Saturday, June 18, 2011

ജപ്പാനീസ് സ്കൂളും ഞാനും

ഒരു വര്‍ഷം മുന്‍പ് ഞാന്‍ ബ്ലോഗ്‌ തുടങ്ങിയപ്പോള്‍ എഴുതിയ പോസ്റ്റുകളില്‍ ഒന്ന് എന്റെ മക്കള്‍ പഠിക്കുന്ന സ്കൂളിനെ കുറിച്ചുള്ളതായിരുന്നു. ഇവിടുത്തെ വിദ്യഭ്യസരീതിയിലെ വളരെ ചെറിയ ഒരംശം മാത്രമേ വിവരിച്ചുള്ളൂ അതില്‍.എന്നിട്ട് പോലും ഒരുപാട് പേര്‍ ഈ സ്കൂളിന്റെ രീതിയില്‍ ആകൃഷ്ടരായി കമന്റുകള്‍ എഴുതി.വളരെ കുറച്ചു പേര്‍,ഇംഗ്ലീഷിനു ജപ്പാന്‍കാര്‍ കൊടുക്കാത്ത പ്രാധാന്യത്തെ ഒരു കുറവായി കണ്ടു.ജപ്പാനെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് ഒരു അത്യാവശ്യമല്ല.അത് പുറത്തുള്ളവര്‍ക്ക്,പ്രത്യേകിച്ച് ഇന്ത്യക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.ഇവിടെ വര്‍ഷങ്ങളായി ഉള്ളത് കൊണ്ട് കുറച്ചൊക്കെ എനിക്കറിയാം എന്തുകൊണ്ടാണ് ഇംഗ്ലീഷ് ഇവര്‍ക്ക് പ്രധാനമല്ലാത്തത് എന്ന്.ഇലട്രോണിക് സാധനങ്ങള്‍ക്ക് പേര് കേട്ടതാണല്ലോ ജപ്പാന്‍.മിക്കതും ജപ്പാനിലും അമേരിക്കയിലും ഇറങ്ങിയ ശേഷമേ ബാക്കി രാജ്യങ്ങളില്‍ കിട്ടാറുള്ളൂ.എല്ലാത്തിന്റെയും മാന്വല്‍ അടക്കം എല്ലാം ജപനീസില്‍ ആയിരിക്കും.എന്തിന്,ഒരു ഇംഗ്ലീഷ് മൂവി റിലീസ് ആയാല്‍ അന്ന് തന്നെ ഇവിടെ റിലീസ്‌ ആവുന്നത് ജാപനീസില്‍ മൊഴിമാറ്റി ആയിരിക്കും.പിന്നെ എന്തിന് ഇവര്‍ ഇംഗ്ലീഷ് നെ കുറിച്ച് വേവലാതിപ്പെടണം?എല്ലാം ഒരു പ്രയസവുമില്ലാതെ അവരവരുടെ ഭാഷയില്‍ ചെയ്യാന്‍ സാധിക്കുമ്പോള്‍ എന്തിന് കഷ്ടപ്പെട്ട് മറ്റൊരു ഭാഷ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവിടുത്തുകാരുടെ കാഴ്ചപ്പാട്.സ്വന്തം ഭാഷയെക്കള്‍ വലുതല്ല മറ്റൊന്നും എന്ന് അടിയുറച്ചു വിശ്വസിക്കുന്നവര്‍ ആണ് ജപ്പാന്‍കാര്‍.എവിടെപോയാലും ,ഏതു രാജ്യത്തു താമസിച്ചാലും ഒരു ജപ്പാന്‍കാരന്‍ മക്കളെ ജപ്പാനീസ് പഠിപ്പിച്ചിരിക്കും എന്നത് നൂറു ശതമാനം സത്യമാണ്.നമ്മുക്കത് ശെരിയും തെറ്റുമാവാം.

ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല കേട്ടോ,ജാപ്പനീസ് സ്കൂളിനെ കുറിച്ചാണ്.എന്റെ മകന്‍ ഇപ്പോള്‍ എലെമെന്റരി സ്കൂളില്‍ രണ്ടാം ക്ലാസ്സില്‍ ആണ്.ഇവിടുത്തെ പഠനരീതി വളരെ വ്യത്യസ്തമാണ്.മുഴുവന്‍ സമയവും കുട്ടികളെ ക്ലാസ്സ്‌ റൂമില്‍ തന്നെ ഇരുത്തി പഠിപ്പിക്കുകയല്ല ചെയ്യുന്നത്.രാവിലെ 8:10 നു തുടങ്ങുന്ന സ്കൂള്‍ മിക്കവാറും ദിവസം അവസാനിക്കുന്നത്‌ 3 മണിക്കാണ്.ചില ദിവസങ്ങളില്‍ നാല് മണിയാകും.ഈ ഏഴോ എട്ടോ മണിക്കൂറില്‍ ,ക്ലാസ്സ്‌റൂമില്‍ ഇരുന്നുള്ള പഠനം മിക്കവാറും മൂന്നു മണിക്കൂര്‍ ആണ്.ബാക്കി സമയം പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.രക്ഷിതാക്കളും സ്കൂളും ആയി വളരെ അടുത്ത ബന്ധം ആണുള്ളത്.പിടിഎ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്.എല്ലാ വെള്ളിയാഴ്ചയും രാത്രി 7മണി മുതല്‍ 8:30 വരെ പിടിഎ മീറ്റിംഗ് ഉണ്ട് സ്കൂളില്‍.ചുരുക്കി പറഞ്ഞാല്‍ സ്കൂള്‍ വെറുമൊരു സ്കൂള്‍ മാത്രമല്ല,ദൈനംദിന ജീവിതത്തില്‍ ഒരുപാട് പ്രാധാന്യമുള്ള ഒരു സ്ഥാപനം ആണ്.

കഴിഞ്ഞ ആഴ്ചയില്‍ രണ്ടാം ക്ലാസ്സുകാര്‍ക്കായി നടത്തിയ ഒരു പരിപാടി എന്നെ ഒരുപാട് ആകര്‍ഷിച്ചു.കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സ്കൂളില്‍ നിന്നും ഒരു പേപ്പര്‍ കൊണ്ട് വന്നു കണ്ണന്‍.ഞങ്ങളുടെ ഈ ഗ്രാമത്തിലെ പബ്ലിക് ലൈബ്രറി,സ്പോര്‍ട്സ്‌ സെന്റെര്‍,കുട്ടികളുടെ പാര്‍ക്ക്‌,ബോട്ടാണിക്കല്‍ ഗാര്‍ഡന്‍,ടോഫു ഉണ്ടാക്കുന്ന ഒരു കട,കള്‍ച്ചറല്‍ സെന്റെര്‍,എന്നിവയില്‍ നിന്നും കുട്ടികള്‍ക്ക് ഇഷ്ടമുള്ള സ്ഥലം തിരഞ്ഞെടുത്തു മൂന്നോ നാലോ കുട്ടികള്‍ ചേര്‍ന്ന ഗ്രൂപ്പ്‌ ആയി അവിടെ പോയി(നടന്നു തന്നെ എന്ന് പ്രത്യേകം പറയണ്ടല്ലോ!) അവിടെയുള്ള ചുമതലപെട്ട ആളെ കണ്ടു വിവരങ്ങള്‍ ശേഖരിക്കുക.ഇതായിരുന്നു ആ പേപ്പര്‍ ന്റെ ഉള്ളടക്കം.ആകെ നാല് ക്ലാസ്സുകളില്‍ ആയി 120 കുട്ടികള്‍ ആണ് ഉള്ളത് രണ്ടാം ക്ലാസ്സില്‍.നാല് ടീച്ചര്‍സ് അല്ലെ ഉള്ളൂ നാല് ക്ലാസ്സുകളിലും ആയി.അതുകൊണ്ട് പറ്റാവുന്ന അമ്മമാര്‍ (അച്ഛന്മാരോ,മുത്തശ്ശനോ,മുത്തശ്ശിയോ,ആര് വേണമെങ്കിലും ആവാം)വോളണ്ടിയര്‍ ആയി കുട്ടികളുടെ ഗ്രൂപ്പിന്റെ കൂടെ നടക്കണം.രണ്ടാം ക്ലാസ്സല്ലേ ആയുള്ളൂ,എല്ലാം തൊട്ടടുത്ത സ്ഥലങ്ങള്‍ ആണെങ്കിലും കുട്ടികളെ തന്നെ വിടാന്‍ ടീച്ചര്‍ഴ്സ് നു വിഷമം.എല്ലാ ഗ്രൂപ്പിലും കുട്ടികളില്‍ നിന്ന് തന്നെ ഒരു ലീഡറും സെക്കന്റ്‌ ലീഡറും ഉണ്ട്.കണ്ണന്റെ ഗ്രൂപ്പില്‍ അവനായിരുന്നു ലീഡര്‍.അമ്മ,വോളണ്ടിയര്‍ ആകാമോ എന്ന് ചോദിച്ചു വന്നു അവന്‍.വെയിലത്ത്‌ നടക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ കുറച്ചു വിഷമം തോന്നിയെങ്കിലും ഞാന്‍ വരാം എന്ന് സമ്മതിച്ചു.

പരിപാടിയുടെ ദിവസം രാവിലെ 9:30 ആയപ്പോള്‍ ഞാന്‍ സ്കൂളില്‍ ചെന്നു.സ്കൂള്‍ മുറ്റത്ത്‌ തന്നെ രണ്ടാം ക്ലാസ്സിലെ കുട്ടികളെല്ലാം ഗ്രൂപ്പ്‌ തിരിഞ്ഞു വരി വരിയായി ഇരിക്കുന്നുണ്ട്.കണ്ണന്റെ ഗ്രൂപ്പിന്റെ അടുത്ത് ചെന്നു നിന്നു ഞാന്‍.എല്ലാവരും പോകേണ്ട വഴിയുടെ മാപ് ഒക്കെ പിടിച്ചു,വാട്ടര്‍ ബോട്ടിലും തോളത്തുതൂക്കി റെഡി ആയി.പെന്‍സില്‍ ബോക്സും എഴുതാനുള്ള പേപ്പറും അടങ്ങിയ ഒരു ഫയലും ഉണ്ട് തോളില്‍.ക്ലാസ്സില്‍ വച്ച് തന്നെ കുട്ടികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ടീച്ചര്‍മാര്‍ കൊടുത്തിരുന്നു.അമ്മമാര്‍ക്ക് കൂടെ പോകുന്ന ജോലിയെ ഉള്ളൂ.സിഗ്നല്‍ ക്രോസ് ചെയ്യുമ്പോഴൊക്കെ ഒരു ശ്രദ്ധ വേണം.അത്രേയുള്ളൂ.അങ്ങനെ ഓരോ ഗ്രൂപ്പായി നടക്കാന്‍ തുടങ്ങി.കണ്ണന്റെ ഗ്രൂപ്പ്‌ തിരഞ്ഞെടുത്തത് സ്പോര്‍ട്സ്‌ സെന്റര് ആയിരുന്നു.വേറെ ഡിവിഷനിലെ മറ്റൊരു ഗ്രൂപ്പും ഉണ്ടായിരുന്നു അവിടേക്ക്.ഏറ്റവും മുന്നില്‍ രണ്ടു ഗ്രൂപ്പിലെയും ലീഡര്‍ഴ്സ്,പുറകില്‍ മറ്റു കുട്ടികള്‍,ഏറ്റവും പുറകില്‍ സെക്കന്റ്‌ ലീഡര്‍ഴ്സ്.അതിനും പുറകിലായി ഞാനും മറ്റൊരു കുട്ടിയുടെ അമ്മയും.



അടുത്ത് തന്നെ ആണ് സ്പോര്‍ട്സ്‌ സെന്റര്.സ്കൂളില്‍ നിന്നും കഷ്ടിച്ച് 700m ദൂരം കാണും.നടന്നു അവിടെ എത്തി,ജാപനീസിന്റെ തനത് ശൈലിയില്‍ ഉള്ള ഗ്രീറ്റിംഗ്സ് ഒക്കെ കഴിഞ്ഞു,അവിടെ ജോലി ചെയ്യുന്ന ഒരാള്‍ ഞങ്ങളുടെ കൂടെ വന്നു,കുട്ടികള്‍ക്ക് എല്ലാം കാണിച്ചു കൊടുക്കാന്‍.ആരും ആദ്യമായൊന്നും അല്ലാട്ടോ അവിടെ പോകുന്നത്.ആഴ്ചയില്‍ പലവട്ടം പോകുന്ന സ്ഥലമാണെങ്കിലും,കുട്ടികള്‍ അറിയാത്ത,കാണാത്ത പല ഭാഗങ്ങളും ഉണ്ട് ആ കെട്ടിടത്തില്‍.എല്ലാം ചുറ്റി നടന്നു കണ്ടു,പല പല സംശയങ്ങളും ചോദിച്ചു.ഉദാഹരണത്തിന് ,എന്നാണ് ഈ സ്പോര്‍ട്സ്‌ സെന്റര് നിര്‍മ്മിച്ചത്‌,ഇവിടെ എത്ര ആളുകള്‍ ജോലി ചെയ്യുന്നുണ്ട്,ഏതൊക്കെ സ്പോര്‍ട്സ്‌ ചെയ്യാന്‍ പറ്റും.... അങ്ങനെ അങ്ങനെ..കൂടെ ഉള്ള ആള്‍ എല്ലാം വിശദീകരിക്കുമ്പോള്‍ മെമ്മോ എഴുതിഎടുത്തു കുട്ടികള്‍.













ഒരു മണിക്കൂര്‍ ആയിരുന്നു സമയം.പോരുന്നതിനു മുന്‍പ് വീണ്ടും നന്ദി പ്രകടനം.അത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌.ജപ്പാന്‍കാരുടെ ഗ്രീറ്റിങ്ങ്സ് വളരെ പ്രശസ്തമാണ്.ഓരോ വാചകത്തിലും അവര്‍ ക്ഷമ ചോദിക്കും,എന്ത് പറഞ്ഞാലും നന്ദി പറയും,തല കുനിക്കും.ഫോണ്‍ ചെയ്താല്‍ പോലും തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം എന്ന് പറഞ്ഞെ തുടങ്ങുകയുള്ളൂ.അത് എത്ര അടുത്ത കൂട്ടുകാര്‍ ആണെങ്കിലും അങ്ങനെയാണ്.ഇപ്പോള്‍ കുറെ നാളായി ഇവിടെ താമസിക്കുന്നത് കാരണം ഞാനും നാഴികയ്ക്ക് നാല്‍പ്പതു വട്ടം ക്ഷമ പറയാനും നന്ദി പറയാനും പഠിച്ചു.
കുട്ടികളോട് ടീച്ചര്‍ നേരത്തെ പറഞ്ഞതനുസരിച്ച് വരിവരിയായി നിന്നു ലീഡര്‍ ഒരു ചെറിയ പ്രസംഗം ഒക്കെ നടത്തി വലിയൊരു നന്ദിയും പറഞ്ഞു തിരിച്ചു പോന്നു.







കണ്ണന്റെ ക്ലാസ്സ്‌ ടീച്ചര്‍ ഇതിനിടയില്‍ ഒന്ന് വന്നിരുന്നു അവിടെ.പല കുട്ടികളും പല സ്ഥലത്തേക്ക് പോയത് കൊണ്ട് അവര്‍ സൈക്കിളില്‍ ഒരു പ്രദക്ഷിണം നടത്തി എല്ലായിടത്തും.

അങ്ങനെ ഞങ്ങള്‍ തിരിച്ചു സ്കൂളില്‍ എത്തി..





ബാക്കി ഗ്രൂപ്പുകളും എത്തിയിരുന്നു.വീണ്ടും ഒരിക്കല്‍ കൂടി കണ്ണന്റെ നേതൃത്വത്തില്‍ കുട്ടികള്‍ വന്നു,"ഇത്രയുംനേരം ഞങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചതില്‍ നന്ദി"എന്നൊക്കെ എന്നോട് പറഞ്ഞിട്ട് ക്ലാസ്സിലേക്ക് പോയി...ഞാന്‍ അവര്‍ പറഞ്ഞത് മലയാളത്തില്‍ ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ വല്ലാത്ത അപരിചിതത്വം തോന്നുമെന്കിലും ജാപനീസില്‍ അത് കേള്‍ക്കുമ്പോള്‍ അങ്ങനെ അല്ലാട്ടോ.... നമ്മുടെ ഭാഷയില്‍ ഇങ്ങനെ ഉപചാര വാക്കുകള്‍ അധികം നമ്മള്‍ ഉപയോഗിക്കാത്തത് കൊണ്ടാവും അപരിചിതമായി തോന്നുന്നത്.ജാപനീസില്‍ ഉപചാരവാക്കുകള്‍ വളരെ സ്വാഭാവികമാണ്.

ഇത്രയും പറഞ്ഞെങ്കിലും ഇതിനെക്കാളൊക്കെ എന്നെ ആകര്‍ഷിച്ചത് പിറ്റേ ദിവസം നടന്ന മറ്റൊരു സംഭവം ആണ്.പിറ്റേ ദിവസം വൈകുന്നേരം കണ്ണന്‍ സ്കൂളില്‍ നിന്നും വന്ന ഉടനെ അമ്മയ്ക്ക് ഒരു പ്രേസെന്റ്റ് ഉണ്ട് എന്ന് പറഞ്ഞു.എന്നിട്ട് സ്ക്രാപ്‌ ബുക്ക്‌ പോലെ എന്തോ ഒന്ന് എന്റെ കയ്യില്‍ തന്നു.കവറില്‍ തന്നെ വലിയ അക്ഷരത്തില്‍ "മനോജ്‌ സാന്‍,നന്ദി..."എന്നെഴുതിരുന്നു.തുറന്നു നോക്കിയപ്പോള്‍ ടീച്ചറുടെ വക ഒരു കുറിപ്പ്.അതും നന്ദി പ്രകടനം തന്നെ.അടുത്ത പേജില്‍ കണ്ണന്റെ ഗ്രൂപ്പില്‍ നടക്കാന്‍ ഉണ്ടായിരുന്ന ഒരു കുട്ടിയുടെ ലെറ്റര്‍.അവനും വിശദമായി നന്ദി രേഖപ്പെടുത്തിയിരിക്കുന്നു.രണ്ടാമത്തെ പേജില്‍ അടുത്ത കുട്ടിയുടെ വക,മൂന്നാമത്തെ പേജില്‍ കണ്ണന്റെയും.
എല്ലാം വായിച്ചു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞു പോയി.എന്ത് ഭംഗിയായി കുട്ടികള്‍ അവരുടെ സന്ദേശം കൈമാറിയിരിക്കുന്നു.
ജാപനീസില്‍ എഴുതിയത് കൊണ്ട് ഞാന്‍ ഒന്ന് വിവര്‍ത്തനം ചെയ്യാം ഇവിടെ.


ഇത് കവര്‍ പേജ്...മനോജ്‌ സാന്‍ നന്ദി എന്നാണ് ഫോട്ടോയുടെ മുകളില്‍ എഴുതിയിരിക്കുന്നത്...


ഇത് ടീച്ചറുടെ...അവര് നന്ദി ഒരുപാട് പറഞ്ഞു കഴിഞ്ഞ്,കുട്ടികള്‍ എന്ജോയ്‌ ചെയ്ത കാര്യം ഒക്കെ പറഞ്ഞു,ഇനിയും എന്തെങ്കിലും ആവശ്യമുന്ടെന്കില്‍ സഹായിക്കണം എന്നൊക്കെ പറഞ്ഞു അവസാനിപ്പിച്ചിരിക്കുന്നു.


ഇത് മിനാമി ഷോദായ്‌ എന്ന കുട്ടിയുടെ.
ഡിയര്‍ മനോജ്‌ സാന്‍.. ഞാന്‍ മനോജ്‌ സാന്‍ ന്റെ കൂടെ സ്പോര്‍ട്സ്‌ സെന്റര് ന്റെ ഗാലറിയിലും,എയര്‍ കണ്ടിഷന്‍ വച്ചിരിക്കുന്ന മുറിയിലും ഒക്കെ പോയതും,വലിയ കണ്ണാടി കണ്ടു അതിന്റെ മുന്നില്‍ ഡാന്‍സ് കളിച്ചതും,അത് കണ്ടു എല്ലാവരും ചിരിച്ചതും ഒക്കെ നന്ദിയോടെ ഓര്‍ക്കുന്നു.ഫുകുനോ സ്പോര്‍ട്സ്‌ സെന്റെറില്‍ പോയ എല്ലാവരും എന്ജോയ്‌ ചെയ്തു എന്ന് വിശ്വസിക്കുന്നു.മനോജ്‌ സാനും സന്തോഷത്തോടെ ഞങ്ങളുടെ കൂടെ വന്നു എന്ന് മനസ്സിലായത്‌ കൊണ്ട് ഞാനും സന്തോഷത്തോടെ ആണ് അവിടെ പോയത്.ഞങ്ങളുടെ കൂടെ വന്നതില്‍ ഒരുപാട് സന്തോഷം ഉണ്ട്.


ഇത് യോഷികവ കോക്കി എന്ന കുട്ടിയുടെ...
നിവേദ് ന്റെ അമ്മയ്ക്ക്...എപ്പോഴും എപ്പോഴും എന്റെ വാട്ടര്‍ ബോട്ടില്‍ തുറന്നു തന്നതിന് നന്ദി.എനിക്ക് നിവേദ് ന്റെ അമ്മയോട് കുറച്ചു നേരം കൂടി സംസാരിക്കണം എന്നുണ്ടായിരുന്നു.ഇനി കാണുമ്പോള്‍ കൂടുതല്‍ സംസാരിക്കാം കേട്ടോ... നടക്കുന്ന വഴി എന്റെ കയ്യില്‍ ഉണ്ടായിരുന്ന മാപ് പലതവണ താഴെ വീണത്‌ എടുത്തു തന്നതിന് നന്ദി.


ഇനി ഇത് എന്റെ കണ്ണന്റെ വക...
അമ്മയ്ക്ക്...അമ്മ കൂടെ നടക്കാന്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഒരു പാട് കുസൃതി കാണിച്ചേനെ..അമ്മ കൂടെ വന്നത് നന്നായി എന്നാണ് ഇപ്പോള്‍ തോന്നുന്നത്.എന്റെ കൂടെ ഈ പ്രൊജക്റ്റ് ല്‍ പങ്കെടുക്കാന്‍ വന്നതില്‍ ഹൃദയപൂര്‍വമായ നന്ദി അറിയിക്കുന്നു..ഇനിയും വേറെ കാര്യങ്ങള്‍ക്കും കൂടെ വരണം കേട്ടോ...ഐ ലവ് യു മമ്മ

നേരത്തെ പറഞ്ഞപോലെ വിവര്‍ത്തനം ചെയ്യുമ്പോള്‍ മലയാള ഭാഷയില്‍ കുറച്ചു അപരിചിതത്വം തോന്നാം...പക്ഷെ ജാപനീസില്‍ ഇത് നോര്‍മല്‍ ആയ ഭാഷ ആണ്.

മനോജ്‌ സാന്‍ എന്ന് എന്നെ വിളിക്കുന്നത്‌ എന്റെ സര്‍ നെയിം അങ്ങനെ ആയത് കൊണ്ടാണ്..."സാന്‍" എന്ന് ബഹുമാനസൂചകമായി വിളിക്കുന്നതാണ്...ജാപനീസില്‍ ആരെയും പേര് മാത്രമായി വിളിക്കില്ല. കണ്ണനെയും നിവേദ് എന്നല്ല സ്കൂളില്‍ വിളിക്കുന്നത്‌..അവന്റെ പേര് "നിവേദ് മനോജ്‌" എന്നായത് കൊണ്ട് അവനും "മനോജ്‌ സാന്‍" തന്നെ...ഒരു ഫാമിലിയില്‍ എല്ലാവരും ഒരേ സര്‍ നെയിം ആണല്ലോ..അപ്പോള്‍ എല്ലാവരെയും ഒരേ പേരാണ് വിളിക്കുക.കൊച്ചു കുട്ടികളെ "ചാന്‍" എന്ന് ചേര്‍ത്ത് ലാസ്റ്റ്‌ നെയിം കൂട്ടി വിളിക്കുമെന്കിലും സ്കൂളിലും മറ്റു ഒഫീഷ്യല്‍ കാര്യങ്ങള്‍ക്കും സര്‍ നെയിം തന്നെ പ്രധാനം.

എന്നും എപ്പോഴും ഈ സ്കൂളിലെ പല പരിപാടികള്‍ കാണുമ്പോള്‍ ഞാന്‍ നമ്മുടെ നാട്ടിലെ സ്കൂളിലും ഇതൊക്കെ വന്നെങ്കില്‍ എന്ന് ആശിക്കാറുണ്ട്...വേണം എന്ന് വച്ചാല്‍ നമ്മുക്കും ചെയ്യാവുന്നതേ ഉള്ളൂ..പക്ഷെ...



സ്കൂള്‍ എന്നാല്‍ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത് മനപ്പാഠമാക്കി പരീക്ഷക്ക്‌ എഴുതി മാര്‍ക്ക്‌ മേടിക്കുന്ന സ്ഥലം മാത്രമല്ല.. ചുറ്റുപാടും എന്ത് നടക്കുന്നു എന്നറിഞ്ഞു,പ്രകൃതിയെ അറിഞ്ഞു,പാലിക്കപ്പെടെണ്ട മര്യാദകള്‍ പഠിച്ച്,വളര്‍ന്നു വലുതാകേണ്ട, ഒരു മഹത്തായ സ്ഥാപനം ആണ്.ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട് ഞാന്‍,എന്റെ കുട്ടികള്‍ക്ക് കിട്ടുന്ന ഈ സൗകര്യം നാട്ടിലെ സ്കൂളിലെ കുട്ടികള്‍ക്കും കിട്ടിയിരുന്നെങ്കില്‍ എന്ന്.

61 comments:

  1. ഇന്ന് എന്റെ ബ്ലോഗിന്റെ ഒന്നാം പിറന്നാള്‍....ഒരു കൊല്ലം കൊണ്ട് വളരെയൊന്നും എഴുതാന്‍ സാധിച്ചില്ല.തുടങ്ങിയിടത്തു തന്നെ ഇപ്പോഴും നില്‍ക്കുന്നു എന്നാണ് തോന്നല്‍.കുറെ ജപ്പാനീസ് വിശേഷങ്ങള്‍ എഴുതി എന്നല്ലാതെ കാര്യമായി ഒന്നും ഇല്ല .എങ്കിലും ഈ ബ്ലോഗ്‌ ലോകത്തിലൂടെ ഒരുപാട് ആളുകളെ പരിചയപെടാന്‍ കഴിഞ്ഞു.ഒരു വര്ഷം ബ്ലോഗുലകത്തില്‍ നില്ക്കാന്‍ എന്നെ സഹായിച്ചത് ബ്ലോഗ്‌ വായിച്ചു എന്നെ പ്രോത്സാഹിപ്പിച്ച വായനക്കാര്‍ തന്നെ.ഓരോരുത്തരും എനിക്ക് ഏറ്റവും വേണ്ടപെട്ടവര്‍ .പേരെടുത്തു പറയുന്നില്ലെങ്കിലും എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
    ഈ പോസ്റ്റ്‌ വീണ്ടും ജപ്പാനീസ് സ്കൂളിനെ കുറിച്ചുള്ളതാണ്.ഇവിടുത്തെ സ്കൂള്‍ അനുഭവങ്ങള്‍ വായിച്ചാല്‍ നമ്മുക്ക് തോന്നും ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന്... പക്ഷെ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട് ഞാന്‍,എന്റെ കുട്ടികള്‍ക്ക് കിട്ടുന്ന ഈ സൗകര്യം നാട്ടിലെ സ്കൂളിലെ കുട്ടികള്‍ക്കും കിട്ടിയിരുന്നെങ്കില്‍ എന്ന്.... അതിനുള്ള എളിയ ശ്രമമാണ് എന്റെ ഭാഗത്ത് നിന്ന് ഈ പോസ്റ്റ്‌.

    ReplyDelete
  2. ബ്ലോഗിനു പിറന്നാള് ആശംസകള്!! ഇവിടത്തെയും കാര്യങ്ങള്‍ ഇങ്ങനെ തന്നെയാണു. പ്രാക്റ്റിക്കല് ആയി കൂടുതല് പഠിക്കുന്നു ഇവിടത്തെ കുട്ടികള്‍ എന്ന് തോന്നിയിട്ടുണ്ട്.

    ആശംസകള്‍!!

    ReplyDelete
  3. നല്ല പോസ്റ്റ് :)
    ഇഷ്ടപ്പെട്ടു :))
    ബ്ലൊഗിനു പിറന്നാള്‍ ആശംസകള്‍ kETO :)

    ReplyDelete
  4. പോസ്റ്റ്‌ നന്നായിട്ടുണ്ട്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ വിഷയങ്ങളിലും, പഠനരീതിയിലും കുറെ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ജോലി ചെയ്തു ബോറടിച്ച്, പണ്ടാരടങ്ങിയിരിക്കുമ്പോള്‍ ഇങ്ങനെയുള്ള [ടെന്‍ഷന്‍ ഉണ്ടാക്കാത്തത് ] വായിക്കാന്‍ ഒരു രസം. നന്ദി.

    ReplyDelete
  5. ഇഷ്ടപ്പെട്ടു.ആ സ്കൂളിനെയും അവിടത്തെ കുട്ടികളെയും പിന്നെ ഈ പരിചയപ്പെടുത്തലിനെയും.

    ReplyDelete
  6. പ്രിയ മഞ്ജു, ആദ്യമേ വാര്‍ഷികാശംസകള്‍ ...!
    എന്തിനധികം പോസ്റ്റുകള്‍, വിഞ്ജാനപ്രദമായ, നന്മക്കുതകുന്ന ചുരുക്കം പോസ്റ്റുകള്‍ കൊണ്ടു തന്നെ ഈ ബ്ലോഗ്‌ സമ്പുഷ്ടമാണ് . എന്നെന്നും നിലനില്‍ക്കാന്‍ അത് മതിയല്ലോ മഞ്ജൂ....
    നന്മകള്‍ നേര്‍ന്നു കൊണ്ട്...

    ReplyDelete
  7. നമ്മുടെ നാട്ടിലെ താപ്പാനകള്‍ക്ക് ജപ്പാനില്‍നിന്ന് ഒരു പാട് പഠിക്കാനുണ്ട്.കേവലം പത്തറുപത് വര്‍ഷത്തെ അവരുടെ വളര്‍ച്ച നമ്മുടെ പഠനവിഷയമാകെണ്ടതാണ്.
    ഇന്ഗ്ലിഷ അത്ര പ്രധാനവിഷയം അല്ലാതിരിന്നിട്ടുപോലും അവരുടെ പുരോഗതി നമ്മുടെ 'സായിപ്പന്മാര്‍' കണ്ടു പഠിക്കേണ്ടതാണ്
    (പിറന്നാള്‍ ആശംസകള്‍)

    ReplyDelete
  8. Dear Manju,
    Manjuvinte oro postukal vaayichu kazhiyumbozhekkum avide vannu nerittu kaazhchakal kandu thirichu varunna anubhavam aanu. ellayppozhum photos kodukkaan shradhikkunnathu kondu sharikkum manjuvinte postukal oru visual anubhavam aanu.
    Waiting for more and more...
    Thanks
    take care

    ReplyDelete
  9. ബ്ലോഗിന്റെ ഒന്നാം പിറന്നാളിൽ തന്നെ ഞാൻ ആദ്യമായി താങ്കളുടെ ബ്ലോഗ് സന്ദർശിച്ചത് തികച്ചും യാദൃശ്ചികം!!
    കേരളത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടു വരാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇപ്പോഴും ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ല. ഇങ്ങനെയൊക്കെ വേണം എന്നു പറയുമ്പോൾ ഇപ്പോഴും ഇവിടെ പലർക്കും ഉൾക്കൊള്ളാൻ മടിയാണ്. തീർച്ചയായും അത്തരത്തിലുള്ള ഒരു മാറ്റം സംഭവിക്കും എന്നു തന്നെ പ്രതീക്ഷിക്കാം.
    ഈ പ്രവർത്തനം നടത്തുന്നതിനു മുമ്പ് അദ്ധ്യാപകർ നടത്തിയ മുന്നൊരുക്കങ്ങൾ കൂടി പങ്കുവെക്കാൻ കഴിഞ്ഞെങ്കിൽ നന്നായിരുന്നു. കിട്ടുമെങ്കിൽ ഇനിയൊരിക്കൽ അതാവുമല്ലോ.
    അടുത്ത PTA മീറ്റിങിൽ തീർച്ചയായും ഞാനിക്കാര്യം അവതരിപ്പിക്കും.
    ഊഷ്മളമായ പിറന്നാൾ ആശംസകൾ

    ReplyDelete
  10. ആദ്യം ഹൃദ്യമായ പിറന്നാളാശംസകൾ!

    മഞ്ജുവിന്റെ മിക്കവാറും എല്ലാ പോസ്റ്റുകളും വായിക്കാറുണ്ട്. വ്യത്യസ്ഥമായ സംസ്കാരവും ജീവിതരീതികളും ജപ്പാൻ വിശേഷങ്ങളുമൊക്കെ കൌതുകത്തോടെ അറിയാൻ കഴിയുന്നു.

    ‘മനോജ് സാൻ... നന്ദി’

    ReplyDelete
  11. ബ്ലോഗുകളിലും ബസ്സുകളിലും നിന്നു ഒരുപാട് ദൂരത്തുള്ള ഒരു ജനതയുടെ ഹൃദയത്തുടിപ്പുകള്‍ അറിയാന്‍ കഴിയുന്നു എന്നതിനു ഏറ്റവും നല്ല ഉദാഹരണം ആണ് മഞ്ജുവിന്റെ ബ്ലോഗ്‌ . ജാപ്പനീസ് പെണ്ണുങ്ങള്‍ കിമോണ എന്നൊരു ഉടുപ്പ് ധരിക്കും , സുഷി എന്നൊരു മീന്‍ കറി കഴിക്കും ഇങ്ങനെ കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ മാത്രേ ജാപ്പനീസ് ജനതയുടെ ജീവിത രീതികളെ പറ്റി ഞാന്‍ അറിഞ്ഞിരുന്നുള്ളു . മോന്റെ കൂട്ടുകാരോട് ഒപ്പം ഉള്ള യാത്രാവിവരണം രസകരം ആയിരുന്നു . ആ കുട്ടികളുടെ കുഞ്ഞു കുഞ്ഞു എഴുത്തുകള്‍ ഒക്കെ വളരെ അധികം ടച്ചിംഗ് ആയും തോന്നി .ഒന്നാം പിറന്നാള്‍ ആശംസകള്‍ . ജപ്പാന്‍ വിശേഷങ്ങള്‍ ഇനിയും ഇങ്ങനെ ഒരുപാട് മഞ്ജൂന്റെ വിരല്‍ തുമ്പില്‍ നിന്നും പിറക്കട്ടെ എന്നാശംസിക്കുന്നു .

    ReplyDelete
  12. ഒത്തിരി വിവരങ്ങൾ പങ്കു വച്ചിരിക്കുന്നു. നന്ദി

    ReplyDelete
  13. കൌതുകത്തോടെ വായിക്കാറുള്ള ഒരു ബ്ലോഗാണിത്. ജപ്പാൻ കഥകൾ കേൾക്കാൻ തന്നെ.

    ബ്ലോഗിനു പിറന്നാളാശംസകൾ. :)

    ReplyDelete
  14. നിവേദ് ന്റെ അമ്മയ്ക്ക്...എപ്പോഴും എപ്പോഴും എന്റെ വാട്ടര്‍ ബോട്ടില്‍ തുറന്നു തന്നതിന് നന്ദി.
    ഓഫീസിലിരുന്ന് ഈ വരി വായിച്ചതും ഒറ്റ ചിരി ആയിരുന്നു. തമാശ അല്ല എന്നറിയാം. എന്നാലും കുട്ടികളുടെ നിഷ്കളങ്കമായ ആ ഒരു പറച്ചില്‍ :)
    പുസ്തങ്ങള്‍ മനഃപാഠമാക്കി പഠിച്ചതൊന്നും പിന്നീട് ഉപയോഗിക്കേണ്ടി വരുന്നില്ല എന്നതാണ് സത്യം. അതിലും നല്ലത് ഇതുപോലുള്ള പ്രവര്‍ത്തനങ്ങളായിരിക്കും. നമ്മുടെ വിദ്യാഭ്യാസ രീതികളില്‍മേല്‍ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. പതുക്കെ എല്ലാം ശരിയാകുവായിരിക്കും.

    ReplyDelete
  15. നല്ല വിവരണം, ഓഫീസ് ആവശ്യത്തിന് ഒരു ജാപ്പനീസ് വനിതയെ ടീച്ചറായി കിട്ടിയിരുന്നു, അവരുടെ ശിലങ്ങളും സംസാരശൈലിയുമെല്ലാം ഞങ്ങളില്‍ ഒരുപാട് കൌതുകമുണര്‍ത്തിയിരുന്നു. പക്ഷെ പഠിക്കേണ്ട ജാപ്പനിസ് മാത്രം പഠിച്ചില്ല :)

    ReplyDelete
  16. ജപ്പാന്‍ സാങ്കേതിക വിദ്യക്കും,ദേശ സ്നേഹത്തിനും പേര് കേട്ട നാടാണ് .ആ നാട്ടില്‍ ജീവിക്കാന്‍ കഴിയുന്നതും ഒരു ഭാഗ്യമല്ലേ.ഇവിടെയും വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷണങ്ങള്‍ നടന്നിരുന്നു, പക്ഷെ ആളുകള്‍ക്ക് മാറ്റം ഉള്‍കൊള്ളാന്‍ മടിയാണ് ,കാരണം അത് റിസ്ക്‌ ഉള്ളതാണ് .മാറ്റം വരും എന്ന് നമുക്കും പ്രതീക്ഷിക്കാം :)...........

    ReplyDelete
  17. Adyamayi bloginu ente pirannal asamsakal.

    Schooline kurichu ezhuthiyathu valare nannayi. Japaneese schoolile ee reethikal kandittu atbutham thonnunnu. Ennengilum nammude nattilum ingeneyokke padikkan sadhichirunnengil alle..

    Enikku ettavum ishtapettathu kuttikalude aa nandi prakatanam anu ketto.

    ReplyDelete
  18. മഞ്ജു... ജപ്പാന്‍ വിശേഷങ്ങള്‍ എന്നും താല്പര്യത്തോടെ ഇവിടെ വായിക്കാറുണ്ട്.എന്റെ യാത്രകളുടെ ലിസ്റ്റില്‍ ജപ്പാനും എഴുതിച്ചേര്‍ക്കാന്‍ കാത്തിരിക്കയാണ്‌ ഞാന്‍......സസ്നേഹം

    ReplyDelete
  19. വളരെ സന്തോഷത്തോടെയാണ് ഈ ബ്ലോഗിലെ പോസ്റ്റുകള്‍ വായിക്കാറുള്ളത്. കാരണം അധികം പരിചയമില്ലാത്ത ഒരു സമൂഹത്തിന്റെയും സ്ഥലത്ഥിന്റെയും കാര്യമാണല്ലോ എഴുതുന്നത്. കുട്ടിക്കാലം മുതല്‍ ആരാധനയോടെ നോക്കിക്കാണുന്ന ഒരു ജനതയാണ് ഇവര്‍. പിന്നെ കൌമാരത്തില്‍ ജെയിംസ് ക്ലാവെലിന്റെ “ഷോഗണ്‍“ എന്ന ബൃഹത്തായ നോവല്‍ വായിച്ചപ്പോള്‍ അത് അധികരിച്ചതേയുള്ളു. ഈ അറിവുകള്‍ക്ക് വളരെ നന്ദി.

    (എസ്.കെ പൊറ്റെക്കാടിന്റെ ഒരു പുസ്തകത്തില്‍ കൌതുകകരമായ ഒരു കാര്യം എഴുതിയത് ഓര്‍മ്മവരുന്നു. ജപ്പാന്‍കാര്‍ കാക്കയെ ഒരേ സമയം വിശുദ്ധപക്ഷിയായും അശുദ്ധപക്ഷിയായും കരുതുന്നുവത്രെ. ശരിയാണോ?)

    ReplyDelete
  20. ഓരോ പോസ്റ്റിലൂടെയും ജപ്പാൻ സംസ്കാരവും ജീവിതരീതികളും എല്ലാം പരിചയപ്പെടുത്തി തരുന്നതില്‍ വളരെ സന്തോഷം,മഞ്ജു

    ReplyDelete
  21. ചെറുതായി ചില മാറ്റങ്ങളൊക്കെ നമ്മുടെ കുട്ടികള്‍ക്കിടയിലും വിദ്യാഭ്യാസത്തില്‍ വന്നുകൊണ്ടിരിക്കുന്നുന്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. ഇസ്മയില്‍ പറഞ്ഞത്‌ പോലെ താപ്പാനകളെ തളക്കാന്‍ സമ്മതിക്കാത്ത സംഭവങ്ങള്‍ക്ക് കൂടുതല്‍ പരസ്യം നല്‍കുന്നത് പോലുള്ള പ്രവൃത്തികള്‍ പ്രചാരത്തില്‍ വരുന്നത് പലതിനെയും പിടിച്ചു നിര്‍ത്തി വഴി തിരിച്ച് വിടുന്നു. സ്വയം ചിന്തിക്കാനും പ്രചരിപ്പിക്കാനും ഉള്ള സാധ്യതകള്‍ വളര്‍ന്നതോടെ തെറ്റായവ തിരുത്താനും അന്ധമായ ആരാധന പിന്തുടരാനും ഇന്ന് പലരും തയ്യാറല്ലെന്നതിന്റെ സൂചനകളും കണ്ടു തുടങ്ങിയിട്ടുണ്ട് എന്നും കരുതാം.
    കടം കൊള്ളെണ്ട പലതും ജപ്പാനീസ് വിദ്യാഭ്യാസരീതിയില്‍ അടങ്ങിയിരിക്കുന്നു.
    ചിത്രങ്ങള്‍ സഹിതം നല്ലൊരു പോസ്റ്റ്‌ നന്നായി.

    ReplyDelete
  22. very interesting......!!! വേറെ എന്താ പറയ്യാ.....!!

    ജപ്പാനെക്കുറിച്ച് അറിഞ്ഞതെല്ലാം ഈ ബ്ലോഗില്‍ നിന്നു തന്നെയാണ്. വളരെ വളരെ സന്തോഷം.

    ReplyDelete
  23. നല്ല പോസ്റ്റ്...
    ബ്ളോഗിന്‌ പിറന്നാൾ ആശംസകൾ...

    ReplyDelete
  24. മഞ്ജുവിന് അറിയാമല്ലോ ഞാന്‍ ആദ്യമേ ആ സ്കൂളിന്റെ ഒരു 'ഫാന്‍' ആണ്‌.ഈ പോസ്റ്റിലുള്ള വിവരണം കൂടി വായിച്ചപ്പോള്‍ ആദരവ് കൂടി.
    ജപ്പാനെപ്പോള്‍ സ്വയം പര്യാപ്തത നേടിയ ഒരു നാട്ടിലെ ജനങ്ങള്‍ക്ക്‌ വേറൊരു ഭാഷ കഷ്ടപ്പെട്ട് പഠിക്കേണ്ട ആവശ്യമില്ലല്ലോ.
    ഭൂകമ്പത്തിന്റെയും സുനാമിയുടെയും നാളുകളെക്കുറിച്ച് മഞ്ജുവില്‍ നിന്നും ഒരു പോസ്റ്റ്‌ പ്രതീക്ഷിക്കുന്നു.
    ഒരുപാടൊരുപാട് കാലം ബൂലോകത്ത് നിലനില്‍ക്കട്ടെ എന്നാശംസിക്കുന്നു..

    ReplyDelete
  25. ഞാന്‍ ഗന്ധര്‍വന്‍:നന്ദി...

    മത്താപ്പ്:ആശംസകള്‍ക്ക് നന്ദി..

    ദിവരേട്ടന്‍....അതെ..നമ്മുടെ നാട്ടിലും മാറ്റങ്ങള്‍ ഉണ്ട്...പക്ഷെ സാവധാനം അല്ലെ....എങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നല്ലത് തന്നെ..

    റോസാപൂക്കള്‍...സ്വാഗതം ബ്ലോഗിലേക്ക്... പോസ്റ്റ്‌ ഇഷ്ടപെട്ടതില്‍ സന്തോഷം..

    കുഞ്ഞൂസേ...നല്ല വാക്കുകള്‍ ഒരുപാട് സന്തോഷിപ്പിക്കുന്നു...വളരെയധികം നന്ദി.

    ഇസ്മായില്‍..ശെരിയാണ് പറഞ്ഞത്.ഈ അറുപതു വര്‍ഷത്തെ വളര്‍ച്ച കണ്ടു പഠിക്കേണ്ടത് തന്നെ ആണ്...

    വിനു...നന്ദി...ഇനിയും എഴുതാന്‍ ശ്രമിക്കാം...

    ReplyDelete
  26. ആദ്യമേ ഒരു പിറന്നാള്‍ ആശംസകള്‍ (വൈകിയെങ്കില്‍ പോലും). പിന്നെ ഇത്രയും നല്ല ഒരു പോസ്റ്റ് , ജപ്പാന്‍ വിശേഷങ്ങള്‍ അതും ഒരിക്കലും അറിയുമായിരുന്നില്ലാത്തവ പകര്‍ന്നു തന്ന മനോജ്‌സാനിനു എന്റെ ഹൃദയംഗമമായ നന്ദി. ഞാനും നന്ദി പറഞ്ഞ് പഠിച്ചുനോക്കട്ടെ..:)

    ReplyDelete
  27. ഷാജി... ബ്ലോഗിലേക്ക് സ്വാഗതം..ഞാന്‍ ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ ഉദേശിച്ചത് അത് തന്നെ ആണ്...ആരെങ്കിലും...ആരെങ്കിലും ഒരാള്‍ ഇതുപോലെ സ്വന്തം സ്കൂളിലും ചെയ്യണം എന്നൊരു സാധ്യത മനസ്സില്‍ കാണണം എന്ന്.സന്തോഷം ഉണ്ട്.മുന്നൊരുക്കങ്ങള്‍ അത്രയ്ക്ക് വേണോ ഇതിനു?ചെറിയ ഒരു കാര്യം അല്ലെ... പോകേണ്ട സ്ഥലങ്ങളില്‍ നേരത്തെ ചെന്ന് പറഞ്ഞ്,തിയതിയും സമയവും തീരുമാനിച്ചു,അവിടെയും ഓരോ ചുമതലപെട്ടവരെ ഏര്‍പ്പാടാക്കി,രക്ഷിതാക്കളെ അറിയിക്കുക ഇല്ലെ വേണ്ടൂ....കുറച്ചു കഷ്ടപെടാന്‍ രക്ഷിതാക്കളും തയ്യാറായാല്‍ എന്താണ് നടക്കാത്തത്?? ആശംസകള്‍...

    അലി...എന്റെ എല്ലാ പോസ്റ്റുകളും വായിക്കുന്നതിനു വളരെയധികം നന്ദി...

    ചേച്ചി പെണ്ണെ...നന്ദി... പിന്നേയ്... ഈ കിമോണോ ഒക്കെ വല്ല കല്യാണത്തിനോ മറ്റോ ഒക്കെ ധരിക്കുള്ളൂ ഇവിടെ ഉള്ളവര്‍...ഒന്നാമത് താങ്ങാന്‍ പറ്റാത്ത വില ആണ് അതിനു... പിന്നെ ധരിക്കാനും വെല്യ പാടാണ്.. പെണ്‍കുട്ടികള്‍ക്ക് കല്യാണത്തിന് അമ്മയുടെ ഉപഹാരം കൊമോണോ ആയിരിക്കും മിക്കവാറും..ലൈഫ് ടൈമില്‍ ഒരിക്കലോ രണ്ടു തവണയോ മറ്റോ അതൊക്കെ ഉപയോഗിക്കുകയുള്ളൂ...

    ReplyDelete
  28. കാട്ടിപ്പരുത്തി...നന്ദി...

    ദീപ്...നന്ദി..ഇനിയും വരൂ ജപ്പാന കഥകള്‍ കേള്‍ക്കാന്‍...

    ചെറുത്‌...അതെ ഞാനും ചിരിച്ചു പോയി ആ വരി വായിച്ചപ്പോള്‍... നല്ല കുസൃതിയയിരുന്നു ആ കുട്ടി.... പല തവണ സാധനങ്ങള്‍ താഴെ ഒക്കെ ചെയ്തു..ഞാന്‍ എടുത്തു കൊടുത്ത കാരണം പിന്നെ എന്റെ കൂടെ ആയി നടപ്പ്...
    അഭിപ്രായത്തിനു നന്ദി കേട്ടോ.

    വേദവ്യാസന്‍...അഭിപ്രായത്തിനു നന്ദി..ജാപ്പനീസ് പഠിക്കെണ്ടാതായിരുന്നു..ഒരു അവസരം കിട്ടിയത് അല്ലെ...

    RK..അതെ.. മാറ്റം ഉള്‍കൊള്ളാന്‍ ആളുകള്‍ സമയം എടുക്കും....വരും.. നമ്മുടെ നാട്ടിലും ഇതുപോലെ ഒക്കെ വരും...

    മഞ്ജൂ.... നന്ദി..നന്ദി പ്രകടനം ഞാന്‍ നേരത്തെ പറഞ്ഞ പോലെ വളരെ കൂടുതല്‍ ആണ്...പക്ഷെ ഇപ്പോള്‍ എനിക്കും പറഞ്ഞില്ലെങ്കില്‍ എന്തോ പോലെ തോന്നും...

    ഒരു യാത്രികന്‍... അഭിപ്രായത്തിനു നന്ദി..ജപ്പാനില്‍ വരൂ..ഞാന്‍ ഇവിടെ ഉണ്ടെങ്കില്‍ എന്ത് സഹായവും ചെയ്തു തരാം...

    അജിത്‌..എന്റെ പോസ്റ്റുകള്‍ താല്പര്യത്തോടെ വായിക്കുന്നുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷം ഉണ്ട്..നന്ദി... കാക്കയെ കുറിച്ച് പറഞ്ഞത്..കുറച്ചു ശെരിയാണ് എന്ന് തോന്നുന്നു.. കറുപ്പ് മാത്രം ആയതിന്റെ ഭംഗി ഉണ്ട് എന്ന് പറയുമ്പോള്‍ തന്നെ... കാക്ക എന്നാല്‍ എന്തോ ഈവിള്‍ സ്പിരിറ്റ്‌ ആണ് എന്നാണ് ഇവിടേം വിശ്വസിക്കുന്നത്...

    ReplyDelete
  29. കൃഷ്ണകുമാര്‍ നന്ദി...

    പട്ടേപ്പാടം റാംജി ... അഭിപ്രായത്തിനു നന്ദി...മാറ്റങ്ങള്‍ വരണമെന്ന് ഞാനും ആഗ്രഹിക്കുന്നു... പക്ഷെ രക്ഷിതാക്കളും മാറാന്‍ തയ്യാറാവണം....

    ഷാ...നന്ദി... ഇനിയും വരൂ...

    രഞ്ജിത്...എന്റെ ബ്ലോഗിലേക്ക് സ്വാഗതം...ആശംസകള്‍ക്ക് നന്ദി...

    മെയ്‌ ഫ്ലവര്‍ ..എനിക്കറിയാം..പിന്നെ,സുനാമിയുടെ കാര്യം എഴുതണം എന്നൊക്കെ വയ്ക്കും..പലതും ആലോചിച്ചു വരുമ്പോള്‍ പറ്റുന്നില്ല....പക്ഷെ ഞാന്‍ ശ്രമിക്കുന്നുണ്ട്...അഭിപ്രായത്തിനു നന്ദി ട്ടോ....

    മനോരാജ്...ഒട്ടും വൈകിയിട്ടില്ല.... നന്ദി പറഞ്ഞ് പഠിക്കണം കേട്ടോ.... നാട്ടില്‍ വരുമ്പോള്‍ ഇടയ്ക്ക് ഈ ശീലം വയ്ച്ചു ആരോടെങ്കിലും അറിയാതെ ഒരു നന്ദി പറഞ്ഞ് പോയാല്‍ ഒരു തുറിച്ചു നോട്ടം സഹിക്കേണ്ടി വരും എന്ന് മാത്രം...അഭിപ്രായത്തിനു നന്ദി...

    ReplyDelete
  30. മഞ്ജു,
    ഇവിടെ പലരും പറഞ്ഞപോലെ ജപ്പാൻ വിശേഷങ്ങൾ വായിച്ചാസ്വദിക്കാൻ തന്നെയാണ് ഞാനും ഈ ബ്ലോഗിൽ വരുന്നത്. ഓരോ പ്രാവശ്യവും നിറഞ്ഞ മനസ്സോടെയാണ് തിരിച്ചുപോകാറുള്ളതും. ഇനിയുമിനിയും ഒരുപാട് വിശേഷങ്ങൾ എഴുതുക....

    ReplyDelete
  31. മഞ്ജുസാ‍ന്‍, ആദ്യം ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍.

    കമന്റിലൂടെ പോയപ്പോള്‍, ഹ്, നമ്മള്‍ പിശുക്കരല്ലേ, നന്ദി പറയാനും മറ്റും, ചില നല്ല കാര്യങ്ങള്‍ നമ്മളും പഠിക്കേണ്ടിയിരിക്കുന്നു-ഒരു പക്ഷെ കേരളീയര്‍ തന്നാവും അതില്‍ മുമ്പില്‍. (എങ്കിലും ഒരു വിയോജനമുണ്ട്-നന്ദി പറയാതെ പറയുന്ന ഭാവങ്ങള്‍, അത് മനസ്സിലാക്കാം, പല അവസരങ്ങളിലും.)

    ജപ്പാന്‍കാരെ പിന്തുടരുന്ന രാജ്യങ്ങള്‍ വേറെയും പലതുണ്ട്. ഒരുപക്ഷെ സൂക്ഷ്മമായ് നിരീക്ഷിച്ചാല്‍ കേരളത്തിലെ പഴയ തലമുറ അനുവര്‍ത്തിച്ച ഒരുപാട് നല്ല കാര്യങ്ങളോട് അടുത്ത് നില്‍ക്കുന്നവ.

    ജപ്പാന്‍ വിശേഷങ്ങള്‍ക്ക് നന്ദി..

    ReplyDelete
  32. ആദ്യമാണിവിടെ..നിസ്വാര്‍ത്ഥമായ് എഴുത്തിനു നന്ദി പറയാതെ പോവുന്നതെങ്ങനെ..?

    ReplyDelete
  33. (ഒരു സുഹൃത്ത് അയച്ച ലിങ്ക് വഴി ഇവിടെയെത്തി)
    നല്ലൊരു പരിചയപ്പെടുത്തല്‍, വളരെ ചിന്തനീയമായ അനുഭവം (ലേഖനം).
    പുതിയ പരീക്ഷണങ്ങള്‍ അപകടകരമാണെന്ന് കരുതുന്ന നമ്മുടെ സമൂഹത്തിനു ഇതൊക്കെ ദഹിക്കാനും, ഇനി സര്‍ക്കാര്‍ കൊണ്ട് വരാന്‍ ശ്രമിച്ചാല്‍ തന്നെ അന്ഗീകരിക്കാനും കഴിയില്ല.

    ReplyDelete
  34. വളരെ നന്ദി മഞ്ജു അവിടുത്തെ പാഠ്യരീതിയെക്കുറിച്ച് സ്വന്തം അനുഭവത്തിലൂടെ വിവരിച്ചതിന്. ഇവിടെ എന്റെ മകന്‍ ഒന്നാംതരത്തിലാണ്. ഇവിടെയും പ്രാഥമിക സ്കൂള്‍ വിദ്യാഭ്യാസം വളരെ രസകരമാണ്. ഇനിയും ഇതുപോലെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  35. "വളരെ കുറച്ചു പേര്‍,ഇംഗ്ലീഷിനു ജപ്പാന്‍കാര്‍ കൊടുക്കാത്ത പ്രാധാന്യത്തെ ഒരു കുറവായി കണ്ടു.ജപ്പാനെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് ഒരു അത്യാവശ്യമല്ല"

    ഇവിടുത്തേ Macaulayites അങ്ങനെ പറഞില്ങ്കിലെ അദ്ഭുതം ഉള്ളു.

    ജപ്പാന്‍ ഇത്ര പുരോഗമിക്കാന്‍ ഒരു പ്രധാന കാരണം അവര്‍ അവരുടെ ഭാഷ കൈവിടാത്തത് തന്നെ ആണ്.

    ReplyDelete
  36. വാർഷിക പോസ്റ്റിന് ജപ്പനുസ്കൂൾനുഭവങ്ങളുമായി ,അതെല്ലാം വിശദമായി പരിചയപ്പെടുത്തി ,ഫോട്ടോകൽ സഹിതം മനോഹരമായി വിവരിച്ചിരിക്കുന്നു കേട്ടൊ മഞ്ജു
    അഭിനന്ദനങ്ങൾ...

    ReplyDelete
  37. ബ്ലോഗിന് പിറന്നാള്‍ ആശംസകള്‍..

    വളരെ ഇന്ഫോര്‍മെടീവ് പോസ്റ്റുകള്‍ ആണ് പൊതുവേ എന്ന് പറയാന്‍ സന്തോഷമുണ്ട്.
    വീണ്ടും എഴുതു..എല്ലാ ആശംസകളും..

    ReplyDelete
  38. belated happy blog day...

    nannayi post... all the best

    ReplyDelete
  39. i loved all of your posts till the date.Love the way you described about Japan.Its nice to know about other cultures and places.Pls keep writing.
    :)

    ReplyDelete
  40. പ്രിയപ്പെട്ട മനോജ്‌ സാന്‍,
    വളരെ ഹൃദയമായി കണ്ണന്റെ സ്ക്കൂള്‍ വിവരങ്ങള്‍ പറഞ്ഞു തന്നതില്‍ സന്തോഷം!ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍...ഉദയ സൂര്യന്റെ നാടിനെ കുറിച്ച് ഇനിയും എഴുതണം...
    ഇപ്പോള്‍ നാട്ടില്‍ ഒരു പാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്...കുട്ടികള്‍ തൂക്കി നടക്കുന്ന ബാഗിന്റെ വെയിറ്റ് വരെ തീരുമാനിച്ചിട്ടുണ്ട്.....കുട്ടികളെ ശിക്ഷിക്കാന്‍ പാടില്ല...പ്രവര്‍ത്തിയിലൂടെ പാഠങ്ങള്‍ മനസ്സിലാക്കണം...യോഗ ക്ലാസ്സ്‌ ഉണ്ട്...ആഴ്ചയില്‍ ഒരു സിനിമയെങ്കിലും കുട്ടികളെ കാണിച്ചു കൊടുക്കണം.....ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക് നല്ല ആശ്വാസമുണ്ട്........വിദ്യാഭാസം ഒരു നല്ല മാറ്റത്തില്‍ ആണ് എന്നത് പ്രതീക്ഷ നല്‍കുന്നു!കേന്ദ്രിയ വിദ്യാലയ വിശേഷങ്ങള്‍ ഞാന്‍ പറഞ്ഞത് കേട്ടോ...
    ആ കൊച്ചു കുട്ടികള്‍ എത്ര നന്നായി നന്ദി പറഞ്ഞു!ഈ പോസ്റ്റ്‌ ഒത്തിരി ഇഷ്ടമായി...
    ആശംസകള്‍...
    സസ്നേഹം,
    അനു

    ReplyDelete
  41. ഹൃദ്യമായ പിറന്നാളാശംസകൾ

    ReplyDelete
  42. വളരെ ഇഷ്ടമായി ഈ ലേഖനം.
    തൃശ്ശൂരില്‍ നിന്ന് ആശംസകള്‍

    ReplyDelete
  43. മനോജ് സാൻ...
    ജപ്പാനിലെ വിശേഷങ്ങൾ ഇതുപോലെ പകർന്ന് തരുന്നതിന് നന്ദി. ജപ്പാനിലേക്ക് വരാനാകാതെ പോകുന്ന എന്നെപ്പോലുള്ളവർക്ക് ഈ വിശേഷങ്ങൾ തരുന്ന സന്തോഷം വളരെ വലുതാണ്. ഇതുപോലെ ഇനിയും വിശേഷങ്ങൾ പങ്കുവെക്കുമല്ലോ. :)

    ജപ്പാന്‍കാരുടെ ഗ്രീറ്റിങ്ങ്സ് വളരെ പ്രശസ്തമാണ്.ഓരോ വാചകത്തിലും അവര്‍ ക്ഷമ ചോദിക്കും,എന്ത് പറഞ്ഞാലും നന്ദി പറയും,തല കുനിക്കും.ഫോണ്‍ ചെയ്താല്‍ പോലും തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം എന്ന് പറഞ്ഞെ തുടങ്ങുകയുള്ളൂ.

    അബുദാബിയിൽ ബുന്ദുക്ക് എന്ന് പേരുള്ള ഒരു ജപ്പാൻ എണ്ണക്കമ്പനിയിലെ ഉദ്യോഗസ്തരുമായി ഇടപഴകാൻ അവസരം കിട്ടാറുള്ളതുകൊണ്ട് ഇക്കാര്യത്തിൽ എനിക്ക് നേരിട്ട് അനുഭവമുണ്ട്.

    ReplyDelete
  44. അപ്പുവിനും(മൂന്നാം ക്ലാസ്സ് ) കണ്ണനും (6) ജാപ്പനീസ് സ്കൂളിനെപ്പ്റ്റി പറയാനെ സമയമുള്ളൂ...കാരണം ഷിൻ സാൻ , നൊബിത അവർക്കിഷ്ട്മ്മുള്ള കാർട്ടൂൺ താരങ്ങൾ.. ആശംസകൾ...

    ReplyDelete
  45. പ്രിയപ്പെട്ട മനോജ്‌ സാന്‍, നിങ്ങളുടെ ജപ്പാന്‍ വിശേഷങ്ങള്‍ ഞാന്‍ വളരെ ആസ്വദിച്ച് വായിക്കാറുണ്ട്. ചെറുപ്പത്തില്‍ "ജപ്പാനി ബച്ചോം കാ ദേശ് പ്രേം "എന്ന ഒരു ഹിന്ദി പാഠം പഠിച്ചത് ഓര്‍ക്കുന്നു. ജപ്പാനില്‍ വന്നു കുറച്ചു നാള്‍ താമസിക്കാന്‍ കൊതിയാവുന്നു. എന്നെങ്കിലും വരാന്‍ പറ്റുമോന്നു അറിയില്ല. എങ്കിലും മഞ്ജു വിന്റെ എഴുത്തിലൂടെയും ഫോടോസിലൂടെയും അവിടെയൊക്കെ ഞാന്‍ വന്നു കഴിഞ്ഞു. വളരെ നന്ദി ...

    ReplyDelete
  46. >>>സ്കൂള്‍ എന്നാല്‍ പുസ്തകത്തില്‍ എഴുതി വച്ചിരിക്കുന്നത് മനപ്പാഠമാക്കി പരീക്ഷക്ക്‌ എഴുതി മാര്‍ക്ക്‌ മേടിക്കുന്ന സ്ഥലം മാത്രമല്ല.. ചുറ്റുപാടും എന്ത് നടക്കുന്നു എന്നറിഞ്ഞു,പ്രകൃതിയെ അറിഞ്ഞു,പാലിക്കപ്പെടെണ്ട മര്യാദകള്‍ പഠിച്ച്,വളര്‍ന്നു വലുതാകേണ്ട, ഒരു മഹത്തായ സ്ഥാപനം ആണ്<<<
    മഞ്ജു എത്ര മനോഹരമായി സത്യസന്ധമായി പറഞ്ഞു വെച്ചിരിക്കുന്നു. ഈ വാചകത്തിന് 100അടിയൊപ്പ്.
    ജപ്പാനിലെ ഭാഷാസ്നേഹത്തെ പറ്റി വായിച്ചപ്പോള്‍ അല്‍ഭുതപ്പെട്ട് പോയി. ഇവിടെ സി.ബി.എസ്. ഇ.എന്നും പറഞ്ഞു സായിപ്പിന്റെ ഇംഗ്ലീഷ്, കൊച്ചു കുഞ്ഞുങ്ങളുടെ വായിലേക്ക് തള്ളികേറ്റുന്നത് കാണുമ്പോള്‍ അറപ്പും വെറുപ്പുമാണ് അനുഭവപ്പെടുക. മലയാള ഭാഷയെ അവഗണിച്ചുള്ള ഈ പോക്ക് കാണുമ്പോള്‍ ദു:ഖവും തോന്നാറുണ്ട്. പൊങ്ങച്ചത്തില്‍ അഭിരമിക്കുന്ന ഒരു ജനത ഇതല്ലാതെ വേറെ എന്ത് കാട്ടാനാണ്. സായിപ്പ് ഇവിടെ നിന്നും പോയിട്ടും അവനോടുള്ള മാനസിക അടിമത്തം വെച്ചു പുലര്‍ത്തുന്ന ഒരു ജനത.
    ജപ്പാന്‍ എന്നും പുറത്തുള്ളവര്‍ക്ക് ഒരു നിഗൂഢ സമസ്യ തന്നെ ആയിരുന്നു.നൂറ്റാണ്ടുകളോളം അവിടത്തെ ചരിത്രം പുറത്തുള്ളവര്‍ക്ക് അജ്ഞാതമായിരുന്നു എന്നാണ് പഠിച്ചത്. ആ അവസ്ഥയില്‍ മഞ്ജുവിന്റെ ലേഖനം ആര്‍ത്തിയോടെയാണ് വായിച്ചത്.
    എന്റെ പോസ്റ്റിലെ കമന്റിനെ തുടര്‍ന്നാണ് ഞാന്‍ ഇവിടെ എത്തിയത്. ഇത്രയും നാള്‍ ഈ ബ്ലോഗ് ഞാന്‍ കാണാതെ പോയതിലെ നിരാശ മറച്ച് വെക്കുന്നില്ല.തുടര്‍ന്നും എഴുതുക.മകന്‍ ഉള്‍പ്പടെ എല്ലാ കുടുംബാംഗള്‍ക്കും നന്മ നേരുന്നു....

    ReplyDelete
  47. വളരെ നല്ല പോസ്റ്റ്...

    ReplyDelete
  48. മഞ്ജുസാന്‍, യാത്രാവിവരണസമ്മാനം നേടിയതില്‍ അഭിനന്ദനങ്ങള്‍..

    ReplyDelete
  49. നിശാസുരഭി... നന്ദി... ഇവിടെ കമന്റ്‌ ചെയ്ത എല്ലാവര്ക്കും നന്ദി.... ഒരു യാത്രാവിവരണ സമ്മാനം നേടിയതില്‍ മനസ്സ് നിറഞ്ഞ സന്തോഷം മാത്രം:)))

    ReplyDelete
  50. ഈ നല്ല പോസ്റ്റ് ഞാന്‍ എങ്ങനെ മിസ്സാക്കി എന്ന് മനസ്സിലാകുന്നില്ല. ഓഫീസ് തിരക്കുകള്‍ കാരണം ജൂണില്‍ കുറേ നല്ല പോസ്റ്റുകള്‍ മിസ്സായിട്ടുണ്ട്. എല്ലാം തപ്പിപ്പിടിക്കണം. നമ്മുടെ നാട്ടിലും എല്ലാവരും കുഞ്ഞുങ്ങളെ പഠിപ്പിയ്ക്കേണ്ടിയിരിക്കുന്നു - ഒരു നന്ദിവാക്ക് പറയാന്‍. ഒരു നന്മയെ അര്‍ഹിക്കുന്ന രീതിയില്‍ അപ്രീഷിയേറ്റ് ചെയ്യാന്‍. People who feel good about themselves produce good results! :)

    ReplyDelete
  51. എന്റെ ഇരട്ടയായ മക്കൾ സൽഹയും സൽജയും ഇത്തവണ പ്ലസ് വൺ മാർക്കടിസ്ഥാനത്തിൽ രണ്ട് സ്ക്കൂളിലാണ്‌ പഠിക്കുന്നത്.രണ്ടു പേരും സയൻസാണ്‌ എടുത്തിരിക്കുന്നത്.രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ,സൽഹയ്ക്ക് ബയോളജി ഇംഗ്ലീഷിലും സൽജയ്ക്ക് മലയാളത്തിലും ആണ്‌.രണ്ട് സ്കൂളും മലയാളം മീഡിയവും ആണുതാനും. ഇംസ്ല്ലീഷിൽ പഠിക്കുന്നവൾ റ്റ്യൂഷൻ തേടേണ്ട അവസ്ഥയിലുമാണ്‌.എന്നാൽ മലയാളം കാരിയുമായി സഹകരിച്ച് പഠിക്കാൻ ശ്രമിച്ചാലൊ മലയാളം കാരി ഒരു പാഠം പിന്നിലുമാണ്‌.ഇങ്ങനെയൊക്കെയാണ്‌ നമ്മുടെ വിദ്യാഭ്യാസ മലക്കം മറിയൽ.
    സ്വന്തം പൗരന്മാരെ രാഷ്ട്രീയ കയ്യാങ്കളിയും കയ്യിട്ടുവാരലും വികസനരാഹിത്യവും പഠിപ്പിക്കാനേ താത്പര്യമുള്ളു നമ്മുടെ സർക്കാരിന്‌.

    എന്തു ചെയ്യാം. നിഷ്ക്രിയരായി നമ്മൾ.!!

    ReplyDelete
  52. ഈ നല്ല അനുഭവം പങ്കുവച്ചതിനു നന്ദി. നമ്മുടെ നാട്ടില്‍ വിദ്യാഭ്യാസം ഉത്പന്നമാണല്ലോ. നമ്മള്‍ മലയാളികള്‍ ഇതൊക്കെ ആശിക്കുക എന്നല്ലാതെ മറ്റെന്താണ് ചെയ്യുക? നമ്മുടെ മന്ത്രിമാരും ഉദ്യോഗസ്ഥരും വിദ്യാഭ്യാസകച്ചവടക്കാരും ഈ ബ്ലോഗ്‌ വായിച്ചിരുന്നെങ്കില്‍... ഇതും ഒരു ആഗ്രഹം മാത്രമാണ്.

    ReplyDelete
  53. ഒരു ഗൂഗിള്‍ ഗ്രൂപ്പിലെ പോസ്റ്റിങില്‍ നിന്നാണ് ഈ ബ്ലോഗിനെക്കുറിച്ച് അറിയുന്നത്. തീര്‍ച്ചയായും നന്നായി എഴുതിയിരിക്കുന്നു.

    ജപ്പാന്‍കാരുടെ മാതൃഭാഷാസ്‌നേഹം എന്നെ അത്ഭുതപ്പെടുത്തിയ ഒരു സന്ദര്‍ഭം ഓര്‍ക്കുന്നു. ഒരു ജപ്പാന്‍ സുഹൃത്തിനൊപ്പം കേരളത്തില്‍ സഞ്ചരിക്കാന്‍ ഒരിക്കല്‍ അവസരം കിട്ടി. ഒന്നര പതിറ്റാണ്ട് മുമ്പാണ്. അന്ന് കേരളത്തില്‍ ഇന്റര്‍നെറ്റൊന്നും ഇല്ല. ജപ്പാന്‍കാരനായ സുഹൃത്ത് നാട്ടിലേക്ക് മുറയ്ക്ക് കത്തയയ്ക്കും. മിക്കപ്പോഴും പോസ്റ്റുചെയ്യാന്‍ എന്നെയാകും ഏല്‍പ്പിക്കുക. അതിലുള്ള അഡ്രസ്സ് എഴുത്തായിരുന്നു ഏറെ ആകര്‍ഷകം. ആളുടെ പേര്, വീട്ടുപേര്, സ്ട്രീറ്റ് നാമം, പോസ്‌റ്റോഫീസ്, പട്ടണം എല്ലാം ജാപ്പനീസ് ഭാഷയില്‍. അവസാനത്തെ ഒറ്റ ലൈന്‍ (രാജ്യം) മാത്രം ഇംഗ്ലീഷില്‍! അതുമതി. ജപ്പാനിലെത്തുന്നത് വരെയേ ഇംഗ്ലീഷിന്റെ ആവശ്യമുള്ളൂ.

    ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്, കേരളത്തിലേക്ക് കത്തയ്ക്കുന്ന ആരെങ്കിലും എന്നെങ്കിലും ഈ രീതി പരീക്ഷിക്കുമോയെന്ന്!

    ReplyDelete
  54. മാതൃഭൂമിയില്‍ എത്തിയിരിക്കുന്നു. :) ആശംസകള്‍......സസ്നേഹം

    ReplyDelete
  55. https://plus.google.com/113732876885731866213/posts/TZzQEhkMBJi?authuser=0

    ReplyDelete
  56. മാതൃഭൂമി സ്ത്രീ ബ്ലോഗ് വഴി എത്തിയതാണ്. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
  57. http://www.mathrubhumi.com/mb4eves/
    മാതൃഭൂമി സ്ത്രീബ്ലോഗ് ലിങ്ക്,
    ശാസ്ത്ര ഗതി വായിച്ചില്ല, ജാപ്പനീസ് സ്ക്കൂൾ അവിടെയും എത്തിയിരിക്കുന്നു. ആശംസകൾ,,,

    ReplyDelete
  58. പുസ്തകക്കെട്ടുകൾ ചുമക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസം എന്ന് തെളിയിക്കുന്ന വരികൾ..ഈ ജാപ്പാനീസ് വിവരണത്തിനു നന്ദി..അവിടുത്തെ ഭാഷയെയും എഴുത്തിനെയും ഒക്കെ കൂടുതൽ എഴുതൂ..വായിക്കാൻ കാത്തിരിയ്ക്കുന്നു..

    ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന ലളിതമായ രചനാരീതി നന്നായി.

    വെയിലത്ത്‌ നടക്കുന്ന കാര്യം ആലോചിച്ചപ്പോള്‍ കുറച്ചു വിഷമം തോന്നിയെങ്കിലും ഞാന്‍ വരാം എന്ന് സമ്മതിച്ചു

    ങും..മനസ്സിലായി...

    ആശംസകൾ !

    ReplyDelete
  59. ശാസ്ട്രഗതിയുടെ പഴയ പേജുകള്‍ യാദൃചികമായി മറിച്ചു നോക്കിയപോള്‍ ആണ് ഈ അനുഭവ കുറിപ് കണ്ടത് ,ഇതു വായിച്ചപോള്‍ കൊബായാഷി മാസ്റ്ററുടെ പ്രിയപ്പെട്ട വിദ്യാർത്ഥിയായി ടോട്ടോചാൻ ആണ് മനസിലേക്ക് കടന്നു വന്നത് ,മലയാളത്തിനും ,സര്‍ഗര്ത്മക വിദ്യാഭ്യാസം ത്തിനും വേണ്ടി സ്വപ്നം കാണുന്ന എന്നെ പോലുള്ളവര്‍ക്ക് ആത്മധര്യം നല്‍കുന്ന ഒന്നാകുന്നു ഈ കുറിപ്പ് .ഒരു " കൊരോസോവ " സിനിമ കാണുമ്പോള്‍ കിട്ടുന്ന അനുഭൂതി പോലെ ..നന്ദി മഞ്ജു.

    ReplyDelete
  60. wow...it was an amazing experience to visit your blog Manju. you have written it so well and i loved reading... i'm short of time at the moment..i'm sure that i'll come back soon and going to read all the old posts. I have not activated my malayalam font and i don't want to write in manglish..i feel odd to talk in English here, when everyone talk in malayalam..Thank you so much for such a lovely blog.

    ReplyDelete