Tuesday, June 22, 2010

ജാപ്പനീസ് സ്കൂളും എന്റെ കുട്ടികളും

ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ള വിദ്യാഭ്യാസ രീതിയെ പറ്റിയും സിലബസ്സിനെ കുറിച്ചും ഒക്കെ ഒരുപാടു കാര്യങ്ങള്‍(നല്ലതും വിമര്‍ശനത്മകവും)
പലരില്‍ നിന്നും ഞാന്‍ കേള്‍ക്കാറുണ്ട് .പല ബ്ലോഗുകളിലും ചര്‍ച്ചകളും കണ്ടിട്ടുണ്ട്.അപ്പോഴൊക്കെ വിചാരിക്കും "ഈശ്വരാ ഭാഗ്യമോ
നിര്‍ഭാഗ്യമോ എന്റെ കുട്ടികള്‍ക്ക് ,ഇന്ത്യന്‍ രീതിയില്‍ വിദ്യാഭ്യാസം ലഭികാത്തത്??"ചില സമയത്ത് നിര്‍ഭാഗ്യം എന്ന് തോന്നാറുണ്ടെങ്കിലും ഭൂരിഭാഗം സമയവും അങ്ങനെ അല്ല.

എന്റെ മകള്‍ക്ക് രണ്ടര വയസുള്ളപ്പോഴാണ് ഞങ്ങള്‍ ആദ്യമായി ജപ്പാനില്‍ എത്തുന്നത്‌. ജാപ്പനീസ് ഒരു വാക്ക് പോലും അറിയാതെ ഇവിടെ വന്നിറങ്ങിയപ്പോള്‍ മനസ്സിലെ ചിന്ത,കൂടിപ്പോയാല്‍ മൂന്നു വര്‍ഷങ്ങള്‍ ഇവിടെ, നന്നു(എന്റെ മകള്‍) ഒന്നാം ക്ലാസ്സില്‍ ആകുമ്പോഴേക്കും തിരിച്ചു ഇന്ത്യയില്‍ പോകണം എന്നതായിരുന്നു.അവള്‍ കിന്റ്റെര്‍ഗാര്‍ട്ടെനില്‍ പോകുവാന്‍ തുടങ്ങി. അവളാദ്യമായി ജപ്പാനീസ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു.കൊച്ചു വേറെ ഒരു ഭാഷ എത്ര വേഗം പഠിക്കുന്നു എന്ന് അഹങ്കരിച്ചു.(പിന്നെ അല്ലെ മനസ്സിലായത് ഇവള്‍ മാത്രം അല്ല എല്ലാ കുട്ടികളും അങ്ങനെ തന്നെ ആണ് എന്ന്!!!) മൂന്നു വര്‍ഷങ്ങള്‍ മൂന്നു നിമിഷങ്ങളെ പോലെ കഴിഞ്ഞു പോയി. ജോലിതിരക്കിലായ മനു ഇന്ത്യയിലേക്ക് പോകുന്ന കാര്യം ആലോചിച്ചതെ ഇല്ല
അതിനിടയില്‍ മോന്‍ ജനിച്ചു,മോളു ഒന്നാം ക്ലാസ്സില്‍ ആയി,ഞാന്‍ കുറെയൊക്കെ ജപ്പാനീസ് പഠിച്ചു.അങ്ങനെ അങ്ങനെ ഇവിടുത്തെ ജീവിതവും ആയി പൊരുത്തപെട്ടു.(ജപ്പാനീസ് പഠിച്ച കാര്യം പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്‌ ,അത് ആരായാലും പഠിച്ചു പോകും കേട്ടോ ....കാരണം മറ്റൊരു ഭാഷയും ഇവിടെ നമ്മളെ രക്ഷിക്കാന്‍ വരില്ല).
കിന്റ്റെര്‍ഗാര്‍ട്ടെനിലെ അവസാന വര്‍ഷം തുടങ്ങി ആറു മാസം ആകുമ്പോള്‍ തന്നെ ആ കുട്ടികളെ ഒന്നാം ക്ലാസ്സില്‍ ചേര്‍ക്കേണ്ട പരിപാടികള്‍
ഗവണ്മെന്റ് തുടങ്ങി കഴിയും..നമ്മളല്ല കേട്ടോ... ഗവണ്മെന്റ്....കിന്റ്റെര്‍ഗാര്‍ട്ടെനില്‍ നിന്നും സ്കൂള്‍ കൊണ്ടുപോയി കാണിക്കല്‍ ആദ്യപടി.ഞങ്ങള്‍ താമസിക്കുന്നത് കണ്‍ട്രി സൈഡ്
ലെ ഒരു ചെറിയ ടൌണില്‍ ആയതു കൊണ്ട് ഇവിടെ ആകെ ഒരു എലെമെന്ററി സ്കൂള്‍, ഒരു ജൂനിയര്‍ ഹൈ സ്കൂള്‍, പിന്നെ ഒരു ഹൈ സ്കൂള്‍... ഇത്രയും ആണ്
ഉള്ളത്.അതതു ഏരിയയില്‍ താമസികുന്നവര്‍ അതതു സ്കൂളില്‍ കുട്ടികളെ ചേര്‍ക്കണം എന്ന് നിയമം ഉണ്ട് ഇവിടെ....അല്ലാതെ താമസം ഒരിടത്ത്....സ്കൂള്‍ പത്തു കിലോമീറ്റര്‍
മാറി... ആ പരിപാടി നടപ്പില്ല.
അങ്ങനെ നന്നു ആദ്യമായി സ്കൂള്‍ കാണാന്‍ പോയി....പിന്നെ ഒരു ദിവസം സ്കൂളില്‍ നിന്ന് രക്ഷിതാക്കളെ സ്കൂള്‍ കാണാന്‍ ക്ഷണിച്ചു കൊണ്ടുള്ള ഒരു കത്ത് വന്നു.
നിര്‍ദിഷ്ട ദിവസം ഞാന്‍ പോയി,എന്നെ പോലെ ഒന്നാം ക്ലാസ്സില്‍ ചേരാന്‍ പോകുന്ന ഒരുപാടു കുട്ടികളുടെ അമ്മമാരും.അവരില്‍ ,ആ എലെമെന്ററി സ്കൂളില്‍ തന്നെ
പഠിച്ചവരും ധാരാളം.സ്കൂള്‍ വിശദമായി കണ്ടു,സ്വിമ്മിംഗ് പൂള്‍ അടക്കം എല്ലാ സൌകര്യങ്ങളും ഉള്ള സ്കൂള്‍.
പിന്നെ മെഡിക്കല്‍ ചെക്ക്‌അപ്പിനും യുണിഫോം അളവ് എടുക്കാനും വേറെ ഒരു ദിവസം.. അന്ന് കുട്ടികളുടെ വാക്സിനെഷന്‍ ചെക്കും നടന്നു....
അങ്ങനെ അവസാനം സ്കൂള്‍ തുറക്കുന്നതിനു ഒരു മാസം മുന്‍പ് ഗവണ്മെന്റ് ല്‍ നിന്നും ഒരു കത്ത്..."നിങ്ങളുടെ കുട്ടിയുടെ സ്കൂള്‍ തുറക്കുന്ന ദിവസം ഏപ്രില്‍ ഏഴ് ആണ് ,സമയം രാവിലെ 8:45.പരിപാടിയില്‍ പങ്കെടുക്കാന്‍ ദയവായി വരിക" എന്ന്.....
നമ്മുക്കെന്താ പ്രശ്നം ....ക്ഷണം കിട്ടിയത് അല്ലെ.....ഞങള്‍ സസന്തോഷം പോയി...വളരെ ഔപചാരികമായ ഒരു പരിപാടി ആണ് അത്...അമ്മമാര്‍ എല്ലാം കിമോണ
എന്നാ ജാപ്പനീസ് പരമ്പരാഗത വേഷവും അച്ഛന്മാര്‍ ഫോര്‍മല്‍ സൂട്ടും.അതുകൊണ്ട് ഞാന്‍ ഇന്ത്യന്‍ പരമ്പരാഗത വേഷം ആയ നമ്മുടെ സ്വന്തം സാരിയിലും മനു സൂട്ടിലും
ആണ് പോയത്.(ഏപ്രില്‍ ലെ തണുപ്പില്‍ സാരി ഉടുത്തു പോയി വിവരം അറിഞ്ഞു എന്നത് വേറെ കാര്യം.)
ജപ്പാനീസ് നെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ ഫങഷന്‍ ആണ്.ഇത് തന്നെ കുട്ടികള്‍ ജൂനിയര്‍ ഹൈ സ്കൂളില്‍ ആദ്യ വര്‍ഷം ആകുമ്പോഴും ഹൈ സ്കൂളില്‍
ആദ്യ വര്‍ഷം ആകുമ്പോഴും.
ആദ്യ ദിവസത്തെ പരിപാടി കഴിഞ്ഞു പുസ്തകങ്ങളും ഒക്കെ ആയി ഞങള്‍ മടങ്ങി......പിറ്റേന്ന് മുതല്‍ കുട്ടികള്‍ തന്നത്താന്‍ നടന്നു സ്കൂളില്‍ പോകാന്‍ തുടങ്ങും.
അന്ന് വരെ കിന്റെര്‍ഗാര്‍ട്ടെനില്‍ കാറില്‍ കൊണ്ട് വിട്ടിരുന്ന കുട്ടികളെ ഒന്നാം ക്ലാസ്സ്‌ മുതല്‍ തന്നെ വിടണം. സ്കൂളിന് രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ വീട് ഉള്ളവര്‍ തീര്‍ച്ചയായും
നടന്നു തന്നെ പോകണം.അതില്‍ കൂടുതല്‍ ദൂരം ഉള്ളവര്‍ സ്കൂള്‍ ബസില്‍.ആദ്യത്തെ ഒരാഴ്ച അടുത്ത് വീടുകളില്‍ ഉയര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ ഉണ്ടെങ്കില്‍
അവരുടെ കൂടെ പോകണം.അതും നേരത്തെ തന്നെ സ്കൂളില്‍ നിന്നും അറേഞ്ച് ചെയ്യും.ഒരാഴ്ച കഴിഞ്ഞാല്‍ പിന്നെ ഒരുമിച്ചോ,കൂട്ടുകൂടിയോ,ഒറ്റയ്ക്കോ... ഇഷ്ടം പോലെ.
മഴയായാലും മഞ്ഞായാലും വെയിലായാലും നടപ്പ് തന്നെ നടപ്പ്.....നന്നു ആദ്യമായി ഒറ്റയ്ക്ക് പോയപ്പോള്‍ ഞാന്‍ പകുതി വഴി കൂടെ പോയി... പേടിച്ചിട്ടു... കൊച്ചിന് വഴി തെറ്റുമോ ....?
പിന്നെ പിന്നെ ശീലമായി.ഇപ്പോള്‍ എന്റെ മകനും ഈ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒന്നാം ക്ലാസ്സില്‍ ആയി....
സ്കൂളില്‍ നിന്നും വരുമ്പോള്‍ ചിലപ്പോള്‍ കുറെ പൂക്കളും ആയി വരും..അമ്മയ്ക്ക് ... എന്നും പറഞ്ഞു... വഴിയോരത്ത്
നില്‍ക്കുന്നതാണ് ... ഇതൊക്കെ കാണുമ്പോള്‍ ഞാന്‍ എന്റെ കുട്ടിക്കാലം ഓര്‍ത്തുപോകും....പെരുമഴയത്തു നടന്നും ഓടിയും കൂട്ടുകാരോടൊത്ത് പോയിരുന്നത്....
കളിച്ചു നടന്നു നേരം വൈകി വീടെത്തിയാല്‍ അമ്മയുടെ കണ്ണുരുട്ടല്‍.... ഇന്ന്, എന്റെ തലമുറയില്‍ പെട്ട മിക്കവാറും ആളുകള്‍ പറയുന്ന പരാതികളില്‍ ഒന്ന്‌ ,
ഇപ്പോഴത്തെ കുട്ടികള്‍ക്ക് നല്ല ബാല്യം ഇല്ല എന്നതാണ് . സ്കൂള്‍, റ്റ്യൂഷന്‍, ഹോംവര്‍ക്ക്‌....ഇതല്ലാതെ അവരൊന്നും നമ്മുടെ കാലത്തേ പോലെ ബാല്യം
ആസ്വദിക്കുന്നില്ല എന്ന്..
എനിക്ക് പക്ഷെ വളരെ സമാധാനത്തോടെ പറയാന്‍ കഴിയും ... എന്റെ കുട്ടികള്‍ക്ക് അങ്ങനെ ഒരു നഷ്ടബോധത്തിന്റെ സാധ്യത ഇല്ല എന്ന്.... പൂച്ചയോടും പട്ടിയോടും,
വഴിയരുകിലെ പൂക്കളോടും ,വഴിയില്‍ കാണുന്ന അപ്പൂപ്പനോടും അമ്മുമ്മയോടും കിന്നാരം പറയാനും സ്കൂളില്‍ താമസിച്ചു ചെന്ന് ടീച്ചറുടെ വഴക്ക് കേള്‍ക്കാനും,
തിരിച്ചു വീട്ടിലെത്തുമ്പോള്‍ അമ്മയുടെ കണ്ണുരുട്ടല്‍ കാണാനും അവര്‍ക്ക് അവസരം ഉണ്ട്.....( കണ്ണുരുട്ടല്‍ നടത്താന്‍ ഞാനും മടിക്കാറില്ല.... )

ഈ സ്കൂളില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ ,സ്കൂളിന്റെ വകയായി ഉള്ള പാടത്തു നെല്‍കൃഷി ചെയ്യും....കൃഷിയുടെ ഓരോ ഘട്ടത്തിലും അവര്‍ പണിയെടുക്കും....
ഞാറു നടുന്നത് മുതല്‍ കൊയ്ത്തു വരെ.... എന്നിട്ട് ആ അരി കൊണ്ട് ഉച്ചഭക്ഷണത്തിന്റെ ചോറ് ഉണ്ടാക്കും.പാടത്തു തവളയെ കണ്ടു ചാടി ഓടിയ കാര്യം
നന്നു പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.നാലാം ക്ലാസ്സിലെ കുട്ടികള്ക് സ്കൂളിലെ പച്ചക്കറിത്തോട്ടം.......എല്ലാ ദിവസവും രാവിലെ ഊഴമനുസരിച്ചു കുട്ടികളും ടീച്ചര്‍മാരും കൂടി തോട്ടം നനയ്ക്കുന്നത് ഞാനും മനുവും കൂടി ഒഫ്ഫിസ്‌ിലെക് പോകുമ്പോള്‍ എന്നും കാണുന്ന കാഴ്ച.ഒന്നും രണ്ടും മൂന്നും ക്ലാസ്സിലെ കുട്ടികള്‍ക്ക് അവരവരുടെ ക്ലാസ്സിന്റെ
വരാന്തയില്‍ തന്നെ സ്വന്തം പൂച്ചെടികള്‍ ഉണ്ട്.അതിനെ ശ്രദ്ധിക്കണം ,ക്ലാസ്സിലെ അക്വേറിയത്തിലെ മീനിന്റെ ഭക്ഷണം,മുയലിന്റെയും ഹാംസ്റ്റേര്‍ ന്റെയും തീറ്റ..
അങ്ങനെ ..അങ്ങനെ...
ഉച്ചയ്ക്ക് ഭക്ഷണം എല്ലാവര്ക്കും സ്കൂളില്‍ നിന്നാണു.അതും കുട്ടികള്‍ ഊഴം അനുസരിച്ച് വിളമ്പുകാര്‍ ആകും... അതിനുള്ള ഏപ്രന്‍ കഴുകി തേച്ചു നല്‍കേണ്ടത് അമ്മയുടെ ചുമതല .
ഭക്ഷണം കഴിച്ചു കളിയും കഴിഞ്ഞാല്‍ പതിനഞ്ചു മിനിറ്റ് സ്കൂള്‍ വൃത്തിയാക്കല്‍ ആണ് എല്ലാ ദിവസവും....ഓരോ കുട്ടിക്കും ഓരോ സ്ഥലം പതിച്ചു നല്‍കിയിട്ടുണ്ട്.എല്ലാ മാസവും
അത് മാറി കൊണ്ടിരിക്കും.
ടോയ്ലെറ്റ് അടക്കം എല്ലാം കുട്ടികള്‍ തന്നെ വൃത്തിയാക്കണം.എല്ലാ ദിവസവും ചെയ്യുമ്പോള്‍ അത്ര ശുഷ്കാന്തിയോടെ ചെയ്തില്ലെങ്കിലും വൃത്തിയായി കിടക്കും.....ഇതൊക്കെ കഴിഞ്ഞു ബാക്കി ഉള്ള സമയത്തിന്റെ പകുതി പഠിപ്പ്,പകുതി സ്പോര്‍ട്സ്‌.ഒരു തനി മലയാളി അമ്മ അയ എനിക്ക് ആദ്യമൊക്കെ സംശയമായിരുന്നു... ഈ
രീതിയില്‍ ആണ് പഠിപ്പെങ്കില്‍ എന്റെ കുട്ടികള്‍ എന്താവും എന്ന്...പക്ഷെ ഇപ്പോള്‍ ഇന്ത്യയിലെ സിലബസ് ഭാരത്തെക്കുറിച്ചും, കുട്ടികളുടെ കഷ്ടപാടും ഒക്കെ
കേള്‍ക്കുമ്പോള്‍ ഇത്രയും ബുദ്ധിമുട്ട് ഇവിടെ ഇല്ലാലോ എന്ന് ഓര്‍ക്കും.ഇവിടെ കുട്ടികള്‍ ആസ്വദിച്ചാണ് സ്കൂളില്‍ പോകുന്നത്.
ഇതിനെല്ലാം പുറമേ ഈ എല്ലാ സൌകര്യങ്ങളും,പാഠപുസ്തകങ്ങള്‍ അടക്കം ,സൌജന്യം ആണ്.അതെ..ജപ്പാനില്‍ സ്കൂള്‍ വിദ്യാഭ്യാസം സൌജന്യം ആണ്.

പക്ഷെ ഇതിനൊരു മറുവശം ഉണ്ട്,നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ച്. ഇത്ര നല്ല സ്കൂള്‍ ആണെങ്കിലും,എല്ലാ പഠിപ്പും ജാപ്പനീസ് ല്‍ മാത്രം.ഇംഗ്ലീഷ് ഒരു
പ്രശ്നമേ അല്ല ഇവിടെ.ഈ കാര്യത്തിലും ഞാന്‍ ഒരുപാടു വിഷമിച്ചിട്ടുണ്ട്,ഇംഗ്ലീഷ് അറിയാതെ എന്റെ കുട്ടികള്‍ എന്ത് ചെയ്യും എന്ന്.നാട്ടില്‍ പോകുമ്പോള്‍ ഒക്കെ
എല്ലാവരുടെയും പഴി കേള്‍ക്കും...ജപ്പാന്‍ ഇത്ര ഡവലപ്പ്ട് കണ്‍ട്രി ആണെങ്കിലും ഇംഗ്ലീഷ് ഇല്ലാതെ എന്ത് പ്രയോജനം നമ്മുക്ക് എന്ന് എല്ലാവരും,ബന്ധുക്കളും
സുഹൃത്തുക്കളും അടക്കം എന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ ഞാനും അവര് പറയുന്നത് ശരിയാണല്ലോ ... ഇംഗ്ലീഷ് ഇല്ലെങ്കില്‍ എന്റെ കുട്ടികള്‍ എങ്ങനെ ജീവിക്കും..
അവര്‍ക്ക് ശ്വാസം മുട്ടില്ലേ ഈ ഇംഗ്ലീഷ് ലോകത്തില്‍ ... എന്നൊക്കെ പേടിച്ചിരുന്നു....അന്ന് ഒരിക്കല്‍ വളരെ വിലപ്പെട്ട ഒരു ഉപദേശം എനിക്ക് എന്റെ അമ്മയില്‍
നിന്നും കിട്ടി. "ഏതു ഭാഷ പഠിച്ചാലും അറിവ് ഉണ്ടായാല്‍ മതി...ഏതു ഭാഷക്കും അതിന്റെതായ മഹത്വം ഉണ്ട്"... ഇതായിരുന്നു ആ ഉപദേശം.അതില്‍ പിന്നെ എന്റെ വിഷമങ്ങള്‍ കുറഞ്ഞു.പിന്നെ ഞാന്‍ സാവധാനം ആലോചിക്കാന്‍ തുടങ്ങി...ഞാന്‍ പഠിച്ചത് മലയാളം മീഡിയം സ്കൂളില്‍,അന്ന്,നാലാം ക്ലാസ്സില്‍ വച്ചാണ് ആദ്യമായി ABCD പഠിക്കുന്നത്.
പിന്നെ പത്താം ക്ലാസ്സ്‌ വരെ ഒരു സബ്ജെക്റ്റ്‌ ആയി ഇംഗ്ലീഷ് പഠിച്ചു.പ്രീഡിഗ്രീക്ക് കോളേജില്‍ ചേര്‍ന്നപ്പോള്‍ ആണ് ഇംഗ്ലീഷ് കാര്യമായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
എന്നിട്ടും സംസാരിക്കാന്‍ തുടങ്ങിയത് കല്യാണം കഴിഞ്ഞു പൂനെയില്‍ ചെന്നതില്‍ പിന്നെ...ആ ഞാന്‍ ഇപ്പോള്‍ ജാപ്പനീസ്-ഇംഗ്ലീഷ് ട്രാന്‍സ്ലേററര്‍ ആയി ജോലി ചെയ്യാറുണ്ട്
എന്ന് ഓര്‍ത്തപ്പോള്‍, വളരെ നന്നായി ജാപനീസും,നന്നായി മലയാളവും ഒരു വിധം തെറ്റില്ലാതെ ഇംഗ്ലീഷും സംസാരിക്കുന്ന എന്റെ മകളെ കുറിച്ച് എന്തിനു വിഷമികണം??
നന്നുവും ഒന്നാം ക്ലാസ്സ്‌ മുതല്‍ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്,ഒരു സബ്ജെക്റ്റ്‌ ആയി. ഇപ്പോള്‍ ജൂനിയര്‍ ഹൈ സ്കൂള്‍ ഒന്നാം വര്‍ഷം(നമ്മുടെ ഏഴാം ക്ലാസ്സ്‌... അത്രേ ഉള്ളു)
ആയപ്പോള്‍ ഒരുവിധം നന്നായി സംസാരിക്കും,നന്നായി വായിക്കും, എഴുതും ഇംഗ്ലീഷില്‍.അതുപോരെ??

പക്ഷെ ഇന്ത്യക്കാരുടെ മാത്രമായ ആ ഒരു അപകര്‍ഷതാബോധം അവള്‍ക്കും ഉണ്ട്,നാട്ടില്‍ ചെല്ലുമ്പോള്‍ മാത്രം...
സമപ്രായക്കാരായ അവള്‍ടെ കസിന്‍സ് ഒക്കെ "അയ്യോ.. നന്നുനു ഇംഗ്ലീഷ് അറിയില്ല അല്ലെ.... " എന്ന മട്ടില്‍ സംസാരിക്കുമ്പോള്‍ അല്ലെങ്കില്‍ അവര്‍ സംസാരിക്കുന്ന സ്പീഡിലും ഇന്ത്യന്‍ ആക്സെന്ടിലും അവള്‍ക് കഴിയാതെ ആകുമ്പോള്‍ വിഷമം....
പക്ഷെ ജപ്പാനില്‍ തിരിച്ചെത്തിയാല്‍ എല്ലാം മറക്കും...ഇവിടുത്തെ ദിനചര്യകളിലേക്ക് ഊളിയിടും....സ്കൂള്‍, അത് കഴിഞ്ഞാല്‍ സ്കൂള്‍ ക്ലബ്‌ പരിപാടികള്‍,ശനിയും
ഞായറും അടക്കം പ്രക്ടിസുകള്‍ ,മ്യൂസിക്‌ ബാന്‍ഡ് കോമ്പറ്റിഷന്‍ അങ്ങനെ പോകും......
ഇനി നിങ്ങള്‍ പറയു..... എന്റെ കുട്ടികള്‍ ഇന്ത്യന്‍ സിലബസില്‍ പഠിക്കാത്തത് ഭാഗ്യമോ നിര്‍ഭാഗ്യമോ???

Friday, June 18, 2010

ഇൻ‌ഡ്യ എന്നാൽ.....??????

ഈ അടുത്ത ദിവസം എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോകേണ്ടി വന്നു എനിക്കു.... തയ്യലിൽ ഉള്ള ചില സംശയങ്ങൾ തീർക്കാൻ വേണ്ടി ആയിരുന്നു ആ സന്ദർശനം.അവിടെ എന്റെ സുഹൃത്തിന്റെ മകൾ ഉണ്ടായിരുന്നു.ഒരുപാടു നാളുകൾക്കു ശേഷം ആണു ഞാൻ ആ കുട്ടിയെ കാണുന്നത്‌.അവൾക്കും എന്നെ കാണുന്നതു സന്തോഷം ആണു.. കാണുമ്പൊൾ എല്ലാം അവളുടെ ഇംഗ്ലീഷ്‌ എന്റെ മേൽ പരീക്ഷിക്കാൻ അവൾക്കു അവസരം കിട്ടും എന്നതു തന്നെ കാരണം.
ജൂനിയർ ഹൈസ്കൂൽ ഒരു വർ‌ഷം ആ കുട്ടി അമേരിക്കയിൽ ആയിരുന്നു പഠിച്ഛിരുന്നതു.അതുകൊണ്ടു,സാധാരണ കാണുന്ന ജാപനീസ് ഇംഗ്ലിഷ് അല്ല ആ കുട്ടിയുടെത്.എന്നിട്ടും കാണുമ്പോൾ‌ എല്ലാം ഞങളുടെ സംസാരം ആദ്യം ഇംഗ്ലിഷിലും പിന്നെ പിന്നെ ജാപനീസിലും ആയിരുന്നു......
ചിക എന്നാണു ആ പെൺകുട്ടിയുടെ പേരു. അന്നും പതിവു പോലെ തയ്യലിനെ കുറിച്ചും ബാഗ് ഏതൊക്കെ വിധത്തിൽ‌ ഉണ്ടാക്കാം എന്നൊക്കെ ഞങ്ങൽ ചർച്ച ചെയ്തു.അതു കഴിഞു ചായ കുടിച്ചു ഞാൻ‌ യാത്ര പറഞപ്പോൾ‌ ചിക പെട്ടെന്നു എന്നോടു ഒരു കാര്യം ചോദിക്കാൻ മറന്നു പോയി എന്നു പറഞ്ഞു... എന്താണു കാര്യം എന്ന എന്റെ ചോദ്യത്തിനു മറുപടി ആയി ആ കുട്ടി കഴിഞ്ഞ ദിവസം കണ്ട "Slum dog Millionaire " എന്ന മൂവിയെ കുറിച്ചു പറഞ്ഞൂ.... എന്നിട്ടു എന്നോടൊരു ചോദ്യവും..... ഇൻഡ്യ എന്നാൽ‌ അങ്ങനെ ആണൊ???? ഒരു നിമിഷം എന്തു പറയണം എന്നായിപ്പോയി ഞാൻ‌.പിന്നെ പറഞ്ഞതു ഇങ്ങനെ.. ”മൂവി ആയതുകൊണ്ടു കുറച്ചു Exaggeration കാണും... എന്നാലും ഇൻഡ്യയിൽ‌ ചേരികൽ ഉണ്ട്.കുറെയൊക്കെ ഇൻഡ്യൻ ലൈഫ് തന്നെ ആണു അതു.” ഞാൻ‌ പറഞ്ഞതിൽ‌ തെറ്റുണ്ടോ??? അല്ലെങ്കിൽ ..എങ്ങനെ ആണു ഈ ഒരു ചോദ്യത്തിനു ഉത്തരം പറയെണ്ടതു????

സ്വപ്നസക്ഷാൽക്കാരം

ഒരുപാടു ബ്ലോഗുകൾ വായിക്കാറുണ്ടു ഞാൻ പതിവായി...ഇടയിൽ എപ്പൊഴൊ എനിക്കും എന്തെങ്കിലും എഴുതണം എന്നു തോന്നി തുടങ്ങി... പക്ഷെ കുറച്ചെങ്കിലും സാഹിത്യവാസന വേണ്ടെ അതിനു?? അതുകൊണ്ടു വായന മാത്രം തുടർന്നു കൊണ്ടിരുന്നു....അയ്യോ ...അതിനു അർത്ഥം ഇപ്പൊ ആ വാസന വന്നു എന്നല്ലട്ടൊ.... ഇപ്പൊഴും ഞാൻ പഴയ ഞാൻ തന്നെ....
ബ്ലോഗ്‌ തുടങ്ങാം എന്ന ആത്മവിശ്വാസം വന്നതിനു കാരണം നിരക്ഷരനും പിന്നെ എന്റെ ആത്മമിത്രമായ സിയയും ആണു.രണ്ടുപെരൊടും ഞാൻ കടപ്പെട്ടിരിക്കുന്നു.Thanks a Lot...
കുറച്ചു ഫോട്ടോസ്‌ ഒക്കെ എടുത്തു വച്ചു, കുട്ടികളുടെ തല്ലുകൊള്ളിത്തരങ്ങൾ ഇത്തിരി ഡോസു കൂട്ടി വിളംബിയാൽ ഒരു പോസ്റ്റിനുള്ള വക ആകും എന്ന കടുത്ത ആത്മവിശ്വാസത്തിൽ ഞാൻ വല്ലപ്പോഴും ഒരു പോസ്റ്റ്‌ ഒക്കെ ഇടും കെട്ടൊ... എല്ലാവരും സഹിക്കാനും ക്ഷമിക്കാനും കഴിവുള്ളവർ ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു...