Wednesday, December 14, 2011

അരിഗാത്തോ ഗോസായിമസ് (നന്ദി)


ജപ്പാനെ കുറിച്ച് കുറച്ചെങ്കിലും അറിയാവുന്നവര്‍ക്കൊക്കെ ഈ ജനതയുടെ മര്യാദപൂര്‍ണ്ണമായ പെരുമാറ്റത്തെക്കുറിച്ചും അറിയാമായിരിക്കും.അതില്‍ രാവിലെ ഉള്ള "സുപ്രഭാതം" മുതല്‍ ഓരോ മിനുട്ടിലും പല പ്രാവശ്യം ഉള്ള "നന്ദി","നമസ്ക്കാരം" ,"ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം" അങ്ങനെ പലതും പെടും.ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ നിന്നും കൊടുത്തയക്കുന്ന ചോദ്യാവലിയില്‍ പ്രത്യേകം ചോദിക്കുന്ന ഒരു കാര്യം "കുട്ടികള്‍ രാവിലെ എഴുന്നേറ്റു ഗ്രീറ്റിങ്ങ്സ് പറയാറുണ്ടോ?കുട്ടികള്‍ ആണോ അതോ മാതാപിതാക്കള്‍ ആണോ ആദ്യം പറയുന്നത്?"എന്നൊക്കെയാണ്.ഇതില്‍ നിന്നും തന്നെ മനസ്സിലാകും ഗ്രീറ്റിങ്ങ്സ് നു ഇവിടെ ഉള്ള പ്രാധാന്യം. വര്‍ത്തമാനം പറയാന്‍ തുടങ്ങുന്ന കൊച്ചു കുട്ടികളെ ആദ്യം പഠിപ്പിക്കുന്നത്‌ "കോണിച്ചിവ" എന്ന് പറയാന്‍ ആണ്.അതായതു നമ്മള്‍(മലയാളികള്‍ അല്ല,ഇന്ത്യക്കാര്‍)ആരെയെങ്കിലും കാണുമ്പോള്‍ പറയുന്ന "നമസ്തേ".പിന്നെ സുപ്രഭാതം,നന്ദി ഇതൊക്കെ ആണ് കുഞ്ഞിനെ ആദ്യം പഠിപ്പിക്കുന്ന വാക്കുകള്‍.അത്ഭുതം തോന്നുന്നു അല്ലെ...


ഇവിടെ കുട്ടികള്‍ സാധാരണയായി നടന്നാണ് സ്കൂളില്‍ പോകുന്നത്.പേടിക്കാനായി ഒന്നും ഇല്ലെങ്കിലും സ്കൂളില്‍ നിന്നും ഒരു മുന്‍കരുതല്‍ എന്ന പോലെ ഒരു വോളണ്ടിയര്‍ പ്രോഗ്രാം ചെയ്യുന്നുണ്ട്.റിട്ടയര്‍ ആയ അപ്പൂപ്പന്മാര്‍,അമ്മൂമ്മമാര്‍ ഒക്കെ വോളണ്ടിയര്‍ ആയി റോഡില്‍ നില്‍ക്കും,ഏതു മഞ്ഞത്തും മഴയത്തും. കൊച്ചുകുട്ടികള്‍ക്ക് സിഗ്നല്‍ കടക്കാന്‍ ഒരു ചെറു സഹായം,ഒരു ശ്രദ്ധ അത്രെയോക്കെയെ ചെയ്യേണ്ടതുള്ളൂ.വയസായവര്‍ക്ക് അതൊക്കെ സന്തോഷമുള്ള കാര്യമല്ലേ..അവര് രാവിലെ ഏഴു മണി മുതല്‍ പല പല സ്ഥലങ്ങളില്‍ ആയി റോഡില്‍ ഉണ്ടാകും.ഓരോ കുട്ടിയും കടന്നു പോകുമ്പോള്‍ "ഒഹായോ ഗോസയിമസ്(സുപ്രഭാതം)"പറയും,കുട്ടികള്‍ തിരികെയും.രാവിലെ ആരെ,എപ്പോള്‍,എവിടെ കണ്ടാലും സുപ്രഭാതം നിര്‍ബന്ധം.രാവിലെ കഴിഞ്ഞുള്ള സമയത്ത് "കോണിച്ചിവ(നമസ്തേ),കോമ്പാവ(ഗുഡ് ഈവനിംഗ്),രാത്രി ഒയാസുമിനസായി(ഗുഡ് നൈറ്റ്‌)".


ആരെങ്കിലും ഫോണ്‍ ചെയ്‌താല്‍ ആദ്യം തന്നെ ആരാണെന്നു പറഞ്ഞിട്ട് "തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം"എന്നും പറഞ്ഞാണ് തുടങ്ങുക.ഒരു ഫോണ്‍ സംഭാഷണം അവസാനിപ്പിക്കാന്‍ ഇത്തിരി പാടാണ്.പത്തു തവണയെങ്കിലും നന്ദിയും ബുദ്ധിമുട്ടിച്ചതില്‍ ക്ഷമയും പറഞ്ഞെ നിര്‍ത്തൂ.അപ്പോള്‍ നമ്മളും അതൊക്കെ തന്നെ തിരിച്ചു പറയേണ്ടേ?? ജോലി സ്ഥലത്തും അതെ..അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് നീങ്ങാന്‍ മറ്റുള്ളവരോട് "സുമിമാസെന്‍(ക്ഷമിക്കൂ)" പറഞ്ഞിട്ട് വേണം.ആരെങ്കിലും ഒരു ചെറിയ കടലാസു കഷ്ണം എടുത്തു കൊടുത്താലോ തന്നാലോ പോലും ,അല്ലെങ്കില്‍ കടന്നു പോവാന്‍ കുറച്ചൊന്നു മാറി കൊടുത്താല്‍ ഒക്കെ നന്ദിയും സോറിയും പറഞ്ഞു വിഷമിപ്പിക്കും ഇവര്‍.ജോലി കഴിഞ്ഞു പോവാന്‍ നേരത്ത് പരസ്പരം നന്ദിയും ജോലിക്ഷീണം മാറട്ടെ എന്ന് ഒരു ആശംസ വേറെയും!!!!!



ഇനി നമ്മുടെ വീട്ടില്‍ ആരെങ്കിലും വന്നു എന്നിരിക്കട്ടെ.വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചാല്‍ (പരിചയം ഉള്ളവരെ) മിക്കവാറും വരില്ല.വാതില്‍ക്കല്‍ നിന്ന് കാര്യം പറഞ്ഞിട്ട് പോകുന്നതാണ് പതിവ്.പക്ഷെ കൂടുതല്‍ അടുപ്പമുള്ളവരൊക്കെ സമയം ഉണ്ടെങ്കില്‍ അകത്തു വരും.അവിടെയും ,എത്ര അടുത്ത കൂട്ടുകാര്‍ ആണെങ്കിലും പറയും "ശല്യപ്പെടുത്തുന്നതില്‍ ക്ഷമിക്കണം" എന്നൊരു പത്തു പ്രാവശ്യം. അതൊക്കെ സമ്മതിച്ചു..അകത്തു വാ.. എന്ന് പറഞ്ഞാല്‍ സന്തോഷപൂരവം സമ്മതിക്കും.പക്ഷെ നമ്മുടെ ഷൂസും ചെരുപ്പുകളും അലങ്കോലമായി കിടക്കുന്ന കണ്ടാല്‍ ആദ്യം തന്നെ അതൊക്കെ അടുക്കി വയ്ക്കും, എന്നിട്ട് സ്വന്തം ഷൂസ് ഊരി വച്ച് അകത്തു കേറും. അവിടെ നമ്മള്‍ ശെരിക്കും നാണിച്ചു പോകും.അപ്പോള്‍ നമ്മളും പറയും പലവട്ടം ക്ഷമ.അതുകൊണ്ട് ആരെങ്കിലും വന്നു ബെല്‍ അടിച്ചാല്‍ ഞാന്‍ ആദ്യം ഷൂസ് ഒക്കെ ഏതു അവസ്ഥയില്‍ ആണ് എന്ന് ഒരു പരിശോധന നടത്തിയിട്ടേ വാതില്‍ തുറക്കൂ.അബദ്ധം ഒരിക്കലല്ലേ പറ്റാന്‍ പാടുള്ളൂ.


നന്നുവിന്റെ(എന്റെ മകള്‍) സ്കൂള്‍ ഓര്‍ക്കെസ്ട്ര ടീമിലെ കുട്ടികളെ പ്രാക്റ്റീസിനും മറ്റു പല പരിപാടികള്‍ക്കും ഒക്കെ ആയി പല സ്ഥലങ്ങളിലേക്ക് കൊണ്ട് പോകേണ്ടി വരാറുണ്ട്,ശനിയാഴ്ചയോ ഞായറാഴ്ചയോ ഒക്കെ.അപ്പോള്‍ കുട്ടികളെ ഗ്രൂപ്പ്‌ ആയി തിരിച്ചു,ഓരോ അമ്മമാരുടെ കാറില്‍ ആണ് കൊണ്ട് പോകുക.കാറില്‍ കേറുന്നതിനു മുന്‍പ് നാലഞ്ചു പേരടങ്ങിയ കുട്ടികള്‍ എല്ലാവരും നമ്മുടെ മുന്‍പില്‍ നിരന്നു നില്‍ക്കും.എന്നിട്ട് ആ ഗ്രൂപ്പിലെ പ്രധാനി,"ഇന്നും ഒരു ദിവസം ഞങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നതില്‍ നന്ദി.ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം.ദയവു ചെയ്തു ഇത് ഞങ്ങള്‍ക്ക് വേണ്ടി ചെയ്തു തരൂ."ഇത്രയും പറയും.പിന്നെ എല്ലാവരും കൂടി ഒരുമിച്ചു തലകുനിച്ചു,ആ അവസാന വാചകം മാത്രം ആവര്‍ത്തിക്കും.എന്നിട്ടേ കാറില്‍ കയറൂ. അയ്യേ.... മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ വല്ലാതെ തോന്നുന്നില്ലേ...നമ്മള്‍ മലയാളികള്‍ ഇങ്ങനെയൊക്കെ പറയുന്നത് ആലോചിക്കാന്‍ കഴിയുമോ?ഒരു നന്ദി പറയുന്നത് ഔപചാരികതയാണ് എന്ന് പറയുന്നവരാണ് നമ്മള്‍.അപ്പോള്‍ ഇതൊക്കെ?? ഇനി കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വീണ്ടും എല്ലാവരും അറ്റന്‍ഷന്‍.. പഴയ പോലെ..."അരിഗത്തോഗോസയിമസ്(നന്ദി)" ഇത്രയും പറഞ്ഞിട്ടെ പോകൂ.


ഭക്ഷണസമയത്തെ മര്യാദകളെ കുറിച്ച് കേള്‍ക്കണോ? ഭക്ഷണം ഒക്കെ എടുത്തു വച്ച് എല്ലാവരും ഇരുന്ന ശേഷം "ഇത്തദാക്കിമസ്"എന്ന് കൈകൂപ്പി പറഞ്ഞിട്ടെ ഭക്ഷണം കഴിക്കൂ.അതിനര്‍ത്ഥം ഞാന്‍ ഇത് സ്വീകരിക്കുന്നു എന്നാണ്.സ്കൂളില്‍ ഉച്ചഭക്ഷണം അവിടുന്ന് തന്നെ ആണ്.സമയം ആകുമ്പോള്‍ ഓരോ ക്ലാസ്സിന്റെ മുന്‍പിലും എത്തും,ഭക്ഷണം നിറച്ച പത്രങ്ങള്‍,കഴിക്കാനുള്ള പത്രങ്ങള്‍,ചോപ് സ്റ്റിക്ക്സ്,ഒക്കെ അടങ്ങിയ ട്രോളി.വിളമ്പുകാര്‍ കുട്ടികള്‍ ആണ്.ഓരോ ആഴ്ചയും നാല് കുട്ടികള്‍ക്ക് വീതം ഡ്യൂട്ടി.ആ കുട്ടികള്‍ ഏപ്രന്‍,മാസ്ക്,തലയില്‍ കെട്ടു(ബന്ദാന)ഒക്കെ ആയി റെഡി ആകും.മറ്റു കുട്ടികള്‍ ട്രെയും,അതില്‍ പാത്രങ്ങളും ചോപ് സ്റ്റിക്ക്സും ആയി വരിയായി നില്‍ക്കും.ചോറ് സൂപ്പ്,പാല്‍,മറ്റു വിഭവങ്ങള്‍ എന്നിവ ഓരോരുത്തര്‍ക്കായി കൊടുക്കും.എല്ലാവരും അവനവന്റെ സ്ഥലത്ത് ഇരുന്ന ശേഷം ടീച്ചറും ഇരുന്ന ശേഷം,ആരെങ്കിലും ഒരാള്‍ (അതും ഓരോ ആഴ്ചയും മാറും)ഉറക്കെ"ഇത്തദാക്കിമസ്"പിന്നെ എല്ലാവരും കഴിച്ചു കഴിഞ്ഞാല്‍ "ഗോച്ചിസോസമ"(കിട്ടിയത് സ്വീകരിച്ചു,തൃപ്തിയായി എന്നതിന് അടുത്താണ് അതിന്റെ അര്‍ഥം).ഇങ്ങനെ ഒക്കെ ദിവസവും ചെയ്യുന്ന കുട്ടികള്‍ക്ക് വലുതായാലും ഇതൊക്കെ പാലിച്ചു പോരാന്‍ ബുദ്ധിമുട്ട് കാണില്ല അല്ലെ.


ഏതെന്കിലും, ഓഫീസിലോ ബാങ്കിലോ പോയാല്‍ നമ്മളെ കാണുമ്പോഴെ എഴുന്നേറ്റു വരും ആരെങ്കിലും.എന്താണ് കാര്യം എന്ന് ചോദിച്ചറിഞ്ഞ ശേഷം ചെയ്യാനുള്ളത് ആ നിമിഷം തന്നെ ചെയ്യും.ചെയ്യാന്‍ കുറച്ചു സമയം ആവശ്യമുണ്ടെങ്കില്‍ തലകുനിച്ചു,ക്ഷമ ചോദിച്ചു കുറച്ചു സമയം കാത്തിരിക്കാന്‍ ആവശ്യപ്പെടും.ചെയ്തു തീര്‍ത്തു കഴിഞ്ഞാല്‍ നമ്മളെ വിളിക്കുകയോ അല്ലെങ്കില്‍ അടുത്ത് വന്നു വീണ്ടും തല കുനിച്ചു കാത്തിരിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചു കാര്യങ്ങള്‍ പറയും....


ജപ്പാനില്‍ ആദ്യമായി വന്ന സമയത്ത് എനിക്കിതൊക്കെ കാണുമ്പോള്‍ ഒരു ചമ്മല്‍ ആയിരുന്നു.പിന്നെ വല്ലാത്ത തമാശ തോന്നി.കളിയാക്കാന്‍ തോന്നി.പക്ഷെ ഇപ്പോള്‍ അങ്ങനെ അല്ല,ഗ്രീറ്റിങ്ങ്സ് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നറിയാം.കേട്ട് കേട്ട് ശീലമായി എനിക്കും.നാട്ടില്‍ ചെന്നാലോ,അല്ലെങ്കില്‍ ഓണ്‍ലൈനില്‍ കൂട്ടുകാരോട് സംസാരിക്കുമ്പോഴോ ഒക്കെ എന്തിനെങ്കിലും നന്ദി പറഞ്ഞാല്‍ ഉടനെ വരും ചോദ്യം.."നന്ദിയോ..അതെന്തിനാ..കൂട്ടുകാര്‍ തമ്മില്‍ നന്ദി ആവശ്യമില്ല"അല്ലെങ്കില്‍ "അച്ഛനുമമ്മയോടും എന്തിനാ നന്ദി പറയുന്നത്?"???

എന്റെ കുട്ടികള്‍ എന്തിനും ഏതിനും നന്ദി പറയും,തലകുനിക്കും,ക്ഷമ പറയും നൂറു വട്ടം...നാട്ടില്‍ പോയാല്‍ തമാശ ആണ്,എല്ലാവരും അവരെ കളിയാക്കും."ഓ..പിന്നെ...ഒരു സോറിയും നന്ദിയും കൊണ്ട് വന്നെക്കുന്നു.."എന്ന് പറയും.പിള്ളേര്‍ക്ക് വട്ടാവും.ഇതെന്താ ഇവിടെ ആള്‍ക്കാര്‍ക്ക് ഒരു മര്യാദ ഇല്ലേ എന്ന് ചോദിക്കും അവര്‍.അങ്ങനെയല്ല,നമ്മള്‍ നാട്ടില്‍ അത്രയ്ക്കൊന്നും പറയാറില്ല,എങ്കിലും മനസ്സില്‍ നന്ദി ഒക്കെ ഉണ്ട് എന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുമെങ്കിലും അവര്‍ക്കത് മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്.


ഇതൊക്കെ വായിക്കുമ്പോള്‍ മലയാളി ആയ ആര്‍ക്കും തോന്നുന്ന തമാശ തന്നെ എനിക്ക് തോന്നിയിരുന്നു ആദ്യമൊക്കെ.ഇപ്പോള്‍ ശീലമായി.പക്ഷെ ശീലമായതും പ്രശ്നമാണ്,നാട്ടില്‍ ചെന്നാല്‍ കാണുന്നതെല്ലാം ഇതിനു വിപരീതം അല്ലെ...


ഒരു അനുഭവം കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം... വേനല്‍ക്കാലത്ത് സൈക്കിള്‍ ഉപയോഗിക്കാറുണ്ട് ഞാന്‍.കഴിഞ്ഞ വേനലില്‍ ഇന്ത്യയില്‍ നിന്നും മനുവിന്റെ ഓഫീസില്‍ എത്തിയ ഒരാള്‍ക്ക് എന്റെ സൈക്കിള്‍ ഉപയോഗിക്കാന്‍ കൊടുത്തു.അദ്ദേഹം ഒരു ദിവസം അത് റെയില്‍വേ സ്റ്റേഷന്‍റെ മുന്നില്‍ വച്ച് ട്രെയിനില്‍ കേറി എങ്ങോട്ടോ പോയി.തിരിച്ചു വന്നു സൈക്കിള്‍ നോക്കിയപ്പോള്‍ കാണുന്നില്ല.പക്ഷെ ഞങ്ങളോട് മിണ്ടിയതേ
ഇല്ല.ഇവിടുത്തെ ജോലി കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി.എന്റെ സൈക്കിള്‍ തിരികെ കിട്ടിയില്ല എന്ന് ഞാന്‍ മനുവിനോട് പരാതി പറഞ്ഞു.പിന്നെ ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ ആണ് പുള്ളിക്കാരന്‍ സൈക്കിള്‍ കാണാതെ പോയ കാര്യം പറയുന്നത്.ഞങ്ങള്‍ അത്ഭുതപെട്ടു..ഇവിടെയും കള്ളന്മാരോ എന്ന്.കുറച്ചു ദിവസം കഴിഞ്ഞു ഒരു ഫോണ്‍,അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും.നിങ്ങളുടെ സൈക്കിള്‍ കാണാതെ പോകുകയുണ്ടായോ എന്നൊരു ചോദ്യം.ഉവ്വ് എന്ന് മറുപടി പറഞ്ഞപ്പോള്‍ ആ പോലീസുകാരന്‍ പറഞ്ഞു അത് സ്റ്റേഷനില്‍ ഉണ്ട്,വന്നു എടുത്തു കൊണ്ട് പോകൂ എന്ന്.ഞങ്ങള്‍ പിന്നെയും അത്ഭുതപെട്ടു സൈക്കിള്‍ എടുക്കാന്‍ പോയി.അവിടെ ചെന്നപ്പോള്‍ ആണ് വിവരം അറിയുന്നത്,അന്ന് ഞങ്ങളുടെ സുഹൃത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ വച്ചിട്ട് പോയ സൈക്കിള്‍,പൂട്ടിയിരുന്നില്ല.ട്രെയിനില്‍ വന്നിറങ്ങിയ ഏതോ ഹൈ സ്കൂള്‍ കുട്ടി മഴ കാരണം നടന്നു പോകാതെ പൂട്ടാതെ വച്ചിരുന്ന സൈക്കിള്‍ എടുത്തു കൊണ്ട് പോയി.അങ്ങനെ വല്ലപ്പോഴും ചെയ്യുന്നവര്‍ ,പ്രത്യേകിച്ച് ഹൈ സ്കൂള്‍ കുട്ടികള്‍ അത് തിരിച്ചു പോലീസ് സ്റ്റേഷനില്‍ കൊണ്ട് വയ്ക്കും.സൈക്കിള്‍ കണ്ടപ്പോള്‍ പോലീസുകാര്‍ക്ക്‌ കാര്യം മനസ്സിലായി.അവര്‍ ഇന്‍ഷുറന്‍സ്ന്റെ സീല്‍ നോക്കി ആളെ കണ്ടു പിടിച്ചു വിളിച്ചതാണ് വീട്ടിലേക്കു. എടുത്തു കൊണ്ട് പോയ കുട്ടിയ്ക്ക് വേണ്ടി പോലീസുകാരന്‍ ക്ഷമ പറഞ്ഞു.

ഇതൊക്കെ ആണ് ജപ്പാന്‍കാര്‍.എന്ന് കരുതി ജപ്പാനിലുള്ള സകലരും മാലാഖമാര്‍ ആണ് എന്നല്ല കേട്ടോ.എല്ലായിടത്തും ഉണ്ടാകും നല്ലവരും മോശം ആളുകളും.ജപ്പാന്‍കാരുടെ ചീത്ത വശങ്ങളും പലതും കണ്ടിട്ടുമുണ്ട്.പക്ഷെ മോശം കാര്യങ്ങള്‍ മറന്നു നല്ല കാര്യങ്ങള്‍ മാത്രം ഉള്ളിലേക്ക് എടുക്കുന്നതല്ലേ നല്ലത് എന്ന ചിന്തയില്‍ നിന്നാണ് ഇത് എഴുതാന്‍ തുടങ്ങിയത്..അവസാനിപ്പിക്കുന്നതും അങ്ങനെ തന്നെ.

Sunday, August 21, 2011

ക്യോട്ടോ

2011 ജൂണിൽ 'യാത്രകള്‍.കോം' സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ലേഖനം.

ജപ്പാനില്‍ താമസമാക്കിയ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ "ക്യോട്ടോ" എന്ന സ്ഥലത്തേക്ക് ഞാന്‍ യാത്ര ചെയ്തത് പല തവണ ആണ്.കുടുംബത്തോടൊപ്പവും കൂട്ടുകരോടൊപ്പവും ഒക്കെ പലതവണ ക്യോട്ടോ സന്ദര്‍ശിച്ചു എങ്കിലും ക്യോട്ടോവിന്റെ സൌന്ദര്യം മുഴുവനായി കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല..ഓരോ തവണ യാത്ര പറയുമ്പോഴും വീണ്ടും വരണേ എന്ന് ഓര്‍മിപ്പിക്കുന്ന അസാധാരണമായ ഒരു ആകര്‍ഷണം ഉണ്ട് ക്യോട്ടോയ്ക്ക്.പഴമയെ ഇഷ്ടപെടുന്ന ആരും ഈ സ്ഥലത്തിന്റെ സൌന്ദര്യത്തില്‍ മയങ്ങി വീഴും എന്നത് തീര്‍ച്ച.ഓരോ ഋതുവിലും ഓരോ തരത്തില്‍ സുന്ദരിയായ ക്യോട്ടോ.

ഒരു യാത്ര പോകണം എന്ന് തീരുമാനിച്ചാല്‍ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ക്യോട്ടോ ആവും എപ്പോഴും.പക്ഷെ കുട്ടികള്‍ക്ക് അത്ര താല്പര്യം പോര,അവര്‍ക്ക് പഴയ അമ്പലങ്ങളും കൊട്ടാരങ്ങളും കാണുന്നതിനേക്കാള്‍ താല്പര്യം അമ്യുസ്മെന്റ്റ്‌ പാര്‍ക്കുകളോ,അക്വേറിയമോ ഒക്കെ ആണ്.എനിക്കാണെങ്കില്‍ ചരിത്രമുറങ്ങുന്ന എന്തും കാണാന്‍ ഒരുപാട് ഇഷ്ടവും.അങ്ങനെ ഒരിക്കല്‍ക്കൂടി ഒരു ക്യോട്ടോ യാത്രയ്ക്ക് തയ്യാറെടുത്തു.രണ്ടു ദിവസത്തെ പരിപാടി ആയത് കൊണ്ട് വളരെ കുറച്ചു സ്ഥലങ്ങളെ കാണാനായി തിരഞ്ഞെടുക്കാന്‍ സാധിക്കൂ.എന്തായാലും രണ്ടു ദിവസങ്ങള്‍ കൊണ്ട് സാധിക്കാവുന്ന അമ്പലങ്ങളിലും കൊട്ടാരങ്ങളിലും കയറിയിറങ്ങുക എന്ന ലക്ഷ്യത്തോടെ ക്യോട്ടോയിലേക്ക് യാത്ര തിരിച്ചു.

പുരാതന ജപ്പാന്റെ തലസ്ഥാനമായിരുന്നു ക്യോട്ടോ.ആയിരത്തി ഇരുന്നൂറു വര്‍ഷത്തിന്റെ പഴക്കം അവകാശപ്പെടുന്ന ക്യോട്ടോ,ജപ്പാന്റെ തലസ്ഥാനമായത് 794 ല്‍ ആണ്.ജപ്പാന്റെ "ഹൃദയനഗരം" എന്നും ഈ മനോഹരമായ സ്ഥലത്തിന് പേരുണ്ട്.കൊട്ടാരങ്ങളാവട്ടെ,അമ്പലമാവട്ടെ,ജപ്പാനീസ് ട്രേഡിഷണല്‍ ഗാര്‍ഡന്‍ ആവട്ടെ,എല്ലാം പഴയത്,മനോഹരമായത്,പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്ന ഒരു പ്രദേശം.
1869ല്‍ ജപ്പാന്റെ തലസ്ഥാനം ടോക്യോയിലേക്ക് മാറ്റിയെങ്കിലും ഇന്നും ക്യോട്ടോയാണ് പ്രധാനം എന്ന് കരുതുന്നവര്‍ നിരവധിയാണ് ഇവിടെ.സാംസ്‌കാരിക തലസ്ഥാനം എന്നാണ് ഇപ്പോഴത്തെ ക്യോട്ടോ ന്റെ വിളിപ്പേര്.അനേകം യുദ്ധങ്ങള്‍ കണ്ടിട്ടുണ്ട് ഈ നഗരം.രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം,അമേരിക്ക,അണുബോംബിടാന്‍ ഉദേശിച്ചിരുന്ന രണ്ടു ലക്ഷ്യങ്ങളില്‍ ഒന്ന് ക്യോട്ടോ ആയിരുന്നു.പക്ഷെ അന്നത്തെ ക്യോട്ടോവിന്റെ ഗാംഭീര്യം കണ്ടിട്ടുള്ള അമേരിക്കന്‍ യുദ്ധമേധാവി തീരുമാനം മാറ്റുകയായിരുന്നു അത്രേ.ഒരുപക്ഷെ ഈ സാംസ്‌കാരിക തലസ്ഥാനം നശിപ്പിക്കപ്പെടാന്‍ അദ്ധേഹത്തിനു ആഗ്രഹമില്ലയിരുന്നിരിക്കും.പിന്നെയാണ് നാഗസാക്കിയിലേക്ക് ലക്‌ഷ്യം മാറ്റിയത്.അതുകൊണ്ട് തന്നെ ക്യോട്ടോയില്‍ യുദ്ധത്തിനു മുന്‍പുള്ള നിര്‍മിതികള്‍,വര്‍ഷങ്ങളുടെ പഴക്കമുള്ളവ ഇന്നും നിലനില്‍ക്കുന്നു.ജപ്പാനില്‍ ഉടനീളം എല്ലാം നശിപ്പിക്കപ്പെട്ടപ്പോഴും ക്യോട്ടോ,അതിന്റെ സൌന്ദര്യത്തിന് കോട്ടം തട്ടാതെ നിലകൊണ്ടു.

UNESCO വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകള്‍ 17 എണ്ണമാണ് ക്യോട്ടോയില്‍ ഉള്ളത്.ഏകദേശം 1600 ബുദ്ധന്റെ അമ്പലങ്ങളും നാനൂറോളം ഷിന്റോ ആരാധനാലയങ്ങളും ഉണ്ട്.പിന്നെ കൊട്ടാരങ്ങള്‍.പൂന്തോട്ടങ്ങള്‍,അങ്ങനെ ഒരുപാട്.ഇതില്‍ ഏറ്റവും പ്രധാനവും പേര് കേട്ടതും "കിയോമിസു-ദേര "എന്ന അമ്പലവും ഗോള്‍ഡെന്‍ ടെമ്പിള്‍ ആയ "കിന്‍കാക്കുജി"(Kinkakku-ji)യും പിന്നെ പ്രസിദ്ധമായ റോക്ക് ഗാര്‍ഡന്‍ ര്യോആന്‍-ജി (Ryoan-ji)യും ആണ്.ഞങ്ങളുടെ യാത്രയുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല.

ഞങ്ങളുടെ താമസസ്ഥലമായ ടോയാമയില്‍ നിന്നും 230കിലോമീറ്ററോളം ഉണ്ട് ക്യോട്ടോയിലേക്ക്.എക്സ്പ്രസ്സ്‌ ഹൈവേ വഴി മൂന്നു മണിക്കൂറേ എടുക്കുകയുള്ളൂ എങ്കിലും ഹൈവേയില്‍ ഉള്ള പാര്‍ക്കിംഗ് ഏരിയ കണ്ടാല്‍ അവിടെ നിര്‍ത്തി,ആ സ്ഥലത്തെ രുചികള്‍ അറിയുക എന്നത് ശീലമായി മാറിയ രണ്ടു പിള്ളേരുള്ളതു കൊണ്ട് പല പ്രാവശ്യം പലയിടത്തും നിര്‍ത്തേണ്ടി വന്നു.

ഞങ്ങളുടെ ആദ്യ ലക്‌ഷ്യം നിജോ കാസില്‍ ആയിരുന്നു.



1603ല്‍ പണികഴിപ്പിച്ച ഈ കൊട്ടാരം,പുരാതന പെയിന്റിംഗ്ങ്ങുകളും,കൊത്തുപണികളും കൊണ്ട് സമ്പന്നമാണ്.നടക്കുമ്പോള്‍ നൈറ്റിംഗ്ഗെയിലിന്റെ പാട്ട് കേള്‍ക്കുന്ന തറകള്‍ ഇവിടുത്തെ പ്രത്യേകത ആണ്.പതുക്കെ നടന്നാല്‍ കൂടുതല്‍ ഒച്ച കേള്‍ക്കും.ഒരുപക്ഷെ അതിക്രമിച്ചു കടക്കുന്ന ആള്‍ക്കാരെ തടയാനുള്ള സൂത്രം ആവും.കൊട്ടാരത്തിനകത്തു ഫോട്ടോഗ്രാഫി നിരോധിച്ചത് കൊണ്ട് ആ പെയിന്റിംഗ്ങ്ങുകളെയും മറ്റും മനസ്സില്‍ പകര്‍ത്താനെ സാധിച്ചുള്ളൂ.275,000 സ്ക്വയര്‍മീറ്റര്‍സ് ഉള്ള ഈ കൊട്ടാരവളപ്പ് മുഴുവനും തന്നെ ജപ്പാനീസ് തനത് ശൈലിയില്‍ ഉള്ള ഗാര്‍ഡന്‍ ആണ്.വളരെ സുന്ദരമായ ഒരു നടത്തം ആയിരുന്നു അത്.നിറയെ മരങ്ങളും,ഇടയ്ക്ക് ടീ സെറിമണി നടത്തുന്ന ടീ ഹൗസുകളും ഒക്കെ ആയി,പേരറിയാത്ത ഒരുപാട് പക്ഷികളുടെ പാട്ടും കേട്ട് ഞങ്ങള്‍ പതുക്കെ നടന്നു.







ഇനി പോകാന്‍ ഉള്ളത് ക്യോട്ടോയിലെ ഏറ്റവും പ്രധാനപ്പെട്ട,ഏറ്റവും സുന്ദരമായ സ്ഥലത്തേക്ക് ആണ്.ഗോള്‍ഡെന്‍ ടെമ്പിള്‍.ജാപനീസില്‍ കിന്‍കാക്കുജി എന്ന് പറയും."കിന്‍" എന്നാല്‍ സ്വര്‍ണം എന്നാണ് അര്‍ഥം.ഗോള്‍ഡന്‍ പവലിയന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.1397 ല്‍"അഷികാഗ യോഷിമിത്സു"എന്ന ഭരണാധികാരിയാണ് ഇത് നിര്‍മ്മിച്ചത്‌.
എന്തൊരു ഭംഗിയാണെന്നോസ്വര്‍ണം പൂശിയ ഈ നിര്‍മിതി കാണാന്‍.വളരെ വലിയ ഒരു ജപ്പാനീസ് ഗാര്‍ഡന്‍ന്റെ ഉള്ളില്‍ ചെറുതല്ലാത്ത ഒരു തടാകത്തിന്റെ സൈഡില്‍ ആണ് ഈ ഗോള്‍ഡന്‍പവലിയന്‍.തടാകത്തില്‍ പ്രതിഫലിച്ചു കാണുന്ന നിഴലോട് കൂടിയ ഈ കാഴ്ച അവര്‍ണനീയമാണ്.എത്ര കണ്ടാലും മതി വരാത്ത ഒരു ദൃശ്യം.







ഞങ്ങള്‍ ചെന്നപ്പോള്‍ മഴ ചന്നം പിന്നം പെയ്യുന്നുണ്ട്.ടിക്കറ്റ്‌ എടുത്തു അകത്തു കയറി.ദൂരെ നിന്നേ സ്വര്‍ണമകുടം കാണാന്‍ സാധിക്കും.
ശെരിക്കും ഇന്ന് കാണുന്ന ഈ ഗോള്‍ഡന്‍ പവലിയന്‍ ഒറിജിനല്‍ അല്ല.1397ല്‍ നിര്‍മിച്ച ഗോള്‍ഡന്‍ പവലിയന്‍ 1950ല്‍ ഒരു സന്യാസി തീ വച്ച് നശിപ്പിച്ചു കളഞ്ഞു.മാനസിക രോഗിയായ ആ മനുഷ്യന്‍ ഈ ടെമ്പിളിന്റെ പുറകില്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മരിച്ചില്ല.പിന്നെ അയാളെ പിടികൂടി ശിക്ഷിച്ചു.പക്ഷെ മാനസികരോഗം ആണെന്ന് മനസ്സിലായപ്പോള്‍ മോചിപ്പിചെങ്കിലും പിറ്റേ വര്ഷം തന്നെ അയാള്‍ മരിച്ചു.ശെരിക്കും എന്തൊരു നഷ്ടമാണ് അല്ലെ...ഒരു നാഷണല്‍ ട്രെഷര്‍ ആണ് ഒരാളുടെ മനസികവൈകല്യം കൊണ്ട് നഷ്ടപെട്ടത്.ഇപ്പോഴുള്ള കിന്‍കക്കുജിയുടെ പുനര്‍നിര്‍മാണം ഒറിജിനല്‍ പ്ലാനില്‍ തന്നെ ആണ്.1955ല്‍ പഴയ അതേ രീതിയില്‍ തന്നെ പുനര്‍നിര്‍മിച്ചു.മൂന്നു നിലയുള്ള ഈ നിര്‍മിതിയുടെ ഓരോ നിലയും ഓരോ നിര്‍മാണരീതിയാണ് അത്രേ.ചൈനീസ്,ഇന്ത്യന്‍,ജപ്പാനീസ് രീതിയിലാണെന്ന് പറയപ്പെടുന്നു.

സ്വദേശികളും വിദേശികളും ആയി ഒരുപാട് സന്ദര്‍ശകര്‍ ഉണ്ടായിരുന്നു അവിടെ.ഒരു വിധം നല്ല തിരക്ക് തന്നെ.കണ്ടിട്ടും കണ്ടിട്ടും മതിയാകാതെ വീണ്ടും കിന്‍കാക്കുജിയെ നോക്കി നിന്നു ഞാന്‍.കുട്ടികള്‍ക്ക് പക്ഷെ അത്ര താല്പര്യം ഇല്ലാലോ..വിശക്കുന്നു...എന്ന നിലവിളി തുടങ്ങിയപ്പോള്‍ കിന്‍കാക്കുജിയോടു ഇനിയും വരാം ട്ടോ..എന്ന് യാത്ര പറഞ്ഞു നടന്നു....ഇവിടെയും പരന്നു കിടക്കുന്ന മനോഹരമായ ജപ്പാനീസ് ഗാര്‍ഡന്‍.നടന്നു നടന്നു പുറത്തെത്തി.



ഭക്ഷണം കഴിച്ചു കഴിഞ്ഞു അടുത്ത ലക്ഷ്യം,ര്യോആന്‍-ജി എന്ന റോക്ക് ഗാര്‍ഡന്‍ ആണ്.വളരെ പ്രശസ്തമാണ് ഈ റോക്ക് ഗാര്‍ഡന്‍.ഇതും ഒരു കൊട്ടാരത്തിന്റെ ഭാഗം തന്നെ.പല,പല യുദ്ധങ്ങളില്‍ ,പല തവണ നശിപ്പിക്കപ്പെട്ട,വീണ്ടും പുനര്‍നിര്‍മിച്ച ഒരു കൊട്ടാരം.ആ കൊട്ടാരത്തിലുള്ള 30x10 മീറ്റര്‍ മാത്രം വലുപ്പമുള്ള ഒരു മുറ്റം..അതാണ് റോക്ക് ഗാര്‍ഡന്‍.



പ്രത്യേകത എന്താന്ന് വച്ചാല്‍,ഭംഗിയില്‍ ഗ്രേവലും മണ്ണും ഇട്ടിരിക്കുന്ന ആ മുറ്റത്ത്‌ പതിനഞ്ചു പാറകള്‍ ഉണ്ട്.പ്രത്യേകിച്ച് ഒരു ആകൃതിയും ഇല്ലാത്ത,അവിടവിടെയായി ഉള്ള പതിനഞ്ചു ചെറിയ പാറകള്‍.നമ്മള്‍ ഏതു ആംഗിളില്‍ ഇരുന്നു ആ മുറ്റത്തേക്ക് നോക്കിയാലും പതിനാല് പാറകളെ കാണൂ.നല്ല ആത്മശക്തി ഉള്ള,മനസ്സ് ശുദ്ധമായവര്‍ക്ക് മാത്രമേ പതിനഞ്ചാമത്തെ പാറ കാണാന്‍ സാധിക്കൂ എന്നാണ് പറയുന്നത്.എന്ത് തന്നെയായാലും എവിടെയൊക്കെ മാറി ഇരുന്നു നോക്കിയാലും പതിനാലെണ്ണമെ കാണൂ.പക്ഷെ ആ മുറ്റത്തേക്ക് വെറുതെ നോക്കിയിരിക്കുന്നത് വല്ലാത്ത ഒരു അനുഭവമാണ്.ഗ്രേവല്‍ ഇട്ടിരിക്കുന്ന മുറ്റം ചൂലുകൊണ്ട് അടിച്ചിട്ടിരിക്കുന്ന പോലെ ഡിസൈന്‍സ് ഉണ്ട്.കുറേനേരം കണ്ണിമ തെറ്റാതെ നോക്കിയിരുന്നാല്‍ ആ ഡിസൈന്‍സ് രൂപം മാറുന്നതായി നമ്മുക്ക് തോന്നും.എത്ര കൂടുതല്‍ നേരം അതിനെ നോക്കിയിരിക്കുന്നുവോ,അത്രയും കൂടുതല്‍ നമ്മളെ ആകര്‍ഷിക്കും ഈ മുറ്റം.അതുതന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകതയും..


നടന്നു ക്ഷീണിച്ചത് കൊണ്ട് കുട്ടികളും കുറെ നേരം അവിടെ ഇരുന്നു.മുറ്റത്തിന്റെ ഡിസൈന്‍ മാറുമെന്ന് തോന്നുമ്പോള്‍ ബഹളം വച്ച്,പല സ്ഥലത്ത് ചെന്നിരുന്നു പാറകളുടെ എണ്ണം എടുത്ത്,അങ്ങനെ കുറെ നേരം...

എന്താണെന്നറിയില്ല..കുറേനേരം ധ്യാനത്തിലെന്നത് പോലെ ഇരുന്നത് കൊണ്ട്,അവിടെ നിന്നും ഇറങ്ങിയപ്പോള്‍ മനസ്സിന് വല്ലാത്ത ശാന്തത..സുഖം...

വൈകുന്നേരം ആയി അപ്പോഴേക്കും..കുട്ടികളും നടന്നു ക്ഷീണിച്ചിരുന്നു.ഇനിയത്തെ കാഴ്ചകള്‍ നാളെയാകാം എന്ന് തീരുമാനിച്ചു ഹോട്ടലില്‍ എത്തി.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ആദ്യം ഓര്‍ത്തത്‌ ഇന്ന് കാണാന്‍ പോകുന്ന "കിയോമിസു-ദേര"യെ കുറിച്ചാണ്.വളരെ പ്രശസ്തമായ ബുദ്ധിസ്റ്റ് ടെമ്പിള്‍ ആണിത്.ഈ ടെമ്പിളും ഏഴാം നൂറ്റാണ്ടിലെ ആണ്.798ല്‍ ആണ് ഇതിന്റെയും നിര്‍മിതി.പക്ഷെ ഇന്ന് കാണുന്ന കിയോമിസു-ദേര 1633ല്‍ നിര്‍മിച്ചതാണ്.പരന്നു കിടക്കുന്ന ഈ സ്ട്രക്ചറില്‍ ഒരു ആണി പോലും ഉപയോഗിച്ചിട്ടില്ല എന്നറിയുമ്പോള്‍,പതിനാറാം നൂറ്റാണ്ടിലെ ഈ നിര്‍മിതി നമ്മളെ ഒരുപാട് വിസ്മയിപ്പിക്കും.

കിയോമിസു-ദേര യുടെ പാര്‍ക്കിങ്ങില്‍ നല്ല തിരക്കായിരുന്നു രാവിലെ തന്നെ....അവിടെയും കണ്ടു 24മീറ്റര്‍ പൊക്കമുള്ള ഒരു ബുദ്ധന്റെ പ്രതിമ.




നടന്നു കിയോമിസു-ദേരയുടെ മുന്നില്‍ എത്തി...നോക്കിയപ്പോള്‍ ഇത് ഒരു ഒറ്റ കെട്ടിടമല്ല..ഒരു കുന്നില്‍ ചെരുവില്‍,കുന്നിനോട് ചേര്‍ന്ന് നീണ്ടു കിടക്കുന്ന ഒരു നിര്‍മിതി.പ്രധാന വരാന്ത തന്നെ വലിയ തൂണുകള്‍ ആണ് താങ്ങി നിര്‍ത്തുന്നത്.


പിന്നെ പുറകില്‍ ഹാള്‍ ഉണ്ട്.. ബുദ്ധന്റെ പ്രതിഷ്ഠ ഉണ്ട്...അവിടെ പ്രാര്‍ത്ഥിച്ചു വീണ്ടും നടന്നാല്‍ വരാന്തകള്‍ തന്നെ.കാട്ടിലേക്ക് കയറിപോകുന്ന പ്രതീതി തോന്നും..ഒരുവശം കുന്നല്ലേ,..പിന്നെയും നടന്നാല്‍ കാണാം,കെട്ടിടത്തിനുള്ളില്‍ തന്നെ നീര്‍ച്ചാലുകള്‍ ഒഴുകുന്നത്‌.ചെറിയ വാട്ടര്‍ഫോള്‍ എന്ന് പറയണം.അതില്‍ നിന്നാണ് കിയോമിസു-ദേര എന്ന പേരുണ്ടായത്."കിയോമിസു" എന്നാല്‍ ശുദ്ധമായ ജലം എന്നര്‍ത്ഥം.ഈ നീര്‍ച്ചാലുകള്‍ താഴെ ഒരു കുളത്തിലെക്കാണ് പോകുന്നത്.ആ വെള്ളം കുടിച്ചാല്‍ ആഗ്രഹിച്ചത്‌ നടക്കുമത്രേ..ഞാന്‍ എന്താണാവോ ആ നിമിഷം ആഗ്രഹിച്ചത്‌...!!!



പിന്നെയും പലതും ഉണ്ട് ആ ടെമ്പിള്‍ കോംപ്ലെക്സില്‍ കാണാന്‍.നടന്നു നടന്നു കാല് കുഴയും...പക്ഷെ എന്തോ ഒരു പ്രത്യേകത ഉണ്ട് അവിടെ.നമ്മള്‍ നൂറ്റാണ്ടുകള്‍ പുറകിലോട്ട് പോയ പോലെ.എല്ലാം പഴയത്,മുഴുവനും തടി കൊണ്ടുള്ള നിര്‍മിതി.പ്രധാന വരാന്തയില്‍ നിന്നും നോക്കിയാല്‍ താഴെ ക്യോട്ടോ നഗരം വളരെ ഭംഗിയായി കാണാം...


2007ല്‍ ലോകത്തിലെ സെവെന്‍ വോണ്ടെര്‍സ് തിരഞ്ഞെടുക്കുന്ന സമയത്ത് 21 ഫൈനലിസ്റ്റുകളില്‍ കിയോമിസു-ദേരയും ഉണ്ടായിരുന്നു..തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും....
കിയോമിസു-ദേര കണ്ടു കഴിഞ്ഞപ്പോഴേയ്ക്കും ഉച്ചയായി.നടന്ന വഴി മുഴുവന്‍ സുവനീര്‍ ഷോപ്പുകള്‍ ആണ്.കേറിയിറങ്ങി,വേണ്ടതും വേണ്ടാത്തതും ഒക്കെ വാങ്ങി പിന്നെയും കുറച്ചു നേരം കൂടി...

അമ്പലങ്ങള്‍ക്കും കൊട്ടരങ്ങള്‍ക്കും മാത്രമല്ല ക്യോട്ടോ പ്രസിദ്ധി ആര്‍ജിച്ചത്..ഗെയ്ഷകള്‍.അവരും ക്യോട്ടോവിന്റെ അവിഭാജ്യഘടകം ആണ്.ക്യോട്ടോ എന്ന് കേട്ടാല്‍ ഗെയ്ഷ എന്നും ഓര്മ വരും.രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് ക്യോട്ടോ,ഗെയ്ഷകളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്നത് അത്രേ.ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി ഗെയ്ഷ വേഷം അണിഞ്ഞു ആളുകള്‍ നില്‍ക്കാറുണ്ട് ക്യോട്ടോയില്‍..നമ്മുക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാം.പക്ഷെ ശെരിക്കുമുള്ള ഒരു ഗെയ്ഷയെ കാണാന്‍ കുറച്ചു പ്രയാസമാണ്.അതുകൊണ്ട് ഞങ്ങളും അവിടെ കണ്ട ഗെയ്ഷയുടെ കൂടെ ഫോട്ടോ എടുത്തു.



കലാകാരികള്‍ ആണവര്‍..അതിഥികളെ സല്ക്കരിക്കുന്നവര്‍...സകല കലകളിലും നൈപുണ്യമുള്ളവര്‍...സുന്ദരികള്‍....

ഗിയോണ്‍ തെരുവുകളിലൂടെ നടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത്‌,"സയൂരിയെ" ആണ്...ആര്‍തര്‍ ഗോള്‍ഡന്റെ നോവലായ "ഒരു ഗെയ്ഷയുടെ ഓര്‍മക്കുറിപ്പുകള്‍"(Memoirs of a Geisha) ..അതിലെ സയൂരിയെ...ഇതേ ഗിയോണ്‍ തെരുവുകളിലൂടെ അല്ലേ,സയൂരി തലയുയര്‍ത്തിപ്പിടിച്ചു നടന്നിട്ടുണ്ടാകുക...കാണുന്നവരെല്ലാം 'എന്തൊരു സൌന്ദര്യം" എന്നവളെ തിരിഞ്ഞു നോക്കിയിട്ടുണ്ടാകുക!!!
അതെ..പിന്നെയും പിന്നെയും മനസ്സ് പറയുന്നു,എനിക്ക് ക്യോട്ടോ ഒരിക്കലും കണ്ടു മതിയാവില്ല എന്ന്.ഏക്കറുകള്‍ പരന്നു കിടക്കുന്ന ജപ്പാനീസ് ഗാര്‍ഡന്‍സും,പഴമ വിളിച്ചോതുന്ന കൊട്ടാരങ്ങളും,അമ്പലങ്ങളും കാണാന്‍ വീണ്ടും വരാതിരിക്കാന്‍ എനിക്കാവില്ല!!

Saturday, June 18, 2011

ജപ്പാനീസ് സ്കൂളും ഞാനും

ഒരു വര്‍ഷം മുന്‍പ് ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ എഴുതിയ പോസ്റ്റുകളില്‍ ഒന്ന് എന്റെ മക്കള്‍ പഠിക്കുന്ന സ്കൂളിനെ കുറിച്ചുള്ളതായിരുന്നു. ഇവിടുത്തെ വിദ്യഭ്യസരീതിയിലെ വളരെ ചെറിയ ഒരംശം മാത്രമേ വിവരിച്ചുള്ളൂ അതില്‍.എന്നിട്ട് പോലും ഒരുപാട് പേര്‍ ഈ സ്കൂളിന്റെ രീതിയില്‍ ആകൃഷ്ടരായി കമന്റുകള്‍ എഴുതി.വളരെ കുറച്ചു പേര്‍,ഇംഗ്ലീഷിനു ജപ്പാന്‍കാര്‍ കൊടുക്കാത്ത പ്രാധാന്യത്തെ ഒരു കുറവായി കണ്ടു.ജപ്പാനെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് ഒരു അത്യാവശ്യമല്ല.അത് പുറത്തുള്ളവര്‍ക്ക്,പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.ഇവിടെ വര്‍ഷങ്ങളായി ഉള്ളത് കൊണ്ട് കുറച്ചൊക്കെ എനിക്കറിയാം എന്തുകൊണ്ടാണ് ഇംഗ്ലീഷ് ഇവര്‍ക്ക് പ്രധാനമല്ലാത്തത് എന്ന്.ഇലട്രോണിക് സാധനങ്ങള്‍ക്ക് പേര് കേട്ടതാണല്ലോ ജപ്പാന്‍.മിക്കതും ജപ്പാനിലും അമേരിക്കയിലും ഇറങ്ങിയ ശേഷമേ ബാക്കി രാജ്യങ്ങളില്‍ കിട്ടാറുള്ളൂ.എല്ലാത്തിന്റെയും മാന്വല്‍ അടക്കം എല്ലാം ജപനീസില്‍ ആയിരിക്കും.എന്തിന്,ഒരു ഇംഗ്ലീഷ് മൂവി റിലീസ് ആയാല്‍ അന്ന് തന്നെ ഇവിടെ റിലീസ്‌ ആവുന്നത് ജാപനീസില്‍ മൊഴിമാറ്റി ആയിരിക്കും.പിന്നെ എന്തിന് ഇവര്‍ ഇംഗ്ലീഷ് നെ കുറിച്ച് വേവലാതിപ്പെടണം?എല്ലാം ഒരു പ്രയസവുമില്ലാതെ അവരവരുടെ ഭാഷയില്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍ എന്തിന് കഷ്ടപ്പെട്ട് മറ്റൊരു ഭാഷ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവിടുത്തുകാരുടെ കാഴ്ചപ്പാട്.സ്വന്തം ഭാഷയെക്കള്‍ വലുതല്ല മറ്റൊന്നും എന്ന് അടിയുറച്ചു വിശ്വസിക്കുന്നവര്‍ ആണ് ജപ്പാന്‍കാര്‍.എവിടെപോയാലും ,ഏതു രാജ്യത്തു താമസിച്ചാലും ഒരു ജപ്പാന്‍കാരന്‍ മക്കളെ ജപ്പാനീസ് പഠിപ്പിച്ചിരിക്കും എന്നത് നൂറു ശതമാനം സത്യമാണ്.നമ്മുക്കത് ശെരിയും തെറ്റുമാവാം.

ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല കേട്ടോ,ജാപ്പനീസ് സ്കൂളിനെ കുറിച്ചാണ്.എന്റെ മകന്‍ ഇപ്പോള്‍ എലെമെന്റരി സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ ആണ്.ഇവിടുത്തെ പഠനരീതി വളരെ വ്യത്യസ്തമാണ്.മുഴുവന്‍ സമയവും കുട്ടികളെ ക്ലാസ്സ്‌ റൂമില്‍ തന്നെ ഇരുത്തി പഠിപ്പിക്കുകയല്ല ചെയ്യുന്നത്.രാവിലെ 8:10 നു തുടങ്ങുന്ന സ്കൂള്‍ മിക്കവാറും ദിവസം അവസാനിക്കുന്നത്‌ 3 മണിക്കാണ്.ചില ദിവസങ്ങളില്‍ നാല് മണിയാകും.ഈ ഏഴോ എട്ടോ മണിക്കൂറില്‍ ,ക്ലാസ്സ്‌റൂമില്‍ ഇരുന്നുള്ള പഠനം മിക്കവാറും മൂന്നു മണിക്കൂര്‍ ആണ്.ബാക്കി സമയം പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.രക്ഷിതാക്കളും സ്കൂളും ആയി വളരെ അടുത്ത ബന്ധം ആണുള്ളത്.പിടിഎ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.എല്ലാ വെള്ളിയാഴ്ചയും രാത്രി 7മണി മുതല്‍ 8:30 വരെ പിടിഎ മീറ്റിംഗ് ഉണ്ട് സ്കൂളില്‍.ചുരുക്കി പറഞ്ഞാല്‍ സ്കൂള്‍ വെറുമൊരു സ്കൂള്‍ മാത്രമല്ല,ദൈനംദിന ജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുള്ള ഒരു സ്ഥാപനം ആണ്.

കഴിഞ്ഞ ആഴ്ചയില്‍ രണ്ടാം ക്ലാസ്സുകാര്‍ക്കായി നടത്തിയ ഒരു പരിപാടി എന്നെ ഒരുപാട് ആകര്‍ഷിച്ചു.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ നിന്നും ഒരു പേപ്പര്‍ കൊണ്ട് വന്നു കണ്ണന്‍.ഞങ്ങളുടെ ഈ ഗ്രാമത്തിലെ പബ്ലിക് ലൈബ്രറി,സ്പോര്‍ട്സ്‌ സെന്റെര്‍,കുട്ടികളുടെ പാര്‍ക്ക്‌,ബോട്ടാണിക്കല്‍ ഗാര്‍ഡന്‍,ടോഫു ഉണ്ടാക്കുന്ന ഒരു കട,കള്‍ച്ചറല്‍ സെന്റെര്‍,എന്നിവയില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്തു മൂന്നോ നാലോ കുട്ടികള്‍ ചേര്‍ന്ന ഗ്രൂപ്പ്‌ ആയി അവിടെ പോയി(നടന്നു തന്നെ എന്ന് പ്രത്യേകം പറയണ്ടല്ലോ!) അവിടെയുള്ള ചുമതലപെട്ട ആളെ കണ്ടു വിവരങ്ങള്‍ ശേഖരിക്കുക.ഇതായിരുന്നു ആ പേപ്പര്‍ ന്റെ ഉള്ളടക്കം.ആകെ നാല് ക്ലാസ്സുകളില്‍ ആയി 120 കുട്ടികള്‍ ആണ് ഉള്ളത് രണ്ടാം ക്ലാസ്സില്‍.നാല് ടീച്ചര്‍സ് അല്ലെ ഉള്ളൂ നാല് ക്ലാസ്സുകളിലും ആയി.അതുകൊണ്ട് പറ്റാവുന്ന അമ്മമാര്‍ (അച്ഛന്മാരോ,മുത്തശ്ശനോ,മുത്തശ്ശിയോ,ആര് വേണമെങ്കിലും ആവാം)വോളണ്ടിയര്‍ ആയി കുട്ടികളുടെ ഗ്രൂപ്പിന്റെ കൂടെ നടക്കണം.രണ്ടാം ക്ലാസ്സല്ലേ ആയുള്ളൂ,എല്ലാം തൊട്ടടുത്ത സ്ഥലങ്ങള്‍ ആണെങ്കിലും കുട്ടികളെ തന്നെ വിടാന്‍ ടീച്ചര്‍ഴ്സ് നു വിഷമം.എല്ലാ ഗ്രൂപ്പിലും കുട്ടികളില്‍ നിന്ന് തന്നെ ഒരു ലീഡറും സെക്കന്റ്‌ ലീഡറും ഉണ്ട്.കണ്ണന്റെ ഗ്രൂപ്പില്‍ അവനായിരുന്നു ലീഡര്‍.അമ്മ,വോളണ്ടിയര്‍ ആകാമോ എന്ന് ചോദിച്ചു വന്നു അവന്‍.വെയിലത്ത്‌ നടക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ കുറച്ചു വിഷമം തോന്നിയെങ്കിലും ഞാന്‍ വരാം എന്ന് സമ്മതിച്ചു.

പരിപാടിയുടെ ദിവസം രാവിലെ 9:30 ആയപ്പോള്‍ ഞാന്‍ സ്കൂളില്‍ ചെന്നു.സ്കൂള്‍ മുറ്റത്ത്‌ തന്നെ രണ്ടാം ക്ലാസ്സിലെ കുട്ടികളെല്ലാം ഗ്രൂപ്പ്‌ തിരിഞ്ഞു വരി വരിയായി ഇരിക്കുന്നുണ്ട്.കണ്ണന്റെ ഗ്രൂപ്പിന്റെ അടുത്ത് ചെന്നു നിന്നു ഞാന്‍.എല്ലാവരും പോകേണ്ട വഴിയുടെ മാപ് ഒക്കെ പിടിച്ചു,വാട്ടര്‍ ബോട്ടിലും തോളത്തുതൂക്കി റെഡി ആയി.പെന്‍സില്‍ ബോക്സും എഴുതാനുള്ള പേപ്പറും അടങ്ങിയ ഒരു ഫയലും ഉണ്ട് തോളില്‍.ക്ലാസ്സില്‍ വച്ച് തന്നെ കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ടീച്ചര്‍മാര്‍ കൊടുത്തിരുന്നു.അമ്മമാര്‍ക്ക് കൂടെ പോകുന്ന ജോലിയെ ഉള്ളൂ.സിഗ്നല്‍ ക്രോസ് ചെയ്യുമ്പോഴൊക്കെ ഒരു ശ്രദ്ധ വേണം.അത്രേയുള്ളൂ.അങ്ങനെ ഓരോ ഗ്രൂപ്പായി നടക്കാന്‍ തുടങ്ങി.കണ്ണന്റെ ഗ്രൂപ്പ്‌ തിരഞ്ഞെടുത്തത് സ്പോര്‍ട്സ്‌ സെന്റര് ആയിരുന്നു.വേറെ ഡിവിഷനിലെ മറ്റൊരു ഗ്രൂപ്പും ഉണ്ടായിരുന്നു അവിടേക്ക്.ഏറ്റവും മുന്നില്‍ രണ്ടു ഗ്രൂപ്പിലെയും ലീഡര്‍ഴ്സ്,പുറകില്‍ മറ്റു കുട്ടികള്‍,ഏറ്റവും പുറകില്‍ സെക്കന്റ്‌ ലീഡര്‍ഴ്സ്.അതിനും പുറകിലായി ഞാനും മറ്റൊരു കുട്ടിയുടെ അമ്മയും.



അടുത്ത് തന്നെ ആണ് സ്പോര്‍ട്സ്‌ സെന്റര്.സ്കൂളില്‍ നിന്നും കഷ്ടിച്ച് 700m ദൂരം കാണും.നടന്നു അവിടെ എത്തി,ജാപനീസിന്റെ തനത് ശൈലിയില്‍ ഉള്ള ഗ്രീറ്റിംഗ്സ് ഒക്കെ കഴിഞ്ഞു,അവിടെ ജോലി ചെയ്യുന്ന ഒരാള്‍ ഞങ്ങളുടെ കൂടെ വന്നു,കുട്ടികള്‍ക്ക് എല്ലാം കാണിച്ചു കൊടുക്കാന്‍.ആരും ആദ്യമായൊന്നും അല്ലാട്ടോ അവിടെ പോകുന്നത്.ആഴ്ചയില്‍ പലവട്ടം പോകുന്ന സ്ഥലമാണെങ്കിലും,കുട്ടികള്‍ അറിയാത്ത,കാണാത്ത പല ഭാഗങ്ങളും ഉണ്ട് ആ കെട്ടിടത്തില്‍.എല്ലാം ചുറ്റി നടന്നു കണ്ടു,പല പല സംശയങ്ങളും ചോദിച്ചു.ഉദാഹരണത്തിന് ,എന്നാണ് ഈ സ്പോര്‍ട്സ്‌ സെന്റര് നിര്‍മ്മിച്ചത്‌,ഇവിടെ എത്ര ആളുകള്‍ ജോലി ചെയ്യുന്നുണ്ട്,ഏതൊക്കെ സ്പോര്‍ട്സ്‌ ചെയ്യാന്‍ പറ്റും.... അങ്ങനെ അങ്ങനെ..കൂടെ ഉള്ള ആള്‍ എല്ലാം വിശദീകരിക്കുമ്പോള്‍ മെമ്മോ എഴുതിഎടുത്തു കുട്ടികള്‍.













ഒരു മണിക്കൂര്‍ ആയിരുന്നു സമയം.പോരുന്നതിനു മുന്‍പ് വീണ്ടും നന്ദി പ്രകടനം.അത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌.ജപ്പാന്‍കാരുടെ ഗ്രീറ്റിങ്ങ്സ് വളരെ പ്രശസ്തമാണ്.ഓരോ വാചകത്തിലും അവര്‍ ക്ഷമ ചോദിക്കും,എന്ത് പറഞ്ഞാലും നന്ദി പറയും,തല കുനിക്കും.ഫോണ്‍ ചെയ്താല്‍ പോലും തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം എന്ന് പറഞ്ഞെ തുടങ്ങുകയുള്ളൂ.അത് എത്ര അടുത്ത കൂട്ടുകാര്‍ ആണെങ്കിലും അങ്ങനെയാണ്.ഇപ്പോള്‍ കുറെ നാളായി ഇവിടെ താമസിക്കുന്നത് കാരണം ഞാനും നാഴികയ്ക്ക് നാല്‍പ്പതു വട്ടം ക്ഷമ പറയാനും നന്ദി പറയാനും പഠിച്ചു.
കുട്ടികളോട് ടീച്ചര്‍ നേരത്തെ പറഞ്ഞതനുസരിച്ച് വരിവരിയായി നിന്നു ലീഡര്‍ ഒരു ചെറിയ പ്രസംഗം ഒക്കെ നടത്തി വലിയൊരു നന്ദിയും പറഞ്ഞു തിരിച്ചു പോന്നു.







കണ്ണന്റെ ക്ലാസ്സ്‌ ടീച്ചര്‍ ഇതിനിടയില്‍ ഒന്ന് വന്നിരുന്നു അവിടെ.പല കുട്ടികളും പല സ്ഥലത്തേക്ക് പോയത് കൊണ്ട് അവര്‍ സൈക്കിളില്‍ ഒരു പ്രദക്ഷിണം നടത്തി എല്ലായിടത്തും.

അങ്ങനെ ഞങ്ങള്‍ തിരിച്ചു സ്കൂളില്‍ എത്തി..





ബാക്കി ഗ്രൂപ്പുകളും എത്തിയിരുന്നു.വീണ്ടും ഒരിക്കല്‍ കൂടി കണ്ണന്റെ നേതൃത്വത്തില്‍ കുട്ടികള്‍ വന്നു,"ഇത്രയുംനേരം ഞങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചതില്‍ നന്ദി"എന്നൊക്കെ എന്നോട് പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി...ഞാന്‍ അവര്‍ പറഞ്ഞത് മലയാളത്തില്‍ ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ വല്ലാത്ത അപരിചിതത്വം തോന്നുമെന്കിലും ജാപനീസില്‍ അത് കേള്‍ക്കുമ്പോള്‍ അങ്ങനെ അല്ലാട്ടോ.... നമ്മുടെ ഭാഷയില്‍ ഇങ്ങനെ ഉപചാര വാക്കുകള്‍ അധികം നമ്മള്‍ ഉപയോഗിക്കാത്തത് കൊണ്ടാവും അപരിചിതമായി തോന്നുന്നത്.ജാപനീസില്‍ ഉപചാരവാക്കുകള്‍ വളരെ സ്വാഭാവികമാണ്.

ഇത്രയും പറഞ്ഞെങ്കിലും ഇതിനെക്കാളൊക്കെ എന്നെ ആകര്‍ഷിച്ചത് പിറ്റേ ദിവസം നടന്ന മറ്റൊരു സംഭവം ആണ്.പിറ്റേ ദിവസം വൈകുന്നേരം കണ്ണന്‍ സ്കൂളില്‍ നിന്നും വന്ന ഉടനെ അമ്മയ്ക്ക് ഒരു പ്രേസെന്റ്റ് ഉണ്ട് എന്ന് പറഞ്ഞു.എന്നിട്ട് സ്ക്രാപ്‌ ബുക്ക്‌ പോലെ എന്തോ ഒന്ന് എന്റെ കയ്യില്‍ തന്നു.കവറില്‍ തന്നെ വലിയ അക്ഷരത്തില്‍ "മനോജ്‌ സാന്‍,നന്ദി..."എന്നെഴുതിരുന്നു.തുറന്നു നോക്കിയപ്പോള്‍ ടീച്ചറുടെ വക ഒരു കുറിപ്പ്.അതും നന്ദി പ്രകടനം തന്നെ.അടുത്ത പേജില്‍ കണ്ണന്റെ ഗ്രൂപ്പില്‍ നടക്കാന്‍ ഉണ്ടായിരുന്ന ഒരു കുട്ടിയുടെ ലെറ്റര്‍.അവനും വിശദമായി നന്ദി രേഖപ്പെടുത്തിയിരിക്കുന്നു.രണ്ടാമത്തെ പേജില്‍ അടുത്ത കുട്ടിയുടെ വക,മൂന്നാമത്തെ പേജില്‍ കണ്ണന്റെയും.
എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി.എന്ത് ഭംഗിയായി കുട്ടികള്‍ അവരുടെ സന്ദേശം കൈമാറിയിരിക്കുന്നു.
ജാപനീസില്‍ എഴുതിയത് കൊണ്ട് ഞാന്‍ ഒന്ന് വിവര്‍ത്തനം ചെയ്യാം ഇവിടെ.


ഇത് കവര്‍ പേജ്...മനോജ്‌ സാന്‍ നന്ദി എന്നാണ് ഫോട്ടോയുടെ മുകളില്‍ എഴുതിയിരിക്കുന്നത്...


ഇത് ടീച്ചറുടെ...അവര് നന്ദി ഒരുപാട് പറഞ്ഞു കഴിഞ്ഞ്,കുട്ടികള്‍ എന്ജോയ്‌ ചെയ്ത കാര്യം ഒക്കെ പറഞ്ഞു,ഇനിയും എന്തെങ്കിലും ആവശ്യമുന്ടെന്കില്‍ സഹായിക്കണം എന്നൊക്കെ പറഞ്ഞു അവസാനിപ്പിച്ചിരിക്കുന്നു.


ഇത് മിനാമി ഷോദായ്‌ എന്ന കുട്ടിയുടെ.
ഡിയര്‍ മനോജ്‌ സാന്‍.. ഞാന്‍ മനോജ്‌ സാന്‍ ന്റെ കൂടെ സ്പോര്‍ട്സ്‌ സെന്റര് ന്റെ ഗാലറിയിലും,എയര്‍ കണ്ടിഷന്‍ വച്ചിരിക്കുന്ന മുറിയിലും ഒക്കെ പോയതും,വലിയ കണ്ണാടി കണ്ടു അതിന്റെ മുന്നില്‍ ഡാന്‍സ് കളിച്ചതും,അത് കണ്ടു എല്ലാവരും ചിരിച്ചതും ഒക്കെ നന്ദിയോടെ ഓര്‍ക്കുന്നു.ഫുകുനോ സ്പോര്‍ട്സ്‌ സെന്റെറില്‍ പോയ എല്ലാവരും എന്ജോയ്‌ ചെയ്തു എന്ന് വിശ്വസിക്കുന്നു.മനോജ്‌ സാനും സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്നു എന്ന് മനസ്സിലായത്‌ കൊണ്ട് ഞാനും സന്തോഷത്തോടെ ആണ് അവിടെ പോയത്.ഞങ്ങളുടെ കൂടെ വന്നതില്‍ ഒരുപാട് സന്തോഷം ഉണ്ട്.


ഇത് യോഷികവ കോക്കി എന്ന കുട്ടിയുടെ...
നിവേദ് ന്റെ അമ്മയ്ക്ക്...എപ്പോഴും എപ്പോഴും എന്റെ വാട്ടര്‍ ബോട്ടില്‍ തുറന്നു തന്നതിന് നന്ദി.എനിക്ക് നിവേദ് ന്റെ അമ്മയോട് കുറച്ചു നേരം കൂടി സംസാരിക്കണം എന്നുണ്ടായിരുന്നു.ഇനി കാണുമ്പോള്‍ കൂടുതല്‍ സംസാരിക്കാം കേട്ടോ... നടക്കുന്ന വഴി എന്റെ കയ്യില്‍ ഉണ്ടായിരുന്ന മാപ് പലതവണ താഴെ വീണത്‌ എടുത്തു തന്നതിന് നന്ദി.


ഇനി ഇത് എന്റെ കണ്ണന്റെ വക...
അമ്മയ്ക്ക്...അമ്മ കൂടെ നടക്കാന്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഒരു പാട് കുസൃതി കാണിച്ചേനെ..അമ്മ കൂടെ വന്നത് നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നത്.എന്റെ കൂടെ ഈ പ്രൊജക്റ്റ് ല്‍ പങ്കെടുക്കാന്‍ വന്നതില്‍ ഹൃദയപൂര്‍വമായ നന്ദി അറിയിക്കുന്നു..ഇനിയും വേറെ കാര്യങ്ങള്‍ക്കും കൂടെ വരണം കേട്ടോ...ഐ ലവ് യു മമ്മ

നേരത്തെ പറഞ്ഞപോലെ വിവര്‍ത്തനം ചെയ്യുമ്പോള്‍ മലയാള ഭാഷയില്‍ കുറച്ചു അപരിചിതത്വം തോന്നാം...പക്ഷെ ജാപനീസില്‍ ഇത് നോര്‍മല്‍ ആയ ഭാഷ ആണ്.

മനോജ്‌ സാന്‍ എന്ന് എന്നെ വിളിക്കുന്നത്‌ എന്റെ സര്‍ നെയിം അങ്ങനെ ആയത് കൊണ്ടാണ്..."സാന്‍" എന്ന് ബഹുമാനസൂചകമായി വിളിക്കുന്നതാണ്...ജാപനീസില്‍ ആരെയും പേര് മാത്രമായി വിളിക്കില്ല. കണ്ണനെയും നിവേദ് എന്നല്ല സ്കൂളില്‍ വിളിക്കുന്നത്‌..അവന്റെ പേര് "നിവേദ് മനോജ്‌" എന്നായത് കൊണ്ട് അവനും "മനോജ്‌ സാന്‍" തന്നെ...ഒരു ഫാമിലിയില്‍ എല്ലാവരും ഒരേ സര്‍ നെയിം ആണല്ലോ..അപ്പോള്‍ എല്ലാവരെയും ഒരേ പേരാണ് വിളിക്കുക.കൊച്ചു കുട്ടികളെ "ചാന്‍" എന്ന് ചേര്‍ത്ത് ലാസ്റ്റ്‌ നെയിം കൂട്ടി വിളിക്കുമെന്കിലും സ്കൂളിലും മറ്റു ഒഫീഷ്യല്‍ കാര്യങ്ങള്‍ക്കും സര്‍ നെയിം തന്നെ പ്രധാനം.

എന്നും എപ്പോഴും ഈ സ്കൂളിലെ പല പരിപാടികള്‍ കാണുമ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ സ്കൂളിലും ഇതൊക്കെ വന്നെങ്കില്‍ എന്ന് ആശിക്കാറുണ്ട്...വേണം എന്ന് വച്ചാല്‍ നമ്മുക്കും ചെയ്യാവുന്നതേ ഉള്ളൂ..പക്ഷെ...



സ്കൂള്‍ എന്നാല്‍ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത് മനപ്പാഠമാക്കി പരീക്ഷക്ക്‌ എഴുതി മാര്‍ക്ക്‌ മേടിക്കുന്ന സ്ഥലം മാത്രമല്ല.. ചുറ്റുപാടും എന്ത് നടക്കുന്നു എന്നറിഞ്ഞു,പ്രകൃതിയെ അറിഞ്ഞു,പാലിക്കപ്പെടെണ്ട മര്യാദകള്‍ പഠിച്ച്,വളര്‍ന്നു വലുതാകേണ്ട, ഒരു മഹത്തായ സ്ഥാപനം ആണ്.ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട് ഞാന്‍,എന്റെ കുട്ടികള്‍ക്ക് കിട്ടുന്ന ഈ സൗകര്യം നാട്ടിലെ സ്കൂളിലെ കുട്ടികള്‍ക്കും കിട്ടിയിരുന്നെങ്കില്‍ എന്ന്.

Tuesday, April 12, 2011

വേദന


കുട്ടികളും അവരുടെ അമ്മൂമ്മ മുത്തശ്ശന്‍മാരും തമ്മിലുള്ള ഒരു ആത്മബന്ധത്തിനെ കുറിച്ച് ഞാന്‍ അധികമൊന്നും ചിന്തിച്ചിരുന്നില്ല,ഈ അടുത്ത കാലം വരെ.അതായതു മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അമ്മയെ നഷ്ടമാകുന്നത് വരെ.അന്ന് എന്റെ മകള്‍ക്ക് പത്തു വയസായിരുന്നു പ്രായം.അമ്മൂമ്മയെ ഒരുപാട് ഇഷ്ടമായിരുന്ന അവളുടെ അന്നത്തെ സങ്കടം ഇപ്പോഴും എന്റെ കണ്ണിലുണ്ട്.

ജൂലൈ,ഓഗസ്റ്റ്‌ മാസത്തിലുള്ള വേനലവധിക്കാണ് വര്‍ഷത്തില്‍ ഒരിക്കല്‍ ഉള്ള നാട്ടില്‍ പോക്ക്. കഷ്ടി ഒരു മാസം,ബന്ധുവീട് സന്ദര്‍ശനവും ,പലപല അമ്പലങ്ങളില്‍ പോക്കും ആയി പെട്ടന്നങ്ങു കഴിയും.ഞാന്‍ എന്റെ പല കൂട്ടുകാരികളെ കണ്ടു തീര്‍ക്കുന്ന തിരക്കിലാകുമ്പോള്‍,നന്നു(മകള്‍)എപ്പോഴും അമ്മൂമ്മയുടെ കൂടെ.അവള്‍ക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കികൊടുത്തും,പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോയും,എന്ത് ചോദിച്ചാലും വാങ്ങി കൊടുത്തും,വഴക്ക് പറയാതെയും,ആവശ്യത്തില്‍ കൂടുതല്‍ കൊഞ്ചിച്ചും,അമ്മൂമ്മയും മുത്തശ്ശനും ഒരു മാസം കൊണ്ട് അടുത്ത ഒരു വര്‍ഷത്തെക്കായുള്ള സ്നേഹം മുഴുവന്‍ അവളില്‍ നിന്നും അനുഭവിക്കും.തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ.

ജപ്പാനില്‍ ഞങ്ങള്‍ താമസിക്കുന്നത് ഒരു ഗ്രാമപ്രദേശത്ത് ആണ്.അടുത്തെങ്ങും ഒരു മലയാളി പോയിട്ട് ഇന്ത്യക്കാരന്‍ പോലും ഇല്ല.കുറച്ചു നാളുകള്‍ക്കു മുന്‍പ് ഒരു തമിഴ്‌ ഫാമിലി കുറച്ചകലെ ആയി താമസിക്കാന്‍ വന്നു.അവരാണ് ആകെ ഉള്ള ഇന്ത്യന്‍ ബന്ധം.ഇവിടെ കുട്ടികള്‍ സ്കൂളില്‍ പോകുന്നതും വരുന്നതും ഒക്കെ നടന്നാണ്.അതാണ്‌ നിയമം.പോകുന്ന വഴിയില്‍ കാണുന്ന അമ്മൂമ്മയോടും അപ്പൂപ്പനോടും ഒക്കെ വര്‍ത്തമാനം പറഞ്ഞു രസിച്ചാണ് യാത്ര.എല്ലാ കുട്ടികളെയും പോലെ നന്നുവിനും പ്രയമയവരോട് ഒരു പ്രത്യേക അടുപ്പം ഉണ്ട്.അവള്‍ടെ കൂട്ടുകാരുടെ അമ്മൂമ്മയോക്കെ അവള്‍ക്കും അമ്മൂമ്മയാണ്.

ഇവിടെ ഇന്ത്യക്കാര്‍ ആരും ഇല്ലാത്തതുകൊണ്ട് തന്നെ,എല്ലാ വര്‍ഷവും കുട്ടികളെ നാട്ടില്‍ കൊണ്ടുപോകാന്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു.അല്ലെങ്കില്‍ സ്വന്തം നാട് എന്നും അവര്‍ക്ക് അത്ഭുതമായി തന്നെ നില്‍ക്കും.നന്നുവിന്റെ ആറാം ക്ലാസ്സിലെ വേനലവധി വരെ ഇത് തുടര്‍ന്ന് കൊണ്ടിരുന്നു.കഴിഞ്ഞ വര്ഷം പോകാന്‍ സാധിച്ചില്ല.നന്നു ജൂനിയര്‍ ഹൈസ്കൂളില്‍ ആയതു കൊണ്ട് വേനലവധിക്കും അവര്‍ക്ക് സ്കൂളില്‍ പോകേണ്ടതുണ്ട്.സ്കൂള്‍ ഓര്‍ക്കെസ്ട്രയില്‍ അംഗമായത് കൊണ്ട് അവള്‍ക്കു എല്ലാ ദിവസവും പ്രാക്ടിസിനായി സ്കൂളില്‍ പോകണം.ആ സമയത്തായിരിക്കും എല്ലാ കോണ്‍സെര്‍ട്സും വരുന്നത്,ഡിസ്ട്രിക്ട് ലെവല്‍ മുതല്‍ നാഷണല്‍ ലെവല്‍ വരെ.

നാട്ടിലുള്ള,അവളുടെ അതെ പ്രായത്തിലുള്ള കസിന്റെ ഫോട്ടോസ് ഒക്കെ കാണുമ്പോള്‍ ഇടയ്ക്കൊക്കെ ഇന്ത്യയില്‍ പോകാന്‍ തോന്നുന്നു എന്ന് പറയും അവള്‍.ഗള്‍ഫിലുള്ള മറ്റൊരു കസിന്‍ എല്ലാ വേനലവധിക്കും നാട്ടില്‍ പോകും.അവധിക്കാലം കഴിഞ്ഞുള്ള അവരുടെ ഫോട്ടോസ് നന്നുവില്‍ സന്തോഷത്തിനു പകരം വിഷമം ഉണ്ടാക്കും."അവള്‍ക്കെന്തു സുഖാണ്...അമ്മൂമ്മയുടെയും മുത്തശ്ശന്റെയും കൂടെ ഇരിക്കാലോ.."എന്നൊക്കെ പറയും... "അസൂയക്കാരി" എന്നൊക്കെ ഞാന്‍ കളിയാക്കുമെങ്കിലും എനിക്കറിയാം അവള്‍ക്കു അതെല്ലാം മിസ്‌ ചെയ്യുന്നുണ്ട് എന്ന്.മൂന്നര വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അമ്മ ഞങ്ങളെ വിട്ടു പോയതിനു ശേഷം നന്നു ഒരിക്കലേ നാട്ടില്‍ പോയുള്ളൂ.പക്ഷെ നാട്ടില്‍ ഉണ്ടായ പതിനഞ്ചു ദിവസവും കസിന്സിനോപ്പം അവരുടെ വീട്ടില്‍ ആയിരുന്നു.അമ്മൂമ്മ ഇല്ലാത്ത വീട്ടിലേക്കു വരാന്‍ തോന്നുന്നില്ലായിരുന്നു എന്നവള്‍ പിന്നീട് പറഞ്ഞു.

ഞാന്‍ ഇതൊക്കെ പറയാന്‍ കാരണം ഈ അടുത്ത ദിവസം ഉണ്ടായ ഒരു സംഭവം ആണ്.

കുറച്ചു ദൂരെ ആയി ഒരു തമിഴ്‌ ഫാമിലി ഉണ്ട് എന്ന് പറഞ്ഞല്ലോ.അവര്‍ക്ക് രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നും അവരുടെ അച്ഛനും അമ്മയും വന്നു.കഴിഞ്ഞ ആറു മാസമായി അവരിവടെ ഉണ്ടായിരുന്നു.തമിഴ്നാട്ടില്‍ നിന്നും വന്ന അവര്‍ക്ക് കഠിനമായ വിന്റെര്‍ സഹിക്കാവുന്നതിലും അപ്പുറം.മഞ്ഞു വീണു കിടക്കുന്നത് കൊണ്ട് പുറത്തേക്കിറങ്ങാന്‍ സാധിക്കാത്ത വിഷമം വേറെ.എനിക്ക് പറ്റാവുന്ന സഹായങ്ങള്‍ ഞാനും ചെയ്തിരുന്നു.അങ്ങനെ പല തവണ അവിടെ പോവുകയും മറ്റും ചെയ്തപ്പോള്‍ ആ അമ്മൂമ്മയുമായി കുറച്ചു അടുപ്പമായി നന്നുവിനു. അവര്‍ പറയുന്നത് ഒന്നും അവള്‍ക്കു മനസ്സിലാവില്ല,അവര്‍ തമിഴില്‍ വച്ചുകാച്ചും..നന്നു കണ്ണ് മിഴിച്ചു ഇരിക്കും.എന്നാലും അവരെ ആദ്യമായി കണ്ടപ്പോള്‍ തന്നെ നന്നു എന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു,നമ്മുടെ അമ്മൂമ്മയെ പോലെ തോന്നുന്നു അല്ലെ എന്ന്.
ആറു മാസത്തിനുശേഷം അവര്‍ ഇന്ത്യയിലേക്ക് തിരിച്ചു പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ അവരെയെല്ലാം വീട്ടിലേക്കു ഡിന്നറിനു ക്ഷണിച്ചു.അന്ന്,അവര്‍ വീട്ടില്‍ .വന്നതിനു ശേഷമാണ് നന്നു സ്കൂളില്‍നിന്ന് വന്നത്.അവരെ കണ്ടപാടെ എന്റെ അടുത്ത് വന്നുപറഞ്ഞു..
"അമ്മെ.. ആ അമ്മൂമ്മ ഉടുത്തിരിക്കുന്ന സാരി നമ്മുടെ അമ്മൂമ്മയുടെ സാരി അല്ലെ...എങ്ങനെയാ അത് സെയിം ആയത്?"
സെയിം സാരികള്‍ ഒരുപാട് ഉണ്ടാവില്ലേ എന്ന് ഞാന്‍ മറുപടിയും കൊടുത്തു.അങ്ങനെ ഭക്ഷണം ഒക്കെ കഴിച്ചു അവര്‍ പോകാന്‍ ഒരുങ്ങി.ഇന്ത്യയില്‍ വന്നാല്‍ ചെന്നൈയില്‍ വന്നു അവരെ കാണണം എന്ന് പറഞ്ഞു എന്റെ കൈ പിടിച്ചു ഉമ്മ വച്ചു ആ സ്നേഹമയിയായ അമ്മ.അത് കഴിഞ്ഞു നന്നുവിന്റെ കൈ പിടിച്ചു മോളും വരണം ട്ടോ എന്ന് പറഞ്ഞു.ശേരി എന്ന് അവള്‍ പറഞ്ഞെങ്കിലും അവളുടെ മുഖം വല്ലതാകുന്നത് എനിക്ക് മനസ്സിലായി.ആ അമ്മൂമ്മ പോകാന്‍ ഇറങ്ങിയതും നന്നു ഒരു കരച്ചില്‍...ഞാന്‍ ശെരിക്കും ഞെട്ടി പോയി...വേദനിച്ചാല്‍ കൂടി കരയാത്ത പെണ്ണാണ്...ഏങ്ങലടിച്ചു കരച്ചിലോട് കരച്ചില്‍...പിന്നെ ആ അമ്മൂമ്മ ഓടി വന്നു അവളെ കെട്ടിപിടിച്ചു കരച്ചില്‍..ആകെ ബഹളമയമായി.

സത്യമായും ഞാന്‍ വല്ലാതെ അമ്പരന്നു പോയിരുന്നു...അങ്ങനെയുള്ള സോഫ്റ്റ്‌ കോര്‍ണര്‍ ഒന്നും പുറത്തു കാണിക്കാറില്ല അവള്‍....കൂട്ടുകാരും,സ്കൂളും, ക്ലബ്‌ ആക്ടിവിറ്റിയും,ഐ പോഡും,ടാബും ഒക്കെ ആയി നടക്കുന്ന,ഒന്നിനെയും കൂസാതെ,ഒരു ടിപ്പിക്കല്‍ ടീനേജര്‍ ആയ "I don't care" എന്ന മട്ടില്‍ കറങ്ങി നടക്കുന്ന നന്നു... എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.കണ്ണുനീരിന്റെ നീറ്റല്‍ ഞാനും അറിഞ്ഞു ആ നിമിഷം. എനിക്കാണ് തെറ്റിയത്, അമ്മൂമ്മയുടെ നഷ്ടം അവള്‍ ശെരിക്കും അറിയുന്നുണ്ട്.

കുട്ടികളുടെ ജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്തുന്നുണ്ട് അമ്മൂമ്മമാരും മുത്തശ്ശന്മാരും.അമ്മ കണ്ണുരുട്ടിയാല്‍,അച്ഛന്‍ ദേഷ്യപെട്ടാല്‍ ഒക്കെ ഓടിച്ചെന്നു പരാതി പറയാന്‍,വാല്‍സല്യം നുകരാന്‍ ഒക്കെ അമ്മൂമ്മയല്ലാതെ മറ്റാരുണ്ട്? നന്നുവിനു നഷ്ടപെട്ട അവളുടെ അമ്മൂമ്മയെ തിരികെ കൊടുക്കാന്‍ എനിക്കൊരിക്കലും കഴിയില്ല...പക്ഷെ ആശ്വസിക്കുന്നു...പിന്നെയും ഉണ്ടല്ലോ ഒരുപാട് ബന്ധങ്ങളും ബന്ധനങ്ങളും ..മുറിഞ്ഞു പോവാതെ നോക്കണം...എന്റെ കുട്ടികള്‍ക്ക് വേണ്ടി....

Wednesday, February 23, 2011

മൌണ്ട് ഫുജിയും ടോക്യോയും

വീണ്ടുമൊരു യാത്ര.ഇത്തവണ മനുവും പിള്ളേരും ഇല്ല,രണ്ടു കൂട്ടുകാരികളുടെ കൂടെ രണ്ടു ദിവസത്തെ പ്രോഗ്രാം.ലക്‌ഷ്യം ടോക്യോയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ക്വില്‍ട്ട് ഫെസ്റ്റിവല്‍ കാണുക,അവിടെ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കുക,ഇത്രയുമായിരുന്നു.പക്ഷെ ഒരുപാട് നാളത്തെ ആഗ്രഹമായ ഫുജിസാന്‍(Mount Fuji) മനസ്സിലങ്ങനെ കിടന്നതുകൊണ്ട് യാത്ര രണ്ടു ദിവസത്തെയ്ക്കാക്കി.ഒരു ദിവസം ഫുജിസാനും അടുത്ത ദിവസം ടോക്യോയും.

വിന്റെര്‍ ആയതു കൊണ്ട് ഫുജിസാന്റെ മുകളില്‍ കയറാനൊന്നും പരിപാടി ഉണ്ടായിരുന്നില്ല.പക്ഷെ ജപ്പാനിലെ ഏറ്റവും പൊക്കമുള്ള,ഏറ്റവും ഭംഗിയുള്ള ഫുജിസാനെ കാണണം എന്നത് ഒരു ആഗ്രഹമായിരുന്നു.അതിനു കാരണം എന്റെ ഒരു കൂട്ടുകാരി ആണ്.മൂന്നു നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരുടെ ഭര്‍ത്താവിനു ജോലിമാറ്റം കിട്ടിയത് ഷിസുഒക(Shizuoka)എന്ന സ്ഥലത്തേക്കയിരുന്നു. ഷിസുഒകയില്‍ ഫുജിസാന്‍ ന്റെ അടുത്തു തന്നെ.രാവിലെ ഉറക്കമുണര്‍ന്നു ആദ്യം കാണുന്ന കാഴ്ച ഗാംഭീര്യത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന ഫുജിസാന്‍.നല്ല തെളിഞ്ഞ ദിവസങ്ങളില്‍ വല്ലാത്തൊരു വശ്യതയാണ് ഫുജിയ്ക്ക്.ഓരോ ഋതുക്കളിലും ഓരോ ഭംഗി...എന്റെ സുഹൃത്ത്‌,തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളില്‍ എല്ലാം, മൊബൈലില്‍ ഫുജിസാനെ പകര്‍ത്തി എനിക്കയച്ചു തരുമായിരുന്നു അന്നൊക്കെ.കണ്ടു കണ്ടു എനിക്കെങ്ങനെയെങ്കിലും ഫുജിസാനെ നേരിട്ട് കണ്ടേ പറ്റൂ എന്ന അവസ്ഥയായി.
എല്ലാ വര്‍ഷവും പ്ലാന്‍ ചെയ്യും,എന്തെങ്കിലുമൊക്കെ കാരണം കൊണ്ട് പോകാന്‍ പറ്റാതാവും,ഞാനൊഴിച്ചു പ്ലാന്‍ ചെയ്തവരൊക്കെ പോകുകയും ചെയ്യും. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇതിങ്ങനെ തുടര്‍ന്നു.പക്ഷെ വളരെ വ്യക്തമായി,മേഘങ്ങളുടെ മൂടുപടമില്ലാതെ ഫുജിസാനെ കാണാന്‍ സാധിക്കുന്നത്‌ ഭാഗ്യമായി ഇവിടുത്തെ ആളുകള്‍ കാണുന്നുണ്ട്.പല വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും ആ ഭാഗ്യം എനിക്ക് കൈവന്നില്ല.എന്താണെന്നു അറിയില്ലെങ്കിലും,കൂടെ പോകുവാന്‍ പ്ലാന്‍ ചെയ്യാറുള്ള മറ്റൊരു സുഹൃത്തിനു ഇതുവരെ ഫുജിസാനെ നന്നായി കാണാന്‍ പറ്റിയിട്ടില്ലായിരുന്നു.മൂന്നു തവണ,അവര്‍ ആദ്യം പറഞ്ഞ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു ഫുജിയെ കാണാന്‍ കാത്തിരുന്നു.ഒന്നുകില്‍ മേഘം മാത്രം,അല്ലെങ്കില്‍ ഫുജിയുടെ തല മാത്രം.. അങ്ങനെ തലയും വാലും മാത്രമേ കണ്ടിട്ടുള്ളൂ.നേരത്തെ തന്നെ കാലാവസ്ഥ ഒക്കെ തിരക്കി കണ്ടു പിടിച്ചിട്ടാണ് പോകുന്നത്..പക്ഷെ എന്തുകൊണ്ടോ അവിടെ എത്തിയാല്‍ ആകാശം മേഘാവൃതം!!!!!!

അങ്ങനെ എനിക്ക് മാത്രം പോകാന്‍ സാധികാതെ വര്‍ഷങ്ങള്‍ മൂന്നു നാല് കഴിഞ്ഞു.ഫുജിസാന്‍ ഒരു സ്വപ്നമായി അവശേഷിച്ചു. എന്റെ സുഹൃത്താവട്ടെ,അവരുടെ ഭര്‍ത്താവിനു വീണ്ടും സ്ഥലമാറ്റം ആയപ്പോള്‍ അവിടം വിടുകയും ചെയ്തു.എങ്കിലും അവരവിടെ ഒരുപാട് സുഹൃത്തുക്കളെ സമ്പാദിച്ചാണ് തിരിച്ചു പോന്നത്.ഇടയ്ക്കിടെ അവരെയൊക്കെ സന്ദര്‍ശിക്കാറും ഉണ്ട്.അങ്ങനെയാണ് ഇത്തവണത്തെ ക്വില്റ്റ്‌ ഫെസ്റ്റിവലിനുപോകുന്ന കാര്യം പറഞ്ഞു വന്നപ്പോള്‍,എങ്കില്‍ ഫുജിസാനെ കാണാന്‍ ഒരു ശ്രമം കൂടി നടത്തിയാലോ എന്ന് തോന്നിയത്.ജനുവരിയിലെ ഫുജിസാന്‍ മഞ്ഞു മൂടി കിടക്കും...മനോഹരമായ ആ കാഴ്ച മനസ്സില്‍ ഓര്‍ത്തപ്പോഴേ ആവേശമായി.ഞാനും,നേരത്തെ പറഞ്ഞ ഫുജിസാന്‍ ഇതുവരെ കാണാന്‍ സാധിക്കാത്ത ഹരുക്കോസാനും(Harukko san),ഫുജിസാന്റെ ആരാധിക ആയ,എന്റെ സുഹൃത്തായ,അവിടെ താമസിച്ചിരുന്ന കെയ്കോസാനും(Keyko san) ഒരുമിച്ചു പ്ലാന്‍ ഒക്കെ ഉണ്ടാക്കി.ഹരുക്കോസാന്‍, അവര്‍ കൂടെ ഉള്ളത് കൊണ്ട് ഇത്തവണയും ഫുജിസാന്‍ കാണാന്‍ സാധിക്കില്ല എന്ന് സങ്കടപ്പെട്ടു.എനിക്കാണെങ്കില്‍ മൂന്നു നാല് വര്‍ഷമായിട്ടു ഇതുതന്നെ കേട്ട് കേട്ട്,എന്നാല്‍ പിന്നെ ആ ധാരണ ഒന്ന് പൊളിച്ചടുക്കണമല്ലോ എന്നൊരു തോന്നലും.കണ്ടില്ലെങ്കില്‍ വേണ്ട,അടുത്ത വര്ഷം വീണ്ടും വരാം എന്ന ഉറപ്പില്‍ ഞങ്ങള്‍ പോകാന്‍ തയ്യാറായി.ടിക്കറ്റ്‌,ഹോട്ടല്‍ ബുക്കിംഗ്,എല്ലാം ഹരുക്കോ സാന്‍ ചെയ്തു.ടോക്യോയ്ക്കുള്ള പകുതി ദൂരം എക്സ്പ്രസ്സ്‌ ട്രെയിനിലും അത് കഴിഞ്ഞാല്‍ Shinkansen(Bullet train)ലും ആണ് യാത്ര.

രാവിലെ ആറു മണിക്ക് വീടിനു മുന്നില്‍ കാറുമായി ഹരുക്കോ സാന്‍ റെഡി.മഞ്ഞു പെയ്തു പെയ്തു റോഡോന്നും കാണാന്‍ തന്നെ ഇല്ലാത്ത അവസ്ഥ. നേരം വെളുത്തിട്ടില്ല.



ഞങ്ങള്‍ രണ്ടു പേരും കൂടി കെയ്കോ സാന്റെ വീട്ടില്‍ ചെന്ന് അവരെയും കൂട്ടി നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു.ഇത്രയും മഞ്ഞു പെയ്തത് കൊണ്ട് ട്രെയിന്‍ ഉണ്ടാവില്ലേ എന്നൊരു പേടി ഉണ്ടായിരുന്നു.പക്ഷെ ട്രെയിന്‍ കൃത്യസമയത്ത് തന്നെ എത്തി.അങ്ങനെ ഞങ്ങളുടെ യാത്ര തുടങ്ങി.

തമാശ പറഞ്ഞും,കുട്ടികളെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിച്ചും,അവര്‍ രണ്ടു പേരുടെയും ഇന്ത്യ കാണണമെന്നുള്ള ആഗ്രഹത്തെ കുറിച്ചും ഒക്കെ സംസാരിച്ചു നേരം പോയത് അറിഞ്ഞതെ ഇല്ല.ഞങ്ങളുടെ താമസസ്ഥലമായ ടോയമ (Toyama prefecture) വിട്ടതോടെ മഞ്ഞു കുറഞ്ഞു കുറഞ്ഞു വന്നു.മൈബാര(Maibara) എന്ന സ്റ്റേഷനില്‍ എത്തിയപ്പോള്‍ പുറത്തേക്കു നോക്കിയാല്‍ വിന്റെറിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. മൈബാരയില്‍ ഇറങ്ങി. നല്ല തണുപ്പ്... അപ്പൊ വിന്റെര്‍ തന്നെ...അവിടെ നിന്നും shinkansen ആണ് ടോക്യോക്ക്.Shinkansen(bullet train) നു പ്രത്യേക ട്രാക്ക്‌ ആണ് എന്നറിയാമല്ലോ.ആ പ്ലാറ്റ്ഫോമില്‍ പോയി ഞങ്ങളുടെ വണ്ടിയ്ക്കായി ഇരുപതു മിനുട്ട് കാത്തിരിക്കേണ്ടി വന്നു.അവിടെ വെറുതെ ഇരുന്നു തലങ്ങും വിലങ്ങും പോയ്കൊണ്ടിരിക്കുന്ന shinkansen ന്റെ കണക്കെടുപ്പ് നടത്തി.കണ്ണടച്ചു തുറക്കുംമുന്‍പേ ട്രെയിന അതിന്റെ പാട്ടിനു പോയ്കഴിയും....എന്തൊരു സ്പീഡ്‌.







ഞങ്ങളുടെ ട്രെയിനില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.അവിടെയും ഇവിടെയുമായി കുറച്ചാളുകള്‍.നല്ല തെളിഞ്ഞ ആകാശം ആയിരുന്നു.ഫുജിസാനെ കാണാന്‍ പറ്റും എന്നുള്ള വിശ്വാസം കൂടി കൂടി വന്നു.പക്ഷെ കേയ്കോ സാന്‍ ,ഫുജിസാന്റെ അടുത്ത് താമസിക്കുന്ന അവരുടെ കുടുംബസുഹൃത്തിന് മെയില്‍ ചെയ്തു,മേഘങ്ങളുടെ അവസ്ഥ എന്താണ്?ഫുജിസാനെ കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നിരാശാജനകമായിരുന്നു.തെളിഞ്ഞ ആകാശം ആണ്,പക്ഷെ ഫുജിസാനെ ചുറ്റി മേഘങ്ങള്‍ ഉണ്ട്,അതുകൊണ്ട് കാണാന്‍ ബുദ്ധിമുട്ടാണ് എന്നവര്‍ മറുപടി അയച്ചു.ഹരുക്കോ സാന്‍ ഇതോടെ മൂഡ്‌ ഔട്ട്‌ ആയി.ഞാന്‍ അവരെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു,ഇത്ര വെയില്‍ ഉള്ളത് കൊണ്ട് കാണാന്‍ സാധിക്കും എന്ന് തന്നെ ആയിരുന്നു എന്റെ വിശ്വാസം.അങ്ങനെ ഞങ്ങള്‍ ഷിന്‍ ഫുജി (shin fuji) എന്ന സ്റ്റേഷനില്‍ എത്തി.സാധാരണ ദിവസങ്ങളില്‍ സ്റ്റേഷന്‍റെ പുറത്തിറങ്ങിയാല്‍ ആദ്യം കാണുന്നത് ഭീമനെ പോലെ തലയുയര്‍ത്തി പിടിച്ചു നില്‍കുന്ന ഫുജിസാനെ ആണ്.പക്ഷെ ...നിര്‍ഭാഗ്യകരം....ഹരുക്കോ സാന്‍ ഭയന്നത് പോലെ തന്നെ സംഭവിച്ചു... മേഘങ്ങള്‍,മേഘങ്ങള്‍ മാത്രം എല്ലായിടത്തും.അവിടെ അങ്ങനെ ഒരു പര്‍വതം ഉണ്ട് എന്ന് വിശ്വസിക്കാന്‍ പ്രയാസം.




ഇതാ... ഇങ്ങനെ തലയും വാലും ഇല്ലാതെ....

സങ്കടത്തോടെ,ഞങ്ങള്‍ അടുത്തുള്ള റെന്റ് എ കാറിലേക്ക് നടന്നു.നേരെ പോയത് കേയ്കോ സാന്‍ പണ്ട് താമസിച്ചിരുന്ന സ്ഥലത്തേക്ക്.പോകുന്ന വഴിയെല്ലാം ഞാന്‍ ഫുജിസാനെ തിരഞ്ഞു... ഇടയ്കൊക്കെ തല മാത്രം കാണാന്‍ പറ്റി.




കേയ്കോ സാന്റെ കുടുംബസുഹൃത്തായ Tsuchiya san നടത്തുന്ന ചെറിയ ഒരു റെസ്റ്റോറന്റിലെക്കാണ് ഞങ്ങള്‍ ചെന്ന് കയറിയത്.അദ്ദേഹം സ്വയം ഉണ്ടാക്കുന്ന soba(നൂഡില്‍സ്)ആണ് അവിടുത്തെ പ്രത്യേകത.പ്രശസ്തമായ ഒരു മരുന്ന് കമ്പനിയില്‍,കേയ്കോ സാന്റെ ഭര്‍ത്താവിനൊപ്പം ജോലി ചെയ്തിരുന്ന ആ കുടുംബസുഹൃത്,ജോലി രാജി വച്ചിട്ടാണ് സ്വയം ഡിസൈന്‍ ചെയ്ത,പരമ്പരാഗത രീതിയിലുള്ള വളരെ ചെറിയ ഈ റെസ്റ്റോറന്റ് തുടങ്ങിയത്.വരുന്നവരെല്ലാം ചുറ്റിനും താമസിക്കുന്നവര്‍ തന്നെ.പിന്നെ ഫുജിസാന്‍ കാണാന്‍ വരുന്ന ടൂറിസ്റ്റുകള്‍ വല്ലപ്പോഴും.അവരോടു വിശേഷം ഒക്കെ പറഞ്ഞു,സോബ ഉണ്ടാക്കി വിളമ്പും.ആകെ മൂന്നു മേശയെ ഉള്ളു അവിടെ.പക്ഷെ എവിടെ ഇരുന്നാലും തൊട്ടു മുന്‍പില്‍ ഫുജിസാന്‍ ആണ്.എന്നും ഈ പര്‍വതത്തെ കാണാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു റെസ്റ്റോറന്റ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ,എത്രമാത്രം ഇവിടെയുള്ള ആളുകള്‍ ഫുജിസാനെ വിലമതിക്കുന്നു എന്നെനിക്ക് മനസ്സിലായി.എന്ത് പറഞ്ഞു വന്നാലും അതിലൊക്കെ ഫുജിസാന്‍ മാത്രം അവര്‍ക്ക്.അത്ഭുതം തോന്നിപ്പോയി.ഞങ്ങള്‍ ചെല്ലുന്നതിന്റെ തലേദിവസം പൌര്‍ണമി ആയിരുന്നു.രാത്രി നിലവില്‍ കുളിചു നില്ക്കുന്ന ഫുജിസാനെ കുറിച്ച് പറഞ്ഞു അവിടെ ഉണ്ടായിരുന്ന നാട്ടുകാര്‍ ഞങ്ങളെ കൊതിപ്പിച്ചു.


കഷ്ണവും മുറിയൊക്കെ ആയിട്ടു..റെസ്റ്റോറന്റില്‍ നിന്നുള്ള അന്നത്തെ കാഴ്ച...


സോബയും,ടെമ്പുറയും...


ഹരുക്കോ സാനും കെയ്കോ സാനും

പക്ഷെ ജനുവരി ഒന്നാം തിയതി മുതല്‍ എല്ലാ ദിവസവും തെളിഞ്ഞ മുഖത്തോടെ കണ്ടിരുന്ന ഫുജിസാന്‍ നു ഇത് എന്ത് പറ്റി എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും അത്ഭുതപെട്ടു.ഹരുക്കോ സാന്‍ ന്റെ അന്ധവിശ്വാസത്തെ വിശ്വസിക്കണോ വേണ്ടയോ എന്നായി എനിക്ക്.ഹരുക്കോ സാന്‍ ആണെന്കില്‍ വല്ലാത്ത സങ്കടത്തിലും.ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ Tsuchiya san ന്റെ ഭാര്യ ഒരു അഭിപ്രായം പറഞ്ഞു...ചിലപ്പോള്‍ ഈ ഒരു വശം മാത്രമേ മേഘങ്ങള്‍ മറച്ചു കാണൂ..മറുവശത്ത് പോയി നോക്കിയാലോ എന്ന്.ഞങ്ങള്‍ എന്തിനും റെഡി.പക്ഷെ മറുവശം എന്നാല്‍ ഒരുപാട് ദൂരം ഉണ്ടാകില്ലേ.. ഈ പര്‍വതത്തിനെ വലം വയ്ക്കണ്ടേ...എന്നൊക്കെ മനസ്സില്‍ ആശങ്ക തോന്നാതെയുമിരുന്നില്ല.റെസ്റ്റോറന്റ് ഭാര്യയെ ഏല്‍പ്പിച്ചു,ഞങ്ങള്‍ടെ കൂടെ വരാന്‍ അദ്ദേഹം തയ്യാറായി.ഞങ്ങളോട് ഡ്രൈവ് ചെയ്യണ്ട എന്ന് പറഞ്ഞു സ്വന്തം കാറെടുത്തു.അങ്ങനെ കിലോമീറ്ററുകളോളം ചുറ്റി വളഞ്ഞു ഞങ്ങള്‍ ഫുജിസാനെ വീണ്ടും അന്വേഷിക്കാന്‍ തുടങ്ങി.വഴിയില്‍ ഇടയ്ക്കിടെ മേഘങ്ങള്‍ മാറി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.







പക്ഷെ ഒരു പൂര്‍ണമായ കാഴ്ച ആവുന്നില്ല.അവസാനം ഒരുപാട് ദൂരം ഡ്രൈവ് ചെയ്തു മറുവശത്ത് എത്തിയപ്പോള്‍,അവിടെ അതാ,തല ഉയര്‍ത്തി പിടിച്ചു ഗാംഭീര്യത്തോടെ ഫുജി സാന്‍.ഒരു പര്‍വതത്തിന് ഇത്ര സൌന്ദര്യമോ എന്ന് തോന്നി പോയി എനിക്ക്.കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.






ഇത് മൂന്നും എന്റെ വകയുള്ള ഫോട്ടോസ്...










ഇത് ഗൂഗിള്‍ ല്‍ നിന്നും ചൂണ്ടിയത്.... അതായതു കഴിവുള്ളവര്‍ എടുത്തത്‌...


ജപ്പാനിലെ ഏറ്റവും പൊക്കമുള്ള പര്‍വതമാണിത്.3776മീറ്റര്‍ ആണ് ഉയരം.ശെരിക്കും ഇതൊരു അഗ്നിപര്‍വതം ആണ്.ഏറ്റവും അവസാനം പൊട്ടിത്തെറിച്ചത് 1707-08 കാലത്താണ്.അതിന്റെ ആകൃതി തന്നെ ആണ് ഏറ്റവും വലിയ പ്രത്യേകത.(Symmetrical cone).ജപ്പാനീസ് സാഹിത്യത്തില്‍ ഒക്കെ മൌണ്ട് ഫുജിയ്ക്ക് വലിയ പ്രാധാന്യം ആണ് ഉള്ളത്.ജപ്പാനില്‍ പ്രശസ്തമായ ഒരു ചൊല്ലുണ്ട്."ഒരിക്കലെങ്കിലും മൌണ്ട് ഫുജി കയറാത്തവന്‍ വിഡ്ഢിയാണ്,രണ്ടു പ്രാവശ്യം കയറിയവനും..."എന്താണോ അര്‍ഥം? നഞ്ഞെന്തിനു നന്നാഴി? എന്ന് തന്നെ ആവാം അര്‍ഥം അല്ലെ....മൌണ്ട് ഫുജി എന്ന പേരിന്റെ അര്‍ഥം തന്നെ "Everlasting life"എന്നാണത്രേ.

പല സ്ഥലത്തേക്കും മാറി മാറി വണ്ടിയോടിച്ചു ഫുജിസാനെ ഞങ്ങള്‍ കണ്ണ് നിറയെ കണ്ടു.അപ്പോഴാണ് ഒഷിനോഹക്കായ്(Oshino Hakkai) എന്ന സ്ഥലത്തെക്കുറിച്ച് കേയ്കോ സാനിനു ഓര്‍മ വന്നത്.അവിടെ അടുത്ത് തന്നെ ആയത് കൊണ്ട് കാണണമെന്നുണ്ടയിരുന്നെന്കിലും റെന്റ് എ കാര്‍ എടുത്തിരിക്കുന്നത് വൈകുന്നേരം ആറു മണി വരെ ആണ്.ആറു മണിക്ക് മുന്‍പ് തിരിച്ചു സ്റ്റേഷന്‍ പരിസരത്ത് എത്താന്‍ സാധിക്കുമോ എന്നൊരു സംശയം.പക്ഷെ വേഗം പോയി വരാം എന്ന ഉറപ്പില്‍ ഞങ്ങള്‍ അവിടെയ്ക്ക് വച്ചുപിടിച്ചു.കണ്ടില്ലായിരുന്നെങ്കില്‍ എത്ര വലിയ നഷ്ടം ആകുമായിരുന്നു എന്ന് പിന്നീട് മനസ്സിലായി.


ഒഷിനോഹക്കായ്(Oshino Hakkai) എന്നത് എട്ടു കുളങ്ങളുടെ പേരാണ്.ഈ കുളങ്ങളില്‍ ഉള്ളത് മൌണ്ട് ഫുജിയില്‍ നിന്നുള്ള മഞ്ഞു ഉരുകിയ വെള്ളം ആണ്.ഈ വെള്ളം, മൌണ്ട് ഫുജിയുടെ അടിത്തട്ടിലെക്കാന് ആദ്യം പോകുന്നത്.എന്നിട്ട് ലാവ മൂലമുണ്ടായ പാറകള്‍ ഈ വെള്ളത്തിനെ അരിച്ചെടുക്കുന്നു.(filtering).പ്രകൃതിയാണ് ഈ ഫില്‍റ്ററിംഗ് ചെയ്യുന്നത്.പിന്നെ വെള്ളം അടിത്തട്ടിലൂടെ ഒഴുകി ഈ പറഞ്ഞ ഒഷിനോഹക്കായ് എന്ന കുളങ്ങളില്‍ എത്തുന്നു. ആ ഒഴുകിഎത്തല്‍ 80 വര്‍ഷങ്ങള്‍ എടുത്താണ് പൂര്‍ത്തിയാകുന്നത് അത്രേ.ലാവ കൊണ്ട് അരിച്ചെടുക്കുന്നതിനാല്‍ ഈ വെള്ളം വളരെ ശുദ്ധമാകുന്നു.മാത്രമല്ല,അതില്‍ ഒരുപാട് മിനരെല്‍സ് അടങ്ങിയിട്ടുണ്ട് എന്നും പറയപ്പെടുന്നു.എന്ത് തന്നെ ആയാലും ഇത്ര തെളിമയാര്‍ന്ന കുളങ്ങള്‍ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല.അടിത്തട്ട് വരെ വ്യക്തമായി കാണാം.അതിന്റെ ഭംഗി വിവരിക്കാന്‍ വാക്കുകളില്ല എനിക്ക്.





ഇത് മൂന്നും എന്റെ......








ഇതെല്ലം ഫോട്ടോ എടുക്കാന്‍ അറിയാവുന്നവര്‍ എടുത്തത്‌... ഞാന്‍ ചൂണ്ടിയത്....


അവിടെ നിന്നും മടങ്ങാന്‍ തോന്നിയതെ ഇല്ല.കണ്ടു കൊതി തീര്‍ന്നില്ല എങ്കിലും വീണ്ടും വരാം എന്ന് മനസ്സിന് ഉറപ്പു കൊടുത്ത്ഞങ്ങള്‍ മടങ്ങി.അസ്തമയസൂര്യന്‍ ഫുജിസാനില്‍ നിറങ്ങളുടെ ഉത്സവം തീര്‍ക്കുന്നു.ഓടികൊണ്ടിരിക്കുന്ന കാറില്‍ ഇരുന്നു ആ നിറങ്ങളെ ഒക്കെ ക്യാമറയില്‍ ആക്കാന്‍ ഞാന്‍ വെറുതെ ഒരു ശ്രമം നടത്തി.




തിരിച്ചു റെസ്റ്റോറന്റില്‍ എത്തിയപ്പോള്‍ അവിടെ പഴയ പോലെ മേഘാവൃതം.അങ്ങനെ ഒരു സുന്ദരന്‍ (അതോ സുന്ദരിയോ?) അവിടെ ഒളിച്ചിരിക്കുന്നത് ആരും അറിയാത്ത പോലെ....എന്തത്ഭുതം!!!!!!


റെസ്റ്റോറന്റ് ന്റെ മുന്നില്‍ നിന്നുള്ള ദൃശ്യം... അവിടെ ആരും ഇല്ലാട്ടോ...





Tsuchiya san & ഭാര്യ ഞങ്ങളോടൊപ്പം...

നേരം വൈകിയത് കൊണ്ട് ഞങ്ങള്‍ മടങ്ങിപോകാന്‍ തയ്യാറായി.Tsuchiya sanനോടും ഭാര്യയോടും യാത്ര പറഞ്ഞ്,വീണ്ടും മനുവിനെയും കുട്ടികളെയും കൂട്ടി വരാമെന്നു ഉറപ്പു കൊടുത്ത്,ഞങ്ങള്‍ കാറില്‍ കയറി.ഇനി ആറു മണിക്ക് മുന്‍പ് സ്റ്റേഷന്‍റെ മുന്‍പില്‍ റെന്റ് എ കാറില്‍ എത്തണം.കാര്‍ മടക്കി കൊടുത്ത് അടുത്ത Shinkansen ല്‍ കേറി ടോക്യോയില്‍ എത്തണം.നാളെ ക്വില്റ്റ്‌ ഫെസ്റ്റിവല്‍.

ഫുജിസാന്‍ നെ മതിവരുവോളം കണ്ട സന്തോഷത്തില്‍ ഹരുക്കോ സാന്‍,ഇനിയും കാണാനുള്ള ആവേശത്തില്‍ ഞാന്‍,ഫുജിസാന്റെ ഭംഗിയുടെ 70%(??) എങ്കിലും കണ്ടല്ലോ എന്ന ആശ്വാസത്തില്‍ കേയ്കോ സാന്‍,shinkansen നു വേണ്ടിയുള്ള കാത്തിരിപ്പു തുടരുന്നു ഞങ്ങള്‍....

(ഓഫ്‌: ജപ്പാനില്‍ ആരെയും പേര് മാത്രമായി വിളിക്കാറില്ല...സാന്‍ എന്ന് കൂട്ടിയേ വിളിക്കൂ.. അതുകൊണ്ടാണ് ഞാന്‍ ഹരുക്കോ സാന്‍,കെയ്കോ സാന്‍ എന്ന് പറഞ്ഞിരിക്കുന്നത്.)