2011 ജൂണിൽ
'യാത്രകള്‍.കോം' സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ
ലേഖനം.
ജപ്പാനില്‍ താമസമാക്കിയ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ "ക്യോട്ടോ" എന്ന സ്ഥലത്തേക്ക് ഞാന്‍ യാത്ര ചെയ്തത് പല തവണ ആണ്.കുടുംബത്തോടൊപ്പവും കൂട്ടുകരോടൊപ്പവും ഒക്കെ പലതവണ ക്യോട്ടോ സന്ദര്‍ശിച്ചു എങ്കിലും ക്യോട്ടോവിന്റെ സൌന്ദര്യം മുഴുവനായി കാണാന്‍ ഇതുവരെ സാധിച്ചിട്ടില്ല..ഓരോ തവണ യാത്ര പറയുമ്പോഴും വീണ്ടും വരണേ എന്ന് ഓര്‍മിപ്പിക്കുന്ന അസാധാരണമായ ഒരു ആകര്‍ഷണം ഉണ്ട് ക്യോട്ടോയ്ക്ക്.പഴമയെ ഇഷ്ടപെടുന്ന ആരും ഈ സ്ഥലത്തിന്റെ സൌന്ദര്യത്തില്‍ മയങ്ങി വീഴും എന്നത് തീര്‍ച്ച.ഓരോ ഋതുവിലും ഓരോ തരത്തില്‍ സുന്ദരിയായ ക്യോട്ടോ.
ഒരു യാത്ര പോകണം എന്ന് തീരുമാനിച്ചാല്‍ എന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ക്യോട്ടോ ആവും എപ്പോഴും.പക്ഷെ കുട്ടികള്‍ക്ക് അത്ര താല്പര്യം പോര,അവര്‍ക്ക് പഴയ അമ്പലങ്ങളും കൊട്ടാരങ്ങളും കാണുന്നതിനേക്കാള്‍ താല്പര്യം അമ്യുസ്മെന്റ്റ് പാര്‍ക്കുകളോ,അക്വേറിയമോ ഒക്കെ ആണ്.എനിക്കാണെങ്കില്‍ ചരിത്രമുറങ്ങുന്ന എന്തും കാണാന്‍ ഒരുപാട് ഇഷ്ടവും.അങ്ങനെ ഒരിക്കല്‍ക്കൂടി ഒരു ക്യോട്ടോ യാത്രയ്ക്ക് തയ്യാറെടുത്തു.രണ്ടു ദിവസത്തെ പരിപാടി ആയത് കൊണ്ട് വളരെ കുറച്ചു സ്ഥലങ്ങളെ കാണാനായി തിരഞ്ഞെടുക്കാന്‍ സാധിക്കൂ.എന്തായാലും രണ്ടു ദിവസങ്ങള്‍ കൊണ്ട് സാധിക്കാവുന്ന അമ്പലങ്ങളിലും കൊട്ടാരങ്ങളിലും കയറിയിറങ്ങുക എന്ന ലക്ഷ്യത്തോടെ ക്യോട്ടോയിലേക്ക് യാത്ര തിരിച്ചു.
പുരാതന ജപ്പാന്റെ തലസ്ഥാനമായിരുന്നു ക്യോട്ടോ.ആയിരത്തി ഇരുന്നൂറു വര്‍ഷത്തിന്റെ പഴക്കം അവകാശപ്പെടുന്ന ക്യോട്ടോ,ജപ്പാന്റെ തലസ്ഥാനമായത് 794 ല്‍ ആണ്.ജപ്പാന്റെ "ഹൃദയനഗരം" എന്നും ഈ മനോഹരമായ സ്ഥലത്തിന് പേരുണ്ട്.കൊട്ടാരങ്ങളാവട്ടെ,അമ്പലമാവട്ടെ,ജപ്പാനീസ് ട്രേഡിഷണല്‍ ഗാര്‍ഡന്‍ ആവട്ടെ,എല്ലാം പഴയത്,മനോഹരമായത്,പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്ന ഒരു പ്രദേശം.
1869ല്‍ ജപ്പാന്റെ തലസ്ഥാനം ടോക്യോയിലേക്ക് മാറ്റിയെങ്കിലും ഇന്നും ക്യോട്ടോയാണ് പ്രധാനം എന്ന് കരുതുന്നവര്‍ നിരവധിയാണ് ഇവിടെ.സാംസ്‌കാരിക തലസ്ഥാനം എന്നാണ് ഇപ്പോഴത്തെ ക്യോട്ടോ ന്റെ വിളിപ്പേര്.അനേകം യുദ്ധങ്ങള്‍ കണ്ടിട്ടുണ്ട് ഈ നഗരം.രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം,അമേരിക്ക,അണുബോംബിടാന്‍ ഉദേശിച്ചിരുന്ന രണ്ടു ലക്ഷ്യങ്ങളില്‍ ഒന്ന് ക്യോട്ടോ ആയിരുന്നു.പക്ഷെ അന്നത്തെ ക്യോട്ടോവിന്റെ ഗാംഭീര്യം കണ്ടിട്ടുള്ള അമേരിക്കന്‍ യുദ്ധമേധാവി തീരുമാനം മാറ്റുകയായിരുന്നു അത്രേ.ഒരുപക്ഷെ ഈ സാംസ്‌കാരിക തലസ്ഥാനം നശിപ്പിക്കപ്പെടാന്‍ അദ്ധേഹത്തിനു ആഗ്രഹമില്ലയിരുന്നിരിക്കും.പിന്നെയാണ് നാഗസാക്കിയിലേക്ക് ലക്‌ഷ്യം മാറ്റിയത്.അതുകൊണ്ട് തന്നെ ക്യോട്ടോയില്‍ യുദ്ധത്തിനു മുന്‍പുള്ള നിര്‍മിതികള്‍,വര്‍ഷങ്ങളുടെ പഴക്കമുള്ളവ ഇന്നും നിലനില്‍ക്കുന്നു.ജപ്പാനില്‍ ഉടനീളം എല്ലാം നശിപ്പിക്കപ്പെട്ടപ്പോഴും ക്യോട്ടോ,അതിന്റെ സൌന്ദര്യത്തിന് കോട്ടം തട്ടാതെ നിലകൊണ്ടു.
UNESCO വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകള്‍ 17 എണ്ണമാണ് ക്യോട്ടോയില്‍ ഉള്ളത്.ഏകദേശം 1600 ബുദ്ധന്റെ അമ്പലങ്ങളും നാനൂറോളം ഷിന്റോ ആരാധനാലയങ്ങളും ഉണ്ട്.പിന്നെ കൊട്ടാരങ്ങള്‍.പൂന്തോട്ടങ്ങള്‍,അങ്ങനെ ഒരുപാട്.ഇതില്‍ ഏറ്റവും പ്രധാനവും പേര് കേട്ടതും "കിയോമിസു-ദേര "എന്ന അമ്പലവും ഗോള്‍ഡെന്‍ ടെമ്പിള്‍ ആയ "കിന്‍കാക്കുജി"(Kinkakku-ji)യും പിന്നെ പ്രസിദ്ധമായ റോക്ക് ഗാര്‍ഡന്‍ ര്യോആന്‍-ജി (Ryoan-ji)യും ആണ്.ഞങ്ങളുടെ യാത്രയുടെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല.
ഞങ്ങളുടെ താമസസ്ഥലമായ ടോയാമയില്‍ നിന്നും 230കിലോമീറ്ററോളം ഉണ്ട് ക്യോട്ടോയിലേക്ക്.എക്സ്പ്രസ്സ് ഹൈവേ വഴി മൂന്നു മണിക്കൂറേ എടുക്കുകയുള്ളൂ എങ്കിലും ഹൈവേയില്‍ ഉള്ള പാര്‍ക്കിംഗ് ഏരിയ കണ്ടാല്‍ അവിടെ നിര്‍ത്തി,ആ സ്ഥലത്തെ രുചികള്‍ അറിയുക എന്നത് ശീലമായി മാറിയ രണ്ടു പിള്ളേരുള്ളതു കൊണ്ട് പല പ്രാവശ്യം പലയിടത്തും നിര്‍ത്തേണ്ടി വന്നു.
ഞങ്ങളുടെ ആദ്യ ലക്‌ഷ്യം നിജോ കാസില്‍ ആയിരുന്നു.
1603ല്‍ പണികഴിപ്പിച്ച ഈ കൊട്ടാരം,പുരാതന പെയിന്റിംഗ്ങ്ങുകളും,കൊത്തുപണികളും കൊണ്ട് സമ്പന്നമാണ്.നടക്കുമ്പോള്‍ നൈറ്റിംഗ്ഗെയിലിന്റെ പാട്ട് കേള്‍ക്കുന്ന തറകള്‍ ഇവിടുത്തെ പ്രത്യേകത ആണ്.പതുക്കെ നടന്നാല്‍ കൂടുതല്‍ ഒച്ച കേള്‍ക്കും.ഒരുപക്ഷെ അതിക്രമിച്ചു കടക്കുന്ന ആള്‍ക്കാരെ തടയാനുള്ള സൂത്രം ആവും.കൊട്ടാരത്തിനകത്തു ഫോട്ടോഗ്രാഫി നിരോധിച്ചത് കൊണ്ട് ആ പെയിന്റിംഗ്ങ്ങുകളെയും മറ്റും മനസ്സില്‍ പകര്‍ത്താനെ സാധിച്ചുള്ളൂ.275,000 സ്ക്വയര്‍മീറ്റര്‍സ് ഉള്ള ഈ കൊട്ടാരവളപ്പ് മുഴുവനും തന്നെ ജപ്പാനീസ് തനത് ശൈലിയില്‍ ഉള്ള ഗാര്‍ഡന്‍ ആണ്.വളരെ സുന്ദരമായ ഒരു നടത്തം ആയിരുന്നു അത്.നിറയെ മരങ്ങളും,ഇടയ്ക്ക് ടീ സെറിമണി നടത്തുന്ന ടീ ഹൗസുകളും ഒക്കെ ആയി,പേരറിയാത്ത ഒരുപാട് പക്ഷികളുടെ പാട്ടും കേട്ട് ഞങ്ങള്‍ പതുക്കെ നടന്നു.
ഇനി പോകാന്‍ ഉള്ളത് ക്യോട്ടോയിലെ ഏറ്റവും പ്രധാനപ്പെട്ട,ഏറ്റവും സുന്ദരമായ സ്ഥലത്തേക്ക് ആണ്.ഗോള്‍ഡെന്‍ ടെമ്പിള്‍.ജാപനീസില്‍ കിന്‍കാക്കുജി എന്ന് പറയും."കിന്‍" എന്നാല്‍ സ്വര്‍ണം എന്നാണ് അര്‍ഥം.ഗോള്‍ഡന്‍ പവലിയന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.1397 ല്‍"അഷികാഗ യോഷിമിത്സു"എന്ന ഭരണാധികാരിയാണ് ഇത് നിര്‍മ്മിച്ചത്.
എന്തൊരു ഭംഗിയാണെന്നോസ്വര്‍ണം പൂശിയ ഈ നിര്‍മിതി കാണാന്‍.വളരെ വലിയ ഒരു ജപ്പാനീസ് ഗാര്‍ഡന്‍ന്റെ ഉള്ളില്‍ ചെറുതല്ലാത്ത ഒരു തടാകത്തിന്റെ സൈഡില്‍ ആണ് ഈ ഗോള്‍ഡന്‍പവലിയന്‍.തടാകത്തില്‍ പ്രതിഫലിച്ചു കാണുന്ന നിഴലോട് കൂടിയ ഈ കാഴ്ച അവര്‍ണനീയമാണ്.എത്ര കണ്ടാലും മതി വരാത്ത ഒരു ദൃശ്യം.
ഞങ്ങള്‍ ചെന്നപ്പോള്‍ മഴ ചന്നം പിന്നം പെയ്യുന്നുണ്ട്.ടിക്കറ്റ് എടുത്തു അകത്തു കയറി.ദൂരെ നിന്നേ സ്വര്‍ണമകുടം കാണാന്‍ സാധിക്കും.
ശെരിക്കും ഇന്ന് കാണുന്ന ഈ ഗോള്‍ഡന്‍ പവലിയന്‍ ഒറിജിനല്‍ അല്ല.1397ല്‍ നിര്‍മിച്ച ഗോള്‍ഡന്‍ പവലിയന്‍ 1950ല്‍ ഒരു സന്യാസി തീ വച്ച് നശിപ്പിച്ചു കളഞ്ഞു.മാനസിക രോഗിയായ ആ മനുഷ്യന്‍ ഈ ടെമ്പിളിന്റെ പുറകില്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും മരിച്ചില്ല.പിന്നെ അയാളെ പിടികൂടി ശിക്ഷിച്ചു.പക്ഷെ മാനസികരോഗം ആണെന്ന് മനസ്സിലായപ്പോള്‍ മോചിപ്പിചെങ്കിലും പിറ്റേ വര്ഷം തന്നെ അയാള്‍ മരിച്ചു.ശെരിക്കും എന്തൊരു നഷ്ടമാണ് അല്ലെ...ഒരു നാഷണല്‍ ട്രെഷര്‍ ആണ് ഒരാളുടെ മനസികവൈകല്യം കൊണ്ട് നഷ്ടപെട്ടത്.ഇപ്പോഴുള്ള കിന്‍കക്കുജിയുടെ പുനര്‍നിര്‍മാണം ഒറിജിനല്‍ പ്ലാനില്‍ തന്നെ ആണ്.1955ല്‍ പഴയ അതേ രീതിയില്‍ തന്നെ പുനര്‍നിര്‍മിച്ചു.മൂന്നു നിലയുള്ള ഈ നിര്‍മിതിയുടെ ഓരോ നിലയും ഓരോ നിര്‍മാണരീതിയാണ് അത്രേ.ചൈനീസ്,ഇന്ത്യന്‍,ജപ്പാനീസ് രീതിയിലാണെന്ന് പറയപ്പെടുന്നു.
സ്വദേശികളും വിദേശികളും ആയി ഒരുപാട് സന്ദര്‍ശകര്‍ ഉണ്ടായിരുന്നു അവിടെ.ഒരു വിധം നല്ല തിരക്ക് തന്നെ.കണ്ടിട്ടും കണ്ടിട്ടും മതിയാകാതെ വീണ്ടും കിന്‍കാക്കുജിയെ നോക്കി നിന്നു ഞാന്‍.കുട്ടികള്‍ക്ക് പക്ഷെ അത്ര താല്പര്യം ഇല്ലാലോ..വിശക്കുന്നു...എന്ന നിലവിളി തുടങ്ങിയപ്പോള്‍ കിന്‍കാക്കുജിയോടു ഇനിയും വരാം ട്ടോ..എന്ന് യാത്ര പറഞ്ഞു നടന്നു....ഇവിടെയും പരന്നു കിടക്കുന്ന മനോഹരമായ ജപ്പാനീസ് ഗാര്‍ഡന്‍.നടന്നു നടന്നു പുറത്തെത്തി.
ഭക്ഷണം കഴിച്ചു കഴിഞ്ഞു അടുത്ത ലക്ഷ്യം,ര്യോആന്‍-ജി എന്ന റോക്ക് ഗാര്‍ഡന്‍ ആണ്.വളരെ പ്രശസ്തമാണ് ഈ റോക്ക് ഗാര്‍ഡന്‍.ഇതും ഒരു കൊട്ടാരത്തിന്റെ ഭാഗം തന്നെ.പല,പല യുദ്ധങ്ങളില്‍ ,പല തവണ നശിപ്പിക്കപ്പെട്ട,വീണ്ടും പുനര്‍നിര്‍മിച്ച ഒരു കൊട്ടാരം.ആ കൊട്ടാരത്തിലുള്ള 30x10 മീറ്റര്‍ മാത്രം വലുപ്പമുള്ള ഒരു മുറ്റം..അതാണ് റോക്ക് ഗാര്‍ഡന്‍.
പ്രത്യേകത എന്താന്ന് വച്ചാല്‍,ഭംഗിയില്‍ ഗ്രേവലും മണ്ണും ഇട്ടിരിക്കുന്ന ആ മുറ്റത്ത് പതിനഞ്ചു പാറകള്‍ ഉണ്ട്.പ്രത്യേകിച്ച് ഒരു ആകൃതിയും ഇല്ലാത്ത,അവിടവിടെയായി ഉള്ള പതിനഞ്ചു ചെറിയ പാറകള്‍.നമ്മള്‍ ഏതു ആംഗിളില്‍ ഇരുന്നു ആ മുറ്റത്തേക്ക് നോക്കിയാലും പതിനാല് പാറകളെ കാണൂ.നല്ല ആത്മശക്തി ഉള്ള,മനസ്സ് ശുദ്ധമായവര്‍ക്ക് മാത്രമേ പതിനഞ്ചാമത്തെ പാറ കാണാന്‍ സാധിക്കൂ എന്നാണ് പറയുന്നത്.എന്ത് തന്നെയായാലും എവിടെയൊക്കെ മാറി ഇരുന്നു നോക്കിയാലും പതിനാലെണ്ണമെ കാണൂ.പക്ഷെ ആ മുറ്റത്തേക്ക് വെറുതെ നോക്കിയിരിക്കുന്നത് വല്ലാത്ത ഒരു അനുഭവമാണ്.ഗ്രേവല്‍ ഇട്ടിരിക്കുന്ന മുറ്റം ചൂലുകൊണ്ട് അടിച്ചിട്ടിരിക്കുന്ന പോലെ ഡിസൈന്‍സ് ഉണ്ട്.കുറേനേരം കണ്ണിമ തെറ്റാതെ നോക്കിയിരുന്നാല്‍ ആ ഡിസൈന്‍സ് രൂപം മാറുന്നതായി നമ്മുക്ക് തോന്നും.എത്ര കൂടുതല്‍ നേരം അതിനെ നോക്കിയിരിക്കുന്നുവോ,അത്രയും കൂടുതല്‍ നമ്മളെ ആകര്‍ഷിക്കും ഈ മുറ്റം.അതുതന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകതയും..
നടന്നു ക്ഷീണിച്ചത് കൊണ്ട് കുട്ടികളും കുറെ നേരം അവിടെ ഇരുന്നു.മുറ്റത്തിന്റെ ഡിസൈന്‍ മാറുമെന്ന് തോന്നുമ്പോള്‍ ബഹളം വച്ച്,പല സ്ഥലത്ത് ചെന്നിരുന്നു പാറകളുടെ എണ്ണം എടുത്ത്,അങ്ങനെ കുറെ നേരം...
എന്താണെന്നറിയില്ല..കുറേനേരം ധ്യാനത്തിലെന്നത് പോലെ ഇരുന്നത് കൊണ്ട്,അവിടെ നിന്നും ഇറങ്ങിയപ്പോള്‍ മനസ്സിന് വല്ലാത്ത ശാന്തത..സുഖം...
വൈകുന്നേരം ആയി അപ്പോഴേക്കും..കുട്ടികളും നടന്നു ക്ഷീണിച്ചിരുന്നു.ഇനിയത്തെ കാഴ്ചകള്‍ നാളെയാകാം എന്ന് തീരുമാനിച്ചു ഹോട്ടലില്‍ എത്തി.
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ ആദ്യം ഓര്‍ത്തത് ഇന്ന് കാണാന്‍ പോകുന്ന "കിയോമിസു-ദേര"യെ കുറിച്ചാണ്.വളരെ പ്രശസ്തമായ ബുദ്ധിസ്റ്റ് ടെമ്പിള്‍ ആണിത്.ഈ ടെമ്പിളും ഏഴാം നൂറ്റാണ്ടിലെ ആണ്.798ല്‍ ആണ് ഇതിന്റെയും നിര്‍മിതി.പക്ഷെ ഇന്ന് കാണുന്ന കിയോമിസു-ദേര 1633ല്‍ നിര്‍മിച്ചതാണ്.പരന്നു കിടക്കുന്ന ഈ സ്ട്രക്ചറില്‍ ഒരു ആണി പോലും ഉപയോഗിച്ചിട്ടില്ല എന്നറിയുമ്പോള്‍,പതിനാറാം നൂറ്റാണ്ടിലെ ഈ നിര്‍മിതി നമ്മളെ ഒരുപാട് വിസ്മയിപ്പിക്കും.
കിയോമിസു-ദേര യുടെ പാര്‍ക്കിങ്ങില്‍ നല്ല തിരക്കായിരുന്നു രാവിലെ തന്നെ....അവിടെയും കണ്ടു 24മീറ്റര്‍ പൊക്കമുള്ള ഒരു ബുദ്ധന്റെ പ്രതിമ.
നടന്നു കിയോമിസു-ദേരയുടെ മുന്നില്‍ എത്തി...നോക്കിയപ്പോള്‍ ഇത് ഒരു ഒറ്റ കെട്ടിടമല്ല..ഒരു കുന്നില്‍ ചെരുവില്‍,കുന്നിനോട് ചേര്‍ന്ന് നീണ്ടു കിടക്കുന്ന ഒരു നിര്‍മിതി.പ്രധാന വരാന്ത തന്നെ വലിയ തൂണുകള്‍ ആണ് താങ്ങി നിര്‍ത്തുന്നത്.
പിന്നെ പുറകില്‍ ഹാള്‍ ഉണ്ട്.. ബുദ്ധന്റെ പ്രതിഷ്ഠ ഉണ്ട്...അവിടെ പ്രാര്‍ത്ഥിച്ചു വീണ്ടും നടന്നാല്‍ വരാന്തകള്‍ തന്നെ.കാട്ടിലേക്ക് കയറിപോകുന്ന പ്രതീതി തോന്നും..ഒരുവശം കുന്നല്ലേ,..പിന്നെയും നടന്നാല്‍ കാണാം,കെട്ടിടത്തിനുള്ളില്‍ തന്നെ നീര്‍ച്ചാലുകള്‍ ഒഴുകുന്നത്.ചെറിയ വാട്ടര്‍ഫോള്‍ എന്ന് പറയണം.അതില്‍ നിന്നാണ് കിയോമിസു-ദേര എന്ന പേരുണ്ടായത്."കിയോമിസു" എന്നാല്‍ ശുദ്ധമായ ജലം എന്നര്‍ത്ഥം.ഈ നീര്‍ച്ചാലുകള്‍ താഴെ ഒരു കുളത്തിലെക്കാണ് പോകുന്നത്.ആ വെള്ളം കുടിച്ചാല്‍ ആഗ്രഹിച്ചത് നടക്കുമത്രേ..ഞാന്‍ എന്താണാവോ ആ നിമിഷം ആഗ്രഹിച്ചത്...!!!
പിന്നെയും പലതും ഉണ്ട് ആ ടെമ്പിള്‍ കോംപ്ലെക്സില്‍ കാണാന്‍.നടന്നു നടന്നു കാല് കുഴയും...പക്ഷെ എന്തോ ഒരു പ്രത്യേകത ഉണ്ട് അവിടെ.നമ്മള്‍ നൂറ്റാണ്ടുകള്‍ പുറകിലോട്ട് പോയ പോലെ.എല്ലാം പഴയത്,മുഴുവനും തടി കൊണ്ടുള്ള നിര്‍മിതി.പ്രധാന വരാന്തയില്‍ നിന്നും നോക്കിയാല്‍ താഴെ ക്യോട്ടോ നഗരം വളരെ ഭംഗിയായി കാണാം...
2007ല്‍ ലോകത്തിലെ സെവെന്‍ വോണ്ടെര്‍സ് തിരഞ്ഞെടുക്കുന്ന സമയത്ത് 21 ഫൈനലിസ്റ്റുകളില്‍ കിയോമിസു-ദേരയും ഉണ്ടായിരുന്നു..തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും....
കിയോമിസു-ദേര കണ്ടു കഴിഞ്ഞപ്പോഴേയ്ക്കും ഉച്ചയായി.നടന്ന വഴി മുഴുവന്‍ സുവനീര്‍ ഷോപ്പുകള്‍ ആണ്.കേറിയിറങ്ങി,വേണ്ടതും വേണ്ടാത്തതും ഒക്കെ വാങ്ങി പിന്നെയും കുറച്ചു നേരം കൂടി...
അമ്പലങ്ങള്‍ക്കും കൊട്ടരങ്ങള്‍ക്കും മാത്രമല്ല ക്യോട്ടോ പ്രസിദ്ധി ആര്‍ജിച്ചത്..ഗെയ്ഷകള്‍.അവരും ക്യോട്ടോവിന്റെ അവിഭാജ്യഘടകം ആണ്.ക്യോട്ടോ എന്ന് കേട്ടാല്‍ ഗെയ്ഷ എന്നും ഓര്മ വരും.രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പ് ക്യോട്ടോ,ഗെയ്ഷകളുടെ പേരിലാണ് ഏറ്റവും കൂടുതല്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്നത് അത്രേ.ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി ഗെയ്ഷ വേഷം അണിഞ്ഞു ആളുകള്‍ നില്‍ക്കാറുണ്ട് ക്യോട്ടോയില്‍..നമ്മുക്ക് ഒപ്പം നിന്ന് ഫോട്ടോ എടുക്കാം.പക്ഷെ ശെരിക്കുമുള്ള ഒരു ഗെയ്ഷയെ കാണാന്‍ കുറച്ചു പ്രയാസമാണ്.അതുകൊണ്ട് ഞങ്ങളും അവിടെ കണ്ട ഗെയ്ഷയുടെ കൂടെ ഫോട്ടോ എടുത്തു.
കലാകാരികള്‍ ആണവര്‍..അതിഥികളെ സല്ക്കരിക്കുന്നവര്‍...സകല കലകളിലും നൈപുണ്യമുള്ളവര്‍...സുന്ദരികള്‍....
ഗിയോണ്‍ തെരുവുകളിലൂടെ നടന്നപ്പോള്‍ ഞാന്‍ ഓര്‍ത്തത്,"സയൂരിയെ" ആണ്...ആര്‍തര്‍ ഗോള്‍ഡന്റെ നോവലായ "ഒരു ഗെയ്ഷയുടെ ഓര്‍മക്കുറിപ്പുകള്‍"(Memoirs of a Geisha) ..അതിലെ സയൂരിയെ...ഇതേ ഗിയോണ്‍ തെരുവുകളിലൂടെ അല്ലേ,സയൂരി തലയുയര്‍ത്തിപ്പിടിച്ചു നടന്നിട്ടുണ്ടാകുക...കാണുന്നവരെല്ലാം 'എന്തൊരു സൌന്ദര്യം" എന്നവളെ തിരിഞ്ഞു നോക്കിയിട്ടുണ്ടാകുക!!!
അതെ..പിന്നെയും പിന്നെയും മനസ്സ് പറയുന്നു,എനിക്ക് ക്യോട്ടോ ഒരിക്കലും കണ്ടു മതിയാവില്ല എന്ന്.ഏക്കറുകള്‍ പരന്നു കിടക്കുന്ന ജപ്പാനീസ് ഗാര്‍ഡന്‍സും,പഴമ വിളിച്ചോതുന്ന കൊട്ടാരങ്ങളും,അമ്പലങ്ങളും കാണാന്‍ വീണ്ടും വരാതിരിക്കാന്‍ എനിക്കാവില്ല!!