Saturday, June 9, 2012

ഒരു ഫാമിലി മീറ്റ്‌കുട്ടികള്‍ ഒക്കെ ചെറുതായിരുന്നപ്പോള്‍ വേനലവധിക്ക് നാട്ടില്‍ പോകുക എന്നത് ഒരു പതിവായിരുന്നു.ഓരോ വര്‍ഷവും വേനലവധിക്കായിള്ള കാത്തിരുപ്പായിരുന്നു.ഇപ്പോള്‍ നാട്ടില്‍ പോയിട്ട് മൂന്ന് വര്ഷം.നന്നു(എന്റെ മകള്‍) ജൂനിയര്‍ ഹൈ സ്കൂളിലേക്ക് കടന്നതോടെ സമ്മര്‍ വെകേഷനുകള്‍ ഇല്ലാതെ ആയി.അവധി പേരിനു ഉണ്ടെങ്കിലും ക്ലബ്‌ ആക്ടിവിറ്റികളും അതിനോടനുബന്ധിച്ചുള്ള മല്‍സരങ്ങളും ഒക്കെ ആയി എല്ലാ ദിവസവും സ്കൂളില്‍ തന്നെ.
നാടും വീടും,ബന്ധുക്കളും,നാട്ടുകാരും,അമ്പലവും,മഴയും,പുഴയും, ഇടിഞ്ഞു പൊളിഞ്ഞ റോഡും, വ്യവസ്ഥയില്ലാത്ത ട്രാഫിക്കും ഒക്കെ എനിക്കും മനുവിനും മാത്രം നഷ്ടങ്ങള്‍ ആയി മാറി.പക്ഷെ ജീവിതവും സാഹചര്യങ്ങളും മാറുമ്പോള്‍ ഒഴുക്കിനനുസരിച്ചു നീന്തുകയല്ലേ മാര്‍ഗമുള്ളൂ.

മനുവിന്റെ ചേട്ടനും കുടുംബവും കുറെയധികം നാളുകളായി ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. പല പല കാരണങ്ങള്‍ കൊണ്ട് ചെയ്ത പ്ലാനുകളെല്ലാം ഓരോ വര്‍ഷവും മാറിപ്പോയി.ഈ വര്ഷം ആദ്യം മുതല്‍ നന്നു നിര്‍ബന്ധം പിടിച്ചു,വെല്യച്ഛനും വല്യമ്മയും മീനാക്ഷിയും വന്നേ പറ്റൂ എന്ന്.ജനുവരിയില്‍ തന്നെ അവള്‍ വല്യച്ഛന് മെയില്‍ അയച്ചു,ഈ വര്‍ഷത്തെ സ്പ്രിംഗ് ബ്രേക്ക്‌നു വന്നില്ലെങ്കില്‍ പിന്നെ വല്യച്ഛനോട് മിണ്ടുകയില്ല...വല്യച്ഛന്‍ അതില്‍ വീണു.മാര്‍ച്ചിലെ അവധിക്കു ജപ്പാനില്‍ വരാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി അവര്‍.നന്നുവിനാനെങ്കില്‍ അവധി സമയത്തും സ്കൂളില്‍ പോകണം.സ്പ്രിംഗ് ബ്രേക്ക്‌ എന്നാല്‍ ആകെ പത്തു ദിവസവും.ചേട്ടനും കുടുംബവും വരാന്‍ തീരുമാനിച്ചതും പത്തു ദിവസത്തേക്ക്.പക്ഷെ കുവൈറ്റിലെ അവധിയും ഇവിടുത്തെ അവധിയും തീരെ സഹകരിച്ചില്ല,രണ്ടും രണ്ടു സമയത്ത് ആയിപ്പോയി.എങ്കിലും ഇവിടെ കുട്ടികളും മനുവും കുറച്ചു ദിവസം അവധി എടുക്കാനും ഞാന്‍ മുഴുവന്‍ ദിവസവും അവധി എടുക്കാനും തീരുമാനം ആയി.പിന്നെ ഇവിടെ നിന്നുള്ള ഇന്‍വിറ്റെഷന്‍ ലെറ്ററും മറ്റു പല പേപ്പറുകള്‍ അയക്കലും ഒക്കെ ആയി ദിവസങ്ങള്‍ ഓടിപ്പോയി.അങ്ങനെ വിസ ശെരിയായി,വരുന്ന തിയതി തീരുമാനിച്ചു ,മാര്‍ച്ച്‌ 16.പിന്നീട് അങ്ങോട്ട്‌ ഞങ്ങള്‍ നാല് പേരും മാര്‍ച്ച്‌ പതിനാറിനായി കാത്തിരുപ്പായി.

ഞാന്‍ ജോലി കഴിഞ്ഞുള്ള സമയങ്ങള്‍ ഒക്കെ വീട് അടുക്കിപ്പെറുക്കാന്‍ തുടങ്ങി,നന്നു അവളുടെ മുറിയും.വല്യച്ഛനും വല്യമ്മയും മീക്കുവും(മീനാക്ഷി) വരുമ്പോഴേക്കും മുറിയുടെ മുഖം തന്നെ മാറ്റണം എന്ന് വാശി അവള്‍ക്കു.ആയികോട്ടേ,അങ്ങനെ എങ്കിലും മുറി വൃത്തിയക്കുമല്ലോ എന്ന് ഞാനും കരുതി.സ്കൂളില്‍ കുറച്ചു ദിവസത്തെ അവധി പറഞ്ഞു,എനിക്ക് വേണ്ട അവധി ഞാനും മേടിച്ചു വച്ചു.ഓരോ ദിവസം കഴിയുംതോറും ഇനി ഇത്രയും ദിവസങ്ങള്‍ കൂടിയേ ഉള്ളൂ അവരെ കാണാന്‍ എന്ന് നന്നുവും കണ്ണനും ദിവസങ്ങള്‍ എണ്ണി. കുഞ്ഞുന്നാള്‍ മുതല്‍ നന്നുവിനു ഏറ്റവും ഇഷ്ടം അവളുടെ വല്യച്ഛനെ ആണ്."പുഴു" എന്നവളെ കളിയാക്കി വിളിക്കുന്ന,അവളുടെ എല്ലാ കുസൃതികള്‍ക്കും കൂട്ട് നില്‍ക്കുന്ന,ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ അവളെ പോലെ പെരുമാറുന്ന വല്യച്ഛന്‍.

അങ്ങനെ കാത്തു കാത്തിരുന്നു ആ ദിവസം വന്നെത്തി.വൈകുന്നേരം ഒസാകയിലെ കന്‍സായ് എയര്‍പോര്‍ട്ടില്‍ എത്തുന്ന അവരെ വിളിക്കാന്‍ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ഞങ്ങള്‍ ഇവിടെ നിന്നും യാത്ര തിരിച്ചു. അഞ്ചു മണിക്കൂര്‍ ഡ്രൈവ് ഉണ്ട് ഒസാക വരെ.പല സര്‍വീസ് സ്റ്റേഷനിലും നിര്‍ത്തി ആയിരുന്നു യാത്ര.പക്ഷെ ഒസാക എത്താറായപ്പോഴേക്കും ട്രാഫിക്‌ ജാം വളരെ കൂടുതല്‍ ആയി.അവര്‍ ലാന്‍ഡ്‌ ചെയ്യുന്ന സമയത്ത് എത്തനാകുമോ എന്ന് പേടിയായി.ഒരു വിധം അഞ്ചര ആയപ്പോഴ്യ്ക്കും എയര്‍പോര്‍ട്ടില്‍ എത്തി.പക്ഷെ അവരെത്തി ഞങ്ങളെ കാത്തിരിക്കുകയായിരുന്നു.
മൂന്നു പേരെയും കണ്ടപ്പോള്‍ അറിയാതെ കണ്ണ് നിറഞ്ഞു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് കാണുന്നത്. കുശലപ്രശ്നങ്ങള്‍ ഒക്കെ ഒന്നടങ്ങിയപ്പോള്‍ എയര്‍പോര്‍ട്ടിന് പുറത്തിറങ്ങി.. അതുവരെ അറിയാത്ത തണുപ്പ് അറിഞ്ഞു.വീണ്ടും ഒരു അഞ്ചു മണിക്കൂര്‍ ഡ്രൈവ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.

വഴിയില്‍ പലയിടത്തും നിര്‍ത്തി, ജാപ്പനീസ് ഭക്ഷണം രുചിച്ചു ഒക്കെ ആയിരുന്നു മടക്കം.രാത്രി പതിനൊന്നരയോടെ വീടെത്തി.പിറ്റേന്ന് മുതല്‍ പരിപാടികളുടെ ബഹളമല്ലേ എന്നോര്‍ത്ത്, മനസ്സിനെ സന്തോഷിക്കാന്‍ വിട്ടു എല്ലാവരും ഉറങ്ങാന്‍ കിടന്നു.

പിറ്റേന്ന് മുതല്‍ പത്തു ദിവസം എങ്ങനെ പത്തു നിമിഷം പോലെ കഴിഞ്ഞു പോയി എന്ന് എനിക്കിപ്പോഴും അറിയില്ല.സന്തോഷങ്ങള്‍ക്ക് ആയുസ് കുറവാണെന്ന് പറയുന്നത് എത്ര സത്യം!

സമുറായികള്‍ ഒളിച്ചു താമസിച്ചിരുന്ന പഴയ താച്ട് റൂഫ്(Thatched Roof)വീടുകള്‍ കാണാന്‍ പോയി,ടോക്യോ ഡിസ്നി സീ,ടോക്യോ ടവര്‍,ഇമ്പീരിയല്‍ പാലസ് ഇതൊക്കെ കാണാന്‍ പോയി,ജാപ്പനീസ് എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ തലങ്ങും വിലങ്ങും യാത്ര ചെയ്തു,മാര്‍ച്ച് മാസം ആയത് കൊണ്ട് മഞ്ഞു കാണാന്‍ സാധിക്കുമോ എന്നാ പേടിയും മാറി,മതിയാവോളം മഞ്ഞില്‍ കളിച്ചു, കിമോണോ ഇട്ടു ഫോട്ടോ എടുത്തു, ക്യോട്ടോയില്‍ പോയി,അവിടുത്തെ പ്രധാനപ്പെട്ട അമ്പലങ്ങള്‍ കണ്ടു, ഒരാഴ്ചത്തെ വ്യത്യാസത്തില്‍ കാണാന്‍ കഴിയുകയില്ല എന്ന് കരുതിയ ചെറി ബ്ലോസ്സം ക്യോട്ടോയില്‍ കണ്ടു, ജപ്പാനില്‍ കുട്ടികള്‍ നടന്നു സ്കൂളില്‍ പോകുന്നത് കാണാന്‍ സാധിച്ചു, എന്റെ ബ്ലോഗിലൂടെ പരിചയം ആയ കണ്ണന്റെയും നന്നുവിന്റെയും സ്കൂള്‍ കണ്ടു, അങ്ങനെ അങ്ങനെ കുറച്ചു സമയം കൊണ്ട് പറ്റാവുന്നതെല്ലാം കണ്ടു,അനുഭവിച്ചു.പക്ഷെ പിന്നീട് ആലോചിച്ചപ്പോഴാണ് പലതും കാണിച്ചു കൊടുക്കാന്‍ ഞാന്‍ മറന്നല്ലോ എന്നോര്‍ത്തത്...

പത്തു ദിവസങ്ങള്‍ പത്തു നിമിഷങ്ങളെ പോലെ കടന്നു പോയി.അവരെ യാത്രയാക്കി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുമ്പോള്‍ ഞങ്ങള്‍ നാല് പേരും നിശബ്ദരായിരുന്നു.ഒരുപാട് കാത്തിരുന്ന ആ ദിവസങ്ങള്‍ ഇത്ര പെട്ടന്ന് കഴിഞ്ഞു പോയല്ലോ എന്ന സങ്കടം ഓരോരുത്തര്‍ക്കും. എങ്കിലും എത്രയോ വര്‍ഷങ്ങള്‍ക്കു ശേഷം തലകുത്തി മറിഞ്ഞു ചിരിച്ച വൈകുന്നേരങ്ങള്‍ എനിക്ക് തിരിച്ചു കിട്ടി, ചേട്ടനെ കണ്ടപ്പോള്‍ കൊച്ചു കുട്ടി ആവുന്ന മനുവിനെ കണ്ടു,അവരുടെ കുട്ടിക്കാലകുസൃതികളെ കുറിച്ച് ചേട്ടന്റെ രസകരമായ വിവരണം കേട്ടു,നൂറുകണക്കിന് ഫോട്ടോസ് എടുത്തു,ചേട്ടന്റെയും പ്രീതിയുടെയും സ്പെഷ്യല്‍ പാചകം രുചിച്ചു,അവര് കൊണ്ട് വന്ന ലഡ്ഡുവും ജിലേബിയും മൈസൂര്‍പാക്കും ഏത്തപ്പഴവും കഴിച്ചു
. ഇത്രയൊക്കെ പോരെ....ഇതുപോലെ ആസ്വാദ്യകരമായ കുറച്ചു ദിവസങ്ങള്‍ സമ്മാനിച്ചതിനു നന്ദി ബിജുചേട്ടാ,പ്രീതി,മീക്കു....
26 comments:

 1. ഒരു സന്തോഷം വന്നാൽ ഒരു സങ്കടവും പിറകേ വരും !

  ReplyDelete
 2. സന്തോഷങ്ങള്‍ക്ക് ആയുസ് കുറവാണെന്ന് പറയുന്നത് എത്ര സത്യം! വളരെ സത്യം... ഇങ്ങിനെ സ്വന്തക്കാരെ മുഴുവന്‍ ജപ്പാന്‍ കാണിച്ചാല്‍ മതിയോ ? ആ പിള്ളാര്‍സിനെ പാലിയം കൊട്ടാരവും മറ്റും കൊണ്ടുവന്ന് ഒന്ന് കാണിക്ക്. ഒരു പക്ഷെ നാളെ ഇതൊക്കെ അന്യം നിന്നാല്‍ വല്ലാതെ നൊസ്റ്റാള്‍ജിയ പറയാനേ കഴിയൂ. ഇപ്പോഴാണെങ്കില്‍ മുസരിസ് പദ്ധതിയെന്നൊക്കെ പറഞ്ഞ് എന്തൊക്കെയോ കാട്ടുന്നുമുണ്ട്. കുളിപ്പിച്ച് കുട്ടിയില്ലാതാക്കുന്നതിന് മുന്‍പ് കൊണ്ടുവന്ന് കാട്ടുവാന്‍ നോക്ക് :)

  ReplyDelete
 3. മഞ്ജൂ, സന്തോഷത്തില്‍ പങ്കു ചേരുന്നു... അടുത്ത മാസം ഒരു സുഹൃത്തിന്റെ ചേച്ചിയും കുടുംബവും വരുന്നുണ്ട്, എന്റെ നാട്ടുകാരിയാണ്‌ എന്നതിനാല്‍ ഞങ്ങളും അവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പില്‍ ....:)

  ReplyDelete
 4. കൂടിച്ചേരലിന്റെ സന്തോഷവും, വേർപിരിയലിന്റെ നൊമ്പരവും അനുഭവിക്കുക ജീവിതത്തിന്റെ ഭാഗം തന്നെയാണ്.

  നിങ്ങൾക്കെല്ലാം ആശംസകൾ!

  ReplyDelete
 5. എഴുത്തിലൂടെ അനുഭവിച്ച സന്തോഷത്തിന്റെ തോത് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. കുറെ ആയല്ലോ എന്തെങ്കിലും എഴുതി പോസ്റ്റിയിട്ട്?കുറച്ച് ചിത്രങ്ങള്‍ കൂടെ ചേര്‍ക്കാമായിരുന്നു. അങ്ങിനെയെങ്കിലും കുറച്ച് ജപ്പാന്‍ ഞങ്ങള്‍ക്ക് കൂടി കാണാമായിരുന്നു.

  ReplyDelete
 6. ഹാ ഞങ്ങള്‍ക്കൊക്കെ എന്തായാലും അവിടെ വന്ന് കാണാനും വിശേഷമറിയാനുമൊന്നും പറ്റില്ലല്ലോ. എന്തായാലും ഇത്തരം ബ്ലോഗുകളില്‍ കൂടിയെങ്കിലും വായിക്കാമല്ലോ. ആശംസകള്‍

  ReplyDelete
 7. <>
  പോസ്റ്റ് വായിച്ച് ആ തിരക്കും ബഹളോം യാത്രേം ഒക്കെ ആസ്വദിച്ചുവരായിരുന്നു. അപ്പോ അതും തീർന്നു :) :)

  രസകരം.

  ഇടക്കിടക്ക് മടിപിടിക്കാതിരിക്കാൻ ജപ്പാനിലെ ദൈവങ്ങൾ അനുഗ്രഹിക്കട്ടെ.

  ReplyDelete
 8. മഞ്ജുവിന്റെ ആ ‘ത്രിൽ” മനസ്സിലാക്കാൻ പറ്റുന്നു ഇത് വായിക്കുമ്പോൾ..ഈ സ്നേഹക്കുറിപ്പിനു നന്ദി..കൂടുതൽ എഴുതൂ

  ReplyDelete
 9. പ്രിയപ്പെട്ടവരുടെ കൂടെ ഒരു ഒഴിവുകാലം എപ്പോഴും സന്തോഷമുളവാക്കുന്നത് തന്നെ. മൂന്നുമാസത്തിന് കൂടെ നിന്നതിനു ശേഷം അമ്മ തിരിയെ നാട്ടിലേക്ക് പോയപ്പോള്‍ എനിക്കും ഒരു ശൂന്യത അനുഭവപ്പെട്ടിരുന്നു.

  ശരിയാണ് സന്തോഷങ്ങള്‍ക്ക്‌ ആയുസ്സ് കുറവാണ്..

  ReplyDelete
 10. മഞ്ജൂന്റെ ത്രില്‍ മുഴുവന്‍ എഴുത്തില്‍ പ്രകടമായിരുന്നു. അതോണ്ട് അവര്‍ പോയപ്പോ എനിക്കും സങ്കട് ആയി. സയനോരാ....

  ReplyDelete
 11. ഭായി... സന്തോഷം ആദ്യ കമന്റിനു..:)

  മനോരാജ്..നന്ദി... വരണം..വരുന്നുണ്ട്....:)

  കുഞ്ഞൂസേ.. ആ കാത്തിരുപ്പ് ഒരു രസം ആണ്... പോയി കഴിയുമ്പോള്‍ സങ്കടം വരും എങ്കിലും...:)

  മുല്ലപ്പൂ... നന്ദി:)

  ജയന്‍ ഡോക്ടറെ..നന്ദി..:)

  പട്ടേപ്പാടം റാംജി... അതെ..കുറെ ആയി എഴുതിയിട്ട്..... ഇനിം മദ പിടിക്കാതെ എഴുതാന്‍ നോക്കും..:) അഭിപ്രായത്തിനു നന്ദി ട്ടോ..:)

  അജിത്‌..നന്ദി... വീണ്ടും എഴുതാം..:)

  നന്ദാ.... നന്ദി... ഇനി മടി പിടിക്കാതെ എഴുതാം ട്ടോ..:)

  സുനില്‍.. നന്ദി...:)

  വില്ലേജ് മാന്‍...ശെരിയാണ് പറഞ്ഞത്... പ്രിയപെട്ടവരെ മിസ്സ്‌ ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി:))അഭിപ്രായത്തിനു നന്ദി ട്ടോ..:)

  ശശിയേട്ടാ... ശെരിയാണ് ശെരിക്കും ത്രില്ലില്‍ ആയിരുന്നു എല്ലാവരും...നന്ദി ട്ടോ ആദ്യായിട്ട് എന്റെ ബ്ലോഗില്‍ വന്നതിനു:))

  ReplyDelete
 12. പ്രിയപ്പെട്ട ആദിവസങ്ങളുടെ ഒർമ്മകൾ എന്നും നിലനിൽക്കട്ടെ

  ReplyDelete
 13. കുടുബാംഗങ്ങളുമായുള്ള ഒത്തുചേരലിന്റെ
  സന്തോഷം തുടിച്ചുനിൽക്കുന്ന എഴുത്താണല്ലോ
  ഇത്തവണ മഞ്ജു കാഴ്ച്ചവെച്ചിരിക്കുന്നത്...!

  ReplyDelete
 14. എഴുതാനുള്ള എന്റെ മടിയും കൂടിയാണ് മഞ്ജു ഓര്‍മ്മിപ്പിച്ചത്. എന്തായാലും സന്തോഷകരമായ കുറച്ചു ദിവസങ്ങള്‍ കിട്ടിയല്ലോ. എഴുത്തും നന്നായി......സസ്നേഹം

  ReplyDelete
 15. ഓർമ്മകളുടെ നഷ്ടസുഗന്ധം അയവിറക്കാലാണ് ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ കാര്യം....ആശംസകൾ...ഉടനെ നാട്ടിലേക്കു പോകാനും ഒരു നല്ല യാത്രാവിവരണം എഴുതാനും ഇടവരട്ടെ..

  ReplyDelete
 16. ആ ഒത്തുചേരലിന്റെ സന്തോഷം ഒട്ടും ചോര്‍ന്നുപോകാതെ ഇത് വായ്ക്കുന്നവര്‍ക്കും കിട്ടി മഞ്ജു...ചേട്ടനോടും ഫാമിലിയോടും എന്റെ സന്തോഷം അറിയിക്കുക..

  ReplyDelete
 17. ഞങ്ങള്‍ ഓണത്തിന് തറവാട്ടില്‍ ഒത്തുകൂടാറുണ്ട്. പലതരം വിഭവങ്ങള്‍ ഒരുക്കി അമ്മ ഉത്രാടത്തിന് മുന്‍പേ കാത്തിരിക്കും. മക്കളും മരുമക്കളും ചെര്മാക്കളും ഉള്‍പെടെ മുപ്പതോളം പേരുണ്ടാവും. ചതയത്തിനു മുന്‍പേ എല്ലാവരും ജോലിസ്ഥലത്തേക്ക് മടങ്ങും.പിന്നെ അമ്മയും ഇളയ അനുജനും മാത്രം.പൂക്കളത്തിലെ വാടിക്കരിഞ്ഞ പൂക്കളും മാവിന്‍ കൊമ്പില്‍ അനാഥമായ ഊഞ്ഞാലും നോക്കി അവര്‍ ഇരിക്കും.അടുത്ത ദിവസം ഫോണ്‍ ചെയ്യുമ്പോള്‍ ആ സങ്കടക്കടലിലെ തിരമാലകള്‍ എന്റെ കണ്ണ് നനയിക്കാറുണ്ട്.

  ReplyDelete
 18. നാട്ടില്‍ നിന്നു വരുന്നവര്‍ തരുന്നത്
  സ്നേഹം മാത്രം അല്ല നാടിന്റെ ഓര്‍മകളും
  നാടിന്റെ രുചിയും കൂടി ആണല്ലേ? ട്രെയിനില്‍
  മുമ്പ് യാത്ര ചെയ്യുമ്പോള്‍ പാലക്കാട് സ്റ്റ്ഷന്‍
  ആവുമ്പോള്‍ ഒരു പ്രത്യേക മലയാള കാറ്റു
  മുഖത്ത് വന്നു തലോടി ആശ്വാസം തന്നിരുന്നു...

  മൂന്നര മണിക്കൂര്‍ യാത്രയെ ഞങ്ങള്‍ക്ക്
  ഉള്ളൂ..അത് കൊണ്ടു എല്ലാ വര്‍ഷവും
  നാട്ടില്‍ പോകുന്നുണ്ട്..അടുത്ത മാസം പോകാന്‍
  എല്ലാവരും റെഡി ആയി...
  ആശംസകള്‍...
  ഓ.ടി.മോള്‍ക്ക്‌ ജപ്പാന്‍ കാരെ വലിയ
  ഇഷ്ടം ആണ്‌. ഒരു projectinu വേണ്ടി
  ആയിരുന്നു കഴിഞ്ഞ പോസ്റ്റില്‍ contact
  ചെയ്യാന്‍ പറഞ്ഞത്..അത് നെറ്റ് കൊണ്ടു മാനേജ്
  ചെയ്തു..ഇനി ഇപ്പൊ ജപ്പാന്‍ ഒന്ന് കാണണം എന്ന്
  തോന്നിയാലും മഞ്ജുവിന്റെ മറുപടി വന്നിട്ട് കാര്യം
  നടക്കില്ല എന്ന് മനസ്സിലായി കേട്ടോ..ഹ..ഹ..

  ReplyDelete
 19. വളരെ ഹൃസ്വമായ അവധിക്കാല കൂടിച്ചേരൽ പോലെ തന്നെ ചെറിയ , എന്നാൽ കാര്യങ്ങൾ ചോർന്നു പോവാത്ത വിവരണവും,നന്നായി.

  ReplyDelete
 20. ഹായ്. നല്ല വിവരണം. ചേച്ചിയെ കാണാന്‍ അടുത്ത വെക്കേഷന് ഞങ്ങളും വരട്ടെ?
  വെറുതെ ആശിപ്പിച്ചു

  ReplyDelete
  Replies
  1. മനുവിന്റെ ചേട്ടന്റെ കൂടെയുള്ള വെക്കെഷന്‍ ഞങ്ങളും ആസ്വദിച്ചു മഞ്ജൂ..
   നീണ്ട നാളുകള്‍ക്കു ശേഷം ചേട്ടനെയും കുടുംബത്തെയും കാണുന്ന സന്തോഷം മഞ്ജുവിന്റെ എഴുത്തില്‍ പ്രകടമാണ്.

   Delete
 21. ഹൃദ്യമായ കുറിപ്പ്...

  ReplyDelete
 22. ഒഴിവുകാല അനുഭവം വളരെ നന്നായി വിവരിച്ചു. ഇനിയും കുറെ എഴുതുക.

  If interested pls visit http://surumah.blogspot.com

  ReplyDelete
 23. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

  ReplyDelete