Friday, July 23, 2010

ജെനറേഷന്‍ ഗാപ്

ഞാന്‍ എന്റെ കൌമാരപ്രായം മുതല്‍ കേള്‍ക്കുന്ന ഒരു സാധാരണ വാക്കായിരുന്നു ഈ ജെനറേഷന്‍ ഗാപ് എന്നത്.തലമുറകള്‍ തമ്മിലുള്ള അന്തരം ... ഇതാണ് അര്‍ത്ഥമെന്നറിയാം.അന്നും ,മുതിര്‍ന്നവരൊക്കെ കൌമാരപ്രായത്തിലുള്ളവരുടെ പ്രവൃത്തികള്‍,കൊച്ചു കുസൃതികള്‍ ഒക്കെ കാണുമ്പോള്‍ പറയാറുണ്ട്.."നമ്മളെപോലെ അല്ല ഇപ്പോഴത്തെ കുട്ടികള്‍..കുട്ടികളെ മനസ്സിലാക്കാന്‍ പ്രയാസമാണ്.പറഞ്ഞിട്ടെന്താ.. ജെനറേഷന്‍ ഗാപ് ആണ്" എന്നൊക്കെ.ഒരുപാടു തവണ കേട്ടിട്ടുണ്ട്,അര്‍ത്ഥവും അറിയാം.എങ്കിലും അന്നൊന്നും ഒരിക്കലും അതെപറ്റി ചിന്തിച്ചിട്ടെയില്ല.ടീനേജ് പ്രായത്തില്‍ ചിന്തിക്കാന്‍ വേറെ എന്തെല്ലാം കിടക്കുന്നു!!!

ഇപ്പോള്‍ ടീനേജും കടന്നു,രണ്ടു കുട്ടികളുടെ അമ്മയായി,മകള്‍ ടീനേജ് പ്രായം ആകുമ്പോള്‍ ആണ് എനിക്ക് ഈ "ഗാപ് " ന്റെ അര്‍ത്ഥം ശരിക്കും മനസ്സിലാവുന്നത്.ഞാനും, എന്റെ അച്ഛനമ്മമാരും ,മുത്തശ്ശന്‍,മുത്തശ്ശിമാരും ഒക്കെ പറഞ്ഞ വാചകം ദിവസേന ആവര്‍ത്തിക്കുന്നു.."എനിക്കീ കുട്ടിയെ മനസ്സിലവുന്നില്ലലോ ഭഗവാനെ ... ആ ... ജെനറേഷന്‍ ഗാപ് തന്നെ.."എന്ന്.

കേരളം വിട്ടു ഒരു വിദേശരാജ്യത്ത് താമസിക്കുന്നത് കൊണ്ട്,എനിക്കും മനുവിനും നാടും വീടും മഴയും പുഴയും അമ്പലവും ആല്‍ത്തറയും .. അങ്ങനെ എല്ലാം ഗൃഹാതുരമായ ഓര്‍മകളാണ്.ഇവിടെ ജനിച്ചു വളരുന്ന എന്റെ കുട്ടികള്‍ക്ക്,ഇങ്ങനെ ഒക്കെ നാട്ടില്‍ ഉണ്ട് എന്നറിയാം എന്നല്ലാതെ അവര്‍ക്കതു നൊസ്റ്റാള്‍ജിയ അല്ല... സ്വാഭാവികം.

അവധി ദിവസത്തിന്റെ ആലസ്യത്തില്‍ ഇരിക്കുമ്പോള്‍‍ മനുവിന് ഏറ്റവും ഇഷ്ടം മലയാളം പാട്ടുകള്‍ കേള്‍ക്കാന്‍.അതും മെലോഡിയസ് ആയ പാട്ടുകള്‍.അവധി ദിവസങ്ങളില്‍ മാത്രമേ ഇവിടെ കുട്ടികള്‍ ടിവി കാണാറുള്ളൂ.രാവിലെ മുതല്‍ ലിവിംഗ് റൂമില്‍ ഒരു സൈഡില്‍ ടിവിയിലെ പല പ്രോഗ്രാമുകള്‍ തകര്‍ക്കുമ്പോള്‍ മറ്റൊരു സൈഡില്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ എഴുപതുകളിലെയും,എണ്‍പതുകളിലെയും, തൊണ്ണുറുകളിലെയും മലയാള സിനിമ ഗാനങ്ങള്‍,അല്ലെങ്കില്‍ പദ്മരാജന്‍ സിനിമകളുമായി മനു.രണ്ടു പ്രോഗ്രാമും മാറി മാറി കണ്ടു കൊണ്ട് അടുക്കളയില്‍ ജോലി ചെയ്യുന്ന ഞാന്‍,ഇതാണ് മിക്കവാറും ഞായറാഴ്ച ദിവസങ്ങളില്‍ വീട്ടില്‍ സംഭവിക്കുന്നത്.എന്റെ മകന് പാട്ടിനോട് ഒരു പ്രത്യേക സ്നേഹം ഉണ്ട്.പക്ഷെ ആ സ്നേഹം മുഴുവന്‍ J-POP എന്നറിയപ്പെടുന്ന ജപ്പാനീസ് പോപ്‌ മ്യൂസിക്കിനോട്.എണ്ണിയാല്‍ ഒടുങ്ങാത്ത വിധം ആല്‍ബങ്ങള്‍ ഇറങ്ങും ഇവിടെ.സിനിമാതാരങ്ങളെക്കാള്‍ പ്രശസ്തിയാണ് മ്യൂസിക്‌ ബാന്‍ഡ് ലെ താരങ്ങള്‍ക്ക്.ഓരോ ആല്‍ബം ഇറങ്ങുമ്പോഴും,കണ്ണന്‍ അതിനെ കുറിച്ച് എനിക്ക് വിശദീകരണം തരും.അവനറിയാം അമ്മക്ക് അതൊന്നും അത്ര പിടി ഇല്ലെന്ന്. നന്നു, സിഡി വാങ്ങണം എന്ന് വാശി പിടിക്കും.വാങ്ങിയില്ലെങ്കില്‍ അവള്‍ ഏതെങ്കിലും കൂട്ടുകാരിയുടെ കയ്യില്‍ നിന്നും സിഡി കൊണ്ട് വന്നു ഹാര്‍ഡ്‌ ഡിസ്കില്‍ കോപ്പി ചെയ്യും.ഇവരിതൊക്കെ എങ്ങനെ ഇത്ര അപ്ടുഡേറ്റ് ആകുന്നു എന്ന് അത്ഭുതപ്പെടും ഞാന്‍.
ഇതിനിടയിലേക്കാണ്‌,മുഹമ്മദ്‌ റാഫിയുടെയും ആര്‍.ഡി.ബര്‍മന്റെയും ഹിന്ദി പാട്ടുകളും,വയലാറിന്റെയും യേശുദാസിന്റെയും മലയാളം പാട്ടുകളുമായി മനു വരുന്നത്.അത് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ക്ക് "എന്തൊരു സ്ലോ ആയ പാട്ടുകള്‍!!!!എങ്ങനെയാ ഈ അച്ഛന്‍ ഇതൊക്കെ കേള്‍ക്കുന്നത്?"എന്നാണ് തോന്നുന്നത്.പിന്നെ ഒരു സൌജന്യം അവര്‍ അനുവദിക്കും...മലയാളം പാട്ടുകള്‍ കേള്‍ക്കണമെങ്കില്‍ പ്രിഥ്വിരാജിന്റെ സിനിമയിലെ അടിപൊളി പാട്ടുകള്‍ കേള്‍ക്കാം... അതാണ് ലൈന്‍... നാട്ടില്‍ പോകുമ്പോള്‍ മലയാളം സിഡി വാങ്ങി കൊണ്ടുവരുമായിരുന്നു ഞങ്ങള്‍.പക്ഷെ കാണാന്‍ ഞങള്‍ രണ്ടു പേരും മാത്രം.കാറിലും മലയാളം പാട്ടുകള്‍ ഒരുപാടു HD ല്‍ സേവ് ചെയ്തു വച്ചിട്ടുണ്ട്,പക്ഷെ കേള്‍ക്കാന്‍ സാധിക്കുന്നത്‌ കുട്ടികള്‍ കൂടെ ഇല്ലാത്ത യാത്രകളില്‍ മാത്രം. വീണ്ടും കാറില്‍ കേറിയാല്‍ രണ്ടു പേരും ആദ്യം ചെയ്യുന്നത് പാട്ട് മാറ്റുക എന്നതാണ്.ഇതൊക്കെയാണ് ഇപ്പോഴത്തെ കുട്ടികള്‍.ഇതിനിടയില്‍ രണ്ടു വഞ്ചിയിലും കാല് വച്ച് ഒരാളുണ്ട്‍.കണ്ണ് ടിവിയിലെ മ്യൂസിക്‌ കോണ്‍സെര്‍ട്ടിലും കാത് കമ്പ്യൂട്ടറിലെ "അല്ലിയാമ്പല്‍ കടവിലന്നരയ്ക്കു വെള്ളത്തിലും" ആയി അടുക്കള ജോലി ചെയ്യുന്ന ഈ ഞാന്‍.

ഭക്ഷണകാര്യവും ഇതുപോലെ തന്നെ.മനുവിന് ഇഷ്ടം സാമ്പാറും,തീയലും തോരനും അവിയലും ഒക്കെ തന്നെ.കുട്ടികള്‍ക്ക് ഉച്ചഭക്ഷണം സ്കൂളില്‍ നിന്നായത് കൊണ്ട്,രാത്രി ഭക്ഷണം നിര്‍ബന്ധമായും കേരളീയം ആകാന്‍ ശ്രദ്ധിക്കും ഞാന്‍.അല്ലെങ്കില്‍ എന്താണ് നമ്മുടെ കേരളീയഭക്ഷണം എന്ന് കുട്ടികള്‍ അറിയാതെ പോകില്ലേ?രണ്ടുപേരും കഴിക്കുമെങ്കിലും,അത് ഇഷട്പെട്ടു,സ്വാദോടെ,ജപ്പാനീസ് ഫുഡ്‌ കഴിക്കുന്ന അത്ര സന്തോഷത്തോടെ അല്ല എന്നെനിക്കറിയാം.അത്കൊണ്ട് ആഴ്ചയില്‍ രണ്ടു ദിവസം എങ്കിലും ഞാന്‍ അവര്‍ക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കാറുണ്ട്.സ്പഗേറ്റിയോ,ജപ്പാനീസ് നൂഡില്‍സൊ,പിസ്സയോ അങ്ങനെ എന്തെങ്കിലും.ആ ദിവസങ്ങളില്‍ ഡിന്നര്‍ കഴിക്കാന്‍ എന്താ ഒരു ഉത്സാഹം!!!






നമ്മുടെ നാട്ടിലെ അമ്പലത്തിലെ ഉത്സവം പോലെ ഇവിടെയും ഉണ്ട്.രാത്രി ഓരോ ഏരിയയില്‍ ഉള്ളവര്‍ അവരുണ്ടാക്കുന്ന രഥം വലിച്ചു കൊണ്ട് ഗ്രാമത്തിലെ പ്രധാന shrine ല്‍ കൊണ്ട് പോകും.അത് രാത്രി ഒരുപാടു നേരം നീണ്ടു നില്‍ക്കും.കുട്ടികള്‍ ആണ് രഥം വലിക്കുന്നതില്‍ പ്രധാനികള്‍.തീര്‍ച്ചയായും മുതിര്‍ന്നവരും കൂടെ കാണും.ടീനേജ്കാര്‍ക്ക് രഥം വലിക്കാനോന്നും ഒരു താല്പര്യവും ഇല്ല. കൂട്ടുകാര്‍ക്കൊപ്പം അവിടെ കറങ്ങി നടക്കാനാണ് അവര്‍ക്ക് ഇഷ്ടം.പിന്നെ അവിടെ ഒരുപാടു താത്കാലിക ഫുഡ്‌ സ്റ്റാള്‍ വരും ഈ സമയത്ത്.നമ്മുടെ തട്ടുകട പോലെ.അവിടുന്ന് ഭക്ഷണം കഴിക്കാനും കറങ്ങി തിരിയാനും ആണ് കുട്ടികള്‍ക്ക് ഇഷ്ടം.ഈ വര്‍ഷത്തെ ഉത്സവത്തിന്‌ നന്നുവിനു നിര്‍ബന്ധമായിരുന്നു കൂട്ടുകാര്‍ക്കൊപ്പം പോണം എന്ന്.അവള്‍ പറയുന്നത്,ഇവിടുത്തെ സാഹചര്യത്തില്‍ വളരെ സാധാരണമായ ഒരു കാര്യം ആണ്.ഇവിടെ അങ്ങനെ പേടിക്കെണ്ടതായ സംഗതികള്‍ ഒന്നും തന്നെ ഇല്ല താനും.എന്നാലും ഞാന്‍ ജപ്പാനില്‍ ജനിച്ചു വളര്‍ന്ന ആളു അല്ലാലോ...കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നതല്ലേ...എത്ര ശ്രമിച്ചിട്ടും എനിക്ക് എന്റെ മനസ്സിനെ പറഞ്ഞു സമ്മതിപ്പിക്കാന്‍ സാധിക്കുന്നില്ല... രാത്രി അവളെ കൂട്ടുകാരുടെ കൂടെ ഉത്സവത്തിന്‌ വിടാന്‍.ഞാന്‍ അവളുടെ കൂട്ടുകാരുടെ അമ്മമാരെ എല്ലാവരെയും വിളിച്ചു സംസാരിച്ചു.അവര്‍ക്കൊക്കെ ഇതൊരു നിസ്സാര കാര്യം.പിള്ളേര് പോയി വരട്ടെ എന്ന് എല്ലാവരും.... ഞാന്‍ വലുതായില്ലേ അമ്മേ.. എന്തിനാ പേടിക്കുന്നത് എന്ന് നന്നുവും.....അവസാനം പറഞ്ഞ സമയത്ത് വീട്ടില്‍ തിരിച്ചെത്താം എന്ന ഉറപ്പില്‍ വിടേണ്ടി വന്നു.പിന്നെ ഒരു സമാധാനം, കണ്ണനെയും കൂട്ടി മനുവും ഞാനും ഉത്സവത്തിന്‌ പോകുന്നുണ്ടായിരുന്നു.അവിടെ വച്ച് കാണാം എന്ന് പറഞ്ഞു വിട്ടു അവളെ.നടന്നു പോകാവുന്ന ദൂരമേ ഉള്ളു.അപ്പോഴൊക്കെ എന്റെ മനസ്സിലേക്ക് വന്നത് ഈ ജെനറേഷന്‍ ഗാപ്‌ തന്നെ.ഇപ്പോഴെനിക്ക് ശരിക്കും മനസ്സിലാവുന്നു,എന്റെ കൗമാരപ്രായത്തില്‍ എന്താണ് എന്റെ അച്ഛനും അമ്മയും എന്നോട് പറഞ്ഞിരുന്നത് എന്ന്...എല്ലാം ആവര്‍ത്തനങ്ങള്‍ ആണ്.... വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് പകരം എന്റെ മകള്‍....അന്ന് അമ്മ എന്നെ ഉപദേശിക്കുമ്പോഴൊ,വഴക്ക് പറയുമ്പോഴൊ ഒക്കെ ദേഷ്യം വരുമായിരുന്നു....ഈ അമ്മക്കെന്താ എന്ന്...ഇപ്പോള്‍ എന്റെ മോളോടു ഞാന്‍ ആ ഉടുപ്പ് ശരിക്കിടു എന്നോ,മുടി പരത്തി ഇടാതെ കെട്ടി വയ്ക്കു എന്നോ ഒക്കെ പറയുമ്പോള്‍ അവള്‍ക്കു വരുന്ന ദേഷ്യം കാണുമ്പോള്‍,ഇത് ഇരുപതു വര്‍ഷം മുന്‍പ് ഞാന്‍ കാണിച്ച അതേ വികാരം അല്ലെ എന്നോര്‍മ്മ വരും എനിക്ക്.എങ്കിലും പറയാതിരിക്കുന്നില്ല.....വീണ്ടും പറയും.. അവള്‍ടെ ദേഷ്യം കാണും....എന്നിട്ട് മനസ്സില്‍ "ആ...പറഞ്ഞിട്ട് കാര്യം ഇല്ല ... ജെനറേഷന്‍ ഗാപ്‌ ആണ്" എന്നങ്ങു ആശ്വസിക്കും.... കാരണം അമ്മയല്ലേ ഞാന്‍!!

23 comments:

  1. എന്‍റെ മഞ്ജു ..........തേങ്ങ എന്‍റെ വക
    .പോസ്റ്റ്‌ വായിച്ചു കുറച്ചു നേരം ഞാന്‍ ആ വീട്ടില്‍ കൂടി ഒന്ന് ഓടി നടന്നു ട്ടോ ...പ്രിയ കൂട്ടുക്കാരിയുടെ ''അമ്മ റോള്‍'' ഒന്ന് പഠിക്കാന്‍ ..വളരെ തുറന്ന ഒരു എഴുത്തും ...........
    നമ്മുടെ friendship നു ഒരേ ഒരു ഗാപ്‌ ഉള്ളു ...അതും കുട്ടികളുടെ ചെറിയ ഇഷ്ട്ടംവായിച്ചപോള്‍ആണ് തോന്നിയതും ...
    എന്‍റെ കുട്ടികള്‍ക്ക് വീട്ടിലും കാറിലും ഒരേ പാട്ട് മതി .അത് അപ്പന്റെയും അമ്മയുടെയും ഇഷ്ടം ആണ് .......ഒന്നും മനസിലാവില്ല എങ്കിലും അവര് അത് കേള്‍ക്കും ....അവധി ദിവസങ്ങളില്‍ മാത്രമേ ഇവിടെ കുട്ടികള്‍ ടിവി ക്ക് വിശ്രമം ഉള്ളു .......അന്ന് അപ്പന്റെയും അമ്മയുടെയും പുറക്കെ നടുക്ക ആണ് പതിവും ..............നമ്മുടെ അമ്മമാര് പറഞ്ഞത് എല്ലാം ഇപ്പോള്‍ തിരിച്ചടി പോലെ ഞാനും ഇവരോട് ചിലപ്പോള്‍ പറയും .....ഇവര് എവിടെ ആവുംമോ ആവോ?

    ReplyDelete
  2. Enthayalum first comment njan thanne ezhuthatte..Ithu vayichappol athe anubhavathiloode thanneyanallo, nattil thanneyanengilum, njanum kadannu pokunnathu ennu thonnipoyi.Avarude oppam nilkkanamengil, dehichillengilum, avar cheyyunna karyangilude kurachokke nammalum update ayi poyikondirikkanam ennu saram....

    ReplyDelete
  3. നന്നായി എഴുതി. ജനറേഷൻ ഗ്യാപ്പ് ഇന്ന് പലകാര്യങ്ങളിലും ഉണ്ട്. ഇപ്പോഴത്തെ കുട്ടികൾ ഏറ്റവും അധികം പറയുന്ന വാക്കാണ് അയ്യേ, ഈ അച്ഛനും അമ്മക്കും ഒന്നും അറിയില്ല. പഴഞ്ചൻ അച്ഛനും പഴഞ്ചൻ അമ്മ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഇതൊക്കെ മറ്റൊരു രീതിയിൽ പണ്ട് നമ്മളും പറഞ്ഞിട്ടില്ലേ എന്നോർക്കും. കുട്ടികളെ ആഴ്ചയിൽ ഒരിക്കൽ മലയാളം പരിപാടികൾ കാണാനോ അല്ലെങ്കിൽ മലയാളം എഴുതുവാനോ പ്രോത്സാഹിപ്പിക്കണം കേട്ടോ മഞ്ജു. അല്ലെങ്കിൽ നിങ്ങളൊക്കെ തിരിച്ച് നാട്ടിൽ വരുമ്പോളേക്കും നമ്മുടെ മലയാളം അസ്തമിക്കും.

    ReplyDelete
  4. മഞ്ജു കുറച്ചു കൂടി പറയാനും ഉണ്ടായിരുന്നു ...ഫുള്‍ കമന്റ്‌ തലയില്‍ അപ്പോള്‍ വന്നില്ല ...ഇപ്പോള്‍ കുട്ടികളുടെ കൂടെ ഇരുന്നപോള്‍ ഓര്‍ത്തതും ആണ് ....
    ഇപ്പോള്‍ എന്റെ മോളോടു ഞാന്‍ ആ ഉടുപ്പ് ശരിക്കിടു എന്നോ,മുടി പരത്തി ഇടാതെ കെട്ടി വയ്ക്കു എന്നോ ഒക്കെ പറയുമ്പോള്‍ അവള്‍ക്കു വരുന്ന ദേഷ്യം കാണുമ്പോള്‍,ഇത് ഇരുപതു വര്‍ഷം മുന്‍പ് ഞാന്‍ കാണിച്ച അതേ വികാരം അല്ലെ എന്നോര്‍മ്മ വരും എനിക്ക്.എങ്കിലും പറയാതിരിക്കുന്നില്ല.....വീണ്ടും പറയും.. അവള്‍ടെ ദേഷ്യം കാണും....എന്നിട്ട് മനസ്സില്‍ "ആ...പറഞ്ഞിട്ട് കാര്യം ഇല്ല ... ജെനറേഷന്‍ ഗാപ്‌ ആണ്" എന്നങ്ങു ആശ്വസിക്കും.... കാരണം അമ്മയല്ലേ ഞാന്‍!! ...ഇത് ഒന്നും ജെനറേഷന്‍ ഗാപ്‌ അല്ല .അവര്‍ക്ക് അമ്മ വഴക്ക് പറഞ്ഞു കെട്ടി തരുന്നത് തന്നെ ആണ് ഇഷ്ട്ടവും എന്ന് എനിക്ക് തോന്നും ....അവര് കുറച്ചു ഒക്കെ തനിയെ പുറത്തു പോയാലും വീട്ടില്‍ വരണമെന്നും ,അമ്മ വഴക്ക് പറയും എന്നൊക്കെ നല്ല പോലെ അറിയാം .അവര് ജീവിക്കുന്ന സംസ്കാരത്തിലും,ഒന്ന് ഒളിഞ്ഞു നോക്കാതെ അവര്‍ക്ക് ഇവിടെ ജീവിക്കുന്ന കാര്യവും വലിയ വിഷമം ആണ് .....രണ്ടു രീതിയില്‍ ജീവിക്കാന്‍ പെടുന്ന വിഷമം അവര്‍ക്ക് ആണ് കൂടുതലും ..എന്ത് ജനറേഷന്‍ ഗാപ്‌ ഉണ്ടായാലും നമ്മുടെ കുട്ടികള്‍ക്ക് മനസ്സില്‍ കുറച്ചു സ്ഥലം നമുടെ നാടിനു വേണ്ടി ഉണ്ടാവും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു ആളും ആണ് ഞാന്‍ ...ഇനി നിര്‍ത്താം ...ബാക്കി ഉള്ളവര്‍ എഴുതിയത് വായിക്കാന്‍ ഒന്ന് കൂടി പിന്നെ വരാം ..................

    ReplyDelete
  5. പാട്ടിന്റെ കാര്യത്തില്‍ ഞാനുമൊരു പഴഞ്ചനാ
    എല്ലാം വക്കാരിമഷ്ടാ
    :-)

    ReplyDelete
  6. ഹ! ഹ!!
    ജനറേഷൻ ഗ്യാപ്പ് ബോധ്യപ്പെടാൻ ജപ്പാനിൽ പോകണ്ട!

    ഈ നാട്ടിൽ ജീവിക്കുന്ന ഞങ്ങളെപ്പോലുള്ള മാതാപിതാക്കളുടെ പങ്കപ്പാടു നോക്കിയാ മതി!

    ടെയ്സ്റ്റെല്ലാം എന്നേ മാറിപ്പോയി!

    ചക്കയവിയലും മീൻ കറിയും എന്നു കേട്ടാലോ
    പുളിശ്ശേരിയും ഇഞ്ചിത്തീയലും എന്നു കേട്ടാലോ
    അമ്പലപ്പുഴ പാൽ‌പ്പായസം എന്നുകേട്ടാലോ

    ഒന്നും അവർക്കു കൊതി വരില്ല!
    അതിനു പിസ, ബെർഗ്ഗർ, ഐസ്ക്രീം... ഒക്കെ വേണം!

    പഴയപാട്ട് ഇവിടുത്തെക്കുട്ടികൾ തന്നെ കേൾക്കുന്നില്ല; റിയാലിറ്റി ഷോ കുട്ടികൾ ഒഴികെ!

    വേഷവിധാനം, പഠനം, കളി... എല്ലാം മാറി.

    നമ്മൾ ഇതൊക്കെ ഉൾക്കൊള്ളുക എന്നതേ നടക്കൂ!

    ReplyDelete
  7. ayyo ithu ente veetile kaaryam alle

    ReplyDelete
  8. കുറച്ചൊക്കെ ജനറേഷന്‍ ഗ്യാപ്പ് ഉണ്ടാകും. അത് വരാതെ തരമില്ല. മഞ്ജുവിന്റെ കുട്ടികളുടെ കാര്യത്തില്‍ കേരളത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സംസ്ക്കാരത്തില്‍ വളരുന്നതിന്റെ സ്വാധീനം കൂടെ ഈ ഗ്യാപ്പാണെന്ന് തോന്നിപ്പിക്കുന്ന വിധം വന്നുഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് ടീനേജര്‍ നന്നു കൂട്ടുകാരികളുമായി ഉത്സവപ്പറമ്പില്‍ പോയത്. അവിടത്തെ അമ്മമാര്‍ക്ക് അതൊരു സാധാരണ കാര്യമല്ലേ ? അവിടത്തെ കുട്ടികളും അമ്മമാരും തമ്മില്‍ അക്കാര്യത്തില്‍ ഗ്യാപ്പ് ഇല്ല. മഞ്ജുവിന് മകളെ ഒറ്റയ്ക്ക് ഉത്സവപ്പറമ്പില്‍ വിടാന്‍ മനസ്സ് അനുവദിക്കാത്തത് നമ്മുടെ നാട്ടിലെ ഉത്സവപ്പറമ്പില്‍ എന്താണ് നടക്കുന്നതെന്ന് അറിയാവുന്നതുകൊണ്ടാണ്. നാട്ടിലെ പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് ഉത്സവപ്പറമ്പില്‍ പോകാത്തതുകൊണ്ടാണ്.

    അപ്പോള്‍ ഇക്കാര്യത്തില്‍(ഉത്സവം)ജനറേഷന്‍ ഗ്യാപ്പ് വരുന്നില്ല, പകരം 2 സംസ്ക്കാരങ്ങളുടെ ഗ്യാപ്പാണ് കാണിക്കുന്നത്. പാട്ടിന്റെ കാര്യത്തില്‍ ..മഞ്ജുവിന്റെ കുട്ടികള്‍ കേരളത്തിലാണ് വളര്‍ന്നിരുന്നതെങ്കിലും അല്ലിയാമ്പല്‍ കടവില്‍ എന്ന ഗാനത്തിന് പകരം പൃഥ്വിരാജിന്റെ ഫാസ്റ്റ് നമ്പറിന് പിന്നാലെ തന്നെ പോയേനെ. അവിടെ ഗ്യാപ്പ് ഉള്ളത് തന്നെ. കുറച്ച് ഗ്യാപ്പ് ഇരിക്കട്ടേന്നേ.... :) കുറേ വളര്‍ന്ന് കഴിയുമ്പോള്‍ അവര്‍ക്കും അച്ഛനും അമ്മയുടേയും ടേസ്റ്റിന്റെ രഹസ്യം പിടികിട്ടും. പക്ഷെ അപ്പോഴേക്കും അവരുടെ മക്കളുമായി മറ്റൊരു ഗ്യാപ്പ് വന്നിരിക്കും ..... :) ഇത് പാരമ്പര്യ രോഗമാ.... :) :) :)

    ReplyDelete
  9. നിരക്ഷരന്‍ ജിയുടെ അഭിപ്രായത്തിനു താഴെ ഒരൊപ്പു കൂടി.എത്രയൊക്കെ കാലത്തിനൊപ്പം ഓടാന്‍ ശ്രമിച്ചാലും ഈ തലമുറ വിടവ് അങ്ങനെ നില്‍ക്കാതെ തരമില്ല.‘അന്ന് അമ്മ എന്തേയങ്ങനെയെന്ന്’ മക്കള്‍ അറിഞ്ഞു പിടിച്ച് വരുമ്പോഴേക്കും അടുത്ത തലമുറ അതിലും വലിയ മുട്ടന്‍ വിടവുമായി കാത്തു നില്‍പ്പുണ്ടാവും.:)

    ReplyDelete
  10. good read manju, thought provoking ....
    my experience with generation gap is that it exists between every 5 years of age gap between people and not necessarily with the next generation. In my middle age now, I realize that this gap is in fact becoming larger and larger these days even with a smaller age gap. I cant help but also admit that the younger generation does seem to be smarter and the older generation wiser, cant say much about people in their middle ages though :)
    To conclude,the moral of the story as I see it is that what really makes a difference is the 'wave length' and not really the 'generation gap' :)

    ReplyDelete
  11. താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
    മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
    സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
    www.malayalamemagazine.com
    livestyle@gmx.com

    ReplyDelete
  12. താല്പര്യമുണ്ട്... താങ്കളുടെ ബ്ലൂലിക ഞങ്ങൾക്കും വേണ്ടി ചലിപ്പിക്കണം.. ഉടൻ പുറത്തിറക്കുന്ന ഓൺലൈൻ മലയാളം
    മാഗസിനുവേണ്ടി താങ്കളുടെ ആർട്ടിക്കിൾസ് ആവിശ്യമുണ്ട്.. താല്പര്യമുണ്ടെങ്കിൽ.. ദയവായി അറിയിക്കുക.. ഞങ്ങൾ നിങ്ങൾക്കായി
    സ്പേസ് മാറ്റിവച്ചു കഴിഞ്ഞു..
    www.malayalamemagazine.com
    livestyle@gmx.com

    ReplyDelete
  13. മഞ്ജൂ,
    generation gap നന്നായി.
    ഈ ഗ്യാപ്പില്‍ കൂടിയാ മോളെ ഞാനും കടന്നു വന്നത്.ഇപ്പോഴും പോയിക്കൊണ്ടിരിക്കുന്നതും..
    ഇപ്പോള്‍ ഞാനും അവരുടെ കൂടെ scrabble കളിച്ചും,സുഡോകു ചെയ്തും മുന്നേറുന്നു.
    അപ്പോള്‍ അവരതാ പറയുന്നു..''ഉമ്മ..,നിങ്ങളൊരു സംഭവമാ..''
    ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
    തല്‍ക്കാലം വിട.

    ReplyDelete
  14. made a nice read.but does the gap exist or is it that we are just assuming.I think possesiveness plays a part.you may not bother about these as seriously if it were somebody else's children. would you?children now get more exposures.so they tend to be indulgive.
    program our minds and resonate with our siblings
    It might work wonders.easier said than done though.Any yes dont we need nostalgia's too...

    ReplyDelete
  15. ഇതു വായിച്ചപ്പോള്‍ ഈ Quote പ്രസക്തമായി തോന്നി.
    "There is nothing wrong with today's teenager that twenty years won't cure"
    -Author unknown

    പിന്നെ കുഞ്ഞുണ്ണി മാഷിന്റെ ഈ കവിതയും
    "പഴയ തലമുറയ്ക്കു തലയില്ല
    പുതിയ തലമുറയ്ക്ക് മുറയില്ല"
    ആദ്യത്തെ വരി പുതിയ തലമുറ പഴയ തലമുറയോട് പറയുന്നത്. രണ്ടാമത്തെ വരി പഴയ തലമുറ പുതിയ തലമുറയെ നോക്കി പറയുന്നത്.
    മഞ്ജൂ..നല്ല പോസ്റ്റ്.

    ReplyDelete
  16. മഞ്ജൂ, 'പോസ്റ്റ്‌ ' നേരത്തെ വന്നു വായിച്ചിട്ട് പോയി.കമന്റ്‌ ഇടാന്‍ ഇപ്പോഴാ സമയം കിട്ടിയത്.
    പിന്നെ, ഈ 'ജെനറേഷന്‍ ഗ്യാപ്പ്' എന്നത് എനിക്കങ്ങിനെ ഫീല്‍ ചെയ്തിട്ടില്ല ട്ടോ.... മോളുടെ പ്രായത്തിലേക്കിറങ്ങി ചെന്ന് അവളോടൊപ്പം കൂട്ടുകൂടി,ആടിപ്പാടി രസിക്കുന്നതിനാല്‍....മോള് പറയുന്നത് 'ഇതെന്റെ അമ്മ മാത്രമല്ല,കൂട്ടുകാരിയും' ആണെന്നാണ്. അതിനാല്‍ തന്നെയാവും എനിക്കിഷ്ടമുള്ള നമ്മുടെ പഴയ പാട്ടുകളും സിനിമകളും അവള്‍ക്കും ഇഷ്ടമാവുന്നതും,ഒരുമിച്ചു കാണാന്‍ വരുന്നതും, അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നതും.... ഇതുപോലെ തന്നെ എല്ലാക്കാര്യത്തിലും.
    ഈ വിധത്തില്‍ കുട്ടികളിലേക്കിറങ്ങി ചെന്ന്, അവരിലൊരാളായി മാറാന്‍ മാതൃക എന്റെ മാതാപിതാക്കള്‍ തന്നെയും. എന്നും ഞങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത്‌ അല്ല സുഹൃത്തുക്കള്‍ മാതാപിതാക്കള്‍ തന്നെയായിരുന്നു, ഇന്നും!

    ReplyDelete
  17. മഞ്ജു..

    പണ്ടത്തെകാലത്ത് ട്രെൻഡുകൾ സ്ലോ മൂവിങ്ങ് ആയിരുന്നു..
    ഇന്നത് വളരെ ഫാസ്റ്റ് ആണു..
    ഓരോ നിമിഷങ്ങൾക്കും വില..

    പണ്ട്..മേഡേണിസം വളരെ പതുക്കെ അപ്ഡേറ്റ് ആയിക്കൊണ്ടിരുന്ന കാലത്ത് അതു ഫോളോ ചെയ്യാൻ മാതാപിതാക്കൾക്കു മടിയായിരുന്നു; എതിരായിരുന്നു..
    പക്ഷേ..
    ഇന്നങ്ങനെയല്ലാ..
    പണ്ടത്തെ മാതാപിതാക്കളെപ്പോലെ നിഷേധാത്മകമായ സമീപനവുമായി നിന്നാൽ നമ്മൾ തനിച്ചാകും..
    നമ്മുടെ കുട്ടികൾ നമ്മളിൽ നിന്നും ബഹുദൂരം അകലുകയും..സഞ്ചരിക്കുകയും ചെയ്യും..
    അല്ലെങ്കിൽ തന്നെ..
    നമ്മൾക്കും എന്താ പ്രായം..
    90-2000 ഇതിനിടയിൽ ജീവിച്ച സാഹചര്യത്തിലാണൊ നമ്മളിപ്പോഴും ജീവിക്കുന്നത്..
    നമ്മളും മാറി..
    അല്ലേ..
    ഇപ്പോൾ കുട്ടികൾക്ക് എന്താണൊ ഇഷ്ടം; അവരെ പ്രീതിപ്പെടുത്തുവാനായി നമ്മളും ആ ട്രാക്കിലേയ്ക്ക് വീണു പോകുകയാണുണ്ടായത്..
    സോ..
    ജെനെറേഷൻ ഗാപ്പിനേപ്പറ്റി ഓർത്ത് അനാവശ്യമായി വേവലാതിപ്പെടേണ്ട കെട്ടോ..:)

    ReplyDelete
  18. എനിക്ക് എന്റെ അച്ഛനെ മനസിലാക്കാന്‍ പ്രായമായപ്പോഴേക്കും എന്റെ മക്കള്‍ എന്നെ ധിക്കരിക്കാന്‍ തുടങ്ങി എന്ന് പറഞ്ഞത് ആരാണാവോ.. നല്ല അനുഭവങ്ങള്‍.. ആശംസകള്‍ ..

    ReplyDelete
  19. സിയാ... ആദ്യ കമ്മെന്റ് നു നന്ദി. എന്റെ മോള്‍ സിയുയുടെ മോളുടെ ഇപ്പോഴത്തെ പ്രായം ആയിരുന്നപ്പോള്‍ സിയാ പറഞ്ഞത് ശരിയായിരുന്നു... അമ്മ വഴക്ക് പറഞ്ഞു മുടി കെ ട്ടികൊടുക്കുന്നതും ഒക്കെ ആയിരുന്നു ഇഷ്ടം... ഇപ്പോള്‍ കുറച്ചു വലുതായില്ലേ... സ്വന്തം ഇഷ്ടം ആണ് പ്രധാനം... പക്ഷെ അത് തെറ്റാണു എന്ന് ഞാന്‍ പറഞ്ഞിട്ടില്ല അവളോട്‌... എന്റെ മോളാണ് എന്ന് വച്ച് അവള്‍ക്കു അവള്‍ടെ ഇഷ്ടം ഉണ്ടാകാന്‍ പാടില്ല എന്ന് യാതൊരു നിര്‍ബന്ധവും ഇല്ല എനിക്ക്...

    ManjuBabu... അഭിപ്രായത്തിനു നന്ദി ട്ടോ...കുട്ടികളുടെ ലെവലിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഒക്കെ ശ്രമിക്കാറുണ്ട്... പക്ഷെ പലപ്പോഴും നടക്കാറില്ല എന്ന് മാത്രം.

    ഉപാസന... പാട്ടിന്റെ കാര്യത്തില്‍ ഒരുപാടു ആളുകള്‍ പഴഞ്ചന്‍ ആയി മാറും അല്ലെ... നന്ദി ട്ടോ.

    Jayan Evoor...അതെ... Generation gap ന്റെ കാര്യത്തില്‍ ജപ്പാന്‍,ഇന്ത്യ എന്നൊന്നും വ്യത്യാസം ഇല്ല.എല്ലായിടത്തും ഒന്ന് തന്നെ.അഭിപ്രായത്തിനു നന്ദി ട്ടോ.

    മനോരാജ്.... നന്ദി ട്ടോ... മനോരാജ് പറഞ്ഞത് തന്നെ ആണ് ഞാനും പറയാന്‍ ട്രൈ ചെയ്തത്.മലയാളം ചാനല്‍ ഒന്നും ഇവിടെ കിട്ടില്ല ട്ടോ... അതുകൊണ്ട് കമ്പ്യൂട്ടറില്‍ ആണ് നാട്ടിലെ കാര്യങ്ങള്‍ എല്ലാം കുട്ടികളെ കാണിക്കുന്നത്.

    ReplyDelete
  20. നിരക്ഷരന്‍.... ഗാപ്‌ കുറച്ചു ഇരിക്കട്ടെ എന്ന് തന്നെ ആണ് എന്റെയും അഭിപ്രായം.എന്നാലല്ലേ അവര്‍ക്കും വലുതായി കഴിയുമ്പോള്‍ അവരുടെ അച്ഛന്റെയും അമ്മയുടെയും വികാരങ്ങള്‍ മനസ്സിലാകു.... അഭിപ്രായത്തിനു നന്ദി.

    Rare Rose...അതെ... വലുതായിക്കഴിയുമ്പോള്‍ തന്നെ മനസ്സിലാക്കട്ടെ അല്ലെ....നന്ദി..

    Geetha... U said it... its the difference in the wavelength... but wavelength is not only between generations but even within the friends it exists.most of the time I tried to make my wavelength same to Nannu's ... but sometimes fail and sometime win..... Anyway I accept it as it is... Thanks a lot for the perfect opinion.

    Mayflower....ഭാഗ്യമുള്ള അമ്മയാണ്... അങ്ങനെ കുട്ടികള്‍ പറയുന്നതല്ലേ അമ്മ എന്നാ നിലയില്‍ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷം..... അഭിപ്രായത്തിനു നന്ദി ...

    Ajayan chetta.... Thanks a lot for the comment.Maybe you are right... but I think when we were at teenage,according to our parents,we also got more exposure than them.so naturally that happens for every generation. That doesn't bother me at all.. but I believe it exists.

    വായാടി.... അത് ഒരു terrible quote ആയിപോയി... എന്തൊരു അര്‍ത്ഥവത്തായത് അല്ലെ.... നന്ദി.. വീണ്ടും പറന്നു വരുമല്ലോ അല്ലെ...

    കുഞ്ഞുസ് ....അങ്ങനെ കുട്ടികളുടെ ഇടയില്‍ ഇറങ്ങിച്ചെന്നു അവരില്‍ ഒരാളായി കളിക്കണം കൂട്ടുകൂടണം എന്നൊക്കെ ആഗ്രഹം ഉണ്ടെങ്കിലും പലപ്പോഴും നടക്കാറില്ല...എങ്കിലും കഴിയുന്ന പോലെ ശ്രമിക്കുന്നു.എന്റെ അച്ഛനും അമ്മയും ഒരുപാടു സ്ട്രിക്ട് ആയിരുന്നു എന്റെ കുട്ടികാലത്ത്.. പിന്നെ വളര്‍ന്നപ്പോള്‍ ആണ് അങ്ങനെ അല്ലതായത്... ആ ബ്ലഡ്‌ തന്നെ അല്ലെ ഞാനും... അറിയാതെ ഞാനും സ്ട്രിക്റ്റ് ആകുന്നുണ്ടാകാം... പക്ഷെ പരമാവധി അങ്ങനെ അല്ലാതെ അവന്‍ ശ്രമിക്കാറുണ്ട് ട്ടോ... കുഞ്ഞൂസിന്റെ മോള് ഭാഗ്യവതി തന്നെ.... അഭിപ്രായത്തിനു നന്ദി ..

    ഹരീഷ്... അഭിപ്രായത്തിനു നന്ദി... ഞാന്‍ ഒട്ടും വിഷമിക്കുന്നില്ല ഈ ഗാപ്‌ നെ ഓര്‍ത്തു... പക്ഷെ ഞായറാഴ്ച രാവിലെ വീട്ടിലെ കാര്യം കാണുമ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി ആണ് വരുന്നത്.... അത് ഒന്ന് ബ്ലോഗ്‌ ചെയ്യാം എന്ന് കരുതി....

    ഞാന്‍ .... അതെ... ആ പറഞ്ഞതാണ്‌ ശെരി .. അഭിപ്രായത്തിനു നന്ദി ട്ടോ ...

    ReplyDelete
  21. ഈ കുട്ടികളും ഒരു കാലത്ത് പറയും (അവരുടെ കുട്ടികളെ കണ്ട്) ജെനറേഷൻ ഗാപ് എന്ന്!..

    ReplyDelete
  22. ജപ്പാനിയ കുഹു.. കുഹു... ഇതറിയാമോ? (ജപ്പാനിലൊരു ആദ്യകാല ബ്ലോഗര്‍ ഉണ്ടായിരുന്നല്ലോ. വക്കാരിമഷ്ട.. അദ്ദേഹം ഇപ്പോഴെവിടയാണ്?)

    ReplyDelete
  23. മഞ്ജു വളരെ നന്നായി തന്നെ ഈ വിഷയത്തെ കുറിച്ച് എഴുതി എന്നാണ് എന്റെ പക്ഷം. പണ്ട് ആകാശവാണി മാത്രം ശീലമാക്കിയിരുന്നവരുടെ കാലം ഒക്കെ പോയില്ലേ......എന്നാലും പഴമയുടെ സുഖം ഒന്ന് വേറെ തന്നെ എപ്പോളും.....പുരോഗമനം എല്ലാത്തിനെയും കീഴ്മേല് മറിക്കുന്ന കാലം ആണ് ഇത്.......അതിന്റെ പ്രതിഫലനം എല്ലാത്തിലും കാണുന്നു എന്ന് മാത്രം.......മാറ്റങ്ങള്‍ നല്ലതിലോട്ടു മാത്രം എങ്കില്‍ നല്ലത്.....അല്ലെങ്ങില്‍ എന്നും രണ്ടിനും ഇടയ്ക്കു കിടന്നു നെടുവീര്‍പ്പിടുന്ന അച്ഛനമ്മമാരും മക്കളും എവിടെയും കാണാന്‍ പറ്റും..........നമ്മളാല്‍ കഴിയുന്ന പോലെ ശുദ്ധവായു പോലെ സുന്ദരമായ പഴമ മക്കള്‍ക്ക്‌ പകരാന്‍ ശ്രമിക്കാം.............അതുപോലെ പുതുമയുടെ സുഗന്ദം നമ്മളിലേക്ക് ആവാഹിക്കാനും നമ്മുക്ക് ശ്രമിക്കാം...........

    ReplyDelete