Tuesday, September 7, 2010

നഗോയ,ജപ്പാന്‍

ജപ്പാനില്‍ എല്ലാ സീസണിലും അവധികള്‍ ഉണ്ടാകുക പതിവാണ്.കുട്ടികള്‍ക്ക്‌ മാത്രമല്ല,ഓഫീസുകള്‍ക്കും,കമ്പനികള്‍ക്കും എല്ലാം ആ തരത്തിലുള്ള അവധി ഉണ്ടാകും.വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ആളുകളുടെ നാടാണിതെന്നു മിക്കവര്‍ക്കും അറിയാമായിരിക്കും.കഠിനാധ്വാനം എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അതെന്താണ് എന്നെനിക്ക് മനസ്സിലായത്‌ ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ ആണ്.അതുകൊണ്ട് തന്നെ സീസണ്‍ മാറുന്നതനുസരിച്ച് കിട്ടുന്ന ഈ അവധികള്‍ മിക്കവാറും യാത്രകള്‍ക്കായി മാറ്റി വയ്ക്കുന്നു.വേനലിലെ ഈ അവധിക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. നമ്മുടെ നാട്ടിലും കര്‍ക്കടകത്തില്‍ പിതൃക്കളെ അനുസ്മരിക്കാന്‍ വാവുബലി ഉണ്ടല്ലോ... അതുപോലെ ഇവിടെയും പിതൃക്കളെ ആചരിക്കുന്ന ചടങ്ങുകള്‍ക്കായുള്ള ദിവസങ്ങളാണ് ഈ അവധി."ഒബോന്‍ യാസുമി" എന്നാണ് അതിന്റെ പേര്.

എന്റെ ഓഫീസിനു നാല് ദിവസവും മനുവിന് ആറു ദിവസവും അവധി ഉണ്ടായിരുന്നു. ഒരു യാത്ര പോയിട്ട് കുറെ നാളുകള്‍ ആയതു കൊണ്ട് എവിടെകെന്കിലും ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്താലോ എന്ന് നേരത്തെ മുതല്‍ ആലോചിച്ചിരുന്നു.എങ്കിലും അത് നഗോയ ആവട്ടെ എന്ന് തീരുമാനിച്ചത് പോകുന്നതിനു ഒരു ദിവസം മുന്‍പ് മാത്രം.രണ്ടു ദിവസത്തെ പ്രോഗ്രമേ ഉണ്ടായിരുന്നുള്ളൂ.എല്ലാ യാത്രകളിലും കൂടെ ഉണ്ടാവാറുള്ള എന്റെ കൂട്ടുകാരിയും കുടുംബത്തിനെയും വിളിച്ചു പറഞ്ഞപ്പോള്‍ അവര്‍ എവിടേക്ക് വരാനും റെഡി.പിന്നെ ഒരു പരക്കം പാച്ചിലായിരുന്നു... ഹോട്ടല്‍ ബുക്കിംഗ്,പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ്‌ എടുക്കല്‍....ഒക്കെ വേഗം ചെയ്തു.രണ്ടു ദിവസം കൊണ്ട് എല്ലാമൊന്നും കാണാന്‍ സാധിക്കില്ല എന്നറിയാമായിരുന്നു.എങ്കിലും ടൊയോട്ടയും അതിന്റെ എക്സിബിഷന്‍ സെന്റെരും,മ്യുസിയവും ഒക്കെ ലിസ്റ്റില്‍ ആദ്യം സ്ഥലം പിടിച്ചു.പിന്നെ വളരെ പ്രശസ്തമായ നഗോയ കാസില്‍,അത്സുത Shrine ,നഗോയ പോര്‍ട്ട്‌ അക്വേറിയം,എന്നിവയും പിന്നാലെ വന്നു. കാസിലും shrine ഉം ഒക്കെ കാണാന്‍ ഞാനും,ടൊയോട്ട മ്യുസിയം കാണാന്‍ മനുവും കണ്ണനും ഉത്സാഹം കാണിച്ചു.നന്നുവിനു അക്വേറിയത്തിനോടായിരുന്നു താല്പര്യം.അതിനു കാരണം ,അവിടെ ഈയിടെ എത്തിയ പുതിയ killer whale നെ കാണാം എന്നുള്ളതും.അങ്ങനെ ഈ പറഞ്ഞ സ്ഥലങ്ങളുടെ ഒക്കെ പ്രിന്റ്‌ ഔട്ട്‌ എടുത്തു വച്ചു.ഫോണ്‍ നമ്പരോ,അഡ്രസോ,പിന്‍കോഡോ ഉണ്ടെങ്കില്‍,നാവിഗേറ്ററില്‍ ഫീഡ് ചെയ്താല്‍,വഴി നമ്മള്‍ തെറ്റിച്ചാലും നാവിഗേറ്റര്‍ പറഞ്ഞു തന്നു കൊള്ളും.

യാത്ര എന്ന് കേട്ടതും കണ്ണന്‍,"പെത്തി" എടുത്തു കൊണ്ട് വരുന്നു,അവന്റെ ഡ്രസ്സ്‌ ഒക്കെ ആദ്യം തന്നെ എടുത്തു വയ്ക്കുന്നു,ബാക്കി എല്ലാവരും കൊണ്ട് കൊടുക്കുന്ന മുറയ്ക്ക് എല്ലാം അടുക്കി വയ്ക്കുന്നു... ആകെ ബഹളമയം.എന്നിട്ടൊരു ഡിമാന്റും "പെത്തി ബോക്കു എടുക്കും"(ഞാന്‍ എന്നതിന്റെ ജപ്പാനീസ് വാക്കാണ് ബോക്കു....പെണ്ണുങ്ങള്‍ "വാതാഷി" എന്നും).ഓകേ... അങ്ങനെ "പെത്തിയുടെ" കാര്യം തീരുമാനമായി. അപ്പോഴാണ് എന്റെ കൂട്ടുകാരിയുടെ ഫോണ്‍...അവര്‍ക്ക് വരന്‍ സാധിക്കില്ല... മോന് പെട്ടെന്നൊരു പനി.ഒരുമിച്ചു പോകാന്‍ സാധിക്കില്ലലോ എന്ന് വിഷമമായെങ്കിലുംകുട്ടികളുടെ ഉത്സാഹം കണ്ടപ്പോള്‍ പോകാതെയിരിക്കാനും വയ്യ.അങ്ങനെ അവരില്ലാതെ ഞങള്‍ മാത്രം പോകാന്‍ തീരുമാനിച്ചു.രാവിലെ നേരത്തെ എഴുന്നെല്കണം എന്നും പറഞ്ഞു കുട്ടികളെ ഉറങ്ങാന്‍ വിട്ടു.
രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു റെഡിയായി.കാറില്‍ സാധനങ്ങള്‍ ഒക്കെ എടുത്തു വച്ചു വീട് പൂട്ടി ഇറങ്ങിയപ്പോള്‍ ആറു മണി.ആദ്യം ടൊയോട്ട മ്യുസിയത്തില്‍ പോകാം എന്ന് കരുതി അവിടുത്തെ ഫോണ്‍നമ്പര്‍ നാവിഗേറ്ററില്‍ ഫീഡ് ചെയ്തപ്പോള്‍ ആകെ 292km.എക്സ്പ്രസ്സ്‌ ഹൈവേ വഴിയാണെങ്കില്‍ അധികം തിരക്കില്ലെങ്കില് ‍വേഗം എത്താവുന്നതെ ഉള്ളു. പക്ഷെ അവധി ഞങ്ങള്‍ക്ക് മാത്രമല്ലലോ... എല്ലാവരും യാത്ര തന്നെ ആകും മെയിന്‍ പരിപാടി... അത് കൊണ്ട് നല്ല ട്രാഫിക്‌ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.ETC(Electronic Toll Collection ) എന്ന ഉപകരണം കാറില്‍ ഉണ്ടെങ്കില്‍ ശനിയും ഞായറും വെറും 1000 yen നു ജപ്പാനില്‍ എവിടെയും എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ പോകാം.അതല്ല എങ്കില്‍ ഹൈവേക്കു മാത്രമായി നല്ല ഒരു തുക ചിലവാകും.
അങ്ങനെ ഞങ്ങള്‍ യാത്ര തിരിച്ചു. ഹൈവേയിലേക്ക് കയറിയതും നന്നുവിനു വിശക്കാന്‍ തുടങ്ങി.അതിനു കാരണം ഹൈവേയുടെ സൈഡില്‍ ഉണ്ടാകുന്ന വിശ്രമ കേന്ദ്രങ്ങള്‍ ആണ്.അവിടെ നിന്നുള്ള ഭക്ഷണം കഴിക്കല്‍ രസമാണ്.ഓരോ സ്ഥലത്തിന്റെയും സ്പെഷ്യല്‍ ഫുഡ്‌ കഴിക്കാം.എന്തായാലും ഒരു മണിക്കൂര്‍ വണ്ടി ഓടിച്ചാല്‍ വിശ്രമിക്കുക എന്നത് പതിവായത് കൊണ്ട് നഗോയ എത്തുന്നതിനു മുന്‍പ് രണ്ടു സ്ഥലത്ത് നിര്‍ത്തേണ്ടി വന്നു.റോഡില്‍ വിചാരിച്ച അത്ര തിരക്കുണ്ടയില്ല. ഞങ്ങള്‍ പോകുന്ന ഈ എക്സ്പ്രസ്സ്‌വെ കടന്നു പോകുന്ന വഴിയില്‍ ഒരുപാട് ടണലുകള്‍ ഉണ്ട്.നഗോയ എത്തുന്നതിനു മുന്‍പ് മുപ്പതില്‍ കൂടുതല്‍ ചെറുതും വലുതുമായ ടണലുകളില്‍ കൂടി കടന്നു പോയി.മിക്കവയും വലുതാണ്‌.ഏറ്റവും നീളം കൂടിയ ടണല്‍ 11km ഉണ്ടായിരുന്നു.ടണലുകളില്‍ കൂടി വണ്ടി ഓടിക്കുമ്പോള്‍ ഉള്ള പ്രത്യേകത ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ??കുറേനേരം നേരെ മാത്രം നോക്കി ഓടിക്കുമ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ വണ്ടി തെന്നുന്നതായി തോന്നും....എനിക്കത് ചെറിയ ടണലില്‍ കൂടി തോന്നാറുണ്ട്... അപ്പോള്‍ പിന്നെ 11km ഉള്ള ടണലിന്റെ കാര്യം പറയാനുണ്ടോ??(അതോ ഇനി എനിക്ക് മാത്രമാണോ അങ്ങനെ തോന്നുന്നത് ആവൊ??) എത്ര ഓടിച്ചിട്ടും തീരുന്നില്ലലോ ഈശ്വരാ എന്ന് വിചാരിച്ചു ഇരുന്നു ഞാന്‍.ഇത്ര നീളമുള്ള ടണല്‍ ഉണ്ടാക്കാന്‍ എന്തുമാത്രം അധ്വാനം വേണ്ടി വന്നിരിക്കും എന്നൊക്കെ ഓര്‍ത്തു അത്ഭുതപ്പെടുമെന്കിലും ടണലിലൂടെ ഉള്ള യാത്ര എനിക്കത്ര ഇഷ്ടമുള്ള കാര്യം അല്ല.





രാവിലെ തന്നെ നല്ല മൂടല്‍മഞ്ഞു ആയിരുന്നു....



ആറുമണിക്ക് വീട്ടില്‍ നിന്നും പുറപെട്ട ഞങ്ങള്‍ ഒന്‍പതു മണിക്ക് nagoya exit ല്‍ എത്തി.നേരെ പോയത് ടൊയോട്ട മ്യുസിയത്തിലേക്ക്.പക്ഷെ അതിന്റെ ഗേറ്റില്‍ എത്തിയപ്പോഴാണ് അറിയുന്നത് പ്രവേശനസമയം ഒന്‍പതര ആണ് എന്ന്.അരമണിക്കൂര്‍ അവിടെ കത്ത് നില്ക്കാന്‍ തോന്നിയില്ല.തലേന്ന് നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ വിവരം അനുസരിച്ച് അത്സുത shrine(Atsutha shrine) അവിടെ അടുത്ത് തന്നെ ആണ്.എങ്കില്‍ അവിടെ പോയിട്ട് തിരിച്ചു വീണ്ടും മ്യുസിയത്തിലേക്ക് എത്താം എന്ന് കരുതി വീണ്ടും നവിഗെറ്ററില്‍ കുത്തി,അത്സുതയിലേക്ക് തിരിച്ചു.അടുത്ത് തന്നെ ആയിരുന്നു അത്.വളരെ ഭംഗിയുള്ള വിശാലമായ ഒരു കോമ്പഔണ്ടിനുള്ളിലായിരുന്നു shrine.ഒരുപാട് വന്മരങ്ങള്‍ കാടുപോലെ തിങ്ങി വളരുന്നുണ്ട് അവിടെ.വലിയൊരു സിറ്റിയുടെ നടുക്കാണ് ഇങ്ങനെ ഒരു സ്ഥലം എന്നോര്‍ക്കണം.പക്ഷെ ഇത് ജപ്പാനില്‍ പതിവ് കാഴ്ച ആണ്.ടോക്യോ,ഒസാക പോലുള്ള വന്‍നഗരങ്ങളിലും കാണാം ഇതുപോലുള്ള shrines.ക്യോട്ടോന്റെ കാര്യം പറയാനുമില്ല..അത്രയധികം temples and shrines ഉള്ള സ്ഥലമാണ്‌ ക്യോട്ടോ.കാര്‍പാര്‍ക്കിംഗില്‍ നിന്നും shrine ന്റെ കൊബൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ എന്തൊരു കുളിര്‍മ....സൂര്യപ്രകാശം നേരിട്ട് താഴേക്ക്‌ വീഴാത്ത വിധത്തില്‍ വന്മരങ്ങള്‍.ഇവിടെയും shrine ല്‍ ഒക്കെ പോകുന്നതിനു വൃത്തിയുള്ള മനസ്സും ശരീരവും ആവണം എന്നുണ്ട്.നമ്മുടെ നാട്ടിലും അമ്പലത്തില്‍ കേറാന്‍ കുളിച്ചിട്ടല്ലേ പോകാറുള്ളൂ.ഇവിടെ കരിങ്കല്ല് പാകിയ വെള്ളം നിറച്ച വലിയ ഒരു തൊട്ടിയും, വെള്ളം കോരിയെടുക്കാന്‍ മരം കൊണ്ടുണ്ടാക്കിയ ഒരു മരുകയും ഉണ്ട്.കയ്യും കാലും മുഖവും കഴുകി വൃത്തിയാക്കണം എന്നാണ്, അതില്‍ കയ്യ് മാത്രം എല്ലാവരും കഴുകും..മേയ്കപ്പിട്ട മുഖവും,ചെരുപ്പോ ഷൂസോ ഇട്ട കാലും എങ്ങനെ കഴുകും?അതുകൊണ്ട് അത് രണ്ടും വിട്ടു കളഞ്ഞു കയ്യ് മാത്രം കഴുകും.എന്ത് തണുപ്പാനെന്നോ ആ വെള്ളത്തിന്‌... ചെറിയ ഒരു ഉറവയിലൂടെ വെള്ളം തൊട്ടിയിലേക്ക് വന്നുകൊണ്ടേയിരിക്കും.





കയ്യ് കഴുകി നേരെ നടന്നെത്തിയത് ഒരു വൃക്ഷമുത്തശ്ശിയുടെ അടുത്തേക്ക്.600 ല്‍പരം വര്ഷം പഴക്കമുള്ള ആ മരമുത്തശ്ശിയുടെ ഗാംഭീര്യം ഒന്ന് കാണണം.



ഇക്കെബാന എന്നതു മിക്കവര്‍ക്കും അറിയാമായിരിക്കും അല്ലെ...എങ്കിലും ഒന്ന് പറയാം...ജാപ്പനീസ് ഫ്ലവര്‍ അറേഞ്ച്‌മെന്റ്നെയാണ് ഇക്കെബാന എന്ന് പറയുന്നത്.വളരെ പഠനസാധ്യതകള്‍ ഉള്ള ഒരു കലാരൂപമാണിത്.ജാപ്പനീസ് ആളുകള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട് ഇക്കെബാന ഒരുക്കുവാന്‍.ഇത് തന്നെ പല വിഭാഗങ്ങള്‍ ആയി തിരിച്ചിട്ടുണ്ട്.അവിടെ നിന്നും ചെറിയ ചെറിയ വിഭാഗങ്ങള്‍ വേറെയും.ഓരോ ലെവല്‍ കോഴ്സ് പസവനും നല്ല പാട്പെടണം.ഞാനും ഇക്കെബാനയുടെ sogetsu എന്ന ലൈനില്‍ ഒരു വര്ഷം പടിപ്പു നടത്തി,ലെവല്‍ 1,2 പാസായി സര്‍ട്ടിഫിക്കറ്റ് വാങ്ങി വീട്ടില്‍ വച്ചിട്ടുണ്ട്.അപ്പോള്‍ പറഞ്ഞു വന്നത് ഇക്കെബനയുടെ ഭംഗിയെ പറ്റി.വളരെ സിമ്പിള്‍ ആയിരിക്കും ഇതിലെ "ഇക്കെനോബോ" എന്നാ ഒരു വിഭാഗം.ഏറ്റവും ഭംഗി അതിനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മിക്കവാറും എല്ലാ shrine ലും ഈ അറേഞ്ച്‌മെന്റ്സ് ഉണ്ടാകും.shrine ന്റെ മാത്രമല്ല,വീടുകളിലും പൂമുഖത്ത് ഫ്ലവര്‍ അറേഞ്ച്മെന്റ് ചെയ്യുക എന്നത് ഇവിടെ പതിവാണ്.മിക്കവാറും വയസയവര്‍ ആണ് ഇതൊക്കെ ചെയ്യാറ്.







അങ്ങനെ ഞങ്ങള്‍ നടന്നു Atsuta shrine ന്റെ പ്രധാന കെട്ടിടത്തിന്റെ മുന്നിലെത്തി.മുന്നില്‍ നിന്ന് കാണാം എന്നല്ലാതെ അകത്തേക്ക് പ്രവേശനം ഇല്ല.








രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ shrine ന്റെ ഉത്ഭവം.അതിനൊരു കാരണം പറയുന്നത്,ജപ്പാന്‍റെ വിശുദ്ധമായ മൂന്നു നിധികളില്‍ ഒന്നായ "Kusanagi no tsurugi" എന്ന വാള്‍(sword) സൂക്ഷിക്കപെട്ടിട്ടുള്ളത് ഇവിടെയാണ് എന്നാണ്.ഈ വാള്‍, Sun Goddess ആയ Ameterasu ന്റെ കയ്യില്‍ നിന്നുള്ള സമ്മാനമായാണ് കണക്കാക്കപ്പെടുന്നത്.സന്ദര്‍ശകര്‍ക്ക് കാണാനൊന്നും സാധിക്കില്ല ഈ വാള്‍.ഉണ്ട് എന്നും നഷ്ടപ്പെട്ട് പോയി എന്നും ഒക്കെ പറയപ്പെടുന്നു.എങ്കിലും അതിന്റെ സ്ഥാനം ഇവിടെയാണ് എന്നുള്ളതാണ് Atsuta shrine നെ പ്രശസ്തമാക്കുന്നത്.



ഇപ്പോഴുള്ള ഈ shrine 1893 ലും പിന്നെ 1935 ലും പുന പരിഷ്കൃതമാക്കിയതാണ്.രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജപ്പാനിലെ മിക്കവാറും shrines ഉം പ്രധാനപെട്ട castles ഉം നശിപ്പിക്കപ്പെടുകയുണ്ടായി.പക്ഷെ മിക്കവാറും എല്ലാം തന്നെ പുനര്‍നിര്‍മിച്ചു യുദ്ധത്തിനു ശേഷം.
ജപ്പാന്റെ വിശുദ്ധമായ മൂന്നു നിധികളെപ്പറ്റി പറഞ്ഞല്ലോ...
അത്1.Yasukami no Magatama Jewel
2.Yata no Kagami
3.kusanagi no Tsurugi എന്നിവയാണ്.ആദ്യത്തേത് Yasukami no Magatama എന്ന രത്നം,രണ്ടാമത്തേത് Yata no Kagami എന്ന കണ്ണാടി, പിന്നെ kusanagi no tsurugi എന്നാ വാളും.ഇതൊക്കെ കാണാന്‍ സാധിച്ചിട്ടുള്ളത് ചക്രവര്‍ത്തിമാര്‍ക്ക് മാത്രം.ആദ്യം പറഞ്ഞ രത്നം ഇപ്പോഴും ഇപ്പോഴത്തെ Emperor ന്റെ കൊട്ടാരത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്നു.എങ്ങനെയായാലും,ഇതൊന്നും ഒരു കാലത്തും സാധാരണ ജനങ്ങള്‍ കണ്ടിട്ടില്ല.പക്ഷെ ഉണ്ട് എന്നെല്ലാവരും വിശ്വസിക്കുന്നു.ജപ്പാന്റെ ശക്തി ഈ അതിവിശിഷ്ട വസ്തുക്കളെ ആശ്രയിച്ചിരിക്കുന്നു എന്നും പറയപ്പെടുന്നു.അവിടെയെല്ലാം ചുറ്റി നടന്നു കാണാന്‍ തന്നെ ഒരുപാടു സമയം എടുത്തു.വേനലിന്ലെ ചൂടിലും അവിടുത്തെ തണുപ്പും ശാന്തതയും കുറച്ചു നേരം കൂടി അവിടെ ചിലവഴിക്കാന്‍ പ്രേരിപ്പിച്ചെങ്കിലും വലിയവരുടെ താല്പര്യം കുട്ടികള്‍ക്ക് ഇല്ലാലോ ഈ വക കാര്യങ്ങളില്‍....കണ്ണന്‍, ടൊയോട്ട മ്യുസിയത്തിലേക്ക് പോകാന്‍ ബഹളം തുടങ്ങി....അങ്ങനെ Atsuta യോട് യാത്ര പറഞ്ഞു ഞങള്‍ ടൊയോട്ടയിലേക്ക് തിരിച്ചു.

22 comments:

  1. വേനലവധിക്ക് നഗോയ എന്ന ഒരു സ്ഥലത്തേക്ക് യാത്ര പോയി.ആ യാത്രവിവരണത്തിന്റെ ഒന്നാം ഭാഗം ആണ് ഇത്.എല്ലാ യാത്രാവിവരണക്കാരെയും പോലെ ഞാനും ഭാഗങ്ങള്‍ ആയി യാത്രവിവരണം എഴുതാന്‍ തുടങ്ങി എന്ന് ചുരുക്കം.അത് ഒരു അഹങ്കാരം അല്ലെ എന്നെനിക്ക് തന്നെ തോന്നുന്നുന്ടെന്കിലും,സമയക്കുറവു മൂലം ചെയ്തു പോവുന്നതാണ്.പിന്നെ... ഒരുപാടു ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ട്...എത്ര ശ്രമിച്ചിട്ടും മലയാളത്തില്‍ ചെയ്യാന്‍ പറ്റാത്തത് ആണ് ഇംഗ്ലീഷില്‍ എഴുതിയിരികുന്നത്. ക്ഷമിക്കുമല്ലോ.

    ReplyDelete
  2. ഹോ ജപ്പാനിലെ കാര്യങ്ങള്‍ ഇങ്ങിനെയെങ്കിലും അറിയാന്‍ കഴിയുന്നു അല്ലോ. .ഇവിടെ ഞാനാകെ ഒരു ടണലിലൂടെയേ യാത്ര ചെയ്തിട്ടുള്ളൂ മഞ്ജു. അത് നമ്മുടെ എടപ്പള്ളി റെയില്‍‌വേക്ക് അടിയിലുള്ള തുരങ്കമാണ്. അതിന്റെ കാര്യമറിയാല്ലോ? ഒരു 500 മീറ്റര്‍ പോലുമില്ലാത്ത ഓവര്‍ബ്രിഡ്ജ് പണിയാന്‍ ഇവിടെ കഴിയുന്നില്ല. അതുകൊണ്ടുണ്ടാവുന്ന അസഹ്യമായ ട്രാഫിക്ക് ചിലപ്പോഴൊക്കെ മറികടക്കുന്നത് ഈ തുരങ്കത്തിലൂടെയാണ്:) ഏതായാലും വളരെ ഇന്‍ഫൊര്‍മേറ്റീവ് ആയ വിവരണം തന്നെ.

    ReplyDelete
  3. യാത്രകള്‍ തുടരട്ടെ ............

    ReplyDelete
  4. മഞ്ജുവിന്റെ ഈ സ്വപ്നയാത്രയോടൊപ്പം കൂടെ നടക്കുന്നത് രസകരമായ അനുഭവം. തുടര്‍ഭാഗങ്ങളും വേഗം വരട്ടെ.

    ReplyDelete
  5. യാത്രാവിവരണം വളരെ നന്നായിരിക്കുന്നു മഞ്ജു. വിശദമായി അവതരിപ്പിച്ചതിനോടൊപ്പം ഫോട്ടോസ് കൂടെ ചേര്‍ത്തത് വായിക്കുന്നവര്‍ക്കും യാത്രയുടെ അനുഭവം ഉള്‍ക്കൊള്ളാവുന്ന വിധത്തിലാക്കിയിരിക്കുന്നു . യാത്ര തുടരട്ടെ.....ഭാവുകങ്ങള്‍

    ReplyDelete
  6. ചിത്രങ്ങലും വിവരണങ്ങളും നന്നായി, തുടരുക

    ReplyDelete
  7. യാത്രകളും യാത്രവിവരണങ്ങളും തുടരട്ടെ ! ആശംസകള്‍

    ReplyDelete
  8. സമുണ്ടല്ലോ ജപ്പാന്‍ വിശേഷങ്ങള്‍.....സസ്നേഹം

    ReplyDelete
  9. തുടരട്ടെ യാത്രകള്‍...

    ReplyDelete
  10. എന്തൊരു വൃത്തിയാണ് അവിടുത്തെ സ്ഥലങ്ങള്‍ ...ഇതെങ്ങാന്‍ നമ്മുടെ നാട്ടിലാണെങ്കില്‍ .....പിന്നെ ഫോട്ടോസ് എല്ലാം വളരെ മനോഹരമായിട്ടുണ്ട് ....ബാക്കി എപ്പോഴാ എഴുതുന്നത്‌ ...

    ReplyDelete
  11. ഈ വിവരണത്തിനു നന്ദി :)
    പിന്നെ ആ പ്രൊഫൈലില്‍ 'കുട്ടികളുടെ കുസ്രുതികൾ' എന്ന് കണ്ടു, കുസൃതികള്‍ അല്ലേ ശരി

    ReplyDelete
  12. ജപ്പാന്‍ വിശേഷങ്ങള്‍, സംസ്ക്കാരം, ചരിത്രം, വിശ്വാസങ്ങള്‍, ഭാഷ...എന്നിങ്ങനെ പല കാര്യങ്ങളാണ് ഈ ജപ്പാന്‍ ബ്ലോഗിലൂടെയും പോസ്റ്റുകളിലൂടെയും മഞ്ജു പകര്‍ന്നു തരുന്നത്. അതിന് പ്രത്യേകം നന്ദി.

    ഹൈവേയിലെ ഭോജനശാലകള്‍ കാണുമ്പോള്‍ വിശക്കാന്‍ തുടങ്ങുന്നത് എല്ലാ കുട്ടികളുടെയും സ്വഭാവരീതി ആണല്ലേ ? :)ചിയേഴ്സ് ഫ്രം നേഹ റ്റു നന്നു :)

    ReplyDelete
  13. ഇത്ര നന്നായി ജപ്പാന്‍ കാഴ്ചകള്‍ കാണിച്ചു തരുന്ന മഞ്ജുവിന് എങ്ങിനെയാ നന്ദി പറയേണ്ടത്?

    ReplyDelete
  14. മനോരാജ് ...ഇടപ്പിള്ളി ഓവറ്ബ്രിട്ജെന്റെ കാര്യം നല്ലോണം അറിയാം....കംമെന്റിനു നന്ദി ...
    ഒഴാക്കാന്‍ ...നന്ദി...
    സിയാ... യാത്രകള്‍ തുടരാന്‍ തന്നെ ആണ് ആഗ്രഹം.... നന്ദി ട്ടോ...
    അനില്‍കുമാര്‍.... അടുത്ത ഭാഗം വേഗം എഴുതാന്‍ പറ്റണെ എന്ന് തന്നെ ആണ് എന്റെയും പ്രാര്‍ത്ഥന..... അഭിപ്രായത്തിനു നന്ദി
    റാഫി... നന്ദി ..
    ശ്രീ .... അഭിപ്രായത്തിനു നന്ദി...
    യുസേഫ്‌ ശാലി.... നന്ദി..
    ഒരു യാത്രികന്‍... ജപ്പാനില്‍ വന്നിട്ടുള്ള ആളല്ലേ...കമ്മേന്റിനു നന്ദി ട്ടോ...
    കൃഷ്ണകുമാര്‍ .. തുടരാം... നേരം കിട്ടണേ എന്നെ ഉള്ളു ഇപ്പൊ പ്രാര്‍ത്ഥന.
    ഹാലീസ... ബാക്കി ഉടനെ എഴുതാം..... നന്ദി ട്ടോ..
    അരുണ്‍... അഭിപ്രായത്തിനു നന്ദി... കുസൃതികല്‍ തന്നെ ആണ് ശരി .. പക്ഷെ ബ്ലോഗ്‌ തുടങ്ങിയ സമയത്ത് അത് എങ്ങനെ എഴുതിയിട്ടും ശരിയായില്ല....അങ്ങനെ വന്നു പോയ തെറ്റാണു... അഭിപ്രായത്തിനു നന്ദി ട്ടോ...

    നിരക്ഷരന്‍...അഭിപ്രായത്തിനു നന്ദി...നന്നുവിനു കൂട്ടായി നേഹ ഉണ്ടെന്നു അറിഞ്ഞതില്‍ അവള്‍ക്കു വെല്യ സന്തോഷം....
    മെയ്‌ഫ്ലവര്‍ ... ഞാന്‍ അല്ലെ നന്ദി പറയേണ്ടത്... ഇതൊക്കെ വായിച്ചു അഭിപ്രായം പറയുന്നതിന്....

    ReplyDelete
  15. അല്പം വൈകിപ്പോയെങ്കിലും ഞാൻ ഇവിടെ വന്നു. ഇനിയും വരാൻ ശ്രമിക്കാം. നല്ല അനുഭവം.

    ReplyDelete
  16. നന്നായി ചെയ്തിരിക്കുന്നു.

    ReplyDelete
  17. നല്ല ഭാഷ. ആര്‍ഭാടമില്ലാത്ത വിവരണം..
    മനോഹരമായിരിക്കുന്നു..
    ജപ്പാന്‍ വിശേഷങ്ങള്‍ അറിയാന്‍ ഞങ്ങള്‍ക്ക് വേറേ ഒരു വഴിയും ഇല്ല കേട്ടോ!

    അതു കൊണ്ട് ഇതു മുടക്കണ്ട

    ReplyDelete
  18. Kana kazchakal..!

    Manoharam, Ashamsakal...!!!

    ReplyDelete
  19. മിനി ... വൈകിയണേലും വന്നതില്‍ നന്ദി.
    മനോജ്‌ പട്ടേട്ട്... നന്ദി...
    സജി...ജപ്പാന്‍ വിശേഷങ്ങള്‍ മുടങ്ങാതെ അറിയിക്കാം കേട്ടോ...നന്ദി..
    സുരേഷ്... നന്ദി...

    ReplyDelete
  20. Manju....
    Profile -ലില്‍ പറഞ്ഞതെല്ലാം വെറുതെയാണല്ലോ!!!
    എഴുത്ത് നന്നായി വഴങ്ങുന്നു....
    Simple ആയ എഴുത്ത്.. നല്ല വിവരണം...
    ഈ സ്ഥലങ്ങള്‍ ഇങ്ങിനെയല്ലേ ഞങ്ങള്‍ അറിയുകയുള്ളൂ...

    Thanks 4 sharing...

    ReplyDelete