Wednesday, December 14, 2011

അരിഗാത്തോ ഗോസായിമസ് (നന്ദി)


ജപ്പാനെ കുറിച്ച് കുറച്ചെങ്കിലും അറിയാവുന്നവര്‍ക്കൊക്കെ ഈ ജനതയുടെ മര്യാദപൂര്‍ണ്ണമായ പെരുമാറ്റത്തെക്കുറിച്ചും അറിയാമായിരിക്കും.അതില്‍ രാവിലെ ഉള്ള "സുപ്രഭാതം" മുതല്‍ ഓരോ മിനുട്ടിലും പല പ്രാവശ്യം ഉള്ള "നന്ദി","നമസ്ക്കാരം" ,"ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം" അങ്ങനെ പലതും പെടും.ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ നിന്നും കൊടുത്തയക്കുന്ന ചോദ്യാവലിയില്‍ പ്രത്യേകം ചോദിക്കുന്ന ഒരു കാര്യം "കുട്ടികള്‍ രാവിലെ എഴുന്നേറ്റു ഗ്രീറ്റിങ്ങ്സ് പറയാറുണ്ടോ?കുട്ടികള്‍ ആണോ അതോ മാതാപിതാക്കള്‍ ആണോ ആദ്യം പറയുന്നത്?"എന്നൊക്കെയാണ്.ഇതില്‍ നിന്നും തന്നെ മനസ്സിലാകും ഗ്രീറ്റിങ്ങ്സ് നു ഇവിടെ ഉള്ള പ്രാധാന്യം. വര്‍ത്തമാനം പറയാന്‍ തുടങ്ങുന്ന കൊച്ചു കുട്ടികളെ ആദ്യം പഠിപ്പിക്കുന്നത്‌ "കോണിച്ചിവ" എന്ന് പറയാന്‍ ആണ്.അതായതു നമ്മള്‍(മലയാളികള്‍ അല്ല,ഇന്ത്യക്കാര്‍)ആരെയെങ്കിലും കാണുമ്പോള്‍ പറയുന്ന "നമസ്തേ".പിന്നെ സുപ്രഭാതം,നന്ദി ഇതൊക്കെ ആണ് കുഞ്ഞിനെ ആദ്യം പഠിപ്പിക്കുന്ന വാക്കുകള്‍.അത്ഭുതം തോന്നുന്നു അല്ലെ...


ഇവിടെ കുട്ടികള്‍ സാധാരണയായി നടന്നാണ് സ്കൂളില്‍ പോകുന്നത്.പേടിക്കാനായി ഒന്നും ഇല്ലെങ്കിലും സ്കൂളില്‍ നിന്നും ഒരു മുന്‍കരുതല്‍ എന്ന പോലെ ഒരു വോളണ്ടിയര്‍ പ്രോഗ്രാം ചെയ്യുന്നുണ്ട്.റിട്ടയര്‍ ആയ അപ്പൂപ്പന്മാര്‍,അമ്മൂമ്മമാര്‍ ഒക്കെ വോളണ്ടിയര്‍ ആയി റോഡില്‍ നില്‍ക്കും,ഏതു മഞ്ഞത്തും മഴയത്തും. കൊച്ചുകുട്ടികള്‍ക്ക് സിഗ്നല്‍ കടക്കാന്‍ ഒരു ചെറു സഹായം,ഒരു ശ്രദ്ധ അത്രെയോക്കെയെ ചെയ്യേണ്ടതുള്ളൂ.വയസായവര്‍ക്ക് അതൊക്കെ സന്തോഷമുള്ള കാര്യമല്ലേ..അവര് രാവിലെ ഏഴു മണി മുതല്‍ പല പല സ്ഥലങ്ങളില്‍ ആയി റോഡില്‍ ഉണ്ടാകും.ഓരോ കുട്ടിയും കടന്നു പോകുമ്പോള്‍ "ഒഹായോ ഗോസയിമസ്(സുപ്രഭാതം)"പറയും,കുട്ടികള്‍ തിരികെയും.രാവിലെ ആരെ,എപ്പോള്‍,എവിടെ കണ്ടാലും സുപ്രഭാതം നിര്‍ബന്ധം.രാവിലെ കഴിഞ്ഞുള്ള സമയത്ത് "കോണിച്ചിവ(നമസ്തേ),കോമ്പാവ(ഗുഡ് ഈവനിംഗ്),രാത്രി ഒയാസുമിനസായി(ഗുഡ് നൈറ്റ്‌)".


ആരെങ്കിലും ഫോണ്‍ ചെയ്‌താല്‍ ആദ്യം തന്നെ ആരാണെന്നു പറഞ്ഞിട്ട് "തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം"എന്നും പറഞ്ഞാണ് തുടങ്ങുക.ഒരു ഫോണ്‍ സംഭാഷണം അവസാനിപ്പിക്കാന്‍ ഇത്തിരി പാടാണ്.പത്തു തവണയെങ്കിലും നന്ദിയും ബുദ്ധിമുട്ടിച്ചതില്‍ ക്ഷമയും പറഞ്ഞെ നിര്‍ത്തൂ.അപ്പോള്‍ നമ്മളും അതൊക്കെ തന്നെ തിരിച്ചു പറയേണ്ടേ?? ജോലി സ്ഥലത്തും അതെ..അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് നീങ്ങാന്‍ മറ്റുള്ളവരോട് "സുമിമാസെന്‍(ക്ഷമിക്കൂ)" പറഞ്ഞിട്ട് വേണം.ആരെങ്കിലും ഒരു ചെറിയ കടലാസു കഷ്ണം എടുത്തു കൊടുത്താലോ തന്നാലോ പോലും ,അല്ലെങ്കില്‍ കടന്നു പോവാന്‍ കുറച്ചൊന്നു മാറി കൊടുത്താല്‍ ഒക്കെ നന്ദിയും സോറിയും പറഞ്ഞു വിഷമിപ്പിക്കും ഇവര്‍.ജോലി കഴിഞ്ഞു പോവാന്‍ നേരത്ത് പരസ്പരം നന്ദിയും ജോലിക്ഷീണം മാറട്ടെ എന്ന് ഒരു ആശംസ വേറെയും!!!!!



ഇനി നമ്മുടെ വീട്ടില്‍ ആരെങ്കിലും വന്നു എന്നിരിക്കട്ടെ.വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചാല്‍ (പരിചയം ഉള്ളവരെ) മിക്കവാറും വരില്ല.വാതില്‍ക്കല്‍ നിന്ന് കാര്യം പറഞ്ഞിട്ട് പോകുന്നതാണ് പതിവ്.പക്ഷെ കൂടുതല്‍ അടുപ്പമുള്ളവരൊക്കെ സമയം ഉണ്ടെങ്കില്‍ അകത്തു വരും.അവിടെയും ,എത്ര അടുത്ത കൂട്ടുകാര്‍ ആണെങ്കിലും പറയും "ശല്യപ്പെടുത്തുന്നതില്‍ ക്ഷമിക്കണം" എന്നൊരു പത്തു പ്രാവശ്യം. അതൊക്കെ സമ്മതിച്ചു..അകത്തു വാ.. എന്ന് പറഞ്ഞാല്‍ സന്തോഷപൂരവം സമ്മതിക്കും.പക്ഷെ നമ്മുടെ ഷൂസും ചെരുപ്പുകളും അലങ്കോലമായി കിടക്കുന്ന കണ്ടാല്‍ ആദ്യം തന്നെ അതൊക്കെ അടുക്കി വയ്ക്കും, എന്നിട്ട് സ്വന്തം ഷൂസ് ഊരി വച്ച് അകത്തു കേറും. അവിടെ നമ്മള്‍ ശെരിക്കും നാണിച്ചു പോകും.അപ്പോള്‍ നമ്മളും പറയും പലവട്ടം ക്ഷമ.അതുകൊണ്ട് ആരെങ്കിലും വന്നു ബെല്‍ അടിച്ചാല്‍ ഞാന്‍ ആദ്യം ഷൂസ് ഒക്കെ ഏതു അവസ്ഥയില്‍ ആണ് എന്ന് ഒരു പരിശോധന നടത്തിയിട്ടേ വാതില്‍ തുറക്കൂ.അബദ്ധം ഒരിക്കലല്ലേ പറ്റാന്‍ പാടുള്ളൂ.


നന്നുവിന്റെ(എന്റെ മകള്‍) സ്കൂള്‍ ഓര്‍ക്കെസ്ട്ര ടീമിലെ കുട്ടികളെ പ്രാക്റ്റീസിനും മറ്റു പല പരിപാടികള്‍ക്കും ഒക്കെ ആയി പല സ്ഥലങ്ങളിലേക്ക് കൊണ്ട് പോകേണ്ടി വരാറുണ്ട്,ശനിയാഴ്ചയോ ഞായറാഴ്ചയോ ഒക്കെ.അപ്പോള്‍ കുട്ടികളെ ഗ്രൂപ്പ്‌ ആയി തിരിച്ചു,ഓരോ അമ്മമാരുടെ കാറില്‍ ആണ് കൊണ്ട് പോകുക.കാറില്‍ കേറുന്നതിനു മുന്‍പ് നാലഞ്ചു പേരടങ്ങിയ കുട്ടികള്‍ എല്ലാവരും നമ്മുടെ മുന്‍പില്‍ നിരന്നു നില്‍ക്കും.എന്നിട്ട് ആ ഗ്രൂപ്പിലെ പ്രധാനി,"ഇന്നും ഒരു ദിവസം ഞങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നതില്‍ നന്ദി.ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം.ദയവു ചെയ്തു ഇത് ഞങ്ങള്‍ക്ക് വേണ്ടി ചെയ്തു തരൂ."ഇത്രയും പറയും.പിന്നെ എല്ലാവരും കൂടി ഒരുമിച്ചു തലകുനിച്ചു,ആ അവസാന വാചകം മാത്രം ആവര്‍ത്തിക്കും.എന്നിട്ടേ കാറില്‍ കയറൂ. അയ്യേ.... മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ വല്ലാതെ തോന്നുന്നില്ലേ...നമ്മള്‍ മലയാളികള്‍ ഇങ്ങനെയൊക്കെ പറയുന്നത് ആലോചിക്കാന്‍ കഴിയുമോ?ഒരു നന്ദി പറയുന്നത് ഔപചാരികതയാണ് എന്ന് പറയുന്നവരാണ് നമ്മള്‍.അപ്പോള്‍ ഇതൊക്കെ?? ഇനി കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വീണ്ടും എല്ലാവരും അറ്റന്‍ഷന്‍.. പഴയ പോലെ..."അരിഗത്തോഗോസയിമസ്(നന്ദി)" ഇത്രയും പറഞ്ഞിട്ടെ പോകൂ.


ഭക്ഷണസമയത്തെ മര്യാദകളെ കുറിച്ച് കേള്‍ക്കണോ? ഭക്ഷണം ഒക്കെ എടുത്തു വച്ച് എല്ലാവരും ഇരുന്ന ശേഷം "ഇത്തദാക്കിമസ്"എന്ന് കൈകൂപ്പി പറഞ്ഞിട്ടെ ഭക്ഷണം കഴിക്കൂ.അതിനര്‍ത്ഥം ഞാന്‍ ഇത് സ്വീകരിക്കുന്നു എന്നാണ്.സ്കൂളില്‍ ഉച്ചഭക്ഷണം അവിടുന്ന് തന്നെ ആണ്.സമയം ആകുമ്പോള്‍ ഓരോ ക്ലാസ്സിന്റെ മുന്‍പിലും എത്തും,ഭക്ഷണം നിറച്ച പത്രങ്ങള്‍,കഴിക്കാനുള്ള പത്രങ്ങള്‍,ചോപ് സ്റ്റിക്ക്സ്,ഒക്കെ അടങ്ങിയ ട്രോളി.വിളമ്പുകാര്‍ കുട്ടികള്‍ ആണ്.ഓരോ ആഴ്ചയും നാല് കുട്ടികള്‍ക്ക് വീതം ഡ്യൂട്ടി.ആ കുട്ടികള്‍ ഏപ്രന്‍,മാസ്ക്,തലയില്‍ കെട്ടു(ബന്ദാന)ഒക്കെ ആയി റെഡി ആകും.മറ്റു കുട്ടികള്‍ ട്രെയും,അതില്‍ പാത്രങ്ങളും ചോപ് സ്റ്റിക്ക്സും ആയി വരിയായി നില്‍ക്കും.ചോറ് സൂപ്പ്,പാല്‍,മറ്റു വിഭവങ്ങള്‍ എന്നിവ ഓരോരുത്തര്‍ക്കായി കൊടുക്കും.എല്ലാവരും അവനവന്റെ സ്ഥലത്ത് ഇരുന്ന ശേഷം ടീച്ചറും ഇരുന്ന ശേഷം,ആരെങ്കിലും ഒരാള്‍ (അതും ഓരോ ആഴ്ചയും മാറും)ഉറക്കെ"ഇത്തദാക്കിമസ്"പിന്നെ എല്ലാവരും കഴിച്ചു കഴിഞ്ഞാല്‍ "ഗോച്ചിസോസമ"(കിട്ടിയത് സ്വീകരിച്ചു,തൃപ്തിയായി എന്നതിന് അടുത്താണ് അതിന്റെ അര്‍ഥം).ഇങ്ങനെ ഒക്കെ ദിവസവും ചെയ്യുന്ന കുട്ടികള്‍ക്ക് വലുതായാലും ഇതൊക്കെ പാലിച്ചു പോരാന്‍ ബുദ്ധിമുട്ട് കാണില്ല അല്ലെ.


ഏതെന്കിലും, ഓഫീസിലോ ബാങ്കിലോ പോയാല്‍ നമ്മളെ കാണുമ്പോഴെ എഴുന്നേറ്റു വരും ആരെങ്കിലും.എന്താണ് കാര്യം എന്ന് ചോദിച്ചറിഞ്ഞ ശേഷം ചെയ്യാനുള്ളത് ആ നിമിഷം തന്നെ ചെയ്യും.ചെയ്യാന്‍ കുറച്ചു സമയം ആവശ്യമുണ്ടെങ്കില്‍ തലകുനിച്ചു,ക്ഷമ ചോദിച്ചു കുറച്ചു സമയം കാത്തിരിക്കാന്‍ ആവശ്യപ്പെടും.ചെയ്തു തീര്‍ത്തു കഴിഞ്ഞാല്‍ നമ്മളെ വിളിക്കുകയോ അല്ലെങ്കില്‍ അടുത്ത് വന്നു വീണ്ടും തല കുനിച്ചു കാത്തിരിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചു കാര്യങ്ങള്‍ പറയും....


ജപ്പാനില്‍ ആദ്യമായി വന്ന സമയത്ത് എനിക്കിതൊക്കെ കാണുമ്പോള്‍ ഒരു ചമ്മല്‍ ആയിരുന്നു.പിന്നെ വല്ലാത്ത തമാശ തോന്നി.കളിയാക്കാന്‍ തോന്നി.പക്ഷെ ഇപ്പോള്‍ അങ്ങനെ അല്ല,ഗ്രീറ്റിങ്ങ്സ് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നറിയാം.കേട്ട് കേട്ട് ശീലമായി എനിക്കും.നാട്ടില്‍ ചെന്നാലോ,അല്ലെങ്കില്‍ ഓണ്‍ലൈനില്‍ കൂട്ടുകാരോട് സംസാരിക്കുമ്പോഴോ ഒക്കെ എന്തിനെങ്കിലും നന്ദി പറഞ്ഞാല്‍ ഉടനെ വരും ചോദ്യം.."നന്ദിയോ..അതെന്തിനാ..കൂട്ടുകാര്‍ തമ്മില്‍ നന്ദി ആവശ്യമില്ല"അല്ലെങ്കില്‍ "അച്ഛനുമമ്മയോടും എന്തിനാ നന്ദി പറയുന്നത്?"???

എന്റെ കുട്ടികള്‍ എന്തിനും ഏതിനും നന്ദി പറയും,തലകുനിക്കും,ക്ഷമ പറയും നൂറു വട്ടം...നാട്ടില്‍ പോയാല്‍ തമാശ ആണ്,എല്ലാവരും അവരെ കളിയാക്കും."ഓ..പിന്നെ...ഒരു സോറിയും നന്ദിയും കൊണ്ട് വന്നെക്കുന്നു.."എന്ന് പറയും.പിള്ളേര്‍ക്ക് വട്ടാവും.ഇതെന്താ ഇവിടെ ആള്‍ക്കാര്‍ക്ക് ഒരു മര്യാദ ഇല്ലേ എന്ന് ചോദിക്കും അവര്‍.അങ്ങനെയല്ല,നമ്മള്‍ നാട്ടില്‍ അത്രയ്ക്കൊന്നും പറയാറില്ല,എങ്കിലും മനസ്സില്‍ നന്ദി ഒക്കെ ഉണ്ട് എന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുമെങ്കിലും അവര്‍ക്കത് മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്.


ഇതൊക്കെ വായിക്കുമ്പോള്‍ മലയാളി ആയ ആര്‍ക്കും തോന്നുന്ന തമാശ തന്നെ എനിക്ക് തോന്നിയിരുന്നു ആദ്യമൊക്കെ.ഇപ്പോള്‍ ശീലമായി.പക്ഷെ ശീലമായതും പ്രശ്നമാണ്,നാട്ടില്‍ ചെന്നാല്‍ കാണുന്നതെല്ലാം ഇതിനു വിപരീതം അല്ലെ...


ഒരു അനുഭവം കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം... വേനല്‍ക്കാലത്ത് സൈക്കിള്‍ ഉപയോഗിക്കാറുണ്ട് ഞാന്‍.കഴിഞ്ഞ വേനലില്‍ ഇന്ത്യയില്‍ നിന്നും മനുവിന്റെ ഓഫീസില്‍ എത്തിയ ഒരാള്‍ക്ക് എന്റെ സൈക്കിള്‍ ഉപയോഗിക്കാന്‍ കൊടുത്തു.അദ്ദേഹം ഒരു ദിവസം അത് റെയില്‍വേ സ്റ്റേഷന്‍റെ മുന്നില്‍ വച്ച് ട്രെയിനില്‍ കേറി എങ്ങോട്ടോ പോയി.തിരിച്ചു വന്നു സൈക്കിള്‍ നോക്കിയപ്പോള്‍ കാണുന്നില്ല.പക്ഷെ ഞങ്ങളോട് മിണ്ടിയതേ
ഇല്ല.ഇവിടുത്തെ ജോലി കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി.എന്റെ സൈക്കിള്‍ തിരികെ കിട്ടിയില്ല എന്ന് ഞാന്‍ മനുവിനോട് പരാതി പറഞ്ഞു.പിന്നെ ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ ആണ് പുള്ളിക്കാരന്‍ സൈക്കിള്‍ കാണാതെ പോയ കാര്യം പറയുന്നത്.ഞങ്ങള്‍ അത്ഭുതപെട്ടു..ഇവിടെയും കള്ളന്മാരോ എന്ന്.കുറച്ചു ദിവസം കഴിഞ്ഞു ഒരു ഫോണ്‍,അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും.നിങ്ങളുടെ സൈക്കിള്‍ കാണാതെ പോകുകയുണ്ടായോ എന്നൊരു ചോദ്യം.ഉവ്വ് എന്ന് മറുപടി പറഞ്ഞപ്പോള്‍ ആ പോലീസുകാരന്‍ പറഞ്ഞു അത് സ്റ്റേഷനില്‍ ഉണ്ട്,വന്നു എടുത്തു കൊണ്ട് പോകൂ എന്ന്.ഞങ്ങള്‍ പിന്നെയും അത്ഭുതപെട്ടു സൈക്കിള്‍ എടുക്കാന്‍ പോയി.അവിടെ ചെന്നപ്പോള്‍ ആണ് വിവരം അറിയുന്നത്,അന്ന് ഞങ്ങളുടെ സുഹൃത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ വച്ചിട്ട് പോയ സൈക്കിള്‍,പൂട്ടിയിരുന്നില്ല.ട്രെയിനില്‍ വന്നിറങ്ങിയ ഏതോ ഹൈ സ്കൂള്‍ കുട്ടി മഴ കാരണം നടന്നു പോകാതെ പൂട്ടാതെ വച്ചിരുന്ന സൈക്കിള്‍ എടുത്തു കൊണ്ട് പോയി.അങ്ങനെ വല്ലപ്പോഴും ചെയ്യുന്നവര്‍ ,പ്രത്യേകിച്ച് ഹൈ സ്കൂള്‍ കുട്ടികള്‍ അത് തിരിച്ചു പോലീസ് സ്റ്റേഷനില്‍ കൊണ്ട് വയ്ക്കും.സൈക്കിള്‍ കണ്ടപ്പോള്‍ പോലീസുകാര്‍ക്ക്‌ കാര്യം മനസ്സിലായി.അവര്‍ ഇന്‍ഷുറന്‍സ്ന്റെ സീല്‍ നോക്കി ആളെ കണ്ടു പിടിച്ചു വിളിച്ചതാണ് വീട്ടിലേക്കു. എടുത്തു കൊണ്ട് പോയ കുട്ടിയ്ക്ക് വേണ്ടി പോലീസുകാരന്‍ ക്ഷമ പറഞ്ഞു.

ഇതൊക്കെ ആണ് ജപ്പാന്‍കാര്‍.എന്ന് കരുതി ജപ്പാനിലുള്ള സകലരും മാലാഖമാര്‍ ആണ് എന്നല്ല കേട്ടോ.എല്ലായിടത്തും ഉണ്ടാകും നല്ലവരും മോശം ആളുകളും.ജപ്പാന്‍കാരുടെ ചീത്ത വശങ്ങളും പലതും കണ്ടിട്ടുമുണ്ട്.പക്ഷെ മോശം കാര്യങ്ങള്‍ മറന്നു നല്ല കാര്യങ്ങള്‍ മാത്രം ഉള്ളിലേക്ക് എടുക്കുന്നതല്ലേ നല്ലത് എന്ന ചിന്തയില്‍ നിന്നാണ് ഇത് എഴുതാന്‍ തുടങ്ങിയത്..അവസാനിപ്പിക്കുന്നതും അങ്ങനെ തന്നെ.