Tuesday, April 12, 2011

വേദന


കുട്ടികളും അവരുടെ അമ്മൂമ്മ മുത്തശ്ശന്‍മാരും തമ്മിലുള്ള ഒരു ആത്മബന്ധത്തിനെ കുറിച്ച് ഞാന്‍ അധികമൊന്നും ചിന്തിച്ചിരുന്നില്ല,ഈ അടുത്ത കാലം വരെ.അതായതു മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അമ്മയെ നഷ്ടമാകുന്നത് വരെ.അന്ന് എന്റെ മകള്‍ക്ക് പത്തു വയസായിരുന്നു പ്രായം.അമ്മൂമ്മയെ ഒരുപാട് ഇഷ്ടമായിരുന്ന അവളുടെ അന്നത്തെ സങ്കടം ഇപ്പോഴും എന്റെ കണ്ണിലുണ്ട്.

ജൂലൈ,ഓഗസ്റ്റ്‌ മാസത്തിലുള്ള വേനലവധിക്കാണ് വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള നാട്ടില്‍ പോക്ക്. കഷ്ടി ഒരു മാസം,ബന്ധുവീട് സന്ദര്‍ശനവും ,പലപല അമ്പലങ്ങളില്‍ പോക്കും ആയി പെട്ടന്നങ്ങു കഴിയും.ഞാന്‍ എന്റെ പല കൂട്ടുകാരികളെ കണ്ടു തീര്‍ക്കുന്ന തിരക്കിലാകുമ്പോള്‍,നന്നു(മകള്‍)എപ്പോഴും അമ്മൂമ്മയുടെ കൂടെ.അവള്‍ക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കികൊടുത്തും,പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോയും,എന്ത് ചോദിച്ചാലും വാങ്ങി കൊടുത്തും,വഴക്ക് പറയാതെയും,ആവശ്യത്തില്‍ കൂടുതല്‍ കൊഞ്ചിച്ചും,അമ്മൂമ്മയും മുത്തശ്ശനും ഒരു മാസം കൊണ്ട് അടുത്ത ഒരു വര്‍ഷത്തെക്കായുള്ള സ്നേഹം മുഴുവന്‍ അവളില്‍ നിന്നും അനുഭവിക്കും.തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ.

ജപ്പാനില്‍ ഞങ്ങള്‍ താമസിക്കുന്നത് ഒരു ഗ്രാമപ്രദേശത്ത് ആണ്.അടുത്തെങ്ങും ഒരു മലയാളി പോയിട്ട് ഇന്ത്യക്കാരന്‍ പോലും ഇല്ല.കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു തമിഴ്‌ ഫാമിലി കുറച്ചകലെ ആയി താമസിക്കാന്‍ വന്നു.അവരാണ് ആകെ ഉള്ള ഇന്ത്യന്‍ ബന്ധം.ഇവിടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നതും വരുന്നതും ഒക്കെ നടന്നാണ്.അതാണ്‌ നിയമം.പോകുന്ന വഴിയില്‍ കാണുന്ന അമ്മൂമ്മയോടും അപ്പൂപ്പനോടും ഒക്കെ വര്‍ത്തമാനം പറഞ്ഞു രസിച്ചാണ് യാത്ര.എല്ലാ കുട്ടികളെയും പോലെ നന്നുവിനും പ്രയമയവരോട് ഒരു പ്രത്യേക അടുപ്പം ഉണ്ട്.അവള്‍ടെ കൂട്ടുകാരുടെ അമ്മൂമ്മയോക്കെ അവള്‍ക്കും അമ്മൂമ്മയാണ്.

ഇവിടെ ഇന്ത്യക്കാര്‍ ആരും ഇല്ലാത്തതുകൊണ്ട് തന്നെ,എല്ലാ വര്‍ഷവും കുട്ടികളെ നാട്ടില്‍ കൊണ്ടുപോകാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.അല്ലെങ്കില്‍ സ്വന്തം നാട് എന്നും അവര്‍ക്ക് അത്ഭുതമായി തന്നെ നില്‍ക്കും.നന്നുവിന്റെ ആറാം ക്ലാസ്സിലെ വേനലവധി വരെ ഇത് തുടര്‍ന്ന് കൊണ്ടിരുന്നു.കഴിഞ്ഞ വര്ഷം പോകാന്‍ സാധിച്ചില്ല.നന്നു ജൂനിയര്‍ ഹൈസ്കൂളില്‍ ആയതു കൊണ്ട് വേനലവധിക്കും അവര്‍ക്ക് സ്കൂളില്‍ പോകേണ്ടതുണ്ട്.സ്കൂള്‍ ഓര്‍ക്കെസ്ട്രയില്‍ അംഗമായത് കൊണ്ട് അവള്‍ക്കു എല്ലാ ദിവസവും പ്രാക്ടിസിനായി സ്കൂളില്‍ പോകണം.ആ സമയത്തായിരിക്കും എല്ലാ കോണ്‍സെര്‍ട്സും വരുന്നത്,ഡിസ്ട്രിക്ട് ലെവല്‍ മുതല്‍ നാഷണല്‍ ലെവല്‍ വരെ.

നാട്ടിലുള്ള,അവളുടെ അതെ പ്രായത്തിലുള്ള കസിന്റെ ഫോട്ടോസ് ഒക്കെ കാണുമ്പോള്‍ ഇടയ്ക്കൊക്കെ ഇന്ത്യയില്‍ പോകാന്‍ തോന്നുന്നു എന്ന് പറയും അവള്‍.ഗള്‍ഫിലുള്ള മറ്റൊരു കസിന്‍ എല്ലാ വേനലവധിക്കും നാട്ടില്‍ പോകും.അവധിക്കാലം കഴിഞ്ഞുള്ള അവരുടെ ഫോട്ടോസ് നന്നുവില്‍ സന്തോഷത്തിനു പകരം വിഷമം ഉണ്ടാക്കും."അവള്‍ക്കെന്തു സുഖാണ്...അമ്മൂമ്മയുടെയും മുത്തശ്ശന്റെയും കൂടെ ഇരിക്കാലോ.."എന്നൊക്കെ പറയും... "അസൂയക്കാരി" എന്നൊക്കെ ഞാന്‍ കളിയാക്കുമെങ്കിലും എനിക്കറിയാം അവള്‍ക്കു അതെല്ലാം മിസ്‌ ചെയ്യുന്നുണ്ട് എന്ന്.മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അമ്മ ഞങ്ങളെ വിട്ടു പോയതിനു ശേഷം നന്നു ഒരിക്കലേ നാട്ടില്‍ പോയുള്ളൂ.പക്ഷെ നാട്ടില്‍ ഉണ്ടായ പതിനഞ്ചു ദിവസവും കസിന്സിനോപ്പം അവരുടെ വീട്ടില്‍ ആയിരുന്നു.അമ്മൂമ്മ ഇല്ലാത്ത വീട്ടിലേക്കു വരാന്‍ തോന്നുന്നില്ലായിരുന്നു എന്നവള്‍ പിന്നീട് പറഞ്ഞു.

ഞാന്‍ ഇതൊക്കെ പറയാന്‍ കാരണം ഈ അടുത്ത ദിവസം ഉണ്ടായ ഒരു സംഭവം ആണ്.

കുറച്ചു ദൂരെ ആയി ഒരു തമിഴ്‌ ഫാമിലി ഉണ്ട് എന്ന് പറഞ്ഞല്ലോ.അവര്‍ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നും അവരുടെ അച്ഛനും അമ്മയും വന്നു.കഴിഞ്ഞ ആറു മാസമായി അവരിവടെ ഉണ്ടായിരുന്നു.തമിഴ്നാട്ടില്‍ നിന്നും വന്ന അവര്‍ക്ക് കഠിനമായ വിന്റെര്‍ സഹിക്കാവുന്നതിലും അപ്പുറം.മഞ്ഞു വീണു കിടക്കുന്നത് കൊണ്ട് പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത വിഷമം വേറെ.എനിക്ക് പറ്റാവുന്ന സഹായങ്ങള്‍ ഞാനും ചെയ്തിരുന്നു.അങ്ങനെ പല തവണ അവിടെ പോവുകയും മറ്റും ചെയ്തപ്പോള്‍ ആ അമ്മൂമ്മയുമായി കുറച്ചു അടുപ്പമായി നന്നുവിനു. അവര്‍ പറയുന്നത് ഒന്നും അവള്‍ക്കു മനസ്സിലാവില്ല,അവര്‍ തമിഴില്‍ വച്ചുകാച്ചും..നന്നു കണ്ണ് മിഴിച്ചു ഇരിക്കും.എന്നാലും അവരെ ആദ്യമായി കണ്ടപ്പോള്‍ തന്നെ നന്നു എന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു,നമ്മുടെ അമ്മൂമ്മയെ പോലെ തോന്നുന്നു അല്ലെ എന്ന്.
ആറു മാസത്തിനുശേഷം അവര്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അവരെയെല്ലാം വീട്ടിലേക്കു ഡിന്നറിനു ക്ഷണിച്ചു.അന്ന്,അവര്‍ വീട്ടില്‍ .വന്നതിനു ശേഷമാണ് നന്നു സ്കൂളില്‍നിന്ന് വന്നത്.അവരെ കണ്ടപാടെ എന്റെ അടുത്ത് വന്നുപറഞ്ഞു..
"അമ്മെ.. ആ അമ്മൂമ്മ ഉടുത്തിരിക്കുന്ന സാരി നമ്മുടെ അമ്മൂമ്മയുടെ സാരി അല്ലെ...എങ്ങനെയാ അത് സെയിം ആയത്?"
സെയിം സാരികള്‍ ഒരുപാട് ഉണ്ടാവില്ലേ എന്ന് ഞാന്‍ മറുപടിയും കൊടുത്തു.അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു അവര്‍ പോകാന്‍ ഒരുങ്ങി.ഇന്ത്യയില്‍ വന്നാല്‍ ചെന്നൈയില്‍ വന്നു അവരെ കാണണം എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു ഉമ്മ വച്ചു ആ സ്നേഹമയിയായ അമ്മ.അത് കഴിഞ്ഞു നന്നുവിന്റെ കൈ പിടിച്ചു മോളും വരണം ട്ടോ എന്ന് പറഞ്ഞു.ശേരി എന്ന് അവള്‍ പറഞ്ഞെങ്കിലും അവളുടെ മുഖം വല്ലതാകുന്നത് എനിക്ക് മനസ്സിലായി.ആ അമ്മൂമ്മ പോകാന്‍ ഇറങ്ങിയതും നന്നു ഒരു കരച്ചില്‍...ഞാന്‍ ശെരിക്കും ഞെട്ടി പോയി...വേദനിച്ചാല്‍ കൂടി കരയാത്ത പെണ്ണാണ്...ഏങ്ങലടിച്ചു കരച്ചിലോട് കരച്ചില്‍...പിന്നെ ആ അമ്മൂമ്മ ഓടി വന്നു അവളെ കെട്ടിപിടിച്ചു കരച്ചില്‍..ആകെ ബഹളമയമായി.

സത്യമായും ഞാന്‍ വല്ലാതെ അമ്പരന്നു പോയിരുന്നു...അങ്ങനെയുള്ള സോഫ്റ്റ്‌ കോര്‍ണര്‍ ഒന്നും പുറത്തു കാണിക്കാറില്ല അവള്‍....കൂട്ടുകാരും,സ്കൂളും, ക്ലബ്‌ ആക്ടിവിറ്റിയും,ഐ പോഡും,ടാബും ഒക്കെ ആയി നടക്കുന്ന,ഒന്നിനെയും കൂസാതെ,ഒരു ടിപ്പിക്കല്‍ ടീനേജര്‍ ആയ "I don't care" എന്ന മട്ടില്‍ കറങ്ങി നടക്കുന്ന നന്നു... എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.കണ്ണുനീരിന്റെ നീറ്റല്‍ ഞാനും അറിഞ്ഞു ആ നിമിഷം. എനിക്കാണ് തെറ്റിയത്, അമ്മൂമ്മയുടെ നഷ്ടം അവള്‍ ശെരിക്കും അറിയുന്നുണ്ട്.

കുട്ടികളുടെ ജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട് അമ്മൂമ്മമാരും മുത്തശ്ശന്മാരും.അമ്മ കണ്ണുരുട്ടിയാല്‍,അച്ഛന്‍ ദേഷ്യപെട്ടാല്‍ ഒക്കെ ഓടിച്ചെന്നു പരാതി പറയാന്‍,വാല്‍സല്യം നുകരാന്‍ ഒക്കെ അമ്മൂമ്മയല്ലാതെ മറ്റാരുണ്ട്? നന്നുവിനു നഷ്ടപെട്ട അവളുടെ അമ്മൂമ്മയെ തിരികെ കൊടുക്കാന്‍ എനിക്കൊരിക്കലും കഴിയില്ല...പക്ഷെ ആശ്വസിക്കുന്നു...പിന്നെയും ഉണ്ടല്ലോ ഒരുപാട് ബന്ധങ്ങളും ബന്ധനങ്ങളും ..മുറിഞ്ഞു പോവാതെ നോക്കണം...എന്റെ കുട്ടികള്‍ക്ക് വേണ്ടി....