Saturday, June 18, 2011

ജപ്പാനീസ് സ്കൂളും ഞാനും

ഒരു വര്‍ഷം മുന്‍പ് ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ എഴുതിയ പോസ്റ്റുകളില്‍ ഒന്ന് എന്റെ മക്കള്‍ പഠിക്കുന്ന സ്കൂളിനെ കുറിച്ചുള്ളതായിരുന്നു. ഇവിടുത്തെ വിദ്യഭ്യസരീതിയിലെ വളരെ ചെറിയ ഒരംശം മാത്രമേ വിവരിച്ചുള്ളൂ അതില്‍.എന്നിട്ട് പോലും ഒരുപാട് പേര്‍ ഈ സ്കൂളിന്റെ രീതിയില്‍ ആകൃഷ്ടരായി കമന്റുകള്‍ എഴുതി.വളരെ കുറച്ചു പേര്‍,ഇംഗ്ലീഷിനു ജപ്പാന്‍കാര്‍ കൊടുക്കാത്ത പ്രാധാന്യത്തെ ഒരു കുറവായി കണ്ടു.ജപ്പാനെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് ഒരു അത്യാവശ്യമല്ല.അത് പുറത്തുള്ളവര്‍ക്ക്,പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.ഇവിടെ വര്‍ഷങ്ങളായി ഉള്ളത് കൊണ്ട് കുറച്ചൊക്കെ എനിക്കറിയാം എന്തുകൊണ്ടാണ് ഇംഗ്ലീഷ് ഇവര്‍ക്ക് പ്രധാനമല്ലാത്തത് എന്ന്.ഇലട്രോണിക് സാധനങ്ങള്‍ക്ക് പേര് കേട്ടതാണല്ലോ ജപ്പാന്‍.മിക്കതും ജപ്പാനിലും അമേരിക്കയിലും ഇറങ്ങിയ ശേഷമേ ബാക്കി രാജ്യങ്ങളില്‍ കിട്ടാറുള്ളൂ.എല്ലാത്തിന്റെയും മാന്വല്‍ അടക്കം എല്ലാം ജപനീസില്‍ ആയിരിക്കും.എന്തിന്,ഒരു ഇംഗ്ലീഷ് മൂവി റിലീസ് ആയാല്‍ അന്ന് തന്നെ ഇവിടെ റിലീസ്‌ ആവുന്നത് ജാപനീസില്‍ മൊഴിമാറ്റി ആയിരിക്കും.പിന്നെ എന്തിന് ഇവര്‍ ഇംഗ്ലീഷ് നെ കുറിച്ച് വേവലാതിപ്പെടണം?എല്ലാം ഒരു പ്രയസവുമില്ലാതെ അവരവരുടെ ഭാഷയില്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍ എന്തിന് കഷ്ടപ്പെട്ട് മറ്റൊരു ഭാഷ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവിടുത്തുകാരുടെ കാഴ്ചപ്പാട്.സ്വന്തം ഭാഷയെക്കള്‍ വലുതല്ല മറ്റൊന്നും എന്ന് അടിയുറച്ചു വിശ്വസിക്കുന്നവര്‍ ആണ് ജപ്പാന്‍കാര്‍.എവിടെപോയാലും ,ഏതു രാജ്യത്തു താമസിച്ചാലും ഒരു ജപ്പാന്‍കാരന്‍ മക്കളെ ജപ്പാനീസ് പഠിപ്പിച്ചിരിക്കും എന്നത് നൂറു ശതമാനം സത്യമാണ്.നമ്മുക്കത് ശെരിയും തെറ്റുമാവാം.

ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല കേട്ടോ,ജാപ്പനീസ് സ്കൂളിനെ കുറിച്ചാണ്.എന്റെ മകന്‍ ഇപ്പോള്‍ എലെമെന്റരി സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ ആണ്.ഇവിടുത്തെ പഠനരീതി വളരെ വ്യത്യസ്തമാണ്.മുഴുവന്‍ സമയവും കുട്ടികളെ ക്ലാസ്സ്‌ റൂമില്‍ തന്നെ ഇരുത്തി പഠിപ്പിക്കുകയല്ല ചെയ്യുന്നത്.രാവിലെ 8:10 നു തുടങ്ങുന്ന സ്കൂള്‍ മിക്കവാറും ദിവസം അവസാനിക്കുന്നത്‌ 3 മണിക്കാണ്.ചില ദിവസങ്ങളില്‍ നാല് മണിയാകും.ഈ ഏഴോ എട്ടോ മണിക്കൂറില്‍ ,ക്ലാസ്സ്‌റൂമില്‍ ഇരുന്നുള്ള പഠനം മിക്കവാറും മൂന്നു മണിക്കൂര്‍ ആണ്.ബാക്കി സമയം പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.രക്ഷിതാക്കളും സ്കൂളും ആയി വളരെ അടുത്ത ബന്ധം ആണുള്ളത്.പിടിഎ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.എല്ലാ വെള്ളിയാഴ്ചയും രാത്രി 7മണി മുതല്‍ 8:30 വരെ പിടിഎ മീറ്റിംഗ് ഉണ്ട് സ്കൂളില്‍.ചുരുക്കി പറഞ്ഞാല്‍ സ്കൂള്‍ വെറുമൊരു സ്കൂള്‍ മാത്രമല്ല,ദൈനംദിന ജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുള്ള ഒരു സ്ഥാപനം ആണ്.

കഴിഞ്ഞ ആഴ്ചയില്‍ രണ്ടാം ക്ലാസ്സുകാര്‍ക്കായി നടത്തിയ ഒരു പരിപാടി എന്നെ ഒരുപാട് ആകര്‍ഷിച്ചു.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ നിന്നും ഒരു പേപ്പര്‍ കൊണ്ട് വന്നു കണ്ണന്‍.ഞങ്ങളുടെ ഈ ഗ്രാമത്തിലെ പബ്ലിക് ലൈബ്രറി,സ്പോര്‍ട്സ്‌ സെന്റെര്‍,കുട്ടികളുടെ പാര്‍ക്ക്‌,ബോട്ടാണിക്കല്‍ ഗാര്‍ഡന്‍,ടോഫു ഉണ്ടാക്കുന്ന ഒരു കട,കള്‍ച്ചറല്‍ സെന്റെര്‍,എന്നിവയില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്തു മൂന്നോ നാലോ കുട്ടികള്‍ ചേര്‍ന്ന ഗ്രൂപ്പ്‌ ആയി അവിടെ പോയി(നടന്നു തന്നെ എന്ന് പ്രത്യേകം പറയണ്ടല്ലോ!) അവിടെയുള്ള ചുമതലപെട്ട ആളെ കണ്ടു വിവരങ്ങള്‍ ശേഖരിക്കുക.ഇതായിരുന്നു ആ പേപ്പര്‍ ന്റെ ഉള്ളടക്കം.ആകെ നാല് ക്ലാസ്സുകളില്‍ ആയി 120 കുട്ടികള്‍ ആണ് ഉള്ളത് രണ്ടാം ക്ലാസ്സില്‍.നാല് ടീച്ചര്‍സ് അല്ലെ ഉള്ളൂ നാല് ക്ലാസ്സുകളിലും ആയി.അതുകൊണ്ട് പറ്റാവുന്ന അമ്മമാര്‍ (അച്ഛന്മാരോ,മുത്തശ്ശനോ,മുത്തശ്ശിയോ,ആര് വേണമെങ്കിലും ആവാം)വോളണ്ടിയര്‍ ആയി കുട്ടികളുടെ ഗ്രൂപ്പിന്റെ കൂടെ നടക്കണം.രണ്ടാം ക്ലാസ്സല്ലേ ആയുള്ളൂ,എല്ലാം തൊട്ടടുത്ത സ്ഥലങ്ങള്‍ ആണെങ്കിലും കുട്ടികളെ തന്നെ വിടാന്‍ ടീച്ചര്‍ഴ്സ് നു വിഷമം.എല്ലാ ഗ്രൂപ്പിലും കുട്ടികളില്‍ നിന്ന് തന്നെ ഒരു ലീഡറും സെക്കന്റ്‌ ലീഡറും ഉണ്ട്.കണ്ണന്റെ ഗ്രൂപ്പില്‍ അവനായിരുന്നു ലീഡര്‍.അമ്മ,വോളണ്ടിയര്‍ ആകാമോ എന്ന് ചോദിച്ചു വന്നു അവന്‍.വെയിലത്ത്‌ നടക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ കുറച്ചു വിഷമം തോന്നിയെങ്കിലും ഞാന്‍ വരാം എന്ന് സമ്മതിച്ചു.

പരിപാടിയുടെ ദിവസം രാവിലെ 9:30 ആയപ്പോള്‍ ഞാന്‍ സ്കൂളില്‍ ചെന്നു.സ്കൂള്‍ മുറ്റത്ത്‌ തന്നെ രണ്ടാം ക്ലാസ്സിലെ കുട്ടികളെല്ലാം ഗ്രൂപ്പ്‌ തിരിഞ്ഞു വരി വരിയായി ഇരിക്കുന്നുണ്ട്.കണ്ണന്റെ ഗ്രൂപ്പിന്റെ അടുത്ത് ചെന്നു നിന്നു ഞാന്‍.എല്ലാവരും പോകേണ്ട വഴിയുടെ മാപ് ഒക്കെ പിടിച്ചു,വാട്ടര്‍ ബോട്ടിലും തോളത്തുതൂക്കി റെഡി ആയി.പെന്‍സില്‍ ബോക്സും എഴുതാനുള്ള പേപ്പറും അടങ്ങിയ ഒരു ഫയലും ഉണ്ട് തോളില്‍.ക്ലാസ്സില്‍ വച്ച് തന്നെ കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ടീച്ചര്‍മാര്‍ കൊടുത്തിരുന്നു.അമ്മമാര്‍ക്ക് കൂടെ പോകുന്ന ജോലിയെ ഉള്ളൂ.സിഗ്നല്‍ ക്രോസ് ചെയ്യുമ്പോഴൊക്കെ ഒരു ശ്രദ്ധ വേണം.അത്രേയുള്ളൂ.അങ്ങനെ ഓരോ ഗ്രൂപ്പായി നടക്കാന്‍ തുടങ്ങി.കണ്ണന്റെ ഗ്രൂപ്പ്‌ തിരഞ്ഞെടുത്തത് സ്പോര്‍ട്സ്‌ സെന്റര് ആയിരുന്നു.വേറെ ഡിവിഷനിലെ മറ്റൊരു ഗ്രൂപ്പും ഉണ്ടായിരുന്നു അവിടേക്ക്.ഏറ്റവും മുന്നില്‍ രണ്ടു ഗ്രൂപ്പിലെയും ലീഡര്‍ഴ്സ്,പുറകില്‍ മറ്റു കുട്ടികള്‍,ഏറ്റവും പുറകില്‍ സെക്കന്റ്‌ ലീഡര്‍ഴ്സ്.അതിനും പുറകിലായി ഞാനും മറ്റൊരു കുട്ടിയുടെ അമ്മയും.അടുത്ത് തന്നെ ആണ് സ്പോര്‍ട്സ്‌ സെന്റര്.സ്കൂളില്‍ നിന്നും കഷ്ടിച്ച് 700m ദൂരം കാണും.നടന്നു അവിടെ എത്തി,ജാപനീസിന്റെ തനത് ശൈലിയില്‍ ഉള്ള ഗ്രീറ്റിംഗ്സ് ഒക്കെ കഴിഞ്ഞു,അവിടെ ജോലി ചെയ്യുന്ന ഒരാള്‍ ഞങ്ങളുടെ കൂടെ വന്നു,കുട്ടികള്‍ക്ക് എല്ലാം കാണിച്ചു കൊടുക്കാന്‍.ആരും ആദ്യമായൊന്നും അല്ലാട്ടോ അവിടെ പോകുന്നത്.ആഴ്ചയില്‍ പലവട്ടം പോകുന്ന സ്ഥലമാണെങ്കിലും,കുട്ടികള്‍ അറിയാത്ത,കാണാത്ത പല ഭാഗങ്ങളും ഉണ്ട് ആ കെട്ടിടത്തില്‍.എല്ലാം ചുറ്റി നടന്നു കണ്ടു,പല പല സംശയങ്ങളും ചോദിച്ചു.ഉദാഹരണത്തിന് ,എന്നാണ് ഈ സ്പോര്‍ട്സ്‌ സെന്റര് നിര്‍മ്മിച്ചത്‌,ഇവിടെ എത്ര ആളുകള്‍ ജോലി ചെയ്യുന്നുണ്ട്,ഏതൊക്കെ സ്പോര്‍ട്സ്‌ ചെയ്യാന്‍ പറ്റും.... അങ്ങനെ അങ്ങനെ..കൂടെ ഉള്ള ആള്‍ എല്ലാം വിശദീകരിക്കുമ്പോള്‍ മെമ്മോ എഴുതിഎടുത്തു കുട്ടികള്‍.

ഒരു മണിക്കൂര്‍ ആയിരുന്നു സമയം.പോരുന്നതിനു മുന്‍പ് വീണ്ടും നന്ദി പ്രകടനം.അത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌.ജപ്പാന്‍കാരുടെ ഗ്രീറ്റിങ്ങ്സ് വളരെ പ്രശസ്തമാണ്.ഓരോ വാചകത്തിലും അവര്‍ ക്ഷമ ചോദിക്കും,എന്ത് പറഞ്ഞാലും നന്ദി പറയും,തല കുനിക്കും.ഫോണ്‍ ചെയ്താല്‍ പോലും തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം എന്ന് പറഞ്ഞെ തുടങ്ങുകയുള്ളൂ.അത് എത്ര അടുത്ത കൂട്ടുകാര്‍ ആണെങ്കിലും അങ്ങനെയാണ്.ഇപ്പോള്‍ കുറെ നാളായി ഇവിടെ താമസിക്കുന്നത് കാരണം ഞാനും നാഴികയ്ക്ക് നാല്‍പ്പതു വട്ടം ക്ഷമ പറയാനും നന്ദി പറയാനും പഠിച്ചു.
കുട്ടികളോട് ടീച്ചര്‍ നേരത്തെ പറഞ്ഞതനുസരിച്ച് വരിവരിയായി നിന്നു ലീഡര്‍ ഒരു ചെറിയ പ്രസംഗം ഒക്കെ നടത്തി വലിയൊരു നന്ദിയും പറഞ്ഞു തിരിച്ചു പോന്നു.കണ്ണന്റെ ക്ലാസ്സ്‌ ടീച്ചര്‍ ഇതിനിടയില്‍ ഒന്ന് വന്നിരുന്നു അവിടെ.പല കുട്ടികളും പല സ്ഥലത്തേക്ക് പോയത് കൊണ്ട് അവര്‍ സൈക്കിളില്‍ ഒരു പ്രദക്ഷിണം നടത്തി എല്ലായിടത്തും.

അങ്ങനെ ഞങ്ങള്‍ തിരിച്ചു സ്കൂളില്‍ എത്തി..

ബാക്കി ഗ്രൂപ്പുകളും എത്തിയിരുന്നു.വീണ്ടും ഒരിക്കല്‍ കൂടി കണ്ണന്റെ നേതൃത്വത്തില്‍ കുട്ടികള്‍ വന്നു,"ഇത്രയുംനേരം ഞങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചതില്‍ നന്ദി"എന്നൊക്കെ എന്നോട് പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി...ഞാന്‍ അവര്‍ പറഞ്ഞത് മലയാളത്തില്‍ ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ വല്ലാത്ത അപരിചിതത്വം തോന്നുമെന്കിലും ജാപനീസില്‍ അത് കേള്‍ക്കുമ്പോള്‍ അങ്ങനെ അല്ലാട്ടോ.... നമ്മുടെ ഭാഷയില്‍ ഇങ്ങനെ ഉപചാര വാക്കുകള്‍ അധികം നമ്മള്‍ ഉപയോഗിക്കാത്തത് കൊണ്ടാവും അപരിചിതമായി തോന്നുന്നത്.ജാപനീസില്‍ ഉപചാരവാക്കുകള്‍ വളരെ സ്വാഭാവികമാണ്.

ഇത്രയും പറഞ്ഞെങ്കിലും ഇതിനെക്കാളൊക്കെ എന്നെ ആകര്‍ഷിച്ചത് പിറ്റേ ദിവസം നടന്ന മറ്റൊരു സംഭവം ആണ്.പിറ്റേ ദിവസം വൈകുന്നേരം കണ്ണന്‍ സ്കൂളില്‍ നിന്നും വന്ന ഉടനെ അമ്മയ്ക്ക് ഒരു പ്രേസെന്റ്റ് ഉണ്ട് എന്ന് പറഞ്ഞു.എന്നിട്ട് സ്ക്രാപ്‌ ബുക്ക്‌ പോലെ എന്തോ ഒന്ന് എന്റെ കയ്യില്‍ തന്നു.കവറില്‍ തന്നെ വലിയ അക്ഷരത്തില്‍ "മനോജ്‌ സാന്‍,നന്ദി..."എന്നെഴുതിരുന്നു.തുറന്നു നോക്കിയപ്പോള്‍ ടീച്ചറുടെ വക ഒരു കുറിപ്പ്.അതും നന്ദി പ്രകടനം തന്നെ.അടുത്ത പേജില്‍ കണ്ണന്റെ ഗ്രൂപ്പില്‍ നടക്കാന്‍ ഉണ്ടായിരുന്ന ഒരു കുട്ടിയുടെ ലെറ്റര്‍.അവനും വിശദമായി നന്ദി രേഖപ്പെടുത്തിയിരിക്കുന്നു.രണ്ടാമത്തെ പേജില്‍ അടുത്ത കുട്ടിയുടെ വക,മൂന്നാമത്തെ പേജില്‍ കണ്ണന്റെയും.
എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി.എന്ത് ഭംഗിയായി കുട്ടികള്‍ അവരുടെ സന്ദേശം കൈമാറിയിരിക്കുന്നു.
ജാപനീസില്‍ എഴുതിയത് കൊണ്ട് ഞാന്‍ ഒന്ന് വിവര്‍ത്തനം ചെയ്യാം ഇവിടെ.


ഇത് കവര്‍ പേജ്...മനോജ്‌ സാന്‍ നന്ദി എന്നാണ് ഫോട്ടോയുടെ മുകളില്‍ എഴുതിയിരിക്കുന്നത്...


ഇത് ടീച്ചറുടെ...അവര് നന്ദി ഒരുപാട് പറഞ്ഞു കഴിഞ്ഞ്,കുട്ടികള്‍ എന്ജോയ്‌ ചെയ്ത കാര്യം ഒക്കെ പറഞ്ഞു,ഇനിയും എന്തെങ്കിലും ആവശ്യമുന്ടെന്കില്‍ സഹായിക്കണം എന്നൊക്കെ പറഞ്ഞു അവസാനിപ്പിച്ചിരിക്കുന്നു.


ഇത് മിനാമി ഷോദായ്‌ എന്ന കുട്ടിയുടെ.
ഡിയര്‍ മനോജ്‌ സാന്‍.. ഞാന്‍ മനോജ്‌ സാന്‍ ന്റെ കൂടെ സ്പോര്‍ട്സ്‌ സെന്റര് ന്റെ ഗാലറിയിലും,എയര്‍ കണ്ടിഷന്‍ വച്ചിരിക്കുന്ന മുറിയിലും ഒക്കെ പോയതും,വലിയ കണ്ണാടി കണ്ടു അതിന്റെ മുന്നില്‍ ഡാന്‍സ് കളിച്ചതും,അത് കണ്ടു എല്ലാവരും ചിരിച്ചതും ഒക്കെ നന്ദിയോടെ ഓര്‍ക്കുന്നു.ഫുകുനോ സ്പോര്‍ട്സ്‌ സെന്റെറില്‍ പോയ എല്ലാവരും എന്ജോയ്‌ ചെയ്തു എന്ന് വിശ്വസിക്കുന്നു.മനോജ്‌ സാനും സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്നു എന്ന് മനസ്സിലായത്‌ കൊണ്ട് ഞാനും സന്തോഷത്തോടെ ആണ് അവിടെ പോയത്.ഞങ്ങളുടെ കൂടെ വന്നതില്‍ ഒരുപാട് സന്തോഷം ഉണ്ട്.


ഇത് യോഷികവ കോക്കി എന്ന കുട്ടിയുടെ...
നിവേദ് ന്റെ അമ്മയ്ക്ക്...എപ്പോഴും എപ്പോഴും എന്റെ വാട്ടര്‍ ബോട്ടില്‍ തുറന്നു തന്നതിന് നന്ദി.എനിക്ക് നിവേദ് ന്റെ അമ്മയോട് കുറച്ചു നേരം കൂടി സംസാരിക്കണം എന്നുണ്ടായിരുന്നു.ഇനി കാണുമ്പോള്‍ കൂടുതല്‍ സംസാരിക്കാം കേട്ടോ... നടക്കുന്ന വഴി എന്റെ കയ്യില്‍ ഉണ്ടായിരുന്ന മാപ് പലതവണ താഴെ വീണത്‌ എടുത്തു തന്നതിന് നന്ദി.


ഇനി ഇത് എന്റെ കണ്ണന്റെ വക...
അമ്മയ്ക്ക്...അമ്മ കൂടെ നടക്കാന്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഒരു പാട് കുസൃതി കാണിച്ചേനെ..അമ്മ കൂടെ വന്നത് നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നത്.എന്റെ കൂടെ ഈ പ്രൊജക്റ്റ് ല്‍ പങ്കെടുക്കാന്‍ വന്നതില്‍ ഹൃദയപൂര്‍വമായ നന്ദി അറിയിക്കുന്നു..ഇനിയും വേറെ കാര്യങ്ങള്‍ക്കും കൂടെ വരണം കേട്ടോ...ഐ ലവ് യു മമ്മ

നേരത്തെ പറഞ്ഞപോലെ വിവര്‍ത്തനം ചെയ്യുമ്പോള്‍ മലയാള ഭാഷയില്‍ കുറച്ചു അപരിചിതത്വം തോന്നാം...പക്ഷെ ജാപനീസില്‍ ഇത് നോര്‍മല്‍ ആയ ഭാഷ ആണ്.

മനോജ്‌ സാന്‍ എന്ന് എന്നെ വിളിക്കുന്നത്‌ എന്റെ സര്‍ നെയിം അങ്ങനെ ആയത് കൊണ്ടാണ്..."സാന്‍" എന്ന് ബഹുമാനസൂചകമായി വിളിക്കുന്നതാണ്...ജാപനീസില്‍ ആരെയും പേര് മാത്രമായി വിളിക്കില്ല. കണ്ണനെയും നിവേദ് എന്നല്ല സ്കൂളില്‍ വിളിക്കുന്നത്‌..അവന്റെ പേര് "നിവേദ് മനോജ്‌" എന്നായത് കൊണ്ട് അവനും "മനോജ്‌ സാന്‍" തന്നെ...ഒരു ഫാമിലിയില്‍ എല്ലാവരും ഒരേ സര്‍ നെയിം ആണല്ലോ..അപ്പോള്‍ എല്ലാവരെയും ഒരേ പേരാണ് വിളിക്കുക.കൊച്ചു കുട്ടികളെ "ചാന്‍" എന്ന് ചേര്‍ത്ത് ലാസ്റ്റ്‌ നെയിം കൂട്ടി വിളിക്കുമെന്കിലും സ്കൂളിലും മറ്റു ഒഫീഷ്യല്‍ കാര്യങ്ങള്‍ക്കും സര്‍ നെയിം തന്നെ പ്രധാനം.

എന്നും എപ്പോഴും ഈ സ്കൂളിലെ പല പരിപാടികള്‍ കാണുമ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ സ്കൂളിലും ഇതൊക്കെ വന്നെങ്കില്‍ എന്ന് ആശിക്കാറുണ്ട്...വേണം എന്ന് വച്ചാല്‍ നമ്മുക്കും ചെയ്യാവുന്നതേ ഉള്ളൂ..പക്ഷെ...സ്കൂള്‍ എന്നാല്‍ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത് മനപ്പാഠമാക്കി പരീക്ഷക്ക്‌ എഴുതി മാര്‍ക്ക്‌ മേടിക്കുന്ന സ്ഥലം മാത്രമല്ല.. ചുറ്റുപാടും എന്ത് നടക്കുന്നു എന്നറിഞ്ഞു,പ്രകൃതിയെ അറിഞ്ഞു,പാലിക്കപ്പെടെണ്ട മര്യാദകള്‍ പഠിച്ച്,വളര്‍ന്നു വലുതാകേണ്ട, ഒരു മഹത്തായ സ്ഥാപനം ആണ്.ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട് ഞാന്‍,എന്റെ കുട്ടികള്‍ക്ക് കിട്ടുന്ന ഈ സൗകര്യം നാട്ടിലെ സ്കൂളിലെ കുട്ടികള്‍ക്കും കിട്ടിയിരുന്നെങ്കില്‍ എന്ന്.