Tuesday, December 14, 2010

നഗോയ കാസിലും അക്വേറിയവും

ആദ്യ രണ്ടു ഭാഗങ്ങളും ഇവിടെ വായിക്കാം...പാര്‍ട്ട്‌ ഒന്ന് ,പാര്‍ട്ട്‌ രണ്ടു

എന്ത് കൊണ്ടാണ് ഞാന്‍ ഒരു ചരിത്ര വിദ്യാര്‍ഥിനി ആവാതിരുന്നതെന്ന് ഈയിടെയായി പലപ്പോഴും വിചാരിക്കാറുണ്ട്.പഠിക്കുന്ന കാലത്ത് അങ്ങനെ ഒരു ചിന്ത ഉണ്ടയില്ലലോ എന്നോര്‍ത്ത് വിഷമിക്കാറും ഉണ്ട്.അല്ലെങ്കിലും വേണ്ടത് വേണ്ടപ്പോള്‍ തോന്നിലാലോ എന്നാശ്വസിക്കാം അല്ലെ....പറഞ്ഞു വന്നത് പഴമയോടുള്ള ഇഷ്ടത്തിനെ പറ്റി ആണ്.മിക്കവര്‍ക്കും കാണും എന്നെ പോലെ പഴയ സാധനങ്ങളോട് സ്നേഹം.അതുകൊണ്ടാണ് പഴയ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പള്ളികളും ഒക്കെ കാണാനും അതിന്റെ പിന്നിലെ ചരിത്രം അന്വേഷിച്ചു പോകാനും ആളുകള്‍ തല്പര്യപെടുന്നത്.ഇങ്ങനെ ഉള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എനിക്ക് പലപ്പോഴും,ഞാന്‍ ആ കാലത്ത് ജനിച്ചില്ലലോ എന്ന് നഷ്ടബോധം തോന്നാറുണ്ട്.കേരളത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ശ്രീപദ്മനാഭപുറം കൊട്ടാരം ആണ്.എത്രയോ തവണ കണ്ടു..സ്കൂള്‍ ,കോളേജ് കാലത്തേ ടൂറുകള്‍,വീട്ടില്‍ നിന്നും അച്ഛന്റെയും അമ്മയുടെയും ഒപ്പം,കല്യാണം കഴിഞ്ഞു,ഭര്‍ത്താവിന്റെ അച്ഛന്റെ വീട് അവിടെ ആയതു കൊണ്ട് വീണ്ടും ഒരിക്കല്‍ കൂടി... അങ്ങനെ അങ്ങനെ...എന്നാലും ഓരോ തവണയും ഇഷ്ടം കൂടി വരുന്നു.ഇവിടെ ജപ്പാനിലും ഒരുപാട് കൊട്ടാരങ്ങള്‍ ഉണ്ട്... ചക്രവര്‍ത്തികളുടെ നാടല്ലേ ഇത്.വളരെയധികം പ്രശസ്തമായതും ,അല്ലാത്തവയും....നഗോയ കാസില്‍ ചരിത്രപരമായി വളരെ പ്രാധാന്യമേറിയതാണ്.
1610 ല്‍ Tokugawa Iyeyasu(തോകുഗവ ഇയെയാസു) ആണ് നഗോയ കാസില്‍ ആദ്യം നിര്‍മ്മിച്ചത്‌.കാസിലും അതിന്റെ ചുറ്റിലുമായി ഹോന്മാരു പാലസും (Honmaru Palace) ഉണ്ടായിരുന്നു.പ്രാധാന്യമേറിയ ഈ കാസിലും കൊട്ടാരവും,രണ്ടാംലോകമഹായുദ്ധകാലത്തെ ബോംബിങ്ങില്‍ പൂര്‍ണമായും കത്തി നശിച്ചു.പക്ഷെ അവിടെ ഉണ്ടായിരുന്ന അമുല്യമായ പെയിന്റിംഗുകള്‍ പലതും കേടു കൂടാതെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞു.ഇന്നും അവിടെ ആ പെയിന്റിംഗുകള്‍ കാണാന്‍ സാധിക്കും.പിന്നീട് നഗോയ കാസില്‍ പഴയ അതെ രൂപത്തില്‍ തന്നെ പുതുക്കി പണിതു.അത് 1959 ല്‍ ആയിരുന്നു.ഇപ്പോള്‍ നേരത്തെ പറഞ്ഞ ഹോന്മാരു പാലസും,പഴയ അതെ രീതിയില്‍,അത്രയും വലുപ്പത്തില്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്.2010 ല്‍ തുടങ്ങി 2018 ല്‍കഴിയുമെന്നാണ് പ്രതീക്ഷ.

കാസില്‍ കാണാനുള്ള ഉത്സാഹത്തില്‍ ഞങ്ങള്‍ നേരെത്തെ തന്നെ പാര്‍ക്കിംഗില്‍ എത്തിയത് കൊണ്ട് തണലുള്ള ഒരു സ്ഥലത്ത് കാര്‍ ഇടാന്‍ സാധിച്ചു.....നടന്നു പ്രവേശനകവാടത്തില്‍ എത്തി.


കൊട്ടാരത്തിന്റെ പണികള്‍ നടക്കുന്നത് കൊണ്ട് പ്രവേശനം നിരോധിച്ച സ്ഥലങ്ങളും ഒരുപാടു ഉണ്ടായിരുന്നു.ടിക്കറ്റ്‌ എടുത്തു ആ വലിയ പടിപ്പുര കടന്നു ചെല്ലുന്നത് പടര്‍ന്നു നില്‍കുന്ന ഒരു മരത്തിന്റെ സമീപത്തേക്കാണ്.നാനൂറോളം വര്ഷം പഴക്കമുണ്ടെന്നു പറയപ്പെടുന്ന ആ മരം,രണ്ടാംലോകമഹായുദ്ധകാലത്ത് ഉണ്ടായ ബോംബിങ്ങില്‍ നശിപ്പിക്കപ്പെട്ടതാണ്.പക്ഷെ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം,അവശേഷിച്ച കുറ്റിയില്‍ നിന്നും അത് വീണ്ടും പൊടിച്ചുവരുവന്‍ തുടങ്ങി.അങ്ങനെ ആ ചുറ്റുപാടുമുള്ള പല മരങ്ങളും വീണ്ടും വളരാന്‍ തുടങ്ങുന്നത് കാണാന്‍ കഴിഞ്ഞു.എന്താണ് ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം അങ്ങനെ വളരാന്‍ കാരണം എന്നറിയില്ല.....പ്രകൃതിയുടെ കാര്യങ്ങള്‍ ആര്‍ക്കു പ്രവചിക്കനാവും അല്ലെ....അകലെ നിന്ന് തന്നെ കാസിലിന്റെ മേല്‍ക്കൂരയിലെ ഗോള്‍ഡന്‍ ഡോള്‍ഫിനെ കാണാന്‍ സാധികുന്നുണ്ട്.

സാധാരണ ഡോള്‍ഫിന്‍ അല്ല അത്,മുഖം പുലിയുടെയും ശരീരം ഡോള്ഫിന്റെയും ആണ്.നഗോയയുടെ പ്രതീകം എന്ന് പറയാം ഈ ഡോള്‍ഫിനെ.16-ആം നൂറ്റാണ്ടിലെ കാസിലില്‍‍ ഉണ്ടായിരുന്ന ഗോള്‍ഡന്‍ ഡോള്‍ഫിന്‍സ് യുദ്ധത്തില്‍ പൂര്‍ണമായും നശിപ്പിക്കപെട്ടെന്കിലും 1959 ല്‍ കാസില്‍ പുനര്‍നിര്‍മിച്ചപ്പോള്‍ ഡോള്ഫിനും തിരിച്ചെത്തി.എനിക്ക് ഈ കാസില്‍ കണ്ടപ്പോള്‍ അത്ഭുതമാണ് തോന്നിയത്.... അത്ര പഴമ നമ്മുക്ക് ഫീല്‍ ചെയ്യില്ല എങ്കിലും,രണ്ടാം ലോക മഹായുദ്ധത്തില്‍ എല്ലാം നഷ്ടപെട്ട,സകല കൊട്ടാരങ്ങളും,വിലപിടിച്ച വസ്തുക്കളും നഷ്ടപെട്ട ജപ്പാന്‍,ഇന്നതിന്റെ സൂചനകള്‍ പോലും അവശേഷിപ്പികാതെ എല്ലാം പുനര്‍നിര്‍മ്മിച്ചിരിക്കുന്നത് അല്ഭുതമല്ലാതെ വേറെ എന്താണ്!!!നമ്മുടെ നാട്ടിലും ഇങ്ങനെ ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ അധികാരപ്പെട്ടവര്‍ക്ക് തോന്നിയിരുന്നെങ്കില്‍......


നടന്നു കാസിലിന്റെ മുന്‍വശത്തെത്തിയപ്പോള്‍ അവിടെയും ഒരു മരം,വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വളര്‍ന്നു തുടങ്ങുന്നു എന്ന ബോര്‍ഡും വച്ച് നില്‍ക്കുന്നു.നോക്കിയപ്പോള്‍ ശരിയാണ്,ഒരുപാട് വലുതായിട്ടൊന്നുമില്ല, ജാപനീസ്‌ നട്ട്മെഗ് ആണ് അത്.ഈ മരങ്ങളൊക്കെ ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും പൊടിച്ചു വരുന്നത്,കൊട്ടാരം വീണ്ടും നിര്‍മിക്കു... എന്നതിന്റെ സൂചനയാണോ??ആയിരിക്കാം.....
നടന്നു അകത്തു കയറി....പഴയ വാളുകളും മറ്റു സാധനങ്ങളും ഒക്കെ ഒരുപാട് പ്രദര്‍ശിപ്പിച്ചുട്ടുണ്ട് ഓരോ നിലയിലും.


ലിഫ്റ്റ്‌ ഉണ്ടെങ്കിലും ഓരോ നിലയും നടന്നു തന്നെ കേറണം എന്ന് തോന്നി.ഏറ്റവും ആകര്‍ഷകമായി എനിക്ക് തോന്നിയത് പതിനാറാം നൂറ്റാണ്ടിലെ പെയിന്റിങ്ങുകള്‍ ആണ്.യുദ്ധത്തില്‍ കാസില്‍ കത്തിനശിച്ചപ്പോഴും മിക്കവാറും പെയിന്റിങ്ങുകള്‍ സംരക്ഷിചെടുക്കാന്‍ സാധിച്ചത് കൊണ്ട് അതൊക്കെ കാണാനും കഴിഞ്ഞു.ഈ നാട്ടിലെ ഒരു പ്രത്യേകത ആണെന്ന് തോന്നുന്നു സ്ലൈഡിംഗ് ഡോറുകള്‍.എല്ലാ വീടുകളിലെയും മുന്‍വശത്തെ വാതിലടക്കം എല്ലാ കവാടങ്ങളും സ്ലൈഡിംഗ് ഡോറുകള്‍ ആണ് ഇവിടെ.അത് ഇതു മോഡേണ്‍ വീടുകള്‍ക്കും പുരാതനമായ നാലുകെട്ട് പോലുള്ള വീടുകള്‍ക്കും അങ്ങനെ തന്നെ.കൊട്ടാരങ്ങളില്‍ ഇത്തരം വാതിലുകളില്‍ പെയിന്റിങ്ങുകള്‍ ഉണ്ടാകും.വളരെ വിലപിടിച്ച കള്‍ച്ചറല്‍ അസ്സെറ്റ്‌ ആയിട്ടാണ് ഈ പെയിന്റുങ്ങകളെ കണക്കാക്കപ്പെടുന്നത്.
ഏറ്റവും മുകളിലത്തെ നിലയില്‍ ഗോള്‍ഡന്‍ ഡോള്‍ഫിന്റെ പ്രതിമ ഉണ്ടാക്കി വച്ചിട്ടുണ്ട്.ഫോട്ടോ എടുക്കാന്‍ ആള്‍ക്കാരുടെ ക്യു ആയിരുന്നു അവിടെ.ഫോട്ടോ എടുപ്പും കഴിഞ്ഞു ഞങ്ങളും പതുക്കെ താഴേക്ക്‌ ഇറങ്ങാന്‍ തുടങ്ങി.


അതിനിടയില്‍ ഒന്നാമത്തെ നിലയില്‍ പുതിയതായി ഒരു സ്ഥലം കണ്ടു,ഒരു 3D തിയേറ്റര്‍.പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഹോന്മാരു കൊട്ടാരത്തിന്റെ ചരിത്രവും പ്രാധാന്യവും ,അതിന്റെ അകത്തളങ്ങളുടെ ഭംഗിയും ആണ് ഡോകുമെന്ററി ആയി 3D ല്‍ കാണിക്കുന്നത്.2018ല്‍ പണി പൂര്‍ത്തിയാവുമ്പോള്‍ഈ കൊട്ടാരം എങ്ങനെ ഇരിക്കും എന്നത് നമ്മള്‍ക്ക് ഇപ്പോഴേ കണ്ടു മനസിലാക്കാം..... കണ്ടു മനസ്സിലാക്കി അവിടെ നിന്നും ഇറങ്ങി.അപ്പോഴേയ്ക്കും കണ്ണന് വിശപ്പും ദാഹവും സഹിക്കാന്‍ വയ്യ.... നല്ല വെയിലും...ഒരു ജ്യൂസ്‌ മേടിച്ചു അവനു കൊടുത്തിട്ട് നടന്നു പാര്‍ക്കിംഗില്‍ എത്തി.ഇനി അടുത്ത ലക്ഷ്യമാണ് കുട്ടികള്‍ക്ക് ഏറ്റവും താല്പര്യം ഉള്ളത്.പോര്‍ട്ട്‌ ഓഫ് നഗോയ പബ്ലിക് അക്വേറിയം.
അവിടെ ഈ കഴിഞ്ഞ ജനുവരിയില്‍ വന്നെത്തിയ പുതിയ Killer Whale ആണ് മുഖ്യ ആകര്‍ഷണം.ആറു മീറ്റര്‍ നീളം ഉണ്ടതിനു.കൃത്യമായി പറഞ്ഞാല്‍ 592 cm.തൂക്കം 2870 കിലോ.ആ ഭീമനെ കാണണമെന്ന് എല്ലാവര്ക്കും വെല്യ ആഗ്രഹമായിരുന്നു."നമി" എന്നാണതിന് പേരിട്ടിരിക്കുന്നത്.സ്ഥിരമായി ഡോള്‍ഫിന്‍ ഷോ നടക്കുന്ന വലിയ പൂള്‍ ഉണ്ട് ഈ അക്വേറിയത്തില്‍."നമി"യുടെ പരിശീലനം ഇതുവരെ പൂര്‍ത്തിയാകാത്തത് കൊണ്ട് അതിനെ ഉള്‍പെടുത്തി ഷോ നടത്തിയിട്ടില്ല ഇതുവരെ.
പക്ഷെ ഡോള്‍ഫിന്‍സ്ന്റെ കൂടെ "നമി"യെയും അടുത്ത് തന്നെ ഷോയില്‍ കാണാം എന്നാണ് അധികൃതര്‍ പറയുന്നത്.ഇത്ര വലിയ ഒരു killer whale സാധാരണ ഡോള്‍ഫിന്‍ ചെയ്യുന്ന പോലെ ഒക്കെ ചെയ്യുമോ?എനിക്ക് സംശയം ഉണ്ട്.കുറച്ചു നാള്‍ മുന്‍പ് അമേരിക്കയില്‍ ഒരു killer whale, ഷോയ്ക്കിടയില്‍ സ്വന്തം ട്രെയിനെര്‍ നെ മുടിയില്‍ പിടിച്ചു വലിച്ചു വെള്ളതിനടിയിലേക്ക് കൊണ്ട് പോയി കൊന്നത് ഓര്‍ക്കുമ്പോള്‍ എനിക്ക് ഈ "നമി"യുടെ കാര്യവും സംശയം തോന്നുന്നു.ആ ട്രെയിനെഴ്സ്നെ ഒക്കെ സമ്മതിക്കണം അല്ലെ...ഒരു പേടിയും ഇല്ലാതെ എങ്ങനെ അവര്‍ക്ക് ഇതിന്റെ ഒക്കെ പുറത്തിരുന്നു ഷോ ചെയ്യാന്‍ സാധിക്കുന്നു!!!എപ്പോഴാണ് ഇവയുടെ ഒക്കെ സ്വഭാവം മാറുന്നത് എന്ന് എങ്ങനെ അറിയാന്‍ പറ്റും?
ഞങ്ങള്‍ അക്വേറിയത്തിന്റെ അടുത്ത് എത്തിയപ്പോള്‍ തന്നെ നേരം ഉച്ചയാവാറായി.പിന്നെ അതിന്റെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് എത്താന്‍ ഒരുപാട് സമയം എടുത്തു.എല്ലാ റോഡുകളും അവിടെയ്ക്ക് എന്ന് പറഞ്ഞപോലെ ആയി കാര്യങ്ങള്‍...മുന്‍പിലും പുറകിലും ഉള്ള എല്ലാ വണ്ടികളും അവിടേയ്ക്കുള്ളതായിരുന്നു.കാര്‍ പാര്‍ക്ക്‌ ചെയ്തു നടക്കാന്‍ ഒരുപാട് ദൂരം... നഗോയ പോര്‍ട്ട്‌ ആണത്.അവിടെ അക്വേറിയത്തിനു മുന്‍പ് കാണാന്‍ മറ്റൊരു ആകര്‍ഷണം ഉണ്ടായിരുന്നു.ഒരു ഷിപ്പ്.. വെറും ഒരു ഷിപ്പല്ല അത്.ആദ്യമായി അന്റാര്‍ട്ടിക്കയില്‍ ശാസ്ത്രന്ജരുമായി പോയ കപ്പല്‍ ആണത്.Fuji Ice Braker എന്നാണതിന്റെ പേര്.അതിനകത്ത് കയറി കാണാനുള്ള സൗകര്യം ഉണ്ട്.എല്ലാം ഒരു മാറ്റവും വരുത്താതെ അതുപടി സൂക്ഷിച്ചിരിക്കുന്നു.ഞങ്ങള്‍ ടിക്കറ്റ്‌ എടുത്തു അകത്തു കയറി.1965 മുതല്‍ 1983 വരെ അന്റാര്‍ട്ടിക്കയില്‍ ജോലി ചെയ്തിരുന്ന കപ്പലാണിത്.അന്റാര്‍ട്ടിക് മ്യുസിയം എന്ന പേരില്‍ ഇപ്പോള്‍ നഗോയ പോര്‍ട്ടില്‍ വിശ്രമത്തില്‍.അവിടുത്തെ ഐസില്‍ ഇറങ്ങാനും ജോലി ചെയ്യാനും ഒക്കെ ഉള്ള ഉപകരണങ്ങള്‍ ഒക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് അതില്‍.


ഫുജിയില്‍ നിന്നും ഇറങ്ങി ഭക്ഷണം കഴിക്കാന്‍ കേറി...പിന്നെ അവിടുന്ന് ,കാത്തുകാത്തിരുന്ന അക്വേറിയത്തിലെക്ക്.അവിടെയും പൂരത്തിനുള്ള ആളുണ്ട്.ആദ്യം തന്നെ നമിയെ കാണാന്‍ പോയി... അവിടെയാണ് ഏറ്റവും കൂടുതല്‍ തിരക്കും.ഫോട്ടോ എടുക്കാന്‍ നന്നായി ബുദ്ധിമുട്ടി.. ഒന്നാമത് ഒരു ഫ്രെയിമില്‍ കൊള്ളുന്നില്ല.. പിന്നെ അത് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുകയല്ലേ... പറ്റാവുന്ന വിധത്തിലൊക്കെ ഞാന്‍ എടുത്തിട്ടുണ്ട്.....


അവിടെനിന്നും നടന്നു നീങ്ങിയപ്പോള്‍ ഡോള്‍ഫിനുകളുടെ ബഹളം..


താഴെ കാണുന്ന രണ്ടു ഫോട്ടോ ശ്രദ്ധിച്ചോ?? ആന്‍ എന്നാ ഡോള്‍ഫിന്റെ പ്രേഗ്നെന്‍സിയുടെ സ്കാന്‍ റിപ്പോര്‍ട്ട്‌ ആണ് അത്.... ജനുവരിയില്‍ എടുത്തത്‌....പ്രേഗ്നെന്സിയുടെ നാലാം മാസത്തില്‍.....

എല്ലാം കണ്ടു അവസാനം മെയിന്‍ പൂളിന്റെ അടുത്തെത്തി.ഡോള്‍ഫിന്‍ ഷോ തുടങ്ങാനുള്ള സമയം ആകുന്നു.കുട്ടികള്‍ക്ക് രണ്ടുപേര്‍ക്കും മുന്‍സീറ്റില്‍ ഇരുന്നു അടുത്ത് കാണണമെന്ന് ആഗ്രഹം.പക്ഷെ മുന്‍പില്‍ നിന്നും പത്തു വരി സീറ്റ്‌ വരെ ഒരു മെസ്സേജ് എഴുതി ഇട്ടിട്ടുണ്ട്.ഈ സീറ്റുകളില്‍ ഇരിക്കുന്നവര്‍ നനയാന്‍ തയ്യാറായിക്കൊള്ളണം എന്ന്.അത് കണ്ടിട്ടും അച്ഛനും മക്കള്‍ക്കും അവിടെ തന്നെ ഇരിക്കണം.അതുകൊണ്ട് ക്യാമറ എടുത്തു ബാഗില്‍ വച്ച് ഞാനും അവിടെ തന്നെ ഇരുന്നു.ഷോ തുടങ്ങാറായപ്പോഴേക്കും സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞു.മുപ്പതു മിനുട്ട് നീണ്ടു നിന്ന ഷോ, അതിശയകരം എന്നെ പറയാന്‍ വാക്കുകള്‍ ഉള്ളു.ഡോള്‍ഫിന്റെ മുകളില്‍ കയറി നിന്ന് പൂളില്‍ സവാരി നടത്തുന്ന പരിശീലകര്‍ കാണിക്കുന്ന മെയ്‌വഴക്കം അപാരം തന്നെ.ഷോ കഴിഞ്ഞും അവിടെയൊക്കെ ചുറ്റി നടന്നു ഞങ്ങള്‍.പിന്നെ അവിടെ നിന്നും ഇറങ്ങിയപ്പോള്‍ നഗോയ പോര്‍ട്ട്‌ ഒബ്സര്‍വേറ്ററി കണ്ടു.അതില്‍ ഒരു ചെറിയ മ്യുസിയവും... പതിനഞ്ചാം നിലയുടെ മുകളില്‍ നിന്നും താഴേക്ക്‌ നോക്കിയാല്‍ നഗോയ പോര്‍ട്ട്‌ന്റെ സൌന്ദര്യം മുഴുവന്‍ കാണാം...


നേരം ഒരുപാട് വൈകി.പിന്നെയും കൂടണയാന്‍ 300 കിലോമീറ്ററോളം പോകണമല്ലോ എന്നോര്‍ത്ത് തിരിച്ചു പാര്‍ക്കിംഗിലേക്ക് നടന്നു.കുട്ടികളും തളര്‍ന്നു തുടങ്ങി.അങ്ങനെ ഈ യാത്ര അവസാനിക്കുകയാണല്ലോ എന്നോര്‍ത്തപ്പോള്‍ കുറച്ചു വിഷമം തോന്നി... ഏതു യാത്രയും അങ്ങനെ അല്ലെ... അവസാനിക്കുമ്പോള്‍ വിഷമം തോന്നും.പക്ഷെ അവസാനിക്കുക എന്നത് അനിവാര്യമാണല്ലോ....എന്തായാലും ഇതൊരു സുന്ദരമായ യാത്ര ആയിരുന്നു. തിരക്കോ, സമയക്കുറവിനെക്കുറിച്ച് വേവലാതിയോ ഇല്ലാതെ,ആസ്വദിച്ച ഒരു യാത്ര.ജീവിക്കാനുള്ള ഈ ഓട്ടത്തിനിടയില്‍ ഇങ്ങനെ വല്ലപ്പോഴും വിശ്രമിക്കേണ്ടത് അത്യാവശ്യമാണ് ,അല്ലെ.....