചെയ്യും. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇതിങ്ങനെ തുടര്‍ന്നു.പക്ഷെ വളരെ വ്യക്തമായി,മേഘങ്ങളുടെ മൂടുപടമില്ലാതെ ഫുജിസാനെ കാണാന്‍ സാധിക്കുന്നത്‌ ഭാഗ്യമായി ഇവിടുത്തെ ആളുകള്‍ കാണുന്നുണ്ട്.പല വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും ആ ഭാഗ്യം എനിക്ക് കൈവന്നില്ല.എന്താണെന്നു അറിയില്ലെങ്കിലും,കൂടെ പോകുവാന്‍ പ്ലാന്‍ ചെയ്യാറുള്ള മറ്റൊരു സുഹൃത്തിനു ഇതുവരെ ഫുജിസാനെ നന്നായി കാണാന്‍ പറ്റിയിട്ടില്ലായിരുന്നു.മൂന്നു തവണ,അവര്‍ ആദ്യം പറഞ്ഞ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു ഫുജിയെ കാണാന്‍ കാത്തിരുന്നു.ഒന്നുകില്‍ മേഘം മാത്രം,അല്ലെങ്കില്‍ ഫുജിയുടെ തല മാത്രം.. അങ്ങനെ തലയും വാലും മാത്രമേ കണ്ടിട്ടുള്ളൂ.നേരത്തെ തന്നെ കാലാവസ്ഥ ഒക്കെ തിരക്കി കണ്ടു പിടിച്ചിട്ടാണ് പോകുന്നത്..പക്ഷെ എന്തുകൊണ്ടോ അവിടെ എത്തിയാല്‍ ആകാശം മേഘാവൃതം!!!!!!

അങ്ങനെ എനിക്ക് മാത്രം പോകാന്‍ സാധികാതെ വര്‍ഷങ്ങള്‍ മൂന്നു നാല് കഴിഞ്ഞു.ഫുജിസാന്‍ ഒരു സ്വപ്നമായി അവശേഷിച്ചു. എന്റെ സുഹൃത്താവട്ടെ,അവരുടെ ഭര്‍ത്താവിനു വീണ്ടും സ്ഥലമാറ്റം ആയപ്പോള്‍ അവിടം വിടുകയും ചെയ്തു.എങ്കിലും അവരവിടെ ഒരുപാട് സുഹൃത്തുക്കളെ സമ്പാദിച്ചാണ് തിരിച്ചു പോന്നത്.ഇടയ്ക്കിടെ അവരെയൊക്കെ സന്ദര്‍ശിക്കാറും ഉണ്ട്.അങ്ങനെയാണ് ഇത്തവണത്തെ ക്വില്റ്റ്‌ ഫെസ്റ്റിവലിനുപോകുന്ന കാര്യം പറഞ്ഞു വന്നപ്പോള്‍,എങ്കില്‍ ഫുജിസാനെ കാണാന്‍ ഒരു ശ്രമം കൂടി നടത്തിയാലോ എന്ന് തോന്നിയത്.ജനുവരിയിലെ ഫുജിസാന്‍ മഞ്ഞു മൂടി കിടക്കും...മനോഹരമായ ആ കാഴ്ച മനസ്സില്‍ ഓര്‍ത്തപ്പോഴേ ആവേശമായി.ഞാനും,നേരത്തെ പറഞ്ഞ ഫുജിസാന്‍ ഇതുവരെ കാണാന്‍ സാധിക്കാത്ത ഹരുക്കോസാനും(Harukko san),ഫുജിസാന്റെ ആരാധിക ആയ,എന്റെ സുഹൃത്തായ,അവിടെ താമസിച്ചിരുന്ന കെയ്കോസാനും(Keyko san) ഒരുമിച്ചു പ്ലാന്‍ ഒക്കെ ഉണ്ടാക്കി.ഹരുക്കോസാന്‍, അവര്‍ കൂടെ ഉള്ളത് കൊണ്ട് ഇത്തവണയും ഫുജിസാന്‍ കാണാന്‍ സാധിക്കില്ല എന്ന് സങ്കടപ്പെട്ടു.എനിക്കാണെങ്കില്‍ മൂന്നു നാല് വര്‍ഷമായിട്ടു ഇതുതന്നെ കേട്ട് കേട്ട്,എന്നാല്‍ പിന്നെ ആ ധാരണ ഒന്ന് പൊളിച്ചടുക്കണമല്ലോ എന്നൊരു തോന്നലും.കണ്ടില്ലെങ്കില്‍ വേണ്ട,അടുത്ത വര്ഷം വീണ്ടും വരാം എന്ന ഉറപ്പില്‍ ഞങ്ങള്‍ പോകാന്‍ തയ്യാറായി.ടിക്കറ്റ്‌,ഹോട്ടല്‍ ബുക്കിംഗ്,എല്ലാം ഹരുക്കോ സാന്‍ ചെയ്തു.ടോക്യോയ്ക്കുള്ള പകുതി ദൂരം എക്സ്പ്രസ്സ്‌ ട്രെയിനിലും അത് കഴിഞ്ഞാല്‍ Shinkansen(Bullet train)ലും ആണ് യാത്ര.

രാവിലെ ആറു മണിക്ക് വീടിനു മുന്നില്‍ കാറുമായി ഹരുക്കോ സാന്‍ റെഡി.മഞ്ഞു പെയ്തു പെയ്തു റോഡോന്നും കാണാന്‍ തന്നെ ഇല്ലാത്ത അവസ്ഥ. നേരം വെളുത്തിട്ടില്ല.



ഞങ്ങള്‍ രണ്ടു പേരും കൂടി കെയ്കോ സാന്റെ വീട്ടില്‍ ചെന്ന് അവരെയും കൂട്ടി നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു.ഇത്രയും മഞ്ഞു പെയ്തത് കൊണ്ട് ട്രെയിന്‍ ഉണ്ടാവില്ലേ എന്നൊരു പേടി ഉണ്ടായിരുന്നു.പക്ഷെ ട്രെയിന്‍ കൃത്യസമയത്ത് തന്നെ എത്തി.അങ്ങനെ ഞങ്ങളുടെ യാത്ര തുടങ്ങി.

തമാശ പറഞ്ഞും,കുട്ടികളെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിച്ചും,അവര്‍ രണ്ടു പേരുടെയും ഇന്ത്യ കാണണമെന്നുള്ള ആഗ്രഹത്തെ കുറിച്ചും ഒക്കെ സംസാരിച്ചു നേരം പോയത് അറിഞ്ഞതെ ഇല്ല.ഞങ്ങളുടെ താമസസ്ഥലമായ ടോയമ (Toyama prefecture) വിട്ടതോടെ മഞ്ഞു കുറഞ്ഞു കുറഞ്ഞു വന്നു.മൈബാര(Maibara) എന്ന സ്റ്റേഷനില്‍ എത്തിയപ്പോള്‍ പുറത്തേക്കു നോക്കിയാല്‍ വിന്റെറിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. മൈബാരയില്‍ ഇറങ്ങി. നല്ല തണുപ്പ്... അപ്പൊ വിന്റെര്‍ തന്നെ...അവിടെ നിന്നും shinkansen ആണ് ടോക്യോക്ക്.Shinkansen(bullet train) നു പ്രത്യേക ട്രാക്ക്‌ ആണ് എന്നറിയാമല്ലോ.ആ പ്ലാറ്റ്ഫോമില്‍ പോയി ഞങ്ങളുടെ വണ്ടിയ്ക്കായി ഇരുപതു മിനുട്ട് കാത്തിരിക്കേണ്ടി വന്നു.അവിടെ വെറുതെ ഇരുന്നു തലങ്ങും വിലങ്ങും പോയ്കൊണ്ടിരിക്കുന്ന shinkansen ന്റെ കണക്കെടുപ്പ് നടത്തി.കണ്ണടച്ചു തുറക്കുംമുന്‍പേ ട്രെയിന അതിന്റെ പാട്ടിനു പോയ്കഴിയും....എന്തൊരു സ്പീഡ്‌.







ഞങ്ങളുടെ ട്രെയിനില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.അവിടെയും ഇവിടെയുമായി കുറച്ചാളുകള്‍.നല്ല തെളിഞ്ഞ ആകാശം ആയിരുന്നു.ഫുജിസാനെ കാണാന്‍ പറ്റും എന്നുള്ള വിശ്വാസം കൂടി കൂടി വന്നു.പക്ഷെ കേയ്കോ സാന്‍ ,ഫുജിസാന്റെ അടുത്ത് താമസിക്കുന്ന അവരുടെ കുടുംബസുഹൃത്തിന് മെയില്‍ ചെയ്തു,മേഘങ്ങളുടെ അവസ്ഥ എന്താണ്?ഫുജിസാനെ കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നിരാശാജനകമായിരുന്നു.തെളിഞ്ഞ ആകാശം ആണ്,പക്ഷെ ഫുജിസാനെ ചുറ്റി മേഘങ്ങള്‍ ഉണ്ട്,അതുകൊണ്ട് കാണാന്‍ ബുദ്ധിമുട്ടാണ് എന്നവര്‍ മറുപടി അയച്ചു.ഹരുക്കോ സാന്‍ ഇതോടെ മൂഡ്‌ ഔട്ട്‌ ആയി.ഞാന്‍ അവരെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു,ഇത്ര വെയില്‍ ഉള്ളത് കൊണ്ട് കാണാന്‍ സാധിക്കും എന്ന് തന്നെ ആയിരുന്നു എന്റെ വിശ്വാസം.അങ്ങനെ ഞങ്ങള്‍ ഷിന്‍ ഫുജി (shin fuji) എന്ന സ്റ്റേഷനില്‍ എത്തി.സാധാരണ ദിവസങ്ങളില്‍ സ്റ്റേഷന്‍റെ പുറത്തിറങ്ങിയാല്‍ ആദ്യം കാണുന്നത് ഭീമനെ പോലെ തലയുയര്‍ത്തി പിടിച്ചു നില്‍കുന്ന ഫുജിസാനെ ആണ്.പക്ഷെ ...നിര്‍ഭാഗ്യകരം....ഹരുക്കോ സാന്‍ ഭയന്നത് പോലെ തന്നെ സംഭവിച്ചു... മേഘങ്ങള്‍,മേഘങ്ങള്‍ മാത്രം എല്ലായിടത്തും.അവിടെ അങ്ങനെ ഒരു പര്‍വതം ഉണ്ട് എന്ന് വിശ്വസിക്കാന്‍ പ്രയാസം.




ഇതാ... ഇങ്ങനെ തലയും വാലും ഇല്ലാതെ....

സങ്കടത്തോടെ,ഞങ്ങള്‍ അടുത്തുള്ള റെന്റ് എ കാറിലേക്ക് നടന്നു.നേരെ പോയത് കേയ്കോ സാന്‍ പണ്ട് താമസിച്ചിരുന്ന സ്ഥലത്തേക്ക്.പോകുന്ന വഴിയെല്ലാം ഞാന്‍ ഫുജിസാനെ തിരഞ്ഞു... ഇടയ്കൊക്കെ തല മാത്രം കാണാന്‍ പറ്റി.




കേയ്കോ സാന്റെ കുടുംബസുഹൃത്തായ Tsuchiya san നടത്തുന്ന ചെറിയ ഒരു റെസ്റ്റോറന്റിലെക്കാണ് ഞങ്ങള്‍ ചെന്ന് കയറിയത്.അദ്ദേഹം സ്വയം ഉണ്ടാക്കുന്ന soba(നൂഡില്‍സ്)ആണ് അവിടുത്തെ പ്രത്യേകത.പ്രശസ്തമായ ഒരു മരുന്ന് കമ്പനിയില്‍,കേയ്കോ സാന്റെ ഭര്‍ത്താവിനൊപ്പം ജോലി ചെയ്തിരുന്ന ആ കുടുംബസുഹൃത്,ജോലി രാജി വച്ചിട്ടാണ് സ്വയം ഡിസൈന്‍ ചെയ്ത,പരമ്പരാഗത രീതിയിലുള്ള വളരെ ചെറിയ ഈ റെസ്റ്റോറന്റ് തുടങ്ങിയത്.വരുന്നവരെല്ലാം ചുറ്റിനും താമസിക്കുന്നവര്‍ തന്നെ.പിന്നെ ഫുജിസാന്‍ കാണാന്‍ വരുന്ന ടൂറിസ്റ്റുകള്‍ വല്ലപ്പോഴും.അവരോടു വിശേഷം ഒക്കെ പറഞ്ഞു,സോബ ഉണ്ടാക്കി വിളമ്പും.ആകെ മൂന്നു മേശയെ ഉള്ളു അവിടെ.പക്ഷെ എവിടെ ഇരുന്നാലും തൊട്ടു മുന്‍പില്‍ ഫുജിസാന്‍ ആണ്.എന്നും ഈ പര്‍വതത്തെ കാണാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു റെസ്റ്റോറന്റ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ,എത്രമാത്രം ഇവിടെയുള്ള ആളുകള്‍ ഫുജിസാനെ വിലമതിക്കുന്നു എന്നെനിക്ക് മനസ്സിലായി.എന്ത് പറഞ്ഞു വന്നാലും അതിലൊക്കെ ഫുജിസാന്‍ മാത്രം അവര്‍ക്ക്.അത്ഭുതം തോന്നിപ്പോയി.ഞങ്ങള്‍ ചെല്ലുന്നതിന്റെ തലേദിവസം പൌര്‍ണമി ആയിരുന്നു.രാത്രി നിലവില്‍ കുളിചു നില്ക്കുന്ന ഫുജിസാനെ കുറിച്ച് പറഞ്ഞു അവിടെ ഉണ്ടായിരുന്ന നാട്ടുകാര്‍ ഞങ്ങളെ കൊതിപ്പിച്ചു.


കഷ്ണവും മുറിയൊക്കെ ആയിട്ടു..റെസ്റ്റോറന്റില്‍ നിന്നുള്ള അന്നത്തെ കാഴ്ച...


സോബയും,ടെമ്പുറയും...


ഹരുക്കോ സാനും കെയ്കോ സാനും

പക്ഷെ ജനുവരി ഒന്നാം തിയതി മുതല്‍ എല്ലാ ദിവസവും തെളിഞ്ഞ മുഖത്തോടെ കണ്ടിരുന്ന ഫുജിസാന്‍ നു ഇത് എന്ത് പറ്റി എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും അത്ഭുതപെട്ടു.ഹരുക്കോ സാന്‍ ന്റെ അന്ധവിശ്വാസത്തെ വിശ്വസിക്കണോ വേണ്ടയോ എന്നായി എനിക്ക്.ഹരുക്കോ സാന്‍ ആണെന്കില്‍ വല്ലാത്ത സങ്കടത്തിലും.ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ Tsuchiya san ന്റെ ഭാര്യ ഒരു അഭിപ്രായം പറഞ്ഞു...ചിലപ്പോള്‍ ഈ ഒരു വശം മാത്രമേ മേഘങ്ങള്‍ മറച്ചു കാണൂ..മറുവശത്ത് പോയി നോക്കിയാലോ എന്ന്.ഞങ്ങള്‍ എന്തിനും റെഡി.പക്ഷെ മറുവശം എന്നാല്‍ ഒരുപാട് ദൂരം ഉണ്ടാകില്ലേ.. ഈ പര്‍വതത്തിനെ വലം വയ്ക്കണ്ടേ...എന്നൊക്കെ മനസ്സില്‍ ആശങ്ക തോന്നാതെയുമിരുന്നില്ല.റെസ്റ്റോറന്റ് ഭാര്യയെ ഏല്‍പ്പിച്ചു,ഞങ്ങള്‍ടെ കൂടെ വരാന്‍ അദ്ദേഹം തയ്യാറായി.ഞങ്ങളോട് ഡ്രൈവ് ചെയ്യണ്ട എന്ന് പറഞ്ഞു സ്വന്തം കാറെടുത്തു.അങ്ങനെ കിലോമീറ്ററുകളോളം ചുറ്റി വളഞ്ഞു ഞങ്ങള്‍ ഫുജിസാനെ വീണ്ടും അന്വേഷിക്കാന്‍ തുടങ്ങി.വഴിയില്‍ ഇടയ്ക്കിടെ മേഘങ്ങള്‍ മാറി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.







പക്ഷെ ഒരു പൂര്‍ണമായ കാഴ്ച ആവുന്നില്ല.അവസാനം ഒരുപാട് ദൂരം ഡ്രൈവ് ചെയ്തു മറുവശത്ത് എത്തിയപ്പോള്‍,അവിടെ അതാ,തല ഉയര്‍ത്തി പിടിച്ചു ഗാംഭീര്യത്തോടെ ഫുജി സാന്‍.ഒരു പര്‍വതത്തിന് ഇത്ര സൌന്ദര്യമോ എന്ന് തോന്നി പോയി എനിക്ക്.കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.






ഇത് മൂന്നും എന്റെ വകയുള്ള ഫോട്ടോസ്...










ഇത് ഗൂഗിള്‍ ല്‍ നിന്നും ചൂണ്ടിയത്.... അതായതു കഴിവുള്ളവര്‍ എടുത്തത്‌...


ജപ്പാനിലെ ഏറ്റവും പൊക്കമുള്ള പര്‍വതമാണിത്.3776മീറ്റര്‍ ആണ് ഉയരം.ശെരിക്കും ഇതൊരു അഗ്നിപര്‍വതം ആണ്.ഏറ്റവും അവസാനം പൊട്ടിത്തെറിച്ചത് 1707-08 കാലത്താണ്.അതിന്റെ ആകൃതി തന്നെ ആണ് ഏറ്റവും വലിയ പ്രത്യേകത.(Symmetrical cone).ജപ്പാനീസ് സാഹിത്യത്തില്‍ ഒക്കെ മൌണ്ട് ഫുജിയ്ക്ക് വലിയ പ്രാധാന്യം ആണ് ഉള്ളത്.ജപ്പാനില്‍ പ്രശസ്തമായ ഒരു ചൊല്ലുണ്ട്."ഒരിക്കലെങ്കിലും മൌണ്ട് ഫുജി കയറാത്തവന്‍ വിഡ്ഢിയാണ്,രണ്ടു പ്രാവശ്യം കയറിയവനും..."എന്താണോ അര്‍ഥം? നഞ്ഞെന്തിനു നന്നാഴി? എന്ന് തന്നെ ആവാം അര്‍ഥം അല്ലെ....മൌണ്ട് ഫുജി എന്ന പേരിന്റെ അര്‍ഥം തന്നെ "Everlasting life"എന്നാണത്രേ.

പല സ്ഥലത്തേക്കും മാറി മാറി വണ്ടിയോടിച്ചു ഫുജിസാനെ ഞങ്ങള്‍ കണ്ണ് നിറയെ കണ്ടു.അപ്പോഴാണ് ഒഷിനോഹക്കായ്(Oshino Hakkai) എന്ന സ്ഥലത്തെക്കുറിച്ച് കേയ്കോ സാനിനു ഓര്‍മ വന്നത്.അവിടെ അടുത്ത് തന്നെ ആയത് കൊണ്ട് കാണണമെന്നുണ്ടയിരുന്നെന്കിലും റെന്റ് എ കാര്‍ എടുത്തിരിക്കുന്നത് വൈകുന്നേരം ആറു മണി വരെ ആണ്.ആറു മണിക്ക് മുന്‍പ് തിരിച്ചു സ്റ്റേഷന്‍ പരിസരത്ത് എത്താന്‍ സാധിക്കുമോ എന്നൊരു സംശയം.പക്ഷെ വേഗം പോയി വരാം എന്ന ഉറപ്പില്‍ ഞങ്ങള്‍ അവിടെയ്ക്ക് വച്ചുപിടിച്ചു.കണ്ടില്ലായിരുന്നെങ്കില്‍ എത്ര വലിയ നഷ്ടം ആകുമായിരുന്നു എന്ന് പിന്നീട് മനസ്സിലായി.


ഒഷിനോഹക്കായ്(Oshino Hakkai) എന്നത് എട്ടു കുളങ്ങളുടെ പേരാണ്.ഈ കുളങ്ങളില്‍ ഉള്ളത് മൌണ്ട് ഫുജിയില്‍ നിന്നുള്ള മഞ്ഞു ഉരുകിയ വെള്ളം ആണ്.ഈ വെള്ളം, മൌണ്ട് ഫുജിയുടെ അടിത്തട്ടിലെക്കാന് ആദ്യം പോകുന്നത്.എന്നിട്ട് ലാവ മൂലമുണ്ടായ പാറകള്‍ ഈ വെള്ളത്തിനെ അരിച്ചെടുക്കുന്നു.(filtering).പ്രകൃതിയാണ് ഈ ഫില്‍റ്ററിംഗ് ചെയ്യുന്നത്.പിന്നെ വെള്ളം അടിത്തട്ടിലൂടെ ഒഴുകി ഈ പറഞ്ഞ ഒഷിനോഹക്കായ് എന്ന കുളങ്ങളില്‍ എത്തുന്നു. ആ ഒഴുകിഎത്തല്‍ 80 വര്‍ഷങ്ങള്‍ എടുത്താണ് പൂര്‍ത്തിയാകുന്നത് അത്രേ.ലാവ കൊണ്ട് അരിച്ചെടുക്കുന്നതിനാല്‍ ഈ വെള്ളം വളരെ ശുദ്ധമാകുന്നു.മാത്രമല്ല,അതില്‍ ഒരുപാട് മിനരെല്‍സ് അടങ്ങിയിട്ടുണ്ട് എന്നും പറയപ്പെടുന്നു.എന്ത് തന്നെ ആയാലും ഇത്ര തെളിമയാര്‍ന്ന കുളങ്ങള്‍ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല.അടിത്തട്ട് വരെ വ്യക്തമായി കാണാം.അതിന്റെ ഭംഗി വിവരിക്കാന്‍ വാക്കുകളില്ല എനിക്ക്.





ഇത് മൂന്നും എന്റെ......








ഇതെല്ലം ഫോട്ടോ എടുക്കാന്‍ അറിയാവുന്നവര്‍ എടുത്തത്‌... ഞാന്‍ ചൂണ്ടിയത്....


അവിടെ നിന്നും മടങ്ങാന്‍ തോന്നിയതെ ഇല്ല.കണ്ടു കൊതി തീര്‍ന്നില്ല എങ്കിലും വീണ്ടും വരാം എന്ന് മനസ്സിന് ഉറപ്പു കൊടുത്ത്ഞങ്ങള്‍ മടങ്ങി.അസ്തമയസൂര്യന്‍ ഫുജിസാനില്‍ നിറങ്ങളുടെ ഉത്സവം തീര്‍ക്കുന്നു.ഓടികൊണ്ടിരിക്കുന്ന കാറില്‍ ഇരുന്നു ആ നിറങ്ങളെ ഒക്കെ ക്യാമറയില്‍ ആക്കാന്‍ ഞാന്‍ വെറുതെ ഒരു ശ്രമം നടത്തി.




തിരിച്ചു റെസ്റ്റോറന്റില്‍ എത്തിയപ്പോള്‍ അവിടെ പഴയ പോലെ മേഘാവൃതം.അങ്ങനെ ഒരു സുന്ദരന്‍ (അതോ സുന്ദരിയോ?) അവിടെ ഒളിച്ചിരിക്കുന്നത് ആരും അറിയാത്ത പോലെ....എന്തത്ഭുതം!!!!!!


റെസ്റ്റോറന്റ് ന്റെ മുന്നില്‍ നിന്നുള്ള ദൃശ്യം... അവിടെ ആരും ഇല്ലാട്ടോ...





Tsuchiya san & ഭാര്യ ഞങ്ങളോടൊപ്പം...

നേരം വൈകിയത് കൊണ്ട് ഞങ്ങള്‍ മടങ്ങിപോകാന്‍ തയ്യാറായി.Tsuchiya sanനോടും ഭാര്യയോടും യാത്ര പറഞ്ഞ്,വീണ്ടും മനുവിനെയും കുട്ടികളെയും കൂട്ടി വരാമെന്നു ഉറപ്പു കൊടുത്ത്,ഞങ്ങള്‍ കാറില്‍ കയറി.ഇനി ആറു മണിക്ക് മുന്‍പ് സ്റ്റേഷന്‍റെ മുന്‍പില്‍ റെന്റ് എ കാറില്‍ എത്തണം.കാര്‍ മടക്കി കൊടുത്ത് അടുത്ത Shinkansen ല്‍ കേറി ടോക്യോയില്‍ എത്തണം.നാളെ ക്വില്റ്റ്‌ ഫെസ്റ്റിവല്‍.

ഫുജിസാന്‍ നെ മതിവരുവോളം കണ്ട സന്തോഷത്തില്‍ ഹരുക്കോ സാന്‍,ഇനിയും കാണാനുള്ള ആവേശത്തില്‍ ഞാന്‍,ഫുജിസാന്റെ ഭംഗിയുടെ 70%(??) എങ്കിലും കണ്ടല്ലോ എന്ന ആശ്വാസത്തില്‍ കേയ്കോ സാന്‍,shinkansen നു വേണ്ടിയുള്ള കാത്തിരിപ്പു തുടരുന്നു ഞങ്ങള്‍....

(ഓഫ്‌: ജപ്പാനില്‍ ആരെയും പേര് മാത്രമായി വിളിക്കാറില്ല...സാന്‍ എന്ന് കൂട്ടിയേ വിളിക്കൂ.. അതുകൊണ്ടാണ് ഞാന്‍ ഹരുക്കോ സാന്‍,കെയ്കോ സാന്‍ എന്ന് പറഞ്ഞിരിക്കുന്നത്.)

Saturday, January 29, 2011

ഐസുകാരി

ഞാന്‍ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴുള്ള ഒരു വേനലവധിക്കാലം.വീടിനു നേരെ എതിര്‍വശത്ത്,വഴിയരുകിലായി,പടര്‍ന്നു നിക്കുന്ന മരച്ചുവട്ടില്‍,ഉച്ചയായാല്‍ ഒരു ഐസുകാരി വരുമായിരുന്നു.സൈക്കിളില്‍,പിന്നില്‍ ഐസുപെട്ടി വച്ച് അവര്‍ ഈ മരത്തണലില്‍ വരും.സൈക്കിളിന്റെ ബെല്‍ നീട്ടിയടിച്ചു കഴിഞ്ഞാല്‍ അവര്‍ സാവധാനം ആ തണലില്‍ കുട്ടികളെയും കാത്തിരിക്കും.മുപ്പതോ നാല്‍പ്പതോ വയസു പ്രായമായ ഒരു സ്ത്രീ.

അന്നത്തെ കാലത്ത് കുട്ടികള്‍ക്ക്,വേനലവധി എന്നാല്‍ വെറുതെ കളിച്ചു നടക്കാനുള്ള സമയം മാത്രമായിരുന്നു. ഇന്നത്തെ പോലെ അവധിയായാല്‍‍ ഉടനെ യാത്രയോ,വീടിനകത്തിരുന്നു ഗെയിംസൊ ഒന്നും ഇല്ലായിരുന്നു.വേനലിന്റെ ചൂടിനെ തണുപ്പിക്കാന്‍ എസിയോ കൂളറോ ഉള്ള വീടുകളും വളരെ കുറവ്.ആ സമയത്ത് തണുപ്പും മധുരവും ഉള്ള ഒരു ഐസ് നുണയാന്‍ കിട്ടുന്നത് ഞങ്ങള്‍ കുട്ടികളെ സംബന്ധിച്ച് എത്രയോ വലിയ കാര്യമായിരുന്നു.

"എനിക്കൊരെണ്ണം"

"എനിക്ക് രണ്ടെണ്ണം"... എന്നൊക്കെപ്പറഞ്ഞ് കുട്ടികള്‍ അവര്‍ക്ക് ചുറ്റും കൂടും.

വെളുപ്പ്‌,നീല,പിങ്ക് കളറുകളില്‍ ഉള്ള കോലൈസ് അവര്‍ ഓരോരുത്തര്‍ക്കും കൊടുക്കും.മൂന്നു കളറുകളിലെയും ഐസിന് വേറെ വേറെ രുചിയയിരുന്നോ എന്തോ!!!!തണുപ്പുള്ളതെന്തു കഴിച്ചാലും വയറുവേദന വരുമായിരുന്നത് കൊണ്ട് എനിക്കൊരിക്കലും ഐസുകാരിയുടെ ആ ഭംഗിയുള്ള ഐസുപെട്ടിയില്‍ നിന്നും ഒന്ന് പോലും വാങ്ങി കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല.
"എന്ത് രുചിയായിരിക്കും അതിനു... ശോ...കൊതിയായിട്ടു വയ്യ...." എന്നൊക്കെ ഓര്‍ത്തു,കുറച്ചു മാറി നിന്ന്,ഏതോ അത്ഭുതവസ്തുവിനെ നോക്കുന്നപോലെ ഞാന്‍ ആ ഭംഗിയുള്ള കൊലൈസിനെ നോക്കി നില്‍ക്കുമായിരുന്നു.വേണമെങ്കില്‍ പോക്കറ്റ്‌ മണിയായി കിട്ടിയ ചില്ലറ പൈസ കൊണ്ട് അത് വാങ്ങാമായിരുന്നു.പക്ഷെ കഴിച്ചാല്‍ വൈകുന്നേരം വയറുവേദനിക്കും എന്നത് ഉറപ്പ്,അമ്മേടെ കയ്യില്‍ നിന്നും അടി വാങ്ങും എന്നതും ഉറപ്പ്.

വായില്‍ വെള്ളവും നിറച്ചു നോക്കി നില്‍ക്കുന്ന എന്നെ ശ്രദ്ധിക്കാതെ(അല്ലെങ്കില്‍ കാണാതെ)ആ ഐസുകാരി,നിറങ്ങളുടെ രുചി പല കുട്ടികള്‍ക്കായി വീതിച്ചു കൊടുത്തു.ഐസ് കൊടുക്കുമ്പോഴോ,പൈസ വാങ്ങുമ്പോഴോ ഒന്നും അവര്‍ ഒരക്ഷരവും സംസാരിച്ചിരുന്നില്ല.നിശബ്ദമായ,തണുപ്പേറിയ ഒരു മുഖഭാവത്തോടെ അവര്‍ ആ മരത്തണലില്‍ ഇരുന്നു.അവസാനം എല്ലാവരും പോയി കഴിയുമ്പോള്‍,ഇനി ആരും വരില്ല എന്ന് ഉറപ്പാകുമ്പോഴാകും,അവര്‍ മൂന്നു കളറിലെയും ഓരോ ഐസ് വീതം എടുത്തു മരത്തിനു തൊട്ടടുത്തുള്ള ചെറിയ പുല്‍ത്തകിടിയില്‍ കൊണ്ട് വയ്ക്കും.എന്നിട്ട് സാവധാനം, താഴെ,ധ്യാനിക്കുന്ന മട്ടില്‍ ആ ഐസുകളെ തന്നെ നോക്കി കുറച്ചു നേരം ഇരിക്കും.പിന്നെ തന്റെ സൈക്കിളുമായി അവിടെ നിന്ന് എഴുന്നേറ്റു പോകും.

എന്തിനാണ് അവരങ്ങിനെ ഐസ് അവിടെ വച്ചിട്ട് പോകുന്നതെന്ന് എനിക്ക് മനസ്സിലായതെ ഇല്ല..... വെറുതെ ഉറുമ്പുകള്‍ക്ക് ഭക്ഷണം ആയി പോകുന്ന ഐസുകളെ ഓര്‍ത്തു ഞാന്‍ വേവലാതിപെട്ടു.
ഐസുകാരിയുടെ ഈ അസാധാരണമായ പ്രവൃത്തി ശ്രദ്ധിച്ചിരുന്നത് ഞാന്‍ മാത്രം ആയിരുന്നില്ല,ഐസ് വാങ്ങാന്‍ വരുന്ന കുട്ടികള്‍ എല്ലാവരും തന്നെ പാഴായി പോകുന്ന ആ ഐസുകളെ കുറിച്ച് സംസാരിക്കുമായിരുന്നു.
"ബാക്കി വന്നതുകൊണ്ട് കളയുകയായിരിക്കും....."
"വെറുതെ കളയാതെ നമ്മുക്ക് തന്നിരുന്നെങ്കില്‍......"എന്നൊക്കെയുള്ള ഞങ്ങളുടെ ആത്മഗതങ്ങള്‍ക്ക് വിരാമമിട്ടത് തൊട്ടടുത്ത്‌ താമസിച്ചിരുന്ന പ്രായമായ ഒരു അമ്മൂമ്മയായിരുന്നു.
"പാവം.... ആ ഐസുകാരിയുടെ മൂന്നു കുട്ടികള്‍ യുദ്ധസമയത്തുണ്ടായ ബോംബിങ്ങില്‍ മരിച്ചു പോയി...തന്റെ കുഞ്ഞുമക്കളുടെ ഓര്‍മയിലാണ് അവര്‍ ദിവസവും ഈ ഐസ് ഇവിടെ കൊണ്ട് വയ്ക്കുന്നത്."

കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് ഇത് കേട്ടിട്ടും തമാശ ആണ് തോന്നിയത്.

"ദേ...ഇവിടെ അപ്പോള്‍ പ്രേതം വരുട്ടോ ....മൂന്നു കുട്ടിപ്രേതങ്ങള്‍ വന്നു ഐസ് തിന്നും."
കുസൃതികള്‍ ആരോ പറഞ്ഞു.

ഞങ്ങള്‍ എല്ലാവരും കൂടി ആ മരത്തിനു ചുറ്റും പ്രേതം വരുന്നേ.... പ്രേതം വരുന്നേ... എന്ന് വിളിച്ചു കൂവി ഓടിക്കളിക്കാന്‍ തുടങ്ങി.പിനീട് ആലോചിച്ചപ്പോള്‍ അതിനെ ഒരു കളി എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമായിരുന്നോ????
ആരോ കൊണ്ട് വന്ന നീളമുള്ള തുണി തലയില്‍ കൂടി ഇട്ടു,പ്രേതത്തിന്റെ വേഷം കെട്ടി,പരസ്പരം പേടിപ്പിച്ചു,അഥവാ പേടിക്കുന്നതായി ഭാവിച്ചു ഞങ്ങള്‍ കളി തുടര്‍ന്നു.പുതിയതായി കണ്ടു പിടിച്ച ആ കളിയില്‍ എല്ലാവരും ആവേശം കൊണ്ടു.

അങ്ങനെയിരിക്കെ ഒരു ദിവസം.....ഞങ്ങള്‍ ആവേശത്തോടെ പ്രേതക്കളി കളിച്ചു കൊണ്ടിരിക്കുന്ന സമയം...
"ഐസുകാരിയുടെ കുട്ടികളുടെ പ്രേതം ഐസ് തിന്നുമോ...?"
"തിന്നും ..തിന്നും.."
"അയ്യോ... ദേ ...ഐസുകാരി....."
നോക്കുമ്പോള്‍ സൈക്കിളും ഉരുട്ടി അവരതാ മുന്നില്‍....
എല്ലാവരും പെട്ടന്ന് എഴുന്നേറ്റു.കുട്ടികള്‍ ആണെങ്കിലും,മരിച്ചു പോയ ആള്‍ക്കാരെ കളിപ്പാട്ടമാക്കരുത് എന്ന് അതുവരെ ഇല്ലാത്ത തോന്നല്‍ ഉള്ളിലെവിടെയോ തോന്നിയോ???

ഐസുകാരിയുടെ വഴക്ക് പ്രതീക്ഷിച്ചു നിന്ന ഞങ്ങളെ നോക്കി,വളരെ ദയനീയമായ മുഖത്തോടെ അവര്‍ പറഞ്ഞു....
"പ്രേതമായിട്ടെങ്കിലും,ഒരിക്കലെങ്കിലും എന്നെ കാണാന്‍ എന്റെ പൊന്നുമക്കള്‍ വന്നിരുന്നെങ്കില്‍...."
ഞങ്ങള്‍ എല്ലാവരും സ്തബ്ദരായി നില്‍ക്കെ ആ സൈക്കിളും ഉരുട്ടി അവര്‍ പതുക്കെ നടന്നകന്നു.
വേനലവധി കഴിഞ്ഞതോടെ ആ ഐസുകാരിയെ കാണാതായി.അങ്ങനെ ഞങ്ങള്‍ കുട്ടികളുടെ മധുരസ്വപ്നമായിരുന്ന നീല,വെള്ള,പിങ്ക് കളറിലുള്ള ഐസും സ്വപ്നമായി തന്നെ അവശേഷിച്ചു.അടുത്ത വര്‍ഷവും ,അതിനടുത്ത വര്‍ഷവും ഞങ്ങളാ മണികിലുക്കത്തിനായി കാതോര്‍ത്തുവെങ്കിലും പിന്നീടൊരിക്കലും അവര്‍ ആ വഴി വന്നതേ ഇല്ല.

സ്കൂള്‍കുട്ടി ആയിരുന്ന ഞാന്‍ ഇപ്പോള്‍ അന്നത്തെ ഐസുകാരിയുടെ പ്രായമായി.യുദ്ധവും, അന്നത്തെ ബോംബിങ്ങും, അതില്‍ മരിച്ചു പോയ ആയിരക്കണക്കിന് മനുഷ്യരെയും, പിഞ്ചു കുഞ്ഞുങ്ങളെയും ഞാന്‍ മറക്കാന്‍ തുടങ്ങിയോ....കാലം മായ്ക്കുന്ന മുറിവുകളെ പോലെ.....എങ്കിലും ഇപ്പോഴും ഓര്‍ക്കുന്ന ഒരു കാര്യം ഉണ്ട്.
"എന്തായിരിക്കും ആ കൊലൈസിന്റെ രുചി?വയറുവേദന എടുത്താലും സാരമില്ലായിരുന്നു..അന്ന് അത് കഴിച്ചു നോക്കിയാല്‍ മതിയായിരുന്നു."
അതിനു ശേഷമുള്ള ഓരോ വേനലിലും ഞാന്‍ ആ ഐസുകാരിയെ ഓര്‍ത്തു.ആ ഐസിന് മാത്രം പ്രത്യേക രുചി ആയിരുന്നിരിക്കണം...സ്വന്തം കുഞ്ഞുങ്ങളെ നഷ്ടപെട്ട വേദനയില്‍ നിന്നും ഉണ്ടാക്കിയ... അവരെ കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്ന ആ ഐസിന് പ്രത്യേക രുചി തന്നെ ആവും.
ഇന്നിപ്പോള്‍,പല നിറങ്ങളില്‍,പല രൂപത്തില്‍,പല രുചിയില്‍,മനോഹരമായ പുറം കവറില്‍,ഐസ്ക്രീം എപ്പോള്‍ വേണമെങ്കിലും വാങ്ങാന്‍ സാധിക്കും.

പക്ഷെ സ്വന്തം മനസ്സിന്റെ മുറിവ് മറ്റാരെയും അറിയിക്കാതെ,തന്റെ പഴയ സൈക്കിളിന്റെ മണിനാദത്തോടെ എന്നും വന്നിരുന്ന ആ പഴയ ഐസുകാരിയെ,ഇനിയൊരിക്കലെങ്കിലും,ഏതെങ്കിലും സ്കൂള്‍ കുട്ടികള്‍ക്ക് കാണാനാകുമോ?

കടപ്പാട്:തച്ചിഹര എറിക്ക(Tachihara Erika) എന്ന ജപ്പാനീസ് എഴുത്തുകാരിയുടെ കഥയാണ് ഇതിനു ആധാരം.

Sunday, January 2, 2011

നന്നുവിന്റെ ഹോം വര്‍ക്ക്‌

പുതുവര്‍ഷം എന്നത് ജപ്പാനില്‍ വളരെ പ്രധാനപെട്ട സമയം ആണ്.സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും എല്ലാം ഒരാഴ്ച അവധി,ജനുവരി ഒന്നാം തിയതി കടകള്‍ക്കു പോലും അവധി,എല്ലാവരും അച്ഛനുമമ്മമാരെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്ന സമയം,വര്‍ഷത്തിലൊരിക്കല്‍ shrine ല്‍ പോയി പ്രാര്‍ത്ഥിക്കുന്ന ദിവസം(ജനുവരി ഒന്ന്).ഇങ്ങനയൊക്കെ വളരെ പ്രധാനപെട്ട സമയമാണിത്.കുട്ടികള്‍ക്ക് 24ആം തിയതി മുതല്‍ തന്നെ അവധിയായി.മഞ്ഞും തണുപ്പും ആയതു കൊണ്ട് അതൊരു അനുഗ്രഹം തന്നെ.ഞങ്ങളുടെ ഈ തവണത്തെ അവധിദിവസങ്ങള്‍ ഡിസംബര്‍29 മുതല്‍ ജനുവരി 5 വരെ ആണ്.
പറഞ്ഞു വന്നത് ഇതൊന്നുമല്ല,വിന്റെര്‍ ഹോളിഡേയ്സ് ലെ കുട്ടികളുടെ ഹോംവര്‍ക്കിനെ കുറിച്ചാണ്. ഇരുപത്തിയെട്ടാം തിയതി വൈകുന്നേരം ആയപ്പോള്‍ നന്നുവിനു പെട്ടന്നു ഒരു വെളിപാട്.

"അമ്മേ... നാളത്തെ ബ്രേക്ക്‌ഫാസ്റ്റ്‌,ലഞ്ച്,ഡിന്നര്‍,എല്ലാം ഞാന്‍ ആണുട്ടോ ഉണ്ടാക്കുന്നത്."

"അയ്യോ... അതെന്തുപറ്റി?എന്റെ മോളു നന്നാവാന്‍ തീരുമാനിച്ചോ?" എന്നായി ഞാന്‍.

ഒരു സ്പൂണ്‍ താഴെ വീണാല്‍ എടുക്കാന്‍ അനിയനെ വിളിക്കുന്നവളാണ്.ആകെ അത്ഭുതമായി എനിക്ക്.ഞാന്‍ ആണേല്‍ ,നാളെ അവധിയായത് കൊണ്ട് സമാധാനമായിട്ട്,അലാറത്തിന്റെ വിളിച്ചുണര്‍ത്തല്‍ ഇല്ലാതെ ഉറങ്ങാമല്ലോ എന്ന ആശ്വാസത്തില്‍ ആയിരുന്നു.ഇവള്‍ അടുക്കളയില്‍ കയറിയാല്‍ ഞാനും കൂടെ കേറണമല്ലോ എന്ന വിഷമത്തില്‍ ‍ ഇരുന്നപ്പോള്‍ ദേ വരുന്നു അടുത്ത വെളിപാട്...

"ഇതെന്റെ ഹോം വര്‍ക്ക്‌ ആണ്"

"എന്ത്?അമ്മയെ ബുധിമുട്ടിക്കണമെന്നോ?"

"അല്ല...നാളത്തെ ഫുഡ്‌ ഉണ്ടാകണമെന്ന്"

"പോടീ അവിടുന്ന്...ഉണ്ടാക്കാന്‍ വന്നേക്കുന്നു...എന്നെ ഉറങ്ങാന്‍ സമ്മതിക്കില്ലലെ...."

"അതിനു അമ്മ എണീക്കണമെന്ന് ആര് പറഞ്ഞു?ഞാന്‍ ഉണ്ടാക്കിക്കോളം.തന്നെ ചെയ്യാനുള്ളതാണ് ഹോം വര്‍ക്ക്‌."

സമാധാനം... എന്നെ ബുദ്ധിമുട്ടിക്കില്ല.എന്നാല്‍ പിന്നെ എന്റെ പൊന്നു മോളു എന്ത് വേണേല്‍ ഉണ്ടാക്കിക്കോ....തിന്നുന്ന കാര്യം ഞങ്ങള്‍ ഏറ്റു.എന്നാലും എല്ലാം കഴിഞ്ഞുള്ള അടുക്കള വൃത്തിയാക്കല്‍ ഓര്‍ത്തപ്പോള്‍ എനിക്ക് വീണ്ടും ടെന്‍ഷന്‍ ആയി.അതിനും അവള്‍ടെ കയ്യില്‍ പരിഹാരമുണ്ടായിരുന്നു..കാരണം അതും ഹോം വര്‍ക്കില്‍ പെടും.സന്തോഷമായി...രാവിലെ എണീക്കണ്ട,എണീറ്റാല്‍ ഉടന്‍ ബ്രേക്ക്‌ഫാസ്റ്റ്‌ മുന്‍പില്‍,ഉച്ചക്ക് ലഞ്ച് ഉണ്ടാക്കണ്ട,സമയമാവുമ്പോള്‍ അതും മുമ്പില്‍,അത് കഴിഞ്ഞുള്ള വൃത്തിയാക്കല്‍ ,പാത്രം കഴുകല്‍ എന്നിവ വേണ്ട,ഡിന്നറും ഉണ്ടാക്കേണ്ട......ഇനി എനിക്കെന്തു വേണം??

സമ്മതം കിട്ടിയതോടെ അവളതാ ടെക്സ്റ്റ്‌ ബുക്കുമായി മുന്നില്‍.



അതില്‍ എന്താണ് വിഭവങ്ങള്‍ ഉണ്ടാക്കേണ്ടത് എന്നും അത് ചെയ്യേണ്ട വിധവും,അളവുകളും ഒക്കെ ഉണ്ട്.വൈകുന്നേരം തന്നെ വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങി വച്ചു.ആദ്യമായിട്ട് നന്നു,സ്വയം അലാറം സെറ്റ്‌ ചെയ്തു വച്ചു,നേരത്തെ എണീക്കെണ്ടതല്ലേ.....

ഇത്രയും സമാധാനത്തോടെ ഉറങ്ങാന്‍ കിടന്ന ഒരു ദിവസം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല.രാവിലെ നേരത്തെ പിടഞ്ഞെണീക്കണ്ടാലോ...അതിന്റെ ആശ്വാസം അമ്മമാര്‍ക്കെ അറിയൂ അല്ലെ....

പിറ്റേ ദിവസം രാവിലെ,സത്യം പറഞ്ഞാല്‍ ഞാന്‍ അറിഞ്ഞതെ ഇല്ല നന്നു എഴുന്നേറ്റതൊന്നും.എന്റെ വാതിലില്‍ വന്നു തട്ടരുതെ എന്ന് നേരത്തെ പറഞ്ഞത് കൊണ്ട് പ്രശ്നമുണ്ടായില്ല.അന്ന് എഴുന്നേറ്റത് ഒന്‍പതു മണിക്കാണ്..അതും നന്നു വന്നു വിളിച്ചപ്പോള്‍.ഡൈനിങ്ങ്‌ ടേബിളില്‍ വന്നു നോക്കിയപ്പോള്‍ ഉണ്ടായ സന്തോഷം....അത് പറഞ്ഞറിയിക്കാന്‍ വയ്യ... ദാ...കണ്ടു നോക്കു...





അങ്ങനെ ഞങ്ങള്‍ നാലുപേരും ബ്രേക്ക്‌ ഫാസ്റ്റി.......പാത്രമൊക്കെ അവള് തന്നെ കഴുകി വച്ചു(ഇവിടെ ഞാന്‍ കുറച്ചു ഹെല്‍പ്‌ ചെയ്തു ട്ടോ.....പാവം അല്ലെ...)പിന്നെ നന്നുന്റെ ഫ്രണ്ട് വന്നത് കാരണം കുറച്ചു നേരം വര്‍ത്തമാനം പറഞ്ഞു ഇരുന്നു.അതുകഴിഞ്ഞ് വീണ്ടും തുടങ്ങി...ലഞ്ച്നുള്ള പരിപാടി.നോക്കിയപ്പോള്‍ ആവശ്യമുള്ള രണ്ടു സാധനങ്ങള്‍ വാങ്ങാന്‍ മറന്നിരിക്കുന്നു.പുറത്താണെങ്കില്‍ നല്ല മഞ്ഞു പെയ്യുന്നു...അതൊന്നും മൈന്‍ഡ് ചെയ്യാതെ ജക്കെറ്റ്‌ എടുത്തിട്ട് ഇപ്പൊ വരാം എന്നും പറഞ്ഞു അവള്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയി...വീണ്ടും ഞാന്‍ കുറച്ചു നേരം അത്ഭുതപെട്ടു ഇരുന്നു പോയി...സ്വതവേ മടിച്ചിക്കോത ആയ നന്നു ഇങ്ങനെ ഒക്കെ ചെയ്യുമ്പോള്‍ പിന്നെ അത്ഭുതപ്പെടാതെ എന്താ ചെയ്യുക?

അങ്ങനെ ലഞ്ചിനു ഉണ്ടാക്കിയതാണ് ഈ വിഭവം....എങ്ങനെ ഉണ്ട്?





ഡിന്നറിന്റെ സമയം ആയപ്പോഴേക്കും അടുത്തതും ജപ്പാനീസ് ഫുഡ്‌ തന്നെ ആണോ എന്ന് അവള്‍ടെ അച്ഛന് ഒരു വിഷമം.....പക്ഷെ ഹോംവര്‍ക്ക്‌ അല്ലെ....അങ്ങനെ വിട്ടു കൊടുക്കാന്‍ പറ്റുമോ?നന്നുവാണെങ്കില്‍ അടുക്കുന്നില്ല... അവള്‍ക്കു അടുത്തതും ഉണ്ടാക്കിയെ പറ്റൂ...എനിക്കൊന്നും ചെയ്യണ്ടല്ലോ എന്ന സന്തോഷം മറച്ചു വച്ചു ഞാന്‍ അവളെ സപ്പോര്‍ട്ട് ചെയ്തു....



അങ്ങനെ ഉണ്ടാക്കി എടുത്തതാണ് ഇത്.



അങ്ങനെ എന്റെ ഒരു ദിവസം കുശാലായി...എല്ലാത്തിന്റെയും ഫോട്ടോ എടുക്കാനും പാത്രം കഴുകാനും ഒക്കെ ഞാന്‍ കുറച്ചു സഹായിച്ചു കേട്ടോ...ഇനി ഇത് ഫോട്ടോ സഹിതം റിപ്പോര്‍ട്ട് തയ്യാറാക്കല്‍ അവള്‍ടെ മാത്രം പണി.അതവള്‍ സന്തോഷത്തോടെ ചെയ്തോളും...ഇങ്ങനെ ഒക്കെ നല്ല നല്ല ഹോം വര്‍ക്കുകള്‍ സ്കൂളില്‍ നിന്നും കിട്ടിയാല്‍ അമ്മമാരുടെ ഒരു സന്തോഷം പറയാനുണ്ടോ??

എല്ലാവര്ക്കും എന്റെ നവവല്‍സരാശംസകള്‍

Tuesday, December 14, 2010

നഗോയ കാസിലും അക്വേറിയവും

ആദ്യ രണ്ടു ഭാഗങ്ങളും ഇവിടെ വായിക്കാം...പാര്‍ട്ട്‌ ഒന്ന് ,പാര്‍ട്ട്‌ രണ്ടു

എന്ത് കൊണ്ടാണ് ഞാന്‍ ഒരു ചരിത്ര വിദ്യാര്‍ഥിനി ആവാതിരുന്നതെന്ന് ഈയിടെയായി പലപ്പോഴും വിചാരിക്കാറുണ്ട്.പഠിക്കുന്ന കാലത്ത് അങ്ങനെ ഒരു ചിന്ത ഉണ്ടയില്ലലോ എന്നോര്‍ത്ത് വിഷമിക്കാറും ഉണ്ട്.അല്ലെങ്കിലും വേണ്ടത് വേണ്ടപ്പോള്‍ തോന്നിലാലോ എന്നാശ്വസിക്കാം അല്ലെ....പറഞ്ഞു വന്നത് പഴമയോടുള്ള ഇഷ്ടത്തിനെ പറ്റി ആണ്.മിക്കവര്‍ക്കും കാണും എന്നെ പോലെ പഴയ സാധനങ്ങളോട് സ്നേഹം.അതുകൊണ്ടാണ് പഴയ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പള്ളികളും ഒക്കെ കാണാനും അതിന്റെ പിന്നിലെ ചരിത്രം അന്വേഷിച്ചു പോകാനും ആളുകള്‍ തല്പര്യപെടുന്നത്.ഇങ്ങനെ ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എനിക്ക് പലപ്പോഴും,ഞാന്‍ ആ കാലത്ത് ജനിച്ചില്ലലോ എന്ന് നഷ്ടബോധം തോന്നാറുണ്ട്.കേരളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ശ്രീപദ്മനാഭപുറം കൊട്ടാരം ആണ്.എത്രയോ തവണ കണ്ടു..സ്കൂള്‍ ,കോളേജ് കാലത്തേ ടൂറുകള്‍,വീട്ടില്‍ നിന്നും അച്ഛന്റെയും അമ്മയുടെയും ഒപ്പം,കല്യാണം കഴിഞ്ഞു,ഭര്‍ത്താവിന്റെ അച്ഛന്റെ വീട് അവിടെ ആയതു കൊണ്ട് വീണ്ടും ഒരിക്കല്‍ കൂടി... അങ്ങനെ അങ്ങനെ...എന്നാലും ഓരോ തവണയും ഇഷ്ടം കൂടി വരുന്നു.ഇവിടെ ജപ്പാനിലും ഒരുപാട് കൊട്ടാരങ്ങള്‍ ഉണ്ട്... ചക്രവര്‍ത്തികളുടെ നാടല്ലേ ഇത്.വളരെയധികം പ്രശസ്തമായതും ,അല്ലാത്തവയും....നഗോയ കാസില്‍ ചരിത്രപരമായി വളരെ പ്രാധാന്യമേറിയതാണ്.
1610 ല്‍ Tokugawa Iyeyasu(തോകുഗവ ഇയെയാസു) ആണ് നഗോയ കാസില്‍ ആദ്യം നിര്‍മ്മിച്ചത്‌.കാസിലും അതിന്റെ ചുറ്റിലുമായി ഹോന്മാരു പാലസും (Honmaru Palace) ഉണ്ടായിരുന്നു.പ്രാധാന്യമേറിയ ഈ കാസിലും കൊട്ടാരവും,രണ്ടാംലോകമഹായുദ്ധകാലത്തെ ബോംബിങ്ങില്‍ പൂര്‍ണമായും കത്തി നശിച്ചു.പക്ഷെ അവിടെ ഉണ്ടായിരുന്ന അമുല്യമായ പെയിന്റിംഗുകള്‍ പലതും കേടു കൂടാതെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞു.ഇന്നും അവിടെ ആ പെയിന്റിംഗുകള്‍ കാണാന്‍ സാധിക്കും.പിന്നീട് നഗോയ കാസില്‍ പഴയ അതെ രൂപത്തില്‍ തന്നെ പുതുക്കി പണിതു.അത് 1959 ല്‍ ആയിരുന്നു.ഇപ്പോള്‍ നേരത്തെ പറഞ്ഞ ഹോന്മാരു പാലസും,പഴയ അതെ രീതിയില്‍,അത്രയും വലുപ്പത്തില്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്.2010 ല്‍ തുടങ്ങി 2018 ല്‍കഴിയുമെന്നാണ് പ്രതീക്ഷ.

കാസില്‍ കാണാനുള്ള ഉത്സാഹത്തില്‍ ഞങ്ങള്‍ നേരെത്തെ തന്നെ പാര്‍ക്കിംഗില്‍ എത്തിയത് കൊണ്ട് തണലുള്ള ഒരു സ്ഥലത്ത് കാര്‍ ഇടാന്‍ സാധിച്ചു.....നടന്നു പ്രവേശനകവാടത്തില്‍ എത്തി.


കൊട്ടാരത്തിന്റെ പണികള്‍ നടക്കുന്നത് കൊണ്ട് പ്രവേശനം നിരോധിച്ച സ്ഥലങ്ങളും ഒരുപാടു ഉണ്ടായിരുന്നു.ടിക്കറ്റ്‌ എടുത്തു ആ വലിയ പടിപ്പുര കടന്നു ചെല്ലുന്നത് പടര്‍ന്നു നില്‍കുന്ന ഒരു മരത്തിന്റെ സമീപത്തേക്കാണ്.നാനൂറോളം വര്ഷം പഴക്കമുണ്ടെന്നു പറയപ്പെടുന്ന ആ മരം,രണ്ടാംലോകമഹായുദ്ധകാലത്ത് ഉണ്ടായ ബോംബിങ്ങില്‍ നശിപ്പിക്കപ്പെട്ടതാണ്.പക്ഷെ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം,അവശേഷിച്ച കുറ്റിയില്‍ നിന്നും അത് വീണ്ടും പൊടിച്ചുവരുവന്‍ തുടങ്ങി.അങ്ങനെ ആ ചുറ്റുപാടുമുള്ള പല മരങ്ങളും വീണ്ടും വളരാന്‍ തുടങ്ങുന്നത് കാണാന്‍ കഴിഞ്ഞു.എന്താണ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം അങ്ങനെ വളരാന്‍ കാരണം എന്നറിയില്ല.....പ്രകൃതിയുടെ കാര്യങ്ങള്‍ ആര്‍ക്കു പ്രവചിക്കനാവും അല്ലെ....



അകലെ നിന്ന് തന്നെ കാസിലിന്റെ മേല്‍ക്കൂരയിലെ ഗോള്‍ഡന്‍ ഡോള്‍ഫിനെ കാണാന്‍ സാധികുന്നുണ്ട്.

സാധാരണ ഡോള്‍ഫിന്‍ അല്ല അത്,മുഖം പുലിയുടെയും ശരീരം ഡോള്ഫിന്റെയും ആണ്.നഗോയയുടെ പ്രതീകം എന്ന് പറയാം ഈ ഡോള്‍ഫിനെ.16-ആം നൂറ്റാണ്ടിലെ കാസിലില്‍‍ ഉണ്ടായിരുന്ന ഗോള്‍ഡന്‍ ഡോള്‍ഫിന്‍സ് യുദ്ധത്തില്‍ പൂര്‍ണമായും നശിപ്പിക്കപെട്ടെന്കിലും 1959 ല്‍ കാസില്‍ പുനര്‍നിര്‍മിച്ചപ്പോള്‍ ഡോള്ഫിനും തിരിച്ചെത്തി.എനിക്ക് ഈ കാസില്‍ കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്.... അത്ര പഴമ നമ്മുക്ക് ഫീല്‍ ചെയ്യില്ല എങ്കിലും,രണ്ടാം ലോക മഹായുദ്ധത്തില്‍ എല്ലാം നഷ്ടപെട്ട,സകല കൊട്ടാരങ്ങളും,വിലപിടിച്ച വസ്തുക്കളും നഷ്ടപെട്ട ജപ്പാന്‍,ഇന്നതിന്റെ സൂചനകള്‍ പോലും അവശേഷിപ്പികാതെ എല്ലാം പുനര്‍നിര്‍മ്മിച്ചിരിക്കുന്നത് അല്ഭുതമല്ലാതെ വേറെ എന്താണ്!!!നമ്മുടെ നാട്ടിലും ഇങ്ങനെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അധികാരപ്പെട്ടവര്‍ക്ക് തോന്നിയിരുന്നെങ്കില്‍......


നടന്നു കാസിലിന്റെ മുന്‍വശത്തെത്തിയപ്പോള്‍ അവിടെയും ഒരു മരം,വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വളര്‍ന്നു തുടങ്ങുന്നു എന്ന ബോര്‍ഡും വച്ച് നില്‍ക്കുന്നു.നോക്കിയപ്പോള്‍ ശരിയാണ്,ഒരുപാട് വലുതായിട്ടൊന്നുമില്ല, ജാപനീസ്‌ നട്ട്മെഗ് ആണ് അത്.ഈ മരങ്ങളൊക്കെ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പൊടിച്ചു വരുന്നത്,കൊട്ടാരം വീണ്ടും നിര്‍മിക്കു... എന്നതിന്റെ സൂചനയാണോ??ആയിരിക്കാം.....




നടന്നു അകത്തു കയറി....പഴയ വാളുകളും മറ്റു സാധനങ്ങളും ഒക്കെ ഒരുപാട് പ്രദര്‍ശിപ്പിച്ചുട്ടുണ്ട് ഓരോ നിലയിലും.


ലിഫ്റ്റ്‌ ഉണ്ടെങ്കിലും ഓരോ നിലയും നടന്നു തന്നെ കേറണം എന്ന് തോന്നി.ഏറ്റവും ആകര്‍ഷകമായി എനിക്ക് തോന്നിയത് പതിനാറാം നൂറ്റാണ്ടിലെ പെയിന്റിങ്ങുകള്‍ ആണ്.യുദ്ധത്തില്‍ കാസില്‍ കത്തിനശിച്ചപ്പോഴും മിക്കവാറും പെയിന്റിങ്ങുകള്‍ സംരക്ഷിചെടുക്കാന്‍ സാധിച്ചത് കൊണ്ട് അതൊക്കെ കാണാനും കഴിഞ്ഞു.



ഈ നാട്ടിലെ ഒരു പ്രത്യേകത ആണെന്ന് തോന്നുന്നു സ്ലൈഡിംഗ് ഡോറുകള്‍.എല്ലാ വീടുകളിലെയും മുന്‍വശത്തെ വാതിലടക്കം എല്ലാ കവാടങ്ങളും സ്ലൈഡിംഗ് ഡോറുകള്‍ ആണ് ഇവിടെ.അത് ഇതു മോഡേണ്‍ വീടുകള്‍ക്കും പുരാതനമായ നാലുകെട്ട് പോലുള്ള വീടുകള്‍ക്കും അങ്ങനെ തന്നെ.കൊട്ടാരങ്ങളില്‍ ഇത്തരം വാതിലുകളില്‍ പെയിന്റിങ്ങുകള്‍ ഉണ്ടാകും.വളരെ വിലപിടിച്ച കള്‍ച്ചറല്‍ അസ്സെറ്റ്‌ ആയിട്ടാണ് ഈ പെയിന്റുങ്ങകളെ കണക്കാക്കപ്പെടുന്നത്.
ഏറ്റവും മുകളിലത്തെ നിലയില്‍ ഗോള്‍ഡന്‍ ഡോള്‍ഫിന്റെ പ്രതിമ ഉണ്ടാക്കി വച്ചിട്ടുണ്ട്.ഫോട്ടോ എടുക്കാന്‍ ആള്‍ക്കാരുടെ ക്യു ആയിരുന്നു അവിടെ.ഫോട്ടോ എടുപ്പും കഴിഞ്ഞു ഞങ്ങളും പതുക്കെ താഴേക്ക്‌ ഇറങ്ങാന്‍ തുടങ്ങി.


അതിനിടയില്‍ ഒന്നാമത്തെ നിലയില്‍ പുതിയതായി ഒരു സ്ഥലം കണ്ടു,ഒരു 3D തിയേറ്റര്‍.പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഹോന്മാരു കൊട്ടാരത്തിന്റെ ചരിത്രവും പ്രാധാന്യവും ,അതിന്റെ അകത്തളങ്ങളുടെ ഭംഗിയും ആണ് ഡോകുമെന്ററി ആയി 3D ല്‍ കാണിക്കുന്നത്.2018ല്‍ പണി പൂര്‍ത്തിയാവുമ്പോള്‍ഈ കൊട്ടാരം എങ്ങനെ ഇരിക്കും എന്നത് നമ്മള്‍ക്ക് ഇപ്പോഴേ കണ്ടു മനസിലാക്കാം..... കണ്ടു മനസ്സിലാക്കി അവിടെ നിന്നും ഇറങ്ങി.അപ്പോഴേയ്ക്കും കണ്ണന് വിശപ്പും ദാഹവും സഹിക്കാന്‍ വയ്യ.... നല്ല വെയിലും...ഒരു ജ്യൂസ്‌ മേടിച്ചു അവനു കൊടുത്തിട്ട് നടന്നു പാര്‍ക്കിംഗില്‍ എത്തി.ഇനി അടുത്ത ലക്ഷ്യമാണ് കുട്ടികള്‍ക്ക് ഏറ്റവും താല്പര്യം ഉള്ളത്.പോര്‍ട്ട്‌ ഓഫ് നഗോയ പബ്ലിക് അക്വേറിയം.
അവിടെ ഈ കഴിഞ്ഞ ജനുവരിയില്‍ വന്നെത്തിയ പുതിയ Killer Whale ആണ് മുഖ്യ ആകര്‍ഷണം.ആറു മീറ്റര്‍ നീളം ഉണ്ടതിനു.കൃത്യമായി പറഞ്ഞാല്‍ 592 cm.തൂക്കം 2870 കിലോ.ആ ഭീമനെ കാണണമെന്ന് എല്ലാവര്ക്കും വെല്യ ആഗ്രഹമായിരുന്നു."നമി" എന്നാണതിന് പേരിട്ടിരിക്കുന്നത്.സ്ഥിരമായി ഡോള്‍ഫിന്‍ ഷോ നടക്കുന്ന വലിയ പൂള്‍ ഉണ്ട് ഈ അക്വേറിയത്തില്‍."നമി"യുടെ പരിശീലനം ഇതുവരെ പൂര്‍ത്തിയാകാത്തത് കൊണ്ട് അതിനെ ഉള്‍പെടുത്തി ഷോ നടത്തിയിട്ടില്ല ഇതുവരെ.
പക്ഷെ ഡോള്‍ഫിന്‍സ്ന്റെ കൂടെ "നമി"യെയും അടുത്ത് തന്നെ ഷോയില്‍ കാണാം എന്നാണ് അധികൃതര്‍ പറയുന്നത്.ഇത്ര വലിയ ഒരു killer whale സാധാരണ ഡോള്‍ഫിന്‍ ചെയ്യുന്ന പോലെ ഒക്കെ ചെയ്യുമോ?എനിക്ക് സംശയം ഉണ്ട്.കുറച്ചു നാള്‍ മുന്‍പ് അമേരിക്കയില്‍ ഒരു killer whale, ഷോയ്ക്കിടയില്‍ സ്വന്തം ട്രെയിനെര്‍ നെ മുടിയില്‍ പിടിച്ചു വലിച്ചു വെള്ളതിനടിയിലേക്ക് കൊണ്ട് പോയി കൊന്നത് ഓര്‍ക്കുമ്പോള്‍ എനിക്ക് ഈ "നമി"യുടെ കാര്യവും സംശയം തോന്നുന്നു.ആ ട്രെയിനെഴ്സ്നെ ഒക്കെ സമ്മതിക്കണം അല്ലെ...ഒരു പേടിയും ഇല്ലാതെ എങ്ങനെ അവര്‍ക്ക് ഇതിന്റെ ഒക്കെ പുറത്തിരുന്നു ഷോ ചെയ്യാന്‍ സാധിക്കുന്നു!!!എപ്പോഴാണ് ഇവയുടെ ഒക്കെ സ്വഭാവം മാറുന്നത് എന്ന് എങ്ങനെ അറിയാന്‍ പറ്റും?
ഞങ്ങള്‍ അക്വേറിയത്തിന്റെ അടുത്ത് എത്തിയപ്പോള്‍ തന്നെ നേരം ഉച്ചയാവാറായി.പിന്നെ അതിന്റെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് എത്താന്‍ ഒരുപാട് സമയം എടുത്തു.എല്ലാ റോഡുകളും അവിടെയ്ക്ക് എന്ന് പറഞ്ഞപോലെ ആയി കാര്യങ്ങള്‍...മുന്‍പിലും പുറകിലും ഉള്ള എല്ലാ വണ്ടികളും അവിടേയ്ക്കുള്ളതായിരുന്നു.കാര്‍ പാര്‍ക്ക്‌ ചെയ്തു നടക്കാന്‍ ഒരുപാട് ദൂരം... നഗോയ പോര്‍ട്ട്‌ ആണത്.അവിടെ അക്വേറിയത്തിനു മുന്‍പ് കാണാന്‍ മറ്റൊരു ആകര്‍ഷണം ഉണ്ടായിരുന്നു.ഒരു ഷിപ്പ്.. വെറും ഒരു ഷിപ്പല്ല അത്.ആദ്യമായി അന്റാര്‍ട്ടിക്കയില്‍ ശാസ്ത്രന്ജരുമായി പോയ കപ്പല്‍ ആണത്.Fuji Ice Braker എന്നാണതിന്റെ പേര്.അതിനകത്ത് കയറി കാണാനുള്ള സൗകര്യം ഉണ്ട്.എല്ലാം ഒരു മാറ്റവും വരുത്താതെ അതുപടി സൂക്ഷിച്ചിരിക്കുന്നു.ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു അകത്തു കയറി.1965 മുതല്‍ 1983 വരെ അന്റാര്‍ട്ടിക്കയില്‍ ജോലി ചെയ്തിരുന്ന കപ്പലാണിത്.അന്റാര്‍ട്ടിക് മ്യുസിയം എന്ന പേരില്‍ ഇപ്പോള്‍ നഗോയ പോര്‍ട്ടില്‍ വിശ്രമത്തില്‍.അവിടുത്തെ ഐസില്‍ ഇറങ്ങാനും ജോലി ചെയ്യാനും ഒക്കെ ഉള്ള ഉപകരണങ്ങള്‍ ഒക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അതില്‍.


ഫുജിയില്‍ നിന്നും ഇറങ്ങി ഭക്ഷണം കഴിക്കാന്‍ കേറി...പിന്നെ അവിടുന്ന് ,കാത്തുകാത്തിരുന്ന അക്വേറിയത്തിലെക്ക്.അവിടെയും പൂരത്തിനുള്ള ആളുണ്ട്.ആദ്യം തന്നെ നമിയെ കാണാന്‍ പോയി... അവിടെയാണ് ഏറ്റവും കൂടുതല്‍ തിരക്കും.ഫോട്ടോ എടുക്കാന്‍ നന്നായി ബുദ്ധിമുട്ടി.. ഒന്നാമത് ഒരു ഫ്രെയിമില്‍ കൊള്ളുന്നില്ല.. പിന്നെ അത് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുകയല്ലേ... പറ്റാവുന്ന വിധത്തിലൊക്കെ ഞാന്‍ എടുത്തിട്ടുണ്ട്.....










അവിടെനിന്നും നടന്നു നീങ്ങിയപ്പോള്‍ ഡോള്‍ഫിനുകളുടെ ബഹളം..


താഴെ കാണുന്ന രണ്ടു ഫോട്ടോ ശ്രദ്ധിച്ചോ?? ആന്‍ എന്നാ ഡോള്‍ഫിന്റെ പ്രേഗ്നെന്‍സിയുടെ സ്കാന്‍ റിപ്പോര്‍ട്ട്‌ ആണ് അത്.... ജനുവരിയില്‍ എടുത്തത്‌....പ്രേഗ്നെന്സിയുടെ നാലാം മാസത്തില്‍.....









എല്ലാം കണ്ടു അവസാനം മെയിന്‍ പൂളിന്റെ അടുത്തെത്തി.ഡോള്‍ഫിന്‍ ഷോ തുടങ്ങാനുള്ള സമയം ആകുന്നു.കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും മുന്‍സീറ്റില്‍ ഇരുന്നു അടുത്ത് കാണണമെന്ന് ആഗ്രഹം.പക്ഷെ മുന്‍പില്‍ നിന്നും പത്തു വരി സീറ്റ്‌ വരെ ഒരു മെസ്സേജ് എഴുതി ഇട്ടിട്ടുണ്ട്.ഈ സീറ്റുകളില്‍ ഇരിക്കുന്നവര്‍ നനയാന്‍ തയ്യാറായിക്കൊള്ളണം എന്ന്.അത് കണ്ടിട്ടും അച്ഛനും മക്കള്‍ക്കും അവിടെ തന്നെ ഇരിക്കണം.അതുകൊണ്ട് ക്യാമറ എടുത്തു ബാഗില്‍ വച്ച് ഞാനും അവിടെ തന്നെ ഇരുന്നു.ഷോ തുടങ്ങാറായപ്പോഴേക്കും സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു.മുപ്പതു മിനുട്ട് നീണ്ടു നിന്ന ഷോ, അതിശയകരം എന്നെ പറയാന്‍ വാക്കുകള്‍ ഉള്ളു.ഡോള്‍ഫിന്റെ മുകളില്‍ കയറി നിന്ന് പൂളില്‍ സവാരി നടത്തുന്ന പരിശീലകര്‍ കാണിക്കുന്ന മെയ്‌വഴക്കം അപാരം തന്നെ.ഷോ കഴിഞ്ഞും അവിടെയൊക്കെ ചുറ്റി നടന്നു ഞങ്ങള്‍.പിന്നെ അവിടെ നിന്നും ഇറങ്ങിയപ്പോള്‍ നഗോയ പോര്‍ട്ട്‌ ഒബ്സര്‍വേറ്ററി കണ്ടു.അതില്‍ ഒരു ചെറിയ മ്യുസിയവും... പതിനഞ്ചാം നിലയുടെ മുകളില്‍ നിന്നും താഴേക്ക്‌ നോക്കിയാല്‍ നഗോയ പോര്‍ട്ട്‌ന്റെ സൌന്ദര്യം മുഴുവന്‍ കാണാം...










നേരം ഒരുപാട് വൈകി.പിന്നെയും കൂടണയാന്‍ 300 കിലോമീറ്ററോളം പോകണമല്ലോ എന്നോര്‍ത്ത് തിരിച്ചു പാര്‍ക്കിംഗിലേക്ക് നടന്നു.കുട്ടികളും തളര്‍ന്നു തുടങ്ങി.അങ്ങനെ ഈ യാത്ര അവസാനിക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ കുറച്ചു വിഷമം തോന്നി... ഏതു യാത്രയും അങ്ങനെ അല്ലെ... അവസാനിക്കുമ്പോള്‍ വിഷമം തോന്നും.പക്ഷെ അവസാനിക്കുക എന്നത് അനിവാര്യമാണല്ലോ....എന്തായാലും ഇതൊരു സുന്ദരമായ യാത്ര ആയിരുന്നു. തിരക്കോ, സമയക്കുറവിനെക്കുറിച്ച് വേവലാതിയോ ഇല്ലാതെ,ആസ്വദിച്ച ഒരു യാത്ര.ജീവിക്കാനുള്ള ഈ ഓട്ടത്തിനിടയില്‍ ഇങ്ങനെ വല്ലപ്പോഴും വിശ്രമിക്കേണ്ടത് അത്യാവശ്യമാണ് ,അല്ലെ.....