Saturday, June 9, 2012

ഒരു ഫാമിലി മീറ്റ്‌കുട്ടികള്‍ ഒക്കെ ചെറുതായിരുന്നപ്പോള്‍ വേനലവധിക്ക് നാട്ടില്‍ പോകുക എന്നത് ഒരു പതിവായിരുന്നു.ഓരോ വര്‍ഷവും വേനലവധിക്കായിള്ള കാത്തിരുപ്പായിരുന്നു.ഇപ്പോള്‍ നാട്ടില്‍ പോയിട്ട് മൂന്ന് വര്ഷം.നന്നു(എന്റെ മകള്‍) ജൂനിയര്‍ ഹൈ സ്കൂളിലേക്ക് കടന്നതോടെ സമ്മര്‍ വെകേഷനുകള്‍ ഇല്ലാതെ ആയി.അവധി പേരിനു ഉണ്ടെങ്കിലും ക്ലബ്‌ ആക്ടിവിറ്റികളും അതിനോടനുബന്ധിച്ചുള്ള മല്‍സരങ്ങളും ഒക്കെ ആയി എല്ലാ ദിവസവും സ്കൂളില്‍ തന്നെ.
നാടും വീടും,ബന്ധുക്കളും,നാട്ടുകാരും,അമ്പലവും,മഴയും,പുഴയും, ഇടിഞ്ഞു പൊളിഞ്ഞ റോഡും, വ്യവസ്ഥയില്ലാത്ത ട്രാഫിക്കും ഒക്കെ എനിക്കും മനുവിനും മാത്രം നഷ്ടങ്ങള്‍ ആയി മാറി.പക്ഷെ ജീവിതവും സാഹചര്യങ്ങളും മാറുമ്പോള്‍ ഒഴുക്കിനനുസരിച്ചു നീന്തുകയല്ലേ മാര്‍ഗമുള്ളൂ.

മനുവിന്റെ ചേട്ടനും കുടുംബവും കുറെയധികം നാളുകളായി ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. പല പല കാരണങ്ങള്‍ കൊണ്ട് ചെയ്ത പ്ലാനുകളെല്ലാം ഓരോ വര്‍ഷവും മാറിപ്പോയി.ഈ വര്ഷം ആദ്യം മുതല്‍ നന്നു നിര്‍ബന്ധം പിടിച്ചു,വെല്യച്ഛനും വല്യമ്മയും മീനാക്ഷിയും വന്നേ പറ്റൂ എന്ന്.ജനുവരിയില്‍ തന്നെ അവള്‍ വല്യച്ഛന് മെയില്‍ അയച്ചു,ഈ വര്‍ഷത്തെ സ്പ്രിംഗ് ബ്രേക്ക്‌നു വന്നില്ലെങ്കില്‍ പിന്നെ വല്യച്ഛനോട് മിണ്ടുകയില്ല...വല്യച്ഛന്‍ അതില്‍ വീണു.മാര്‍ച്ചിലെ അവധിക്കു ജപ്പാനില്‍ വരാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി അവര്‍.നന്നുവിനാനെങ്കില്‍ അവധി സമയത്തും സ്കൂളില്‍ പോകണം.സ്പ്രിംഗ് ബ്രേക്ക്‌ എന്നാല്‍ ആകെ പത്തു ദിവസവും.ചേട്ടനും കുടുംബവും വരാന്‍ തീരുമാനിച്ചതും പത്തു ദിവസത്തേക്ക്.പക്ഷെ കുവൈറ്റിലെ അവധിയും ഇവിടുത്തെ അവധിയും തീരെ സഹകരിച്ചില്ല,രണ്ടും രണ്ടു സമയത്ത് ആയിപ്പോയി.എങ്കിലും ഇവിടെ കുട്ടികളും മനുവും കുറച്ചു ദിവസം അവധി എടുക്കാനും ഞാന്‍ മുഴുവന്‍ ദിവസവും അവധി എടുക്കാനും തീരുമാനം ആയി.പിന്നെ ഇവിടെ നിന്നുള്ള ഇന്‍വിറ്റെഷന്‍ ലെറ്ററും മറ്റു പല പേപ്പറുകള്‍ അയക്കലും ഒക്കെ ആയി ദിവസങ്ങള്‍ ഓടിപ്പോയി.അങ്ങനെ വിസ ശെരിയായി,വരുന്ന തിയതി തീരുമാനിച്ചു ,മാര്‍ച്ച്‌ 16.പിന്നീട് അങ്ങോട്ട്‌ ഞങ്ങള്‍ നാല് പേരും മാര്‍ച്ച്‌ പതിനാറിനായി കാത്തിരുപ്പായി.

ഞാന്‍ ജോലി കഴിഞ്ഞുള്ള സമയങ്ങള്‍ ഒക്കെ വീട് അടുക്കിപ്പെറുക്കാന്‍ തുടങ്ങി,നന്നു അവളുടെ മുറിയും.വല്യച്ഛനും വല്യമ്മയും മീക്കുവും(മീനാക്ഷി) വരുമ്പോഴേക്കും മുറിയുടെ മുഖം തന്നെ മാറ്റണം എന്ന് വാശി അവള്‍ക്കു.ആയികോട്ടേ,അങ്ങനെ എങ്കിലും മുറി വൃത്തിയക്കുമല്ലോ എന്ന് ഞാനും കരുതി.സ്കൂളില്‍ കുറച്ചു ദിവസത്തെ അവധി പറഞ്ഞു,എനിക്ക് വേണ്ട അവധി ഞാനും മേടിച്ചു വച്ചു.ഓരോ ദിവസം കഴിയുംതോറും ഇനി ഇത്രയും ദിവസങ്ങള്‍ കൂടിയേ ഉള്ളൂ അവരെ കാണാന്‍ എന്ന് നന്നുവും കണ്ണനും ദിവസങ്ങള്‍ എണ്ണി. കുഞ്ഞുന്നാള്‍ മുതല്‍ നന്നുവിനു ഏറ്റവും ഇഷ്ടം അവളുടെ വല്യച്ഛനെ ആണ്."പുഴു" എന്നവളെ കളിയാക്കി വിളിക്കുന്ന,അവളുടെ എല്ലാ കുസൃതികള്‍ക്കും കൂട്ട് നില്‍ക്കുന്ന,ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ അവളെ പോലെ പെരുമാറുന്ന വല്യച്ഛന്‍.

അങ്ങനെ കാത്തു കാത്തിരുന്നു ആ ദിവസം വന്നെത്തി.വൈകുന്നേരം ഒസാകയിലെ കന്‍സായ് എയര്‍പോര്‍ട്ടില്‍ എത്തുന്ന അവരെ വിളിക്കാന്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ഞങ്ങള്‍ ഇവിടെ നിന്നും യാത്ര തിരിച്ചു. അഞ്ചു മണിക്കൂര്‍ ഡ്രൈവ് ഉണ്ട് ഒസാക വരെ.പല സര്‍വീസ് സ്റ്റേഷനിലും നിര്‍ത്തി ആയിരുന്നു യാത്ര.പക്ഷെ ഒസാക എത്താറായപ്പോഴേക്കും ട്രാഫിക്‌ ജാം വളരെ കൂടുതല്‍ ആയി.അവര്‍ ലാന്‍ഡ്‌ ചെയ്യുന്ന സമയത്ത് എത്തനാകുമോ എന്ന് പേടിയായി.ഒരു വിധം അഞ്ചര ആയപ്പോഴ്യ്ക്കും എയര്‍പോര്‍ട്ടില്‍ എത്തി.പക്ഷെ അവരെത്തി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
മൂന്നു പേരെയും കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് കാണുന്നത്. കുശലപ്രശ്നങ്ങള്‍ ഒക്കെ ഒന്നടങ്ങിയപ്പോള്‍ എയര്‍പോര്‍ട്ടിന് പുറത്തിറങ്ങി.. അതുവരെ അറിയാത്ത തണുപ്പ് അറിഞ്ഞു.വീണ്ടും ഒരു അഞ്ചു മണിക്കൂര്‍ ഡ്രൈവ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

വഴിയില്‍ പലയിടത്തും നിര്‍ത്തി, ജാപ്പനീസ് ഭക്ഷണം രുചിച്ചു ഒക്കെ ആയിരുന്നു മടക്കം.രാത്രി പതിനൊന്നരയോടെ വീടെത്തി.പിറ്റേന്ന് മുതല്‍ പരിപാടികളുടെ ബഹളമല്ലേ എന്നോര്‍ത്ത്, മനസ്സിനെ സന്തോഷിക്കാന്‍ വിട്ടു എല്ലാവരും ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് മുതല്‍ പത്തു ദിവസം എങ്ങനെ പത്തു നിമിഷം പോലെ കഴിഞ്ഞു പോയി എന്ന് എനിക്കിപ്പോഴും അറിയില്ല.സന്തോഷങ്ങള്‍ക്ക് ആയുസ് കുറവാണെന്ന് പറയുന്നത് എത്ര സത്യം!

സമുറായികള്‍ ഒളിച്ചു താമസിച്ചിരുന്ന പഴയ താച്ട് റൂഫ്(Thatched Roof)വീടുകള്‍ കാണാന്‍ പോയി,ടോക്യോ ഡിസ്നി സീ,ടോക്യോ ടവര്‍,ഇമ്പീരിയല്‍ പാലസ് ഇതൊക്കെ കാണാന്‍ പോയി,ജാപ്പനീസ് എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ തലങ്ങും വിലങ്ങും യാത്ര ചെയ്തു,മാര്‍ച്ച് മാസം ആയത് കൊണ്ട് മഞ്ഞു കാണാന്‍ സാധിക്കുമോ എന്നാ പേടിയും മാറി,മതിയാവോളം മഞ്ഞില്‍ കളിച്ചു, കിമോണോ ഇട്ടു ഫോട്ടോ എടുത്തു, ക്യോട്ടോയില്‍ പോയി,അവിടുത്തെ പ്രധാനപ്പെട്ട അമ്പലങ്ങള്‍ കണ്ടു, ഒരാഴ്ചത്തെ വ്യത്യാസത്തില്‍ കാണാന്‍ കഴിയുകയില്ല എന്ന് കരുതിയ ചെറി ബ്ലോസ്സം ക്യോട്ടോയില്‍ കണ്ടു, ജപ്പാനില്‍ കുട്ടികള്‍ നടന്നു സ്കൂളില്‍ പോകുന്നത് കാണാന്‍ സാധിച്ചു, എന്റെ ബ്ലോഗിലൂടെ പരിചയം ആയ കണ്ണന്റെയും നന്നുവിന്റെയും സ്കൂള്‍ കണ്ടു, അങ്ങനെ അങ്ങനെ കുറച്ചു സമയം കൊണ്ട് പറ്റാവുന്നതെല്ലാം കണ്ടു,അനുഭവിച്ചു.പക്ഷെ പിന്നീട് ആലോചിച്ചപ്പോഴാണ് പലതും കാണിച്ചു കൊടുക്കാന്‍ ഞാന്‍ മറന്നല്ലോ എന്നോര്‍ത്തത്...

പത്തു ദിവസങ്ങള്‍ പത്തു നിമിഷങ്ങളെ പോലെ കടന്നു പോയി.അവരെ യാത്രയാക്കി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുമ്പോള്‍ ഞങ്ങള്‍ നാല് പേരും നിശബ്ദരായിരുന്നു.ഒരുപാട് കാത്തിരുന്ന ആ ദിവസങ്ങള്‍ ഇത്ര പെട്ടന്ന് കഴിഞ്ഞു പോയല്ലോ എന്ന സങ്കടം ഓരോരുത്തര്‍ക്കും. എങ്കിലും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം തലകുത്തി മറിഞ്ഞു ചിരിച്ച വൈകുന്നേരങ്ങള്‍ എനിക്ക് തിരിച്ചു കിട്ടി, ചേട്ടനെ കണ്ടപ്പോള്‍ കൊച്ചു കുട്ടി ആവുന്ന മനുവിനെ കണ്ടു,അവരുടെ കുട്ടിക്കാലകുസൃതികളെ കുറിച്ച് ചേട്ടന്റെ രസകരമായ വിവരണം കേട്ടു,നൂറുകണക്കിന് ഫോട്ടോസ് എടുത്തു,ചേട്ടന്റെയും പ്രീതിയുടെയും സ്പെഷ്യല്‍ പാചകം രുചിച്ചു,അവര് കൊണ്ട് വന്ന ലഡ്ഡുവും ജിലേബിയും മൈസൂര്‍പാക്കും ഏത്തപ്പഴവും കഴിച്ചു
. ഇത്രയൊക്കെ പോരെ....ഇതുപോലെ ആസ്വാദ്യകരമായ കുറച്ചു ദിവസങ്ങള്‍ സമ്മാനിച്ചതിനു നന്ദി ബിജുചേട്ടാ,പ്രീതി,മീക്കു....