Wednesday, October 13, 2010

ഊഷ്മളഹൃദയം

ഇത് ഒരു കഥയല്ല.ജീവിതാനുഭവം ആണ്.Pompe Disease നെ കുറിച്ച് കേട്ടിട്ടുണ്ടോ?വളരെ അത്യപൂര്‍വമായ ഒരു അസുഖം ആണത്.എന്റെ കൂട്ടുകാരിയുടെ ,കൂട്ടുകാരിയുടെ മകന്‍ ജനിച്ചത്‌ ഈ അസുഖവുമായാണ്.അന്നാണ് ഞാന്‍ ആദ്യമായി ഇങ്ങനെ ഒരു അസുഖത്തെ ക്കുറിച്ച് അറിയുന്നത് തന്നെ. Pompe disease, വളരെ അപൂര്‍വമായ, 40000 ത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന,മസില്‍നെയും(muscles) ഹാര്‍ട്ട്നെയും ബാധിക്കുന്ന ഒരു അസുഖമാണ്.ഒരു ജീനില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് ഇതിനു കാരണം.ഭേദമാകുവാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണിത്.സ്വന്തം മകന് ഈ അസുഖമാണ് എന്നറിഞ്ഞപ്പോള്‍ എന്റെ കൂട്ടുകാരിയും ഭര്‍ത്താവും ഒരുപാട് വിഷമിച്ചു,ഒരുപാട് കരഞ്ഞു,കിട്ടാവുന്നതില്‍ ഏറ്റവും നല്ല ചികില്‍സ നേടി,പക്ഷെ ഒന്നും ഭേദമായില്ല.പിന്നെ അവരെടുത്ത ഒരു തീരുമാനം അത്ഭുതപ്പെടുത്തുന്നതായിരുന്നു.ആത്മവിശ്വാസത്തോടെ അവനെ വളര്‍ത്തുക എന്ന്.എത്ര നാളെന്നറിയില്ല.... എങ്കിലും.....
അസുഖമുള്ള കുട്ടികളെ പൊതുവെ എല്ലാവരും സഹതാപത്തോടെ,വിഷമത്തോടെ നോക്കും.എല്ലാം അവര്‍ക്ക് ചെയ്തു കൊടുത്തു,അധികം കൂട്ടുകൂടാന്‍ വിടാതെ ഒക്കെ പരിപാലിക്കും.പക്ഷെ ആ കുട്ടികള്‍ക്ക് അതിലൂടെ നഷ്ടമാവുന്നത് അവരുടെ സാധാരണ ജീവിതം ആണ്.ഇവിടെയാണ് എന്റെ കൂട്ടുകാരി വ്യത്യസ്ത ആയത്.ആദ്യം തന്നെ മനസ്സില്‍ നിന്നും എല്ലാ നെഗറ്റീവ് ചിന്തകളെയും മായ്ച്ചു കളഞ്ഞു അവര്‍.പോസിറ്റീവ് എനര്‍ജി മാത്രം സ്വന്തം മനസ്സിലും കുട്ടിയുടെ മനസ്സിലും നിറച്ചു.അവനെ എല്ലാ കുട്ടികളെയും പോലെ വളര്‍ത്താന്‍ തുടങ്ങി.അസുഖമുണ്ട് എന്ന കാരണത്താല്‍ ഒന്നില്‍ നിന്നും മാറ്റി നിര്‍ത്തിയില്ല.
കുറച്ചു വലുതായപ്പോള്‍ അസുഖത്തെക്കുറിച്ച് എല്ലാം അവനു പറഞ്ഞു കൊടുത്തു,അവരുടെ അനുഭവങ്ങളെക്കുറിച്ച് ബ്ലോഗ്‌ എഴുതി.ജീവിതം എന്നത് എത്ര അമുല്യമാണ് എന്നത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കണം എന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ അവരൊരു പുസ്തകം രചിച്ചു.ആദ്യം ബ്ലോഗ്‌ പോസ്റ്റ്‌ ആയിട്ടാണ് എഴുതിയത്.ഇപ്പോള്‍ പുസ്തകരൂപത്തില്‍ പബ്ലിഷ് ചെയ്തു.ഏഴു വയസായ മകന്‍ എഴുതുന്ന രീതിയില്‍,അവന്റെ ചിന്തകളും വികാരങ്ങളും ആണ് ഇതിലുള്ളത്.എന്റെ കൂട്ടുകാരിയുടെ അനുവാദത്തോടെ ആ കുട്ടിയുടെ വാക്കുകള്‍ ജപനീസില്‍ നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയാണ് ഞാന്‍.ഒന്നും തന്നെ എന്റേതായി കൂട്ടി ചേര്‍ത്തിട്ടില്ല,പദാനുപദമായി ഉള്ള വിവര്‍ത്തനം മാത്രം.ഒന്ന് വായിച്ചു നോക്കു... ഏഴു വയസായ ഒരു കുട്ടിയുടെ ജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പാടുകള്‍....
-------------------------------------------------------------------------------------

ഊഷ്മളഹൃദയം

എന്റെ പേര് "അയമെ".ഏഴു വയസായി എനിക്ക്.അച്ഛനും അമ്മയും കൂടിയാണ് ഈ പേര് എനിക്ക് വേണ്ടി കണ്ടു പിടിച്ചത്.അതിനെന്താണ് കാരണം എന്നറിയുമോ?എല്ലാവരുടെയും മനസ്സില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വിത്തുകള്‍ ഉണ്ട്.ഈ വിത്തുകള്‍ പൊട്ടിമുളച്ചാല് ‍നമ്മുടെ മനസ്സില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിരിയും.അങ്ങനെ എല്ലാവര്ക്കും ശാന്തിയും സമാധാനവും സന്തോഷവും നല്കാന്‍ സാധിക്കുന്ന ഒരാളായി ഞാന്‍ വളര്‍ന്നു വരണമെന്ന് എന്റെ അച്ഛനുമമ്മയും ആഗ്രഹിച്ചു.അതിനു വേണ്ടിയാണു "shining sprout" എന്നര്‍ത്ഥമുള്ള "അയമെ" എന്ന പേര് എനിക്കിട്ടത്.പക്ഷെ എന്താണീ സന്തോഷം?സമാധാനം?എനിക്കതു മനസ്സിലായി വരുന്നേ ഉള്ളു.നിങ്ങള്‍ക്കറിയാമോ?

Pompe Disease എന്ന ഒരു അസുഖവുമായാണ് ഞാന്‍ ജനിച്ചത്‌.എന്റെ അച്ഛനുമമ്മയും അന്നദ്യമായാണ് ഇങ്ങനെ ഒരു അസുഖത്തിനെ പറ്റി കേള്‍ക്കുന്നത്.എന്നെയോര്‍ത്ത് അവര്‍ ഒരുപാട് കരഞ്ഞു.എന്താണ് pompe disease എന്നറിയാമോ?പതുക്കെ പതുക്കെ എനിക്ക് നടക്കാന്‍ പറ്റാതാകും.ഇപ്പോള്‍ അനങ്ങികൊണ്ടിരികുന്ന കയ്യും കാലും ഒക്കെ അനക്കാന്‍ പറ്റാതാവും .....അങ്ങനെ ഒരു ദിവസം ശ്വസിക്കാന്‍ കൂടി എനിക്ക് ബുദ്ധിമുട്ടായി മാറും.ഇങ്ങനെ ഒരു വല്ലാത്ത അസുഖം ആണ് എനിക്കുള്ളത്.ഒരിക്കല്‍ ഡോക്ടര്‍ എന്നോട് പറഞ്ഞ കാര്യം ഞാന്‍ പറയട്ടെ... ആകാശത്തിലെ നക്ഷത്രങ്ങളുടെ അത്രയും അസുഖങ്ങള്‍ ഈ ലോകത്തില്‍ ഉണ്ട്.പേരും പോലും ഇല്ലാത്തവയും ഒരുപാട്.അതില്‍ ഒന്ന് മാത്രം എന്റെ ഈ അസുഖം.എനിക്കറിയാം ഇത് മാറാന്‍ വളരെ ബുദ്ധിമുട്ടാണ് എന്ന്. പക്ഷെ ഞാന്‍ പേടിക്കേണ്ട ഒരു കാര്യവും ഇല്ല എന്നും എനിക്കറിയാം.എനിക്ക് സ്വന്തമായി ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ആണ് കൂടുതലും..... പക്ഷെ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളും ഒരുപാടുണ്ട്.എന്റെ മനസ്സ് ഇനിയും കാണാത്ത സന്തോഷത്തിന്റെ ,സമാധാനത്തിന്റെ വിത്തുകള്‍ തീര്‍ച്ചയായും ഉണ്ട്.ഈ അസുഖത്തോടൊപ്പം ജീവിക്കാന്‍ ഞാന്‍ എന്നേ പഠിച്ചു കഴിഞ്ഞു.ഇനിയും കണ്ടുപിടിക്കപെടിട്ടില്ലാത്ത ഒരു മരുന്ന് എനിക്ക് വേണ്ടി ഉണ്ടാകുമോ എന്നെനിക്കറിയില്ല... എങ്കിലും ധൈര്യത്തോടെ,സന്തോഷത്തോടെ ഇരുന്നാല്‍ എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കും എന്ന് തന്നെ എന്റെ അമ്മയ്ക്കൊപ്പം ഞാനും വിശ്വസിക്കുന്നു.എന്റെ അച്ഛനും ,കൂട്ടുകാരും എല്ലാം അങ്ങനെ തന്നെ വിശ്വസിക്കുന്നു.അത് നന്നായി അറിയാവുന്ന എന്റെ മനസ്സ് ഊഷ്മളമാവുന്നത് എനിക്ക് തൊട്ടറിയാം.

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു, സ്പോര്‍ട്സ്‌ ഡേയുടെ അന്ന്, എന്റെ എല്ലാ കൂട്ടുകാരും കാറ്റിനെക്കള്‍ വേഗത്തില്‍ ഓടി ലക്ഷ്യസ്ഥാനത്ത് എത്തുന്നു.പക്ഷേ ഞാനോ‍....ഞാന്‍..... ഞാന്‍ പതുക്കെ ആണെന്കിലും നടന്നു ലക്ഷ്യത്തിലെത്തി.ഏറ്റവും അവസാനമായി പോയതില്‍ അന്നൊരുപാട് സങ്കടം തോന്നി,പക്ഷെ,എനിക്ക് അറിയുകപോലുമില്ലാത്ത ഒരുപാട് പേര്‍ കയ്യടിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു. അപ്പോഴും ഒരിക്കല്‍ കൂടി എന്റെ ഹൃദയം ഊഷ്മളമാവുന്നത് ഞാനറിഞ്ഞു.

സ്കൂളിലെ ഓപ്പണ്‍ ഡേ....എല്ലാവരുടെയും അമ്മമാര്‍ സ്കൂളില്‍ വന്നിരുന്നു...ടീച്ചര്‍ ക്ലാസ്സ്‌ എടുക്കുന്നത് കാണാനാണ് എല്ലാവരും വന്നത്.എല്ലാ കുട്ടികളും ഭംഗിയുള്ള കയ്യക്ഷരത്തില്‍ എഴുതി.പക്ഷെ എനിക്ക് വളരെയധികം കഷ്ടപ്പെട്ട്,സമയമെടുത്ത്‌ "നന്ദി" എന്നെഴുതാനെ സാധിച്ചുള്ളൂ. എന്തുകൊണ്ടാണെന്നറിയില്ല... ഞാന്‍ നോക്കിയപ്പോള്‍ അമ്മയുടെ മാത്രം കണ്ണില്‍ കണ്ണുനീരായിരുന്നു അപ്പോള്‍.പിന്നെടെനിക്ക് മനസ്സിലായി അത് സന്തോഷത്തിന്റെ കണ്ണുനീരായിരുന്നു എന്ന്.ബാക്കി എല്ലാ അമ്മമാരും പുഞ്ചിരിയോടെ എന്നെ പ്രോത്സാഹിപ്പിച്ചു.അപ്പോഴും ഒരിക്കല്‍ കൂടി എന്റെ ഹൃദയം ഊഷ്മളമായി.

എല്ലാവരും എന്നെ പ്രോത്സാഹിപ്പിക്കുന്നതും എന്നോട് ദയയോടെ പെരുമാറുന്നതും ഒരുപാട് സന്തോഷമുള്ള കാര്യം ആണ്.അപ്പോഴാണ് ഞാന്‍ ഒരു കാര്യം ഓര്‍ത്തത്‌.... സങ്കടവും ദേഷ്യവും വരുന്ന അവസരങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട് എന്റെ ജീവിതത്തില്‍.പക്ഷെ അങ്ങനെയുള്ള കാര്യങ്ങളിലും,എന്റെ മനസ്സിനെ സ്വാധീനിക്കുന്ന, ഊഷ്മളമാക്കുന്ന പലതും തീര്‍ച്ചയായും ഉണ്ടാകാറുണ്ട്.ചിലപ്പോള്‍ വളരെ ചെറിയ,നിസ്സാര കാര്യം ആവാം.പക്ഷെ അതാവും ഒരുപാടു സങ്കടങ്ങള്‍കിടയില്‍ എന്നെ സന്തോഷിപ്പികുന്നത്. സന്തോഷം എന്നത് പലര്‍ക്കും പല രൂപത്തില്‍ ആവും അല്ലെ....ഓരോരുത്തര്‍ക്കും ഏറ്റവും സന്തോഷം തോന്നുന്നത് ഏതു കാര്യത്തില്‍ ആണ് എന്ന് നമ്മള്‍ തന്നെ കണ്ടുപിടിക്കണം.മനസ്സില്‍ ഒരുപാട് സന്തോഷപൂക്കള്‍ വിരിയാന്‍ ഇടയാകട്ടെ എന്നാണ് എപ്പോഴും എന്റെ ആഗ്രഹം.അതുകൊണ്ട് എല്ലാവരോടും എനിക്കൊരു കാര്യം പറയാനുണ്ട്‌.നിങ്ങളുടെ ജീവിതത്തിലും,നിങ്ങള്‍ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന,നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കുന്ന,കാര്യങ്ങള്‍ ഉണ്ടാകും.അതെത്ര ചെറുതോ വലുതോ ആവട്ടെ,ദയവായി കണ്ടെത്തു... അതിലൂടെ മനസ്സില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും,കാരുണ്യത്തിന്റെയും പൂക്കള്‍ വിരിയിക്കു.വരൂ.... നമ്മുക്ക് സങ്കടങ്ങളോട് വിട പറയാം...ചെറിയ ചെറിയ സങ്കടങ്ങളെ മറന്നു ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാം...തീര്‍ച്ചയായും ഒരു അത്ഭുതം നിങ്ങളെയും കാത്തിരിപ്പുണ്ടാകും.അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്... നിങ്ങളും അങ്ങനെ ആല്ലേ....??

Wednesday, September 22, 2010

ടൊയോട്ട മ്യുസിയത്തിലേക്ക്....

ആദ്യം ടൊയോട്ട മ്യുസിയത്തില്‍ എത്തിയപ്പോള്‍ വിജനമായി കിടന്ന പാര്‍ക്കിംഗ് ഏരിയ ഇപ്പോള്‍ ഫുള്‍.പിന്നെ,മ്യുസിയത്തിന്റെ പുറകുവശത്തെ വിശാലമായ പാര്‍ക്കിംഗില്‍ ഒരുപാട് ദൂരെയായി പാര്‍ക്ക്‌ ചെയ്യേണ്ടി വന്നു.ജപ്പാനില്‍ ഏറ്റവും ചൂടുള്ള സമയം ഓഗസ്റ്റ്‌ മാസം ആണ്.ഈ ഒരു മാസമേ ഇവിടെ ചൂട് എന്ന് പറയാന്‍ പറ്റുകയുള്ളൂ .സെപ്റ്റംബര്‍ മുതല്‍ വീണ്ടും തണുക്കാന്‍ തുടങ്ങും.പക്ഷെ ഈ വര്‍ഷം പൊള്ളുന്ന ചൂടായിരുന്നു.കരിഞ്ഞു പോകുന്നതിനു മുന്‍പ് ഓടി മ്യുസിയത്തിനുള്ളില്‍ കേറി.




ടൊയോട്ടയുടെ തന്നെ മൂന്നു മ്യുസിയങ്ങള്‍ ഉണ്ട് ഇവിടെ.അതില്‍ ഏറ്റവും പുതിയ കാറുകളുടെ പ്രദര്‍ശനം നടക്കുന്ന മ്യുസിയം അവധി ആയതു കൊണ്ട് കാണാന്‍ സാധിച്ചില്ല.ടൊയോട്ടയുടെ ഫാക്ടറിയും കാണണമെന്നുണ്ടായിരുന്നെങ്കിലും അവധി അതിനു സമ്മതിച്ചില്ല.Toyota Commemorative museum Of Industry and Technology ല്‍ ആണ് ഞങള്‍ ഇപ്പോള്‍ ഉള്ളത്.Textile machinery pavilion എന്നും Automobile Pavilion എന്നും രണ്ടായി തിരിച്ചിട്ടുണ്ട് ഈ മ്യുസിയത്തിനെ.ടൊയോട്ട ഗ്രൂപ്പിലുള്ള പതിമൂന്നു കമ്പനികള്‍ ചേര്‍ന്നാണ് ഇതിനു രൂപം കൊടുത്തത്.ഇത് ഇപ്പോള്‍ ഇരിക്കുന്ന ഈ സ്ഥലം Toyoda Spinning and Weaving Co.Ltd.ന്റെ ഹെഡ് ക്വാര്‍റ്റര്‍സ് പ്ലാന്റ് ആയിരുന്നു. ടൊയോട്ടയുടെ തുടക്കം കാറുകള്‍ ഉണ്ടാക്കുന്നതില്‍ അല്ല, Spinning and weaving company ആയിരുന്നു എന്ന് മിക്കവര്‍ക്കും അറിയാമായിരിക്കും.Sakichi Toyoda ആണ് ടൊയോട്ട ഗ്രൂപ്പിന്റെ സ്ഥാപകന്‍.അദ്ദേഹമാണ് ഓട്ടോമാറ്റിക് ലൂം(Automatic Loom) കണ്ടുപിടിച്ചത്.അദ്ധേഹത്തിന്റെ മകനായ Kiichiro Toyoda, looms ഉം Automobile ഉം ഉണ്ടാക്കാന്‍ തുടങ്ങി.അവരുടെ പ്രധാന ലക്ഷ്യം ജപ്പാന്‍റെ Economy development നു വേണ്ടി അവരുടെ എല്ലാ ശക്തിയും ഉപയോഗിക്കുക എന്നതായിരുന്നു. അതിനവര്‍ കണ്ടുപിടിച്ച മാര്‍ഗം "making things and always studious and creative" എന്നതായിരുന്നു.ഇന്നത്തെ പുതിയ സാഹചര്യത്തില്‍ ഉല്പാദനം എന്നത് വളരെ എളുപ്പമായി,പണ്ടത്തെ പോലെ process of making things ഇന്നില്ല.ഈ മ്യുസിയത്തിലൂടെ ടൊയോട്ട ഗ്രൂപ്പ് ലക്ഷ്യമിടുന്നതും മറ്റൊന്നല്ല....ഇപ്പോഴത്തെ കുട്ടികള്‍ക്കായി, പഠിക്കുന്നതിന്റെയും ക്രിയാത്മകമായി കാര്യങ്ങള്‍ ചെയ്യുന്നതിന്റെയും പ്രാധാന്യം എന്താണെന്നു അവര്‍ക്ക് മനസ്സിലാക്കി കൊടുക്കാന്‍ വേണ്ടി,ടൊയോട്ടയുടെ തുടക്കം മുതല്‍ ഇന്ന് വരെയുള്ള പുരോഗമനം എങ്ങനെയായിരുന്നു എന്നാണ് ഈ മ്യുസിയത്തില്‍ കാണിച്ചിരിക്കുന്നത്.

മ്യുസിയത്തിലേക്ക് കടന്നു ചെല്ലുന്നവരുടെ ശ്രദ്ധ ആദ്യം പോകുന്നത് അവിടെ നമ്മളെ സ്വാഗതം ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന ഒരു Robot ലേക്കാണ് .


കാണാന്‍ വെല്യ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ലാത്ത ഒരു സാധാരണ Robot.പക്ഷെ, Robot show ഉണ്ട് എന്ന വിവരം അനുസരിച്ച് അവിടെ അഞ്ചു മിനിറ്റ് കാത്തു നിന്നപ്പോള്‍ കണ്ടത് അവിസ്മരണീയമായ കാഴ്ച.അതിമനോഹരമായി ട്രംപെറ്റ്‌ വായിക്കുന്നു ആ Robot.കൈവിരലുകള്‍ ഓരോ കീയിലും മാറിമാറി പതിയുന്നത് കാണാന്‍ നല്ല രസമായിരുന്നു.


ഷോ അവസാനിച്ചപ്പോള്‍ മുന്നോട്ടു നടന്നു ചെന്നത് കുട്ടികള്‍ക്കായുള്ള technoland ല്‍.അവിടെ കുറച്ചു നേരം കാറോട്ട മത്സരവും ഒക്കെ നടത്തി നേരെ ചെന്ന് കേറിയത് Textile machinery Pavilion ല്‍.അവിടെ,Spinning and Weaving Technology യുടെ തുടക്കം മുതല്‍, കൊച്ചു ചര്‍ക്കയില്‍ തുടങ്ങി,ഇപ്പോള്‍ നിലവിലുള്ള അത്യാധുനിക മെഷീനില്‍ എത്തി നില്‍ക്കുന്ന loom technology യെ കുറിച്ച് എല്ലാം ഉണ്ട്.ഓരോ പുതിയ കണ്ടുപിടുത്തവും എങ്ങനെ അതിനു തൊട്ടു മുന്‍പില്‍ ഉള്ളതില്‍ നിന്നും വ്യത്യാസപെട്ടിരിക്കുന്നു എന്ന് വളരെ വ്യക്തമായി കാണിച്ചിട്ടുണ്ട്.പണ്ട് മുതലുള്ള എല്ലാ loom machines ഉം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.



പിന്നെ ,എങ്ങനെ നൂലുണ്ടാക്കുന്നു,അതുപയോഗിച്ച് തുണി നെയ്തെടുക്കുന്നു എന്നെല്ലാം പടിപടിയായുള്ള പ്രവര്‍ത്തനരീതി കാണിച്ചു തരുന്നുണ്ട്.ഇന്ത്യയില്‍ നിന്നുള്ള ചര്‍ക്ക അടക്കം പല രാജ്യങ്ങളില്‍ നിന്നുള്ള loom machines അവിടെ കണ്ടു.അവിടെയും ഒരു കിഡ്സ്‌ കോര്‍ണര്‍ ഉണ്ടായിരുന്നു.ടൊയോട്ടയുടെ ആദ്യ മോഡല്‍ ട്രക്ക് തനിയെ ഉണ്ടാക്കി നോക്കാനായി നിര്‍ദേശങ്ങള്‍ അടങ്ങിയ കിറ്റ്‌...നൂലുപയോഗിച്ച് പല സാധനങ്ങള്‍...നന്നു, നൂലുണ്ട ഉണ്ടാക്കി ,പിന്നെ അതുകൊണ്ടു ഒരു സ്ട്രാപ്പ് ഉണ്ടാക്കി. അങ്ങനെ പലതും....







നന്നുവും കണ്ണനും അകത്തു കടന്നിട്ടു പിന്നെ മണിക്കൂര്‍ രണ്ടു കഴിഞ്ഞു പുറത്തു വരാന്‍ .അപ്പോഴേക്കും വിശന്നു കുടല് കരിയാന്‍ തുടങ്ങി.മ്യുസിയത്തില്‍ തന്നെ ഉണ്ടായിരുന്ന ഒരു റെസ്റ്റോറന്റ് ല്‍ നിന്നും ലഞ്ച് കഴിച്ചു.

പിന്നെ കാണാന്‍ ഉള്ളത് Automobile Pavilion ആണ്.എങ്ങനെയാണു കാറുകള്‍ ഉണ്ടാക്കുന്നതെന്നു ആദ്യം മുതല്‍ അവസാനം വരെ പടിപടിയായുള്ള പ്രവര്‍ത്തനരീതിയിലൂടെ അവിടെ കാണിക്കുന്നുണ്ട്. ടൊയോട്ടയുടെ ആദ്യകാലത്തെ production technology ഉം ഇപ്പോള്‍ ഉള്ള പുതിയ രീതിയും ഒക്കെ വിശദമായി തന്നെ ഉണ്ട്.Production machines ഉം ഒരുപാടുണ്ട്.അങ്ങോട്ട്‌ കേറിയപ്പോള്‍ മുതല്‍ മനുവിനുണ്ടായ മാറ്റം കണ്ടു ഞാനും പിള്ളേരും വണ്ടറടിച്ചു പോയി.production machine ഒക്കെ കാണിച്ചു തരാന്‍ എന്താ ഒരു ഉത്സാഹം....(കാരണം,അതാണല്ലോ മനുവിന്റെ ജോലി)അങ്ങനെ അവിടെ നിന്നും പുറത്തു കടന്നപ്പോള്‍ നാലുമണിയായി.






അന്ന് തന്നെ വളരെ പ്രധാനപെട്ട വേറൊരു സ്ഥലം കൂടി ഞങ്ങള്‍ക്ക് സന്ദര്‍ശിക്കാനുണ്ടായിരുന്നു.ലോകപ്രശസ്തമായ Tablewares ഉണ്ടാക്കുന്ന നോരിതാകെ ഗാര്‍ഡന്‍ (Noritake garden).ടൊയോട്ട മ്യുസിയത്തിന്റെ തൊട്ടടുത്ത്‌ തന്നെ ആയിരുന്നു അതും.നൂറു വര്‍ഷത്തില്‍ പരം പഴക്കമുള്ള നോരിതാകെ ലോകമെങ്ങും അറിയപെടുന്ന Tableware കമ്പനി ആണ്.1904 ല്‍ ആണ് കമ്പനിയുടെ തുടക്കം.അവിടെയുള്ള ക്രാഫ്റ്റ്‌ സെന്‍റെര്‍ ല്‍ എങ്ങനെയാണു സിറാമിക്സ് ഉണ്ടാകുന്നതെന്ന് കാണിക്കുന്നുണ്ട്.ജോലി ചെയ്തു കൊണ്ടിരിക്കുന്ന ആളുകളുടെ അടുത്തുവരെ പോയി നമ്മുക്കു അവരുടെ പണി വൃത്തിയായി കാണാം.പിന്നെ പ്ലേറ്റില്‍ ഡിസൈന്‍സ് ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ക്ക് അതിനും സൗകര്യം ഉണ്ട്.അതുകണ്ടപ്പോള്‍ തന്നെ നന്നുവും കണ്ണനും ചാടി വീണു...ഇപ്പൊ തന്നെ സ്വന്തമായി പ്ലേറ്റ് ഡിസൈന്‍ ചെയ്യണം....





രണ്ടുപേരെയും ഓരോ പ്ലേറ്റ് വാങ്ങി കൊടുത്തു പെയിന്റ്‌ ഉം കൊടുത്തു ഡിസൈന്‍ ചെയ്യാന്‍ പറഞ്ഞു അവിടെ ഇരുത്തി ഞാനും മനുവും മൂന്നും നാലും നിലകളില്‍ ഉള്ള മ്യുസിയം കാണാന്‍ പോയി.ഇത്ര സുന്ദരമായ പ്ലേറ്റ്കളും കപ്പുകളും മറ്റു Tablewares ഉം ഞാന്‍ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നത്.കമ്പനി തുടങ്ങിയപ്പോള്‍ മുതല്‍,അതായതു നൂറു വര്‍ഷം മുന്‍പ് ഉണ്ടാക്കിയ പല സാധനങ്ങളും ഉണ്ട് അവിടെ.ഓര്‍ത്താല്‍ ആശ്ചര്യം തോന്നും ആ കലാകാരന്മാരുടെ കഴിവ്.ഫോട്ടോ എടുക്കാന്‍ അനുവാദം ഇല്ലാത്തതു കൊണ്ട് അതിനു സാധിച്ചില്ലയെന്കിലും,എന്റെ മനസ്സില്‍ ആ കലാകാരന്മാരുടെ കഴിവും അവരുടെ സൃഷ്ടികളുടെ സൗന്ദര്യവും ഒളി മങ്ങാതെ നില്ക്കുന്നു.പുറത്തേക്കിറങ്ങിയപ്പോള്‍ ‍ ഒരു മ്യുസിയം ഷോപ്പ് കണ്ടു.ഇതെല്ലം കണ്ടതിന്റെ ഹാങ്ങോവറില്‍ ,ഇപ്പൊ തന്നെ ഒരു ഡിന്നര്‍ സെറ്റ്‌ സ്വന്തമാക്കി വീട്ടില്‍ കൊണ്ട് പോകാം എന്നാ അത്യാര്‍ത്തിയില്‍ ചാടിക്കേറി അവിടേക്ക്.വില കണ്ടു കണ്ണ് മഞ്ഞളിച്ചു, പോയ അതേ സ്പീഡില്‍ തിരിച്ചിറങ്ങി.അവിടുത്തെ ഗാര്‍ഡനില്‍ അല്‍പനേരം ചുറ്റിപറ്റി നിന്നപ്പോഴേക്കും സന്ധ്യയായി.നന്നുവും കണ്ണനും ഡിസൈന്‍ ചെയ്ത പ്ലേറ്റുകള്‍ ,ചൂളയില്‍ ഒക്കെ കേറിയിറങ്ങി സുന്ദരിയായി വരാന്‍‍ രണ്ടാഴ്ച എടുക്കും.വീടിലേക്ക് അയച്ചു തരാനുള്ള അഡ്രസ്‌ ഒക്കെ കൊടുത്തു ഞങ്ങള്‍ നോരിതാകെയോട് വിട പറഞ്ഞു.

ഇനി ഹോട്ടല്‍ എവിടെയാണ് എന്ന് കണ്ടു പിടിക്കണം ...നാവിഗേറ്റര്‍ അല്ലെ കൂടെ ഉള്ളത്.. ധൈര്യമായി ചോദിക്കാലോ...ഫോണ്‍ no. കൊടുത്തപ്പോള്‍ പുള്ളിക്കാരിക്ക് കാര്യം മനസ്സിലായി.അപ്പോള്‍ തന്നെ പറഞ്ഞു തന്നു വഴി... അങ്ങനെ ഹോട്ടലില്‍ എത്തി ഒന്ന് ഫ്രഷ്‌ ആയപ്പോഴേക്കും ഡിന്നര്‍ കഴിക്കാനുള്ള വിശപ്പായി.നഗോയയില്‍ ഒരുപാടു ഇന്ത്യന്‍സും ഇന്ത്യന്‍ റെസ്റ്റോറന്റ്സും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.ഞങ്ങള്‍ താമസിക്കുന്ന ടോയാമയില്‍ ഇന്ത്യന്‍സ്‌ വളരെ കുറവാണ്.ഇന്ത്യന്‍ റെസ്റ്റോറന്റ്സ് അതിലും വളരെ കുറവ്.ഉള്ളത് തന്നെ പകിസ്ഥനികളോ ശ്രീലങ്കന്‍സോ ആയിരിക്കും... എന്നിട്ട് ഇന്ത്യന്‍ റെസ്റ്റോറന്റ് എന്ന് പേരിടും.ഇവിടെ ഞങ്ങള്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് ല്‍ നിന്നും ഫുഡ്‌ കഴികുന്നത് വളരെ അപൂര്‍വമാണ്.അതുകൊണ്ട് ഇവിടെ അങ്ങനെ വല്ലതും ഉണ്ടായാല്‍ നല്ലത് എന്നോര്‍ത്ത് പുറത്തിറങ്ങി ഒന്ന് നടന്നു നോക്കി...ദാ.. തേടിയ വള്ളി കാലില്‍... സന്തോഷത്തോടെ അവിടെ പോയിരുന്നു... പക്ഷെ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചു കൊണ്ട് യാതൊരു സ്വാദും ഇല്ലാത്ത ഫുഡ്‌....കണ്ണന്‍ ഒന്നും കഴിക്കാതെ അവിടെ വച്ച് തന്നെ ഉറക്കമായി.കഴിച്ചെന്നു വരുത്തി ഞങ്ങളും വേഗം തടിതപ്പി. ഇനി നാളെ ഒരു ദിവസം കൂടി നഗോയയില്‍... നാളെ കാണാനുള്ള സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചു ഞാന്‍ സുഖമായി കിടന്നുറങ്ങി.

Tuesday, September 7, 2010

നഗോയ,ജപ്പാന്‍

ജപ്പാനില്‍ എല്ലാ സീസണിലും അവധികള്‍ ഉണ്ടാകുക പതിവാണ്.കുട്ടികള്‍ക്ക്‌ മാത്രമല്ല,ഓഫീസുകള്‍ക്കും,കമ്പനികള്‍ക്കും എല്ലാം ആ തരത്തിലുള്ള അവധി ഉണ്ടാകും.വളരെയധികം കഠിനാധ്വാനം ചെയ്യുന്ന ആളുകളുടെ നാടാണിതെന്നു മിക്കവര്‍ക്കും അറിയാമായിരിക്കും.കഠിനാധ്വാനം എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അതെന്താണ് എന്നെനിക്ക് മനസ്സിലായത്‌ ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ ആണ്.അതുകൊണ്ട് തന്നെ സീസണ്‍ മാറുന്നതനുസരിച്ച് കിട്ടുന്ന ഈ അവധികള്‍ മിക്കവാറും യാത്രകള്‍ക്കായി മാറ്റി വയ്ക്കുന്നു.വേനലിലെ ഈ അവധിക് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. നമ്മുടെ നാട്ടിലും കര്‍ക്കടകത്തില്‍ പിതൃക്കളെ അനുസ്മരിക്കാന്‍ വാവുബലി ഉണ്ടല്ലോ... അതുപോലെ ഇവിടെയും പിതൃക്കളെ ആചരിക്കുന്ന ചടങ്ങുകള്‍ക്കായുള്ള ദിവസങ്ങളാണ് ഈ അവധി."ഒബോന്‍ യാസുമി" എന്നാണ് അതിന്റെ പേര്.

എന്റെ ഓഫീസിനു നാല് ദിവസവും മനുവിന് ആറു ദിവസവും അവധി ഉണ്ടായിരുന്നു. ഒരു യാത്ര പോയിട്ട് കുറെ നാളുകള്‍ ആയതു കൊണ്ട് എവിടെകെന്കിലും ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്താലോ എന്ന് നേരത്തെ മുതല്‍ ആലോചിച്ചിരുന്നു.എങ്കിലും അത് നഗോയ ആവട്ടെ എന്ന് തീരുമാനിച്ചത് പോകുന്നതിനു ഒരു ദിവസം മുന്‍പ് മാത്രം.രണ്ടു ദിവസത്തെ പ്രോഗ്രമേ ഉണ്ടായിരുന്നുള്ളൂ.എല്ലാ യാത്രകളിലും കൂടെ ഉണ്ടാവാറുള്ള എന്റെ കൂട്ടുകാരിയും കുടുംബത്തിനെയും വിളിച്ചു പറഞ്ഞപ്പോള്‍ അവര്‍ എവിടേക്ക് വരാനും റെഡി.പിന്നെ ഒരു പരക്കം പാച്ചിലായിരുന്നു... ഹോട്ടല്‍ ബുക്കിംഗ്,പോകേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ്‌ എടുക്കല്‍....ഒക്കെ വേഗം ചെയ്തു.രണ്ടു ദിവസം കൊണ്ട് എല്ലാമൊന്നും കാണാന്‍ സാധിക്കില്ല എന്നറിയാമായിരുന്നു.എങ്കിലും ടൊയോട്ടയും അതിന്റെ എക്സിബിഷന്‍ സെന്റെരും,മ്യുസിയവും ഒക്കെ ലിസ്റ്റില്‍ ആദ്യം സ്ഥലം പിടിച്ചു.പിന്നെ വളരെ പ്രശസ്തമായ നഗോയ കാസില്‍,അത്സുത Shrine ,നഗോയ പോര്‍ട്ട്‌ അക്വേറിയം,എന്നിവയും പിന്നാലെ വന്നു. കാസിലും shrine ഉം ഒക്കെ കാണാന്‍ ഞാനും,ടൊയോട്ട മ്യുസിയം കാണാന്‍ മനുവും കണ്ണനും ഉത്സാഹം കാണിച്ചു.നന്നുവിനു അക്വേറിയത്തിനോടായിരുന്നു താല്പര്യം.അതിനു കാരണം ,അവിടെ ഈയിടെ എത്തിയ പുതിയ killer whale നെ കാണാം എന്നുള്ളതും.അങ്ങനെ ഈ പറഞ്ഞ സ്ഥലങ്ങളുടെ ഒക്കെ പ്രിന്റ്‌ ഔട്ട്‌ എടുത്തു വച്ചു.ഫോണ്‍ നമ്പരോ,അഡ്രസോ,പിന്‍കോഡോ ഉണ്ടെങ്കില്‍,നാവിഗേറ്ററില്‍ ഫീഡ് ചെയ്താല്‍,വഴി നമ്മള്‍ തെറ്റിച്ചാലും നാവിഗേറ്റര്‍ പറഞ്ഞു തന്നു കൊള്ളും.

യാത്ര എന്ന് കേട്ടതും കണ്ണന്‍,"പെത്തി" എടുത്തു കൊണ്ട് വരുന്നു,അവന്റെ ഡ്രസ്സ്‌ ഒക്കെ ആദ്യം തന്നെ എടുത്തു വയ്ക്കുന്നു,ബാക്കി എല്ലാവരും കൊണ്ട് കൊടുക്കുന്ന മുറയ്ക്ക് എല്ലാം അടുക്കി വയ്ക്കുന്നു... ആകെ ബഹളമയം.എന്നിട്ടൊരു ഡിമാന്റും "പെത്തി ബോക്കു എടുക്കും"(ഞാന്‍ എന്നതിന്റെ ജപ്പാനീസ് വാക്കാണ് ബോക്കു....പെണ്ണുങ്ങള്‍ "വാതാഷി" എന്നും).ഓകേ... അങ്ങനെ "പെത്തിയുടെ" കാര്യം തീരുമാനമായി. അപ്പോഴാണ് എന്റെ കൂട്ടുകാരിയുടെ ഫോണ്‍...അവര്‍ക്ക് വരന്‍ സാധിക്കില്ല... മോന് പെട്ടെന്നൊരു പനി.ഒരുമിച്ചു പോകാന്‍ സാധിക്കില്ലലോ എന്ന് വിഷമമായെങ്കിലുംകുട്ടികളുടെ ഉത്സാഹം കണ്ടപ്പോള്‍ പോകാതെയിരിക്കാനും വയ്യ.അങ്ങനെ അവരില്ലാതെ ഞങള്‍ മാത്രം പോകാന്‍ തീരുമാനിച്ചു.രാവിലെ നേരത്തെ എഴുന്നെല്കണം എന്നും പറഞ്ഞു കുട്ടികളെ ഉറങ്ങാന്‍ വിട്ടു.
രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റു റെഡിയായി.കാറില്‍ സാധനങ്ങള്‍ ഒക്കെ എടുത്തു വച്ചു വീട് പൂട്ടി ഇറങ്ങിയപ്പോള്‍ ആറു മണി.ആദ്യം ടൊയോട്ട മ്യുസിയത്തില്‍ പോകാം എന്ന് കരുതി അവിടുത്തെ ഫോണ്‍നമ്പര്‍ നാവിഗേറ്ററില്‍ ഫീഡ് ചെയ്തപ്പോള്‍ ആകെ 292km.എക്സ്പ്രസ്സ്‌ ഹൈവേ വഴിയാണെങ്കില്‍ അധികം തിരക്കില്ലെങ്കില് ‍വേഗം എത്താവുന്നതെ ഉള്ളു. പക്ഷെ അവധി ഞങ്ങള്‍ക്ക് മാത്രമല്ലലോ... എല്ലാവരും യാത്ര തന്നെ ആകും മെയിന്‍ പരിപാടി... അത് കൊണ്ട് നല്ല ട്രാഫിക്‌ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.ETC(Electronic Toll Collection ) എന്ന ഉപകരണം കാറില്‍ ഉണ്ടെങ്കില്‍ ശനിയും ഞായറും വെറും 1000 yen നു ജപ്പാനില്‍ എവിടെയും എക്സ്പ്രസ്സ്‌ ഹൈവേയിലൂടെ പോകാം.അതല്ല എങ്കില്‍ ഹൈവേക്കു മാത്രമായി നല്ല ഒരു തുക ചിലവാകും.
അങ്ങനെ ഞങ്ങള്‍ യാത്ര തിരിച്ചു. ഹൈവേയിലേക്ക് കയറിയതും നന്നുവിനു വിശക്കാന്‍ തുടങ്ങി.അതിനു കാരണം ഹൈവേയുടെ സൈഡില്‍ ഉണ്ടാകുന്ന വിശ്രമ കേന്ദ്രങ്ങള്‍ ആണ്.അവിടെ നിന്നുള്ള ഭക്ഷണം കഴിക്കല്‍ രസമാണ്.ഓരോ സ്ഥലത്തിന്റെയും സ്പെഷ്യല്‍ ഫുഡ്‌ കഴിക്കാം.എന്തായാലും ഒരു മണിക്കൂര്‍ വണ്ടി ഓടിച്ചാല്‍ വിശ്രമിക്കുക എന്നത് പതിവായത് കൊണ്ട് നഗോയ എത്തുന്നതിനു മുന്‍പ് രണ്ടു സ്ഥലത്ത് നിര്‍ത്തേണ്ടി വന്നു.റോഡില്‍ വിചാരിച്ച അത്ര തിരക്കുണ്ടയില്ല. ഞങ്ങള്‍ പോകുന്ന ഈ എക്സ്പ്രസ്സ്‌വെ കടന്നു പോകുന്ന വഴിയില്‍ ഒരുപാട് ടണലുകള്‍ ഉണ്ട്.നഗോയ എത്തുന്നതിനു മുന്‍പ് മുപ്പതില്‍ കൂടുതല്‍ ചെറുതും വലുതുമായ ടണലുകളില്‍ കൂടി കടന്നു പോയി.മിക്കവയും വലുതാണ്‌.ഏറ്റവും നീളം കൂടിയ ടണല്‍ 11km ഉണ്ടായിരുന്നു.ടണലുകളില്‍ കൂടി വണ്ടി ഓടിക്കുമ്പോള്‍ ഉള്ള പ്രത്യേകത ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ??കുറേനേരം നേരെ മാത്രം നോക്കി ഓടിക്കുമ്പോള്‍ ഇടത്തോട്ടോ വലത്തോട്ടോ വണ്ടി തെന്നുന്നതായി തോന്നും....എനിക്കത് ചെറിയ ടണലില്‍ കൂടി തോന്നാറുണ്ട്... അപ്പോള്‍ പിന്നെ 11km ഉള്ള ടണലിന്റെ കാര്യം പറയാനുണ്ടോ??(അതോ ഇനി എനിക്ക് മാത്രമാണോ അങ്ങനെ തോന്നുന്നത് ആവൊ??) എത്ര ഓടിച്ചിട്ടും തീരുന്നില്ലലോ ഈശ്വരാ എന്ന് വിചാരിച്ചു ഇരുന്നു ഞാന്‍.ഇത്ര നീളമുള്ള ടണല്‍ ഉണ്ടാക്കാന്‍ എന്തുമാത്രം അധ്വാനം വേണ്ടി വന്നിരിക്കും എന്നൊക്കെ ഓര്‍ത്തു അത്ഭുതപ്പെടുമെന്കിലും ടണലിലൂടെ ഉള്ള യാത്ര എനിക്കത്ര ഇഷ്ടമുള്ള കാര്യം അല്ല.





രാവിലെ തന്നെ നല്ല മൂടല്‍മഞ്ഞു ആയിരുന്നു....



ആറുമണിക്ക് വീട്ടില്‍ നിന്നും പുറപെട്ട ഞങ്ങള്‍ ഒന്‍പതു മണിക്ക് nagoya exit ല്‍ എത്തി.നേരെ പോയത് ടൊയോട്ട മ്യുസിയത്തിലേക്ക്.പക്ഷെ അതിന്റെ ഗേറ്റില്‍ എത്തിയപ്പോഴാണ് അറിയുന്നത് പ്രവേശനസമയം ഒന്‍പതര ആണ് എന്ന്.അരമണിക്കൂര്‍ അവിടെ കത്ത് നില്ക്കാന്‍ തോന്നിയില്ല.തലേന്ന് നെറ്റില്‍ പരതിയപ്പോള്‍ കിട്ടിയ വിവരം അനുസരിച്ച് അത്സുത shrine(Atsutha shrine) അവിടെ അടുത്ത് തന്നെ ആണ്.എങ്കില്‍ അവിടെ പോയിട്ട് തിരിച്ചു വീണ്ടും മ്യുസിയത്തിലേക്ക് എത്താം എന്ന് കരുതി വീണ്ടും നവിഗെറ്ററില്‍ കുത്തി,അത്സുതയിലേക്ക് തിരിച്ചു.അടുത്ത് തന്നെ ആയിരുന്നു അത്.വളരെ ഭംഗിയുള്ള വിശാലമായ ഒരു കോമ്പഔണ്ടിനുള്ളിലായിരുന്നു shrine.ഒരുപാട് വന്മരങ്ങള്‍ കാടുപോലെ തിങ്ങി വളരുന്നുണ്ട് അവിടെ.വലിയൊരു സിറ്റിയുടെ നടുക്കാണ് ഇങ്ങനെ ഒരു സ്ഥലം എന്നോര്‍ക്കണം.പക്ഷെ ഇത് ജപ്പാനില്‍ പതിവ് കാഴ്ച ആണ്.ടോക്യോ,ഒസാക പോലുള്ള വന്‍നഗരങ്ങളിലും കാണാം ഇതുപോലുള്ള shrines.ക്യോട്ടോന്റെ കാര്യം പറയാനുമില്ല..അത്രയധികം temples and shrines ഉള്ള സ്ഥലമാണ്‌ ക്യോട്ടോ.കാര്‍പാര്‍ക്കിംഗില്‍ നിന്നും shrine ന്റെ കൊബൗണ്ടിലേക്ക് കടന്നപ്പോള്‍ തന്നെ എന്തൊരു കുളിര്‍മ....സൂര്യപ്രകാശം നേരിട്ട് താഴേക്ക്‌ വീഴാത്ത വിധത്തില്‍ വന്മരങ്ങള്‍.ഇവിടെയും shrine ല്‍ ഒക്കെ പോകുന്നതിനു വൃത്തിയുള്ള മനസ്സും ശരീരവും ആവണം എന്നുണ്ട്.നമ്മുടെ നാട്ടിലും അമ്പലത്തില്‍ കേറാന്‍ കുളിച്ചിട്ടല്ലേ പോകാറുള്ളൂ.ഇവിടെ കരിങ്കല്ല് പാകിയ വെള്ളം നിറച്ച വലിയ ഒരു തൊട്ടിയും, വെള്ളം കോരിയെടുക്കാന്‍ മരം കൊണ്ടുണ്ടാക്കിയ ഒരു മരുകയും ഉണ്ട്.കയ്യും കാലും മുഖവും കഴുകി വൃത്തിയാക്കണം എന്നാണ്, അതില്‍ കയ്യ് മാത്രം എല്ലാവരും കഴുകും..മേയ്കപ്പിട്ട മുഖവും,ചെരുപ്പോ ഷൂസോ ഇട്ട കാലും എങ്ങനെ കഴുകും?അതുകൊണ്ട് അത് രണ്ടും വിട്ടു കളഞ്ഞു കയ്യ് മാത്രം കഴുകും.എന്ത് തണുപ്പാനെന്നോ ആ വെള്ളത്തിന്‌... ചെറിയ ഒരു ഉറവയിലൂടെ വെള്ളം തൊട്ടിയിലേക്ക് വന്നുകൊണ്ടേയിരിക്കും.





കയ്യ് കഴുകി നേരെ നടന്നെത്തിയത് ഒരു വൃക്ഷമുത്തശ്ശിയുടെ അടുത്തേക്ക്.600 ല്‍പരം വര്ഷം പഴക്കമുള്ള ആ മരമുത്തശ്ശിയുടെ ഗാംഭീര്യം ഒന്ന് കാണണം.



ഇക്കെബാന എന്നതു മിക്കവര്‍ക്കും അറിയാമായിരിക്കും അല്ലെ...എങ്കിലും ഒന്ന് പറയാം...ജാപ്പനീസ് ഫ്ലവര്‍ അറേഞ്ച്‌മെന്റ്നെയാണ് ഇക്കെബാന എന്ന് പറയുന്നത്.വളരെ പഠനസാധ്യതകള്‍ ഉള്ള ഒരു കലാരൂപമാണിത്.ജാപ്പനീസ് ആളുകള്‍ക്ക് ഒരു പ്രത്യേക കഴിവുണ്ട് ഇക്കെബാന ഒരുക്കുവാന്‍.ഇത് തന്നെ പല വിഭാഗങ്ങള്‍ ആയി തിരിച്ചിട്ടുണ്ട്.അവിടെ നിന്നും ചെറിയ ചെറിയ വിഭാഗങ്ങള്‍ വേറെയും.ഓരോ ലെവല്‍ കോഴ്സ് പസവനും നല്ല പാട്പെടണം.ഞാനും ഇക്കെബാനയുടെ sogetsu എന്ന ലൈനില്‍ ഒരു വര്ഷം പടിപ്പു നടത്തി,ലെവല്‍ 1,2 പാസായി സര്‍ട്ടിഫിക്കറ്റ് വാങ്ങി വീട്ടില്‍ വച്ചിട്ടുണ്ട്.അപ്പോള്‍ പറഞ്ഞു വന്നത് ഇക്കെബനയുടെ ഭംഗിയെ പറ്റി.വളരെ സിമ്പിള്‍ ആയിരിക്കും ഇതിലെ "ഇക്കെനോബോ" എന്നാ ഒരു വിഭാഗം.ഏറ്റവും ഭംഗി അതിനായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. മിക്കവാറും എല്ലാ shrine ലും ഈ അറേഞ്ച്‌മെന്റ്സ് ഉണ്ടാകും.shrine ന്റെ മാത്രമല്ല,വീടുകളിലും പൂമുഖത്ത് ഫ്ലവര്‍ അറേഞ്ച്മെന്റ് ചെയ്യുക എന്നത് ഇവിടെ പതിവാണ്.മിക്കവാറും വയസയവര്‍ ആണ് ഇതൊക്കെ ചെയ്യാറ്.







അങ്ങനെ ഞങ്ങള്‍ നടന്നു Atsuta shrine ന്റെ പ്രധാന കെട്ടിടത്തിന്റെ മുന്നിലെത്തി.മുന്നില്‍ നിന്ന് കാണാം എന്നല്ലാതെ അകത്തേക്ക് പ്രവേശനം ഇല്ല.








രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ shrine ന്റെ ഉത്ഭവം.അതിനൊരു കാരണം പറയുന്നത്,ജപ്പാന്‍റെ വിശുദ്ധമായ മൂന്നു നിധികളില്‍ ഒന്നായ "Kusanagi no tsurugi" എന്ന വാള്‍(sword) സൂക്ഷിക്കപെട്ടിട്ടുള്ളത് ഇവിടെയാണ് എന്നാണ്.ഈ വാള്‍, Sun Goddess ആയ Ameterasu ന്റെ കയ്യില്‍ നിന്നുള്ള സമ്മാനമായാണ് കണക്കാക്കപ്പെടുന്നത്.സന്ദര്‍ശകര്‍ക്ക് കാണാനൊന്നും സാധിക്കില്ല ഈ വാള്‍.ഉണ്ട് എന്നും നഷ്ടപ്പെട്ട് പോയി എന്നും ഒക്കെ പറയപ്പെടുന്നു.എങ്കിലും അതിന്റെ സ്ഥാനം ഇവിടെയാണ് എന്നുള്ളതാണ് Atsuta shrine നെ പ്രശസ്തമാക്കുന്നത്.



ഇപ്പോഴുള്ള ഈ shrine 1893 ലും പിന്നെ 1935 ലും പുന പരിഷ്കൃതമാക്കിയതാണ്.രണ്ടാം ലോക മഹായുദ്ധക്കാലത്ത് ജപ്പാനിലെ മിക്കവാറും shrines ഉം പ്രധാനപെട്ട castles ഉം നശിപ്പിക്കപ്പെടുകയുണ്ടായി.പക്ഷെ മിക്കവാറും എല്ലാം തന്നെ പുനര്‍നിര്‍മിച്ചു യുദ്ധത്തിനു ശേഷം.
ജപ്പാന്റെ വിശുദ്ധമായ മൂന്നു നിധികളെപ്പറ്റി പറഞ്ഞല്ലോ...
അത്1.Yasukami no Magatama Jewel
2.Yata no Kagami
3.kusanagi no Tsurugi എന്നിവയാണ്.ആദ്യത്തേത് Yasukami no Magatama എന്ന രത്നം,രണ്ടാമത്തേത് Yata no Kagami എന്ന കണ്ണാടി, പിന്നെ kusanagi no tsurugi എന്നാ വാളും.ഇതൊക്കെ കാണാന്‍ സാധിച്ചിട്ടുള്ളത് ചക്രവര്‍ത്തിമാര്‍ക്ക് മാത്രം.ആദ്യം പറഞ്ഞ രത്നം ഇപ്പോഴും ഇപ്പോഴത്തെ Emperor ന്റെ കൊട്ടാരത്തില്‍ ഉണ്ട് എന്ന് പറയപ്പെടുന്നു.എങ്ങനെയായാലും,ഇതൊന്നും ഒരു കാലത്തും സാധാരണ ജനങ്ങള്‍ കണ്ടിട്ടില്ല.പക്ഷെ ഉണ്ട് എന്നെല്ലാവരും വിശ്വസിക്കുന്നു.ജപ്പാന്റെ ശക്തി ഈ അതിവിശിഷ്ട വസ്തുക്കളെ ആശ്രയിച്ചിരിക്കുന്നു എന്നും പറയപ്പെടുന്നു.അവിടെയെല്ലാം ചുറ്റി നടന്നു കാണാന്‍ തന്നെ ഒരുപാടു സമയം എടുത്തു.വേനലിന്ലെ ചൂടിലും അവിടുത്തെ തണുപ്പും ശാന്തതയും കുറച്ചു നേരം കൂടി അവിടെ ചിലവഴിക്കാന്‍ പ്രേരിപ്പിച്ചെങ്കിലും വലിയവരുടെ താല്പര്യം കുട്ടികള്‍ക്ക് ഇല്ലാലോ ഈ വക കാര്യങ്ങളില്‍....കണ്ണന്‍, ടൊയോട്ട മ്യുസിയത്തിലേക്ക് പോകാന്‍ ബഹളം തുടങ്ങി....അങ്ങനെ Atsuta യോട് യാത്ര പറഞ്ഞു ഞങള്‍ ടൊയോട്ടയിലേക്ക് തിരിച്ചു.

കാടിന്റെ സൌന്ദര്യം



ഇത് കാട്.... ഞാന്‍ പുതിയതായി ചെയ്ത എംബ്രോയിഡറി വര്‍ക്ക്‌.മുഴുവനായും കയ്യ് കൊണ്ട് തയ്ച്ചതാണ് ഇത്.ഒരു കുഞ്ഞു എക്സിബിഷന്‍ നടന്നു കഴിഞ്ഞ ദിവസം.അവിടെ വച്ച് എടുത്ത ഫോട്ടോ ആണ് ഇത്.

Thursday, August 5, 2010

എന്റെ സൃഷ്ടികള്‍

മോള(MOLA) എന്ന ഒരു ആര്‍ട്ട്‌ ഫോമിനെ കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ??നമ്മള്‍ ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ല എന്ന് തോന്നുന്നു.ഞാനും അറിഞ്ഞത് ഇവിടെ ജപ്പാനില്‍ വന്നതിനു ശേഷം മാത്രം.അറിഞ്ഞപ്പോള്‍ തോന്നിയ താല്പര്യം അത് പഠിക്കാന്‍ പ്രേരകമായി.അങ്ങനെ പത്തു വര്‍ഷമായി പഠിച്ചു കൊണ്ടേ ഇരിക്കുന്നു....ഇനി എന്താണ് മോള എന്ന് പറയാം.പനാമയില്‍ San Blas Archipelago എന്ന ദ്വീപില്‍ kuna Indians എന്ന ഒരു കൂട്ടം ട്രൈബല്‍ ആളുകള്‍ ഉണ്ട്.അവരുടെ സ്ത്രീകള്‍ ധരിക്കുന്ന പരമ്പരാഗതമായ ഡ്രസ്സ്‌ ആണ് മോള.കയ്യ് കൊണ്ട് അവര്‍ സ്വന്തമായി തയ്ച്ചു ഉണ്ടാകുന്ന ഇതു നിറക്കൂട്ടുകളുടെ ഒരു ഗ്രാഫിക് ഡിസൈന്‍ ആണ്.ഇപ്പോള്‍ ഇത് ലോകമാകെ അറിയപെടുന്ന ഒരു ആര്‍ട്ട്‌ ഫോം ആയി മാറി.അവരുടെ ഭാഷയില്‍ മോള എന്നാല്‍ ഡ്രസ്സ്‌ എന്ന് തന്നെ ആണ് അര്‍ത്ഥം.പണ്ട് പണ്ട് ഡിസൈന്‍സ് ശരീരത്തില്‍ പെയിന്റ് ചെയ്യുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്.അതും പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന കളറുകള്‍ ഉപയോഗിച്ച്,കൂടുതലും ജോമെട്രിക് ഡിസൈന്‍സ്.പിന്നീട് അവര്‍ അത് തുണികളില്‍ പരീക്ഷിക്കാന്‍ തുടങ്ങി.അങ്ങനെ ആണ് ഇന്നത്തെ രൂപത്തിലുള്ള മോള ആയി മാറിയത്.ഇത് മുഴുവനായും കൈതുന്നല്‍ ആണ്. ഒരു മെഷീനും ഉപയോഗിക്കാന്‍ സാധിക്കില്ല.തുന്നലിനെ കുറിച്ച് അറിയാവുന്നവര്‍ക്ക് എന്താണ് Applique work എന്നറിയാമായിരിക്കും.Applique work ന്റെ വിപരീതമാണ് മോള.വിവിധ വര്‍ണത്തിലുള്ള ഒരുപാടു തുണികള്‍ അടുക്കി വച്ച്(സാധാരണയായി രണ്ടു മുതല്‍ ഏഴു വരെ അടുക്കുകള്‍ )ഏറ്റവും മുകളിലെ തുണിയില്‍ ഡിസൈന്‍ വരച്ചു അത് മുറിച്ചു മാറ്റി അടിയിലെ തുണി കാണുന്ന വിധത്തില്‍ ആണ് തയ്ച്ചു എടുക്കുന്നത്.തയ്ച്ചു എടുക്കുന്ന പോലെ അത്ര ഈസി ആയി എനിക്ക് വിവരിക്കാന്‍ സാധികാത്തത് കൊണ്ട് താല്പര്യം ഉള്ളവര്‍ ഗൂഗിളില്‍ ഒന്ന് പോയി നോക്കണേ.തയ്പ്പിന്റെ മേന്മയും പിന്നെ ലെയെര്‍ ന്റെ എണ്ണവും നോക്കിയാണ് അതിന്റെ ക്വാളിറ്റി തീരുമാനിക്കുന്നത്.അവരവിടെ കൂടുതലും ജോമെട്രിക് ഡിസൈന്‍സ് ആണ് ഉപയോഗിക്കുന്നത് എന്ന് പറഞ്ഞല്ലോ... ഇവിടെ ജപ്പാനില്‍ ഇത് പല ഡിസൈനില്‍ ചെയ്യുന്നുണ്ട്.ഇവിടെ മോള എന്ന ഈ ആര്‍ട്ട്‌ ഫോം പ്രചരിപ്പിച്ചതില്‍‍ പ്രധാനി ഫുമിക്കോ നകായമ എന്നാ അതിശയകരമായ കഴിവുള്ള ഒരു ടീച്ചര്‍ ആണ്.എന്നെ പഠിപ്പിക്കുന്ന ടീച്ചറുടെയും ടീച്ചര്‍ ആണ് നകായമ സെന്‍സെ(സെന്‍സെ എന്നാല്‍ ടീച്ചര്‍ എന്നാണ് അര്‍ത്ഥം).ജപ്പാനില്‍ വളരെ പ്രശസ്ത ആണ് അവര്‍.ഞങ്ങള്‍ ഇവിടെ ചെയ്യുന്ന എല്ലാ ഡിസൈന്‍സും അവരുടേതാണ്.ഇത്രയൊക്കെ പറഞ്ഞു എങ്കിലും എന്താണ് മോള എന്ന് ഇപ്പോഴും അത്ര പിടികിട്ടിയില്ല അല്ലെ... ശരി... ഫോട്ടോ കാണിച്ചു തരാം...
ഫോട്ടോകള്‍ ക്ലിക്ക് ചെയ്തു വലുതായി കാണണെ....

വര്‍ഷത്തില്‍ ഒരിക്കല്‍ ചിലപ്പോള്‍ രണ്ടു തവണ എക്സിബിഷന്‍ നടത്താറുണ്ട് ഞങ്ങള്‍.. അതിന്റെ കുറച്ചു ചിത്രങ്ങള്‍ ആണ് ഇതൊക്കെ.എന്റെ വര്‍ക്കുകള്‍ മാത്രമേ ഉള്ളു... മറ്റുള്ളവരുടേത് അവരോടു ചോദിക്കണ്ടേ ... അതുകൊണ്ട് വേണ്ട എന്ന് വച്ചു.



ഇതാണ് ഞാന്‍ ചെയ്ത ഒരു മോള ഡിസൈന്‍...നാലു ലെയെര്‍ ഉള്ള ഒരു മോള ആണ് ഇത്.ഏറ്റവും മുകളില്‍ ഇളം നീല,അതിനു താഴെ കറുപ്പ്,പിന്നെ അതിനും താഴെ ഓറഞ്ച്,അതിനു താഴെ പല നിറങ്ങള്‍ ചേര്‍ത്ത് വച്ച വേറെ ഒരു തുണിയും.അങ്ങനെയാണ് നാലു ലെയെര്‍.പിന്നെ ആ കുതിര ഇല്ലേ..... അതും രണ്ടു ലെയെര്‍ ആണ്.മുകളില്‍ കാണുന്ന നീലയും താഴെ പച്ചയും... പച്ച നിറത്തിന് മുകളില്‍ നീലക്കു താഴെ ആയി പല കളര്‍ തുണി വയ്ക്കും.. ഉദാഹരണത്തിന് മഞ്ഞ ചുവപ്പ് എന്നി നിറങ്ങള്‍.





ഇതാ.. ഇതുകണ്ടോ ... നിറങ്ങളുടെ ഒരു സമ്മേളനം ആണ് ഈ റെയിന്‍ ഫോരെസ്റ്റ്‌ ബേര്‍ഡ്.അതിന്റെ കൊക്ക് തയ്ചെടുക്കാന്‍ ഇച്ചിരി പാടുപെട്ടു കേട്ടോ...


ഇത് ഞാനും എന്റെ ഒരു കൂട്ടുകാരിയും അവരുടെ മോളും


ഇത് ആറു ലേയേര്‍ഡ് ആയ മോള ആണ്.കുറച്ചു പണിപെട്ടു ഇത് ഈ രീതിയില്‍ ആവാന്‍... ഒരു മൂന്നു മാസം


ഇത് "ഫ്രണ്ട്സ്" എന്ന് പേരിട്ടിരിക്കുന്ന ഒരു വര്‍ക്ക്‌





സൂര്യനും ചന്ദ്രനും മോള ആയപ്പോള്‍....



ഇത് ഇഷികവ എന്ന prefecture ല്‍ നടന്ന ഒരു എക്സിബിഷന്‍ ല്‍ പ്രദര്‍ശിപ്പിച്ച എന്റെ റയിന്‍ ഫോരെസ്റ്റ്‌ ബേര്‍ഡ്


സ്വന്തമായി തയ്ച്ച ബാഗുകള്‍ വളരെ ഇഷ്ടമാണ് എനിക്ക്.ഞാന്‍ തയ്ച്ചതാണ് എന്ന് പറയാനുള്ള ഗമ ആയിരിക്കും കാരണം അല്ലെ... ഈ ബാഗ്‌ മുഴുവനായും handmade ആണ്. Quilting മുതല്‍ എല്ലാമൊന്ന് തന്നെ ചെയ്തു നോക്കി... അപ്പൊ ഇങ്ങനെ ആയി അത്....


ആദ്യത്തെ ബാഗ്‌ കണ്ടപ്പോള്‍ എന്റെ ഒരു കൂട്ടുകാരിക്ക് അത് വളരെ ഇഷ്ടമായി... അത് വേണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ കൊടുത്തു... അപ്പൊ പിന്നെ എനിക്ക് വീണ്ടും ഒരെണ്ണം തയ്ക്കാന്‍ തോന്നി... പാറ്റേണ്‍‍ ഒന്ന് തന്നെ.. മോള ഡിസൈനും കളറും മാത്രം വേറെ ചെയ്തു... എങ്ങനെ ഉണ്ട്???



ഇത്രയും നേരം മോളയെ പറ്റി ആണ് പറഞ്ഞത്.എനിക്ക് ഇത് കൂടാതെ എംബ്രോയിഡറി ചെയ്യല്‍ എന്നാ ഒരു അസുഖം കൂടി ഉണ്ട്.....അതിന്റെയും കുറച്ചു ഫോട്ടോസ് ഇടട്ടെ.


ഇത് "Autumn picnic" എന്ന് പേരിട്ട ഒരു എംബ്രോയ്ഡറി വര്‍ക്ക്‌.ഇതിനും ഒരുപാടു സമയം എടുത്തു... പലതരത്തിലുള്ള സ്റ്റിചെസ്സ് ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്.





"Princess Nandana's outing"...ഇതാണ് ഈ വര്‍ക്ക്‌ ന്റെ പേര്.എന്റെ മോളുടെ പേരാണ് നന്ദന.. അവള്‍ക്ക് വേണ്ടി ചെയ്തതാണ് ഈ വര്‍ക്ക്‌.


ഞാനും എന്റെ കൂട്ടുകാരിയും




ഈ വര്‍ക്ക്‌ മോളയും അല്ല എംബ്രോയ്ഡറിയും അല്ല..... ഇത് ആപ്ലിക് വര്‍ക്ക്‌ ആണ്.നേരത്തെ പറഞ്ഞല്ലോ എല്ലാ ഡിസൈന്‍സും നകായമ എന്ന ടീച്ചറിന്റെ ആണെന്ന്.പക്ഷെ ഇത് അങ്ങനെ അല്ല..... ഒരു ഇന്ത്യന്‍ ഡിസൈന്‍ ചെയ്യണം എന്നത് വെല്യ ആഗ്രഹം ആയിരുന്നു എനിക്ക്.നെറ്റില്‍ കണ്ട ഒരു പടം കുറച്ചു വ്യത്യസപെടുത്തി ഞാന്‍ തന്നെ വരച്ചു എടുത്തതാണ് ഈ സാഹസം.


ഞാനും മനുവും എക്സിബിഷന്‍ ഹാളില്‍ .

ഇതൊക്കെയാണ് എന്റെ സന്തോഷങ്ങള്‍.....ജപ്പാനില്‍ വന്ന ആദ്യ കാലങ്ങളില്‍ സമയം കളയാന്‍ ഒരു വഴിയും ഇല്ലാതിരുന്ന സമയത്ത് തുടങ്ങിയ ഒരു നേരം പോക്കായിരുന്നു ഇത്.ഇപ്പോള്‍ ജോലിയും കുട്ടികളും ഒക്കെ ആയി സമയം ഇല്ലെങ്കില്‍ പോലും ഇത് മാത്രം വിട്ടു കളയാന്‍ മനസ്സ് വരുന്നില്ല.ഓരോ വര്‍ക്ക്‌ ചെയ്യാനും ചിലപ്പോള്‍ ഞാന്‍ മാസങ്ങള്‍ എടുക്കാറുണ്ട്... ചിലപ്പോള്‍ ചെയ്യാന്‍ എടുത്തു വച്ചാലും മടി കൂടി മാറ്റി വയ്ക്കാറുണ്ട്... എന്നാലും ചെയ്തു കഴിഞ്ഞുള്ള ഒരു സന്തോഷം,മനസംതൃപ്തി ...അതൊക്കെ വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല.
"കാക്കയ്ക്കും തന്‍ കുഞ്ഞു പൊന്‍കുഞ്ഞു" അല്ലെ.....

Friday, July 23, 2010

ജെനറേഷന്‍ ഗാപ്

ഞാന്‍ എന്റെ കൌമാരപ്രായം മുതല്‍ കേള്‍ക്കുന്ന ഒരു സാധാരണ വാക്കായിരുന്നു ഈ ജെനറേഷന്‍ ഗാപ് എന്നത്.തലമുറകള്‍ തമ്മിലുള്ള അന്തരം ... ഇതാണ് അര്‍ത്ഥമെന്നറിയാം.അന്നും ,മുതിര്‍ന്നവരൊക്കെ കൌമാരപ്രായത്തിലുള്ളവരുടെ പ്രവൃത്തികള്‍,കൊച്ചു കുസൃതികള്‍ ഒക്കെ കാണുമ്പോള്‍ പറയാറുണ്ട്.."നമ്മളെപോലെ അല്ല ഇപ്പോഴത്തെ കുട്ടികള്‍..കുട്ടികളെ മനസ്സിലാക്കാന്‍ പ്രയാസമാണ്.പറഞ്ഞിട്ടെന്താ.. ജെനറേഷന്‍ ഗാപ് ആണ്" എന്നൊക്കെ.ഒരുപാടു തവണ കേട്ടിട്ടുണ്ട്,അര്‍ത്ഥവും അറിയാം.എങ്കിലും അന്നൊന്നും ഒരിക്കലും അതെപറ്റി ചിന്തിച്ചിട്ടെയില്ല.ടീനേജ് പ്രായത്തില്‍ ചിന്തിക്കാന്‍ വേറെ എന്തെല്ലാം കിടക്കുന്നു!!!

ഇപ്പോള്‍ ടീനേജും കടന്നു,രണ്ടു കുട്ടികളുടെ അമ്മയായി,മകള്‍ ടീനേജ് പ്രായം ആകുമ്പോള്‍ ആണ് എനിക്ക് ഈ "ഗാപ് " ന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാവുന്നത്.ഞാനും, എന്റെ അച്ഛനമ്മമാരും ,മുത്തശ്ശന്‍,മുത്തശ്ശിമാരും ഒക്കെ പറഞ്ഞ വാചകം ദിവസേന ആവര്‍ത്തിക്കുന്നു.."എനിക്കീ കുട്ടിയെ മനസ്സിലവുന്നില്ലലോ ഭഗവാനെ ... ആ ... ജെനറേഷന്‍ ഗാപ് തന്നെ.."എന്ന്.

കേരളം വിട്ടു ഒരു വിദേശരാജ്യത്ത് താമസിക്കുന്നത് കൊണ്ട്,എനിക്കും മനുവിനും നാടും വീടും മഴയും പുഴയും അമ്പലവും ആല്‍ത്തറയും .. അങ്ങനെ എല്ലാം ഗൃഹാതുരമായ ഓര്‍മകളാണ്.ഇവിടെ ജനിച്ചു വളരുന്ന എന്റെ കുട്ടികള്‍ക്ക്,ഇങ്ങനെ ഒക്കെ നാട്ടില്‍ ഉണ്ട് എന്നറിയാം എന്നല്ലാതെ അവര്‍ക്കതു നൊസ്റ്റാള്‍ജിയ അല്ല... സ്വാഭാവികം.

അവധി ദിവസത്തിന്റെ ആലസ്യത്തില്‍ ഇരിക്കുമ്പോള്‍‍ മനുവിന് ഏറ്റവും ഇഷ്ടം മലയാളം പാട്ടുകള്‍ കേള്‍ക്കാന്‍.അതും മെലോഡിയസ് ആയ പാട്ടുകള്‍.അവധി ദിവസങ്ങളില്‍ മാത്രമേ ഇവിടെ കുട്ടികള്‍ ടിവി കാണാറുള്ളൂ.രാവിലെ മുതല്‍ ലിവിംഗ് റൂമില്‍ ഒരു സൈഡില്‍ ടിവിയിലെ പല പ്രോഗ്രാമുകള്‍ തകര്‍ക്കുമ്പോള്‍ മറ്റൊരു സൈഡില്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ എഴുപതുകളിലെയും,എണ്‍പതുകളിലെയും, തൊണ്ണുറുകളിലെയും മലയാള സിനിമ ഗാനങ്ങള്‍,അല്ലെങ്കില്‍ പദ്മരാജന്‍ സിനിമകളുമായി മനു.രണ്ടു പ്രോഗ്രാമും മാറി മാറി കണ്ടു കൊണ്ട് അടുക്കളയില്‍ ജോലി ചെയ്യുന്ന ഞാന്‍,ഇതാണ് മിക്കവാറും ഞായറാഴ്ച ദിവസങ്ങളില്‍ വീട്ടില്‍ സംഭവിക്കുന്നത്.എന്റെ മകന് പാട്ടിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്.പക്ഷെ ആ സ്നേഹം മുഴുവന്‍ J-POP എന്നറിയപ്പെടുന്ന ജപ്പാനീസ് പോപ്‌ മ്യൂസിക്കിനോട്.എണ്ണിയാല്‍ ഒടുങ്ങാത്ത വിധം ആല്‍ബങ്ങള്‍ ഇറങ്ങും ഇവിടെ.സിനിമാതാരങ്ങളെക്കാള്‍ പ്രശസ്തിയാണ് മ്യൂസിക്‌ ബാന്‍ഡ് ലെ താരങ്ങള്‍ക്ക്.ഓരോ ആല്‍ബം ഇറങ്ങുമ്പോഴും,കണ്ണന്‍ അതിനെ കുറിച്ച് എനിക്ക് വിശദീകരണം തരും.അവനറിയാം അമ്മക്ക് അതൊന്നും അത്ര പിടി ഇല്ലെന്ന്. നന്നു, സിഡി വാങ്ങണം എന്ന് വാശി പിടിക്കും.വാങ്ങിയില്ലെങ്കില്‍ അവള്‍ ഏതെങ്കിലും കൂട്ടുകാരിയുടെ കയ്യില്‍ നിന്നും സിഡി കൊണ്ട് വന്നു ഹാര്‍ഡ്‌ ഡിസ്കില്‍ കോപ്പി ചെയ്യും.ഇവരിതൊക്കെ എങ്ങനെ ഇത്ര അപ്ടുഡേറ്റ് ആകുന്നു എന്ന് അത്ഭുതപ്പെടും ഞാന്‍.
ഇതിനിടയിലേക്കാണ്‌,മുഹമ്മദ്‌ റാഫിയുടെയും ആര്‍.ഡി.ബര്‍മന്റെയും ഹിന്ദി പാട്ടുകളും,വയലാറിന്റെയും യേശുദാസിന്റെയും മലയാളം പാട്ടുകളുമായി മനു വരുന്നത്.അത് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് "എന്തൊരു സ്ലോ ആയ പാട്ടുകള്‍!!!!എങ്ങനെയാ ഈ അച്ഛന്‍ ഇതൊക്കെ കേള്‍ക്കുന്നത്?"എന്നാണ് തോന്നുന്നത്.പിന്നെ ഒരു സൌജന്യം അവര്‍ അനുവദിക്കും...മലയാളം പാട്ടുകള്‍ കേള്‍ക്കണമെങ്കില്‍ പ്രിഥ്വിരാജിന്റെ സിനിമയിലെ അടിപൊളി പാട്ടുകള്‍ കേള്‍ക്കാം... അതാണ് ലൈന്‍... നാട്ടില്‍ പോകുമ്പോള്‍ മലയാളം സിഡി വാങ്ങി കൊണ്ടുവരുമായിരുന്നു ഞങ്ങള്‍.പക്ഷെ കാണാന്‍ ഞങള്‍ രണ്ടു പേരും മാത്രം.കാറിലും മലയാളം പാട്ടുകള്‍ ഒരുപാടു HD ല്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്,പക്ഷെ കേള്‍ക്കാന്‍ സാധിക്കുന്നത്‌ കുട്ടികള്‍ കൂടെ ഇല്ലാത്ത യാത്രകളില്‍ മാത്രം. വീണ്ടും കാറില്‍ കേറിയാല്‍ രണ്ടു പേരും ആദ്യം ചെയ്യുന്നത് പാട്ട് മാറ്റുക എന്നതാണ്.ഇതൊക്കെയാണ് ഇപ്പോഴത്തെ കുട്ടികള്‍.ഇതിനിടയില്‍ രണ്ടു വഞ്ചിയിലും കാല് വച്ച് ഒരാളുണ്ട്‍.കണ്ണ് ടിവിയിലെ മ്യൂസിക്‌ കോണ്‍സെര്‍ട്ടിലും കാത് കമ്പ്യൂട്ടറിലെ "അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളത്തിലും" ആയി അടുക്കള ജോലി ചെയ്യുന്ന ഈ ഞാന്‍.

ഭക്ഷണകാര്യവും ഇതുപോലെ തന്നെ.മനുവിന് ഇഷ്ടം സാമ്പാറും,തീയലും തോരനും അവിയലും ഒക്കെ തന്നെ.കുട്ടികള്‍ക്ക് ഉച്ചഭക്ഷണം സ്കൂളില്‍ നിന്നായത് കൊണ്ട്,രാത്രി ഭക്ഷണം നിര്‍ബന്ധമായും കേരളീയം ആകാന്‍ ശ്രദ്ധിക്കും ഞാന്‍.അല്ലെങ്കില്‍ എന്താണ് നമ്മുടെ കേരളീയഭക്ഷണം എന്ന് കുട്ടികള്‍ അറിയാതെ പോകില്ലേ?രണ്ടുപേരും കഴിക്കുമെങ്കിലും,അത് ഇഷട്പെട്ടു,സ്വാദോടെ,ജപ്പാനീസ് ഫുഡ്‌ കഴിക്കുന്ന അത്ര സന്തോഷത്തോടെ അല്ല എന്നെനിക്കറിയാം.അത്കൊണ്ട് ആഴ്ചയില്‍ രണ്ടു ദിവസം എങ്കിലും ഞാന്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കാറുണ്ട്.സ്പഗേറ്റിയോ,ജപ്പാനീസ് നൂഡില്‍സൊ,പിസ്സയോ അങ്ങനെ എന്തെങ്കിലും.ആ ദിവസങ്ങളില്‍ ഡിന്നര്‍ കഴിക്കാന്‍ എന്താ ഒരു ഉത്സാഹം!!!






നമ്മുടെ നാട്ടിലെ അമ്പലത്തിലെ ഉത്സവം പോലെ ഇവിടെയും ഉണ്ട്.രാത്രി ഓരോ ഏരിയയില്‍ ഉള്ളവര്‍ അവരുണ്ടാക്കുന്ന രഥം വലിച്ചു കൊണ്ട് ഗ്രാമത്തിലെ പ്രധാന shrine ല്‍ കൊണ്ട് പോകും.അത് രാത്രി ഒരുപാടു നേരം നീണ്ടു നില്‍ക്കും.കുട്ടികള്‍ ആണ് രഥം വലിക്കുന്നതില്‍ പ്രധാനികള്‍.തീര്‍ച്ചയായും മുതിര്‍ന്നവരും കൂടെ കാണും.ടീനേജ്കാര്‍ക്ക് രഥം വലിക്കാനോന്നും ഒരു താല്പര്യവും ഇല്ല. കൂട്ടുകാര്‍ക്കൊപ്പം അവിടെ കറങ്ങി നടക്കാനാണ് അവര്‍ക്ക് ഇഷ്ടം.പിന്നെ അവിടെ ഒരുപാടു താത്കാലിക ഫുഡ്‌ സ്റ്റാള്‍ വരും ഈ സമയത്ത്.നമ്മുടെ തട്ടുകട പോലെ.അവിടുന്ന് ഭക്ഷണം കഴിക്കാനും കറങ്ങി തിരിയാനും ആണ് കുട്ടികള്‍ക്ക് ഇഷ്ടം.ഈ വര്‍ഷത്തെ ഉത്സവത്തിന്‌ നന്നുവിനു നിര്‍ബന്ധമായിരുന്നു കൂട്ടുകാര്‍ക്കൊപ്പം പോണം എന്ന്.അവള്‍ പറയുന്നത്,ഇവിടുത്തെ സാഹചര്യത്തില്‍ വളരെ സാധാരണമായ ഒരു കാര്യം ആണ്.ഇവിടെ അങ്ങനെ പേടിക്കെണ്ടതായ സംഗതികള്‍ ഒന്നും തന്നെ ഇല്ല താനും.എന്നാലും ഞാന്‍ ജപ്പാനില്‍ ജനിച്ചു വളര്‍ന്ന ആളു അല്ലാലോ...കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതല്ലേ...എത്ര ശ്രമിച്ചിട്ടും എനിക്ക് എന്റെ മനസ്സിനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ സാധിക്കുന്നില്ല... രാത്രി അവളെ കൂട്ടുകാരുടെ കൂടെ ഉത്സവത്തിന്‌ വിടാന്‍.ഞാന്‍ അവളുടെ കൂട്ടുകാരുടെ അമ്മമാരെ എല്ലാവരെയും വിളിച്ചു സംസാരിച്ചു.അവര്‍ക്കൊക്കെ ഇതൊരു നിസ്സാര കാര്യം.പിള്ളേര് പോയി വരട്ടെ എന്ന് എല്ലാവരും.... ഞാന്‍ വലുതായില്ലേ അമ്മേ.. എന്തിനാ പേടിക്കുന്നത് എന്ന് നന്നുവും.....അവസാനം പറഞ്ഞ സമയത്ത് വീട്ടില്‍ തിരിച്ചെത്താം എന്ന ഉറപ്പില്‍ വിടേണ്ടി വന്നു.പിന്നെ ഒരു സമാധാനം, കണ്ണനെയും കൂട്ടി മനുവും ഞാനും ഉത്സവത്തിന്‌ പോകുന്നുണ്ടായിരുന്നു.അവിടെ വച്ച് കാണാം എന്ന് പറഞ്ഞു വിട്ടു അവളെ.നടന്നു പോകാവുന്ന ദൂരമേ ഉള്ളു.അപ്പോഴൊക്കെ എന്റെ മനസ്സിലേക്ക് വന്നത് ഈ ജെനറേഷന്‍ ഗാപ്‌ തന്നെ.ഇപ്പോഴെനിക്ക് ശരിക്കും മനസ്സിലാവുന്നു,എന്റെ കൗമാരപ്രായത്തില്‍ എന്താണ് എന്റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നത് എന്ന്...എല്ലാം ആവര്‍ത്തനങ്ങള്‍ ആണ്.... വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് പകരം എന്റെ മകള്‍....അന്ന് അമ്മ എന്നെ ഉപദേശിക്കുമ്പോഴൊ,വഴക്ക് പറയുമ്പോഴൊ ഒക്കെ ദേഷ്യം വരുമായിരുന്നു....ഈ അമ്മക്കെന്താ എന്ന്...ഇപ്പോള്‍ എന്റെ മോളോടു ഞാന്‍ ആ ഉടുപ്പ് ശരിക്കിടു എന്നോ,മുടി പരത്തി ഇടാതെ കെട്ടി വയ്ക്കു എന്നോ ഒക്കെ പറയുമ്പോള്‍ അവള്‍ക്കു വരുന്ന ദേഷ്യം കാണുമ്പോള്‍,ഇത് ഇരുപതു വര്‍ഷം മുന്‍പ് ഞാന്‍ കാണിച്ച അതേ വികാരം അല്ലെ എന്നോര്‍മ്മ വരും എനിക്ക്.എങ്കിലും പറയാതിരിക്കുന്നില്ല.....വീണ്ടും പറയും.. അവള്‍ടെ ദേഷ്യം കാണും....എന്നിട്ട് മനസ്സില്‍ "ആ...പറഞ്ഞിട്ട് കാര്യം ഇല്ല ... ജെനറേഷന്‍ ഗാപ്‌ ആണ്" എന്നങ്ങു ആശ്വസിക്കും.... കാരണം അമ്മയല്ലേ ഞാന്‍!!

Sunday, July 4, 2010

ഗൊക്കയമ-ജപ്പാന്‍

ഗൊക്കയമ എന്ന സ്ഥലം ജപ്പാനില്‍ ഞങള്‍ താമസിക്കുന്ന ടോയമ എന്ന prefecture ലും തൊട്ടടുത്ത ഗിഫു എന്നാ prefecture ലും ആയി കിടക്കുന്ന പര്‍വ്വതപ്രദേശം ആണ്.യമ എന്നാല്‍ പര്‍വതം എന്നര്‍ത്ഥം.ഇത് world heritage list ല്‍ 1995 ല്‍ ഉള്‍പെട്ട മനോഹരമായ പര്‍വ്വതപ്രദേശം ആണ്.ഇതിന്റെ പ്രത്യേകത അവിടെ ഉള്ള Gasho-sukuri(Thatched roof)ആയ വളരെ പുരാതനമായ വീടുകള്‍ ആണ്. ഗൊക്കയമയില്‍ ഈ രീതിയില്‍ വീടുകള്‍ ഉള്ള മൂന്നു ഗ്രാമങ്ങള്‍ ഉണ്ട്.ടോയമ prefecture ല്‍ അയിനൊകുറ(Ainokura)യും സുഗുനമ(sugunama)യും ഗിഫു prefecture ല്‍ ഷിരകവ ഗൊ(Shirakawa-go)യും.
ഞങ്ങളുടെ വീട്ടില്‍ നിന്നും ഏകദേശം മുപ്പത്തഞ്ചു കിലോമീറ്റര്‍ മാത്രം അകലെ ആണ് ഈ മനോഹരമായ ഭൂപ്രദേശം.അതുകൊണ്ട് തന്നെ പലവട്ടം ഞങള്‍ അവിടെ പോയിട്ടുണ്ട്...ഓരോ ഋതുക്കളിലും ഗൊക്കയമയുടെ മുഖം വ്യത്യസ്തമായിരിക്കും.മഞ്ഞു കാലത്ത് പ്രത്യേക രീതിയില്‍ ഉള്ള ആ വീടുകള്‍ എല്ലാം മഞ്ഞു മൂടി നില്‍കുന്ന കാഴ്ച വിവരിക്കാനാവാത്തതാണ്.മഞ്ഞിന്റെ മരവിപ്പ് മാറി വസന്തമായാല്‍ ചുറ്റുമുള്ള മലകള്‍ പൂക്കളായ പൂക്കളെല്ലാം വാരിയണിഞ്ഞു മനോഹരികളാകും.വേനല്‍ എത്തിയാലും പൂക്കള്‍ക്ക് യാതൊരു ക്ഷാമവും ഇല്ല.പിന്നെ വരുന്ന ശിശിരം...ആ ഭംഗി വിവരിക്കാന്‍ വാക്കുകള്‍ ഇല്ല...മഞ്ഞയും ഓറഞ്ചും ചുവപ്പും ആയി നിറം മാറുന്ന മരങ്ങള്‍...ഗൊക്കയമയിലേക്ക് പോകുന്ന വഴിയും വളരെ സുന്ദരമാണ്...റോഡിന്റെ ഒരു വശം മലയും മറുവശം മനോഹരിയായി ഒഴുകുന്ന ഒരു പുഴയും...കുറെ അധികം ദൂരം ആ പുഴ നമ്മളോടൊപ്പം വരും.





ഇനി പൌരാണികമായ ആ വീടുകളെ കുറിച്ച്....Gasho-sukuri എന്നാണ് ജാപ്പനീസ് ല്‍ പറയുന്നത്.. അതിനര്‍ത്ഥം കൂപ്പുകൈ എന്നാണ്.ഈ വീടുകളുടെ മേല്‍കൂര കണ്ടാല്‍ കൂപ്പുകൈയോടെ നില്‍ക്കുകയാണ് എന്നേ തോന്നു.രണ്ടാം നില വളരെ ഉയരത്തില്‍ ആണ്.പലപ്പോഴും ഒന്നാം നിലയെക്കാളും ഒരുപാടു ഉയരത്തില്‍...ഇപ്പോഴും അങ്ങനെ ഉള്ള വീടുകളില്‍ താമസികുന്നവര്‍ ഉണ്ട് അവിടെ.സന്ദര്‍ശകര്‍ക്കായി ഒഴിച്ചിട്ടിരിക്കുന്നവയും ധാരാളം.



കഴിഞ്ഞ വര്‍ഷം കണ്ണന്റെ (എന്റെ മകന്‍) kindergarten ല്‍ നിന്നും അവിടേക്ക് ഒരു യാത്ര പോയി.ഒരു ദിവസം ഈ ഗഷോ വീടുകളില്‍ ഒന്നില്‍ തങ്ങാന്‍ ആയിരുന്നു പ്ലാന്‍.ഞങ്ങള്‍ പോയത് ആയിനോകുറ എന്നാ ഗ്രാമത്തിലേക്ക്‌ ആയിരുന്നു.
ശിശിരത്തിന്റെ തുടക്കം ആയതു കൊണ്ട് വഴിനീളെ മനോഹരമായ കാഴ്ചകള്‍...
അവിടെ എത്തിയ ഉടനെ ആദ്യത്തെ പരിപാടി മീന്‍പിടുത്തം.വളരെ ചെറിയ ഒരു കുളത്തില്‍ ഇറങ്ങി അമ്മമാരും കുട്ടികളും കൂടി മീന്‍ പിടിച്ചു.


ദേ... കണ്ണന്‍ ഒരു മീനുമായി....



ഇവാന എന്നാ ഒരു തരം മീന്‍ ആണത്.വെള്ളത്തില്‍ കല്ലുകള്‍ക്കിടയില്‍ ഒളിച്ചിരിക്കും... പിടിക്കാന്‍ വെല്യ ബുദ്ധിമുട്ടില്ല.കുറെ എണ്ണത്തിനെ പിടിച്ചു ബക്കറ്റില്‍ ഇട്ടു വച്ച്.പിന്നെ അതിനെ കനല്‍ കൂട്ടി ചുറ്റെടുക്കാനുള്ള പരിപാടി ആയി.




അത് കഴിഞ്ഞു ചുട്ടെടുത്തതിനെ സ്വന്തം വയറ്റിലേക്ക് പറഞ്ഞയക്കാനുള്ള തിടുക്കം ആയി എല്ലാവര്ക്കും...



ഞാനും കഴിച്ചു നോക്കി... ദൈവമേ.... എനിക്ക് വയ്യ അത് വിവരിക്കാന്‍...വെറുതെ ചുട്ടെടുത്ത മീന്‍.. ഉപ്പും ഇല്ല മുളകും ഇല്ല...എങ്ങനെയോ ഒരു വായ കഴിച്ചു കുറച്ചു വെള്ളവും കുടിച്ചു അവസാനിപ്പിച്ചു.കണ്ണന്‍ "ഓയിഷി"(yummy) എന്ന് പറഞ്ഞു മുഴുവനും കഴിച്ചു.
കുട്ടികള്‍ കുറച്ചു കളിച്ചു കഴിഞ്ഞപ്പോഴേക്കും വൈകുന്നേരം ആയി. ഞങ്ങള്‍ക്ക് താമസിക്കാനുള്ള ഗഷോഹൌസിലേക്ക് നടന്നു എല്ലാവരും.


രണ്ടു നിലയുള്ള ഒരു വീട് തന്നെ.ആ പുല്ലു മേഞ്ഞ മേല്‍ക്കൂര ആണ് അതിന്റെ പ്രത്യേകത.മുപ്പതോ നാല്‍പ്പതോ വര്‍ഷം കൂടുമ്പോള്‍ ആണ് മേല്‍ക്കൂര പുല്ലുമേയുന്നത്.അതൊരു വലിയ പ്രോസ്സസ് ആണ്. (താല്പര്യം ഉള്ളവര്‍ക്ക് ഗൂഗിള്‍ നോക്കിയാല്‍ അറിയാന്‍ സാധിക്കും).
ഞങ്ങള്‍ രണ്ടാം നിലയിലേക്ക് ഓടിക്കയറി.


വലിയ ഒരു ഹാള്‍ മാത്രം.താഴെ വിരിച്ചിരിക്കുന്നത് തതാമി മാറ്റുകള്‍. നമ്മുടെ പുല്പ്പായ പോലെ .. പക്ഷെ ഇത് തറയില്‍ ഉറപ്പിച്ചിരിക്കുകയാണ്.വേണെമെങ്കില്‍‍ പാളിയായി എടുത്തു മാറ്റാനും സാധിക്കും.ഇതും ജപ്പാനീസ് ട്രഡിഷന്‍ തന്നെ.പുതിയതായി പണിയുന്ന മോഡേണ്‍ വീടുകളിലും തതാമി മറ്റുള്ള ഒരു മുറി നിര്‍ബന്ധം ആണ് ഇവിടുത്തുകാര്‍ക്ക്.


ഈ ഹാളില്‍ ആണ് എല്ലാവരും കൂടി കിടക്ക വിരിച്ചു കിടക്കാന്‍ പോകുന്നത്.കുട്ടികളൊക്കെ ഒരുമിച്ചു കിടക്കാമല്ലോ എന്ന സന്തോഷത്തിലും ആദ്യമായി കൈവന്ന ഇങ്ങനെ ഒരു അവസരത്തിന്റെ ആകംക്ഷയിലും ആണ്.

രാത്രി ആയതോടെ നല്ല തണുപ്പായി.സെപ്റ്റംബര്‍ മാസം അവസാനം ആയതെ ഉള്ളു...
ഇതൊരു രാത്രി കാഴ്ച ഗഷോ വീടിന്റെ...
പകലത്തെ മീന്‍പിടുത്തവും,കുട്ടികളുടെ കൂടെ കളിച്ചതിന്റെ ക്ഷീണവും പിന്നെ മലകള്‍ കേറി ഇറങ്ങി ഉള്ള നടത്തവും ആയപ്പോള്‍ നല്ല ക്ഷീണം ആയി.പോരാത്തതിന് നല്ല തണുപ്പും....പുതപ്പിനുള്ളില്‍ കയറിയാതെ ഓര്‍മ ഉള്ളു.....

പിറ്റേന്ന് കാലത്തേ എല്ലാവരും റെഡി ആയി...ചുറ്റി നടന്നു കാണാന്‍ കാടിനകത്തു കുറച്ചു സ്ഥലങ്ങള്‍ ഉണ്ട്...മരങ്ങളെ കുറിച്ചും അവയുടെ പ്രത്യേകതയെക്കുറിച്ചും പറഞ്ഞു തരാന്‍ ഒരു അപ്പൂപ്പന്‍ കൂടെ വന്നു.

ഇതൊരു റോപ്പ് വെ..


ഒരു നദിക്ക് അക്കരെ പോകാന്‍ സാധിക്കുന്ന ഈ റോപ്പ്‌വേ ഇപ്പോള്‍ പ്രായാധിക്യത്താലുള്ള വിശ്രമത്തില്‍ ആണ്.
ഗഷോ ഹൌസിന്റെ സൌന്ദര്യം.



ഈ നദിക്കു കുറുകെ ആണ് നേരത്തെ പറഞ്ഞ റോപ്പ്‌വേ ഉപയോഗിച്ചിരുന്നത്.

കുറച്ചു കൂടി നടന്നപ്പോള്‍ കാട്ടിലേക്ക് കയറി പോകുന്ന വഴി ആയി..കൂടെ ഉണ്ടായിരുന്ന വഴികാട്ടി അപ്പൂപ്പന്‍,കരടി ഇറങ്ങുന്ന സ്ഥലം ആണിത് എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും കരടിയുടെ കാല്‍പ്പാടുകള്‍ അന്വേഷിക്കാന്‍ തുടങ്ങി.

കരടിയുടെതാണോ എന്തോ...???

കരടിയുടെ ഇഷ്ടഭക്ഷണം ആണത്രേ ഈ പഴം...



എല്ലാവരും കഴിച്ചു നോക്കി.. നല്ല മധുരമുണ്ട്..

പിന്നെയും ഒരുപാടു നടന്നു... പല പല ഗഷോ ഹൌസുകള്‍ കണ്ടു.താമസം ഉള്ളവയും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നവയും എല്ലാം...


ഇത് കണ്ടോ.... നാച്ചുറല്‍ റീഫ്രിജെരെറ്റര്‍ ആണ്... കോളയും ഫാന്റയും ഒക്കെ എന്ത് ഗമയില്‍ ആണ് എന്ന് നോക്കിയെ...


മേഘങ്ങള്‍ താഴെ ഇറങ്ങി വന്ന ഒരു സുന്ദര ദൃശ്യം


ദാ.. അത് അവിടെ ഉള്ള ഒരു കൊച്ചു മ്യുസിയം...


ഇത് മഞ്ഞില്‍ കുളിച്ചു നില്‍കുന്ന ഗൊക്കയമ.


ഇനി ഞങ്ങള്‍ മടങ്ങുകയായി... കുട്ടികളൊക്കെ നടന്നു തളര്‍ന്നു...
എനിക്ക് പക്ഷെ ഓരോ പ്രാവശ്യം അവിടെ നിന്നും മടങ്ങുമ്പോഴും വീണ്ടും അവിടേക്ക് എന്നെ ആകര്‍ഷിക്കുന്ന എന്തോ ഉള്ളത് പോലെ തോന്നും......വീണ്ടും വരാതിരിക്കാന്‍ കഴിയില്ല ഈ ഗൊക്കയമയിലേക്ക്.... എത്രയോ തവണ.. പല പല ഋതുക്കളില്‍ വന്നു ഞാന്‍ ഇവിടെ...എന്നിട്ടും എന്തുകൊണ്ടോ മതിയാവുന്നില്ല ഈ പഴമയുടെ സൌന്ദര്യം....പഴമയോടുള്ള എന്റെ ഇഷ്ടം...പഴയ വീടുകളോടും,കൊട്ടാരങ്ങളോടും,കാടിനോടും ,പുഴയോടും,മഴയോടും ഒക്കെ ഉള്ള ഒരു പ്രത്യേക ഇഷ്ടം...ഇപ്പോള്‍ ഞാന്‍ വന്നു കൂടിയിരിക്കുന്ന ഈ സ്ഥലമോ..ഏതു മോഡേണിസത്തിലും പൗരാണികതയെ മുറുകെ പിടിക്കുന്ന ഒരിടവും...എങ്ങനെ സ്നേഹിക്കാതിരിക്കും ഞാന്‍ ഈ സ്ഥലങ്ങളെ?????