Sunday, January 27, 2013

സക്കുറയുടെ തണലില്‍



സക്കുറ എന്നാല്‍ എന്താണെന് അറിയുമോ? ചെറി ബ്ലോസ്സത്തിന്റെ ജാപ്പനീസ് പേരാണ് സക്കുറ.ജപ്പാന്‍ എന്ന് കേട്ടാല്‍ സുഷി,ഗെയ്ഷ,സമുറായ്,പിന്നെ സക്കുറ എന്നായിരിക്കും സാധാരണ പുറം ലോകം മനസിലാക്കുക.അത്രയ്ക്ക് ബന്ധം ഉണ്ട് ചെറി ബ്ലോസ്സത്തിനു ജപ്പാന്റെ സംസ്കാരവുമായി.
പന്ത്രണ്ടു വര്ഷം മുന്‍പ് ജപ്പാനില്‍ ആദ്യമായി എത്തിയ സമയത്താണ് ഞാന്‍ ഈ സക്കുറയുടെ സൌന്ദര്യം ആദ്യമായി കണ്ടത്.അത്ഭുതവും അതിലുപരി സന്തോഷവും തോന്നി, ഇത്ര സുന്ദരമായ കാഴ്ച എന്റെ കണ്ണിനു കാണാന്‍ സാധിച്ചല്ലോ എന്ന്.ആ സൌന്ദര്യം വര്‍ണിക്കാന്‍ വാക്കുകള്‍ മതിയാകില്ല.പിന്നീടങ്ങോട്ട് എല്ലാ വര്‍ഷവും എത്രയെത്ര തരത്തിലുള്ള സക്കുറ കണ്ടു!!!




ആയിരത്തിലധികം വര്‍ഷങ്ങള്‍ ആയി അത്രേ ചെറി ബ്ലോസ്സം ജപ്പാന്റെ സംസ്കാരത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയിട്ട്.ബുദ്ധമതസിദ്ധാന്ത പ്രകാരം,അത്യധികം സുന്ദരമായ ഈ പൂവുകള്‍ ജീവിതത്തെ ആണ് പ്രതിനിധീകരിക്കുന്നത് .ചെറുതും സുന്ദരവുമായ ജീവിതത്തെ.വര്‍ഷത്തില്‍ ആകെ ഒരാഴ്ച മാത്രമാണ് ഈ പൂവുകള്‍ നമ്മുക്ക് കാണാന്‍ കിട്ടുക.കണ്ടു കൊതി തീരുംമുന്പേ അത് പൊഴിഞ്ഞു പോകുകയും ചെയ്യും.ജീവിതവും അങ്ങനെ തന്നെ അല്ലെ?
ജപ്പാനില്‍ എല്ലാത്തിന്റെയും തുടക്കം ഏപ്രില്‍ മാസം ആണ്,സ്കൂളില്‍ പുതിയ അധ്യയന വര്ഷം ആരംഭിക്കുന്നതും ,ആളുകള്‍ പുതിയ ജോലി തുടങ്ങുന്നതും മറ്റും.അത് കൊണ്ട് തന്നെ സുന്ദരമായ ഈ പൂക്കള്‍ എല്ലാവരുടെയും ജീവിതത്തിന്റെ ഒരു നല്ല തുടക്കത്തിനു സാക്ഷിയാകുന്നു.






ഹനാമി എന്നാണ് ചെറി ബ്ലോസ്സം കാണാന്‍ പോകുന്നതിനെ പറയുന്നത്.ഞങ്ങളുടെ റ്റൊയമ എന്ന സ്ഥലം പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ്.യമ എന്നാല്‍ മല എന്നാണ് അര്‍ഥം,അതുകൊണ്ട് റ്റൊയമ എന്നാല്‍ പത്തു മലകള്‍ എന്നും. പത്തു മലകളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമാണ് റ്റൊയമ .എവിടേയ്ക്ക് നോക്കിയാലും ഭംഗി മാത്രമേ ഉള്ളൂ.ഓരോ സീസണിലും മാറി മാറി വരുന്ന ഭംഗികള്‍.വിന്റെര്‍ കഴിയുന്നതോടെ ചെറി ബ്ലോസ്സത്തിന്റെ വരവിനായി ഉള്ള കാത്തിരുപ്പാണ്.മാര്‍ച്ച്‌ അവസാനം ഏപ്രില്‍ ആദ്യത്തോടെ പൂക്കള്‍ വിരിയാന്‍ തുടങ്ങും.വിന്റെരില്‍ ഇലകളെല്ലാം കൊഴിഞ്ഞു വരണ്ടു നിന്നിരുന്ന സക്കുറ മരങ്ങള്‍ വസന്തമായാല്‍ ഇലയ്ക്ക് പകരം പൂവുമായാനു ഉണര്ന്നെഴുന്നെല്‍ക്കുക .അടിമുടി പൂവ് മാത്രം.ഇളം പിങ്ക് മുതല്‍ നല്ല വെള്ള വരെ പല നിറത്തില്‍ കാണാം.ഒരേ ഒരാഴ്ച,വീടിനു പുറത്തിറങ്ങിയാല്‍ കണ്ണൊന്നു ചിമ്മാന്‍ തോന്നില്ല,അത്രയ്ക്കാണ് ഭംഗി.സ്കൂളുകളിലും ഓഫീസുകളിലും ഒക്കെ കാണും ചെറി ബ്ലോസ്സം മരം.സ്വന്തം വീട്ടുമുറ്റത്ത്‌ ആണെങ്കില്‍ പോലും ഈ മരം മുറിച്ചു കളയാന്‍ ആര്‍ക്കും അനുവാദം ഇല്ല.സക്കുറ എന്നാല്‍ നാഷണല്‍ ട്രെഷര്‍ ആണ് ജപ്പാനില്‍.




ജപ്പാന്റെ സംസ്കാരത്തില്‍ ഈ പൂവിനുള്ള പ്രാധാന്യം ഇന്നും ദൃശ്യമാണ്. പാത്രങ്ങളില്‍ ,കിമോണോയില്‍ ,സ്ലൈഡിംഗ് വാതിലുകളില്‍,പെയിന്റിങ്ങുകളില്‍ ,എന്തിനു,നൂറു യെന്‍ ന്റെ നാണയത്തില്‍ പോലും സക്കുറ ആണ്. ക്യോട്ടോ ജപ്പാന്റെ സാംസ്‌കാരിക തലസ്ഥാനം ആണ്. പഴമയുടെ ആ നഗരം ഏറ്റവും കൂടുതല്‍ സുന്ദരി ആകുന്നതു വസന്തകാലത്താണ് .കൊട്ടാരങ്ങളും, പൂന്തോട്ടങ്ങളും, അമ്പലങ്ങളും നിറഞ്ഞ ക്യോട്ടോയുടെ മുക്കിലും മൂലയിലും പൂത്തു നിക്കുന്ന സക്കുറ നമ്മളെ കാഴ്ചയുടെ സ്വര്‍ഗലോകത്തെക്കാണ് കൊണ്ട് പോകുക.
എത്രയെത്ര സക്കുറ പാര്‍ട്ടികള്‍ നടത്തി ഞങ്ങള്‍.കൂട്ടുകരുമായ് കൂടി,ചെറി ബ്ലോസ്സം പാര്‍ക്കുകളില്‍ പോയി,അവിടെ താല്‍കാലികമായി കെട്ടി ഉണ്ടാക്കുന്ന തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു,സക്കുറയുടെ തണലില്‍ എത്രയോ നേരം...... എത്ര കണ്ടാലും മതി വരാത്ത ഒരു കാഴ്ച ആണത്.ഒരിക്കല്‍ കണ്ടാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കാഴ്ച.



ഇ-വായന യില്‍ എഴുതിയ ഒരു ചെറിയ ലേഖനം ആണിത്.