Monday, May 20, 2013

കറിവേപ്പില


ബ്ലോഗ്‌ തുടങ്ങിയ കാലം മുതൽ തന്നെ നൊസ്റ്റാൾജിയ എന്ന പതിവുകാര്യം എന്റെ ബ്ലോഗിൽ വേണ്ട എന്ന് തീരുമാനിച്ചിരുന്നു ഞാൻ. പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു ബാല്യം ആയതു കൊണ്ടാവാം,കഴിഞ്ഞു പോയ കാലത്തെ കുറിച്ച് കൂടുതൽ ഓർത്ത്‌ വിഷമിക്കുകയോ സന്തോഷിക്കുകയോ ചെയ്യാത്തത് കൊണ്ടും ആകാം അങ്ങനെ ഒരു തീരുമാനം എടുത്തത്‌.അച്ഛനമ്മമാർ ഉദ്യോഗസ്ഥർ ആയിരുന്ന വളരെ സാധാരണം ആയ ഒരു ബാല്യകൌമാരം ആയിരുന്നു എന്റേത്. പ്രത്യേകിച്ച് ഓർത്ത്‌ വയ്ക്കാൻ ഒന്ന് തന്നെ ഇല്ലായിരുന്നു താനും. എന്നിട്ടിപ്പോൾ എന്തിനാണ് എന്റെ മനസ്സ് ഒരു നൊസ്റ്റാൾജിയയിലേക്ക് ,അതും എന്റെ അനുവാദം ഇല്ലാതെ പായുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.നാട് വിട്ടിട്ട് കുറെയധികം വർഷങ്ങൾ ആയതു കൊണ്ടോ,നാട്ടിൽ ഒന്ന് പോയി വന്നിട്ട് നാല് വര്ഷം കഴിഞ്ഞതിന്റെ നീറ്റലോ ,അതുമല്ലെങ്കിൽ കുഞ്ഞുന്നാളിൽ മനസ്സിനെ അത്രമേൽ സ്വാധീനിച്ച ചില ഗന്ധങ്ങൾ എന്നെ തേടി ഇപ്പോൾ എത്തിയതുകൊണ്ടോ .... ആർക്കറിയാം മനസ്സിന്റെ വിചിത്രത.!!!!!

കഴിഞ്ഞു പോയ പന്ത്രണ്ടു വർഷങ്ങൾ ജപ്പാൻ എന്ന വിദേശ രാജ്യത്ത്,ആ നാടിന്റെ എല്ലാ നന്മകളും ഉൾക്കൊണ്ട്‌ ,ഇതുവരെയുള്ള ജീവിതത്തിലെ ഏറ്റവും നല്ല കാലം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു കാലഘട്ടത്തിൽ ആയിരുന്നു ഞാൻ.സ്വന്തം നാട് എന്ന് എന്റെ കുട്ടികൾ ഇപ്പോഴും കരുതുന്നത് ജപ്പാനിലെ ആ കൊച്ചു ഗ്രാമത്തിനെ ആണ്.ആകെ അവിടെ ഉണ്ടായിരുന്ന വിദേശികൾ ഞങ്ങൾ ആയതു കൊണ്ട് എല്ലാവര്ക്കും ഞങ്ങളെ അറിയാം.ആരോടും അങ്ങനെ പെട്ടന്ന് അടുക്കാത്തവർ ആണ് ജാപ്പനീസ് ആളുകള് എന്ന് കേട്ടിട്ടുണ്ടായിരുന്നെങ്കിലും എന്റെ അനുഭവം നേരെ മറിച്ചായിരുന്നു. ഒരു പാട് കൂട്ടുകാര്,എന്ത് സഹായവും ചെയ്തു തരുന്നവർ ,എന്റെ നീണ്ട ജപ്പാൻ വാസത്തിലൂടെ ഞാൻ നേടിയെടുത്ത വിലമതിക്കാനാവാത്ത നിധിയാണ്‌ എന്റെ ആ കൂട്ടുകാർ. അമ്മയുടെ പ്രായമുള്ളവർ വരെ കൂട്ടുകാര്. അവരുടെ ഒക്കെ വീട്ടിലെ അമ്മൂമ്മമാർ എന്റെയും അമ്മൂമ്മ. ആഴത്തിൽ വേരോടിയ ഒരു വൃക്ഷത്തെ പറിച്ചെടുത്തതു പോലെ ,ആറു മാസങ്ങൾക്ക് മുൻപ് അവിടെ നിന്നും വിട പറയുമ്പോൾ ,എന്റെ ഹൃദയം വിങ്ങിയത് പോലെ ഒരു കാലത്തും ഞാൻ സങ്കടപെട്ടിട്ടില്ല.

അമേരിക്കയിലെക്കാണ്‌ മാറ്റം എന്നറിഞ്ഞപ്പോൾ ബന്ധുക്കളും വീട്ടുകാരും നാട്ടുകാരും ഒക്കെ ഒരുപാട് സന്തോഷിച്ചു .അതങ്ങനെ ആണ് ,അമേരിക്ക ഇന്നും ആളുകള്ക്ക് സ്വപ്നഭൂമി തന്നെ. പക്ഷെ എനിക്കോ...ജോലിയിലുണ്ടാകുന്ന നേട്ടം സന്തോഷിപ്പിച്ചെങ്കിലും ജപ്പാനോട് എന്നെന്നേക്കുമായി വിട പറയുന്ന കാര്യം ആലോചിക്കാൻ പോലും വയ്യായിരുന്നു. പക്ഷെ അനിവാര്യമായത് നടന്നേ തീരു.അങ്ങനെ രണ്ടു വയസു മുതൽ പതിനാലു വയസു വരെ കൂട്ട് കൂടി കളിച്ചു വലുതായ കൂട്ടുകാരിൽ നിന്നും എന്റെ മകളെയും ,ജനിച്ചപ്പോൾ മുതൽ ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരിൽ നിന്ന് എന്റെ മകനെയും ,വീട്ടുകരെക്കാൾ എന്നെ മനസ്സിലാക്കിയ,സ്നേഹിച്ച, എന്റെ കൂട്ടുകാരിൽ നിന്നും എന്നെതന്നെയും തട്ടിപ്പറിച്ചെടുത്ത് ഞങ്ങൾ അമേരിക്കയിൽ എത്തി.ഓണ്‍ലൈനിൽ കാണുന്ന മറ്റു കൂട്ടുകാരുടെയും സ്വന്തക്കാരുടെയും ചോദ്യങ്ങൾ എല്ലാം ഒന്ന് തന്നെ... എങ്ങനെ ഉണ്ട് അമേരിക്ക?അവര്ക്ക് തൃപ്തികരമായ തരത്തിൽ ഒരു മറുപടി എന്റെ പക്കൽ ഇല്ല.കാരണം ജപ്പാനിൽ നിന്നും അത്രമാത്രം പ്രത്യേകത എന്ന് പറയാൻ ഒന്നുമില്ല ഇവിടെ.ജീവിതശൈലികൾ,ചുറ്റുപാടുകൾ,സ്കൂൾ,റോഡുകൾ, ഷോപ്പിംഗ്‌ മാളുകൾ എല്ലാം ഒരുപോലെ .ആകെപ്പാടെ പ്രത്യേകത എന്ന് പറയാവുന്നത് എല്ലാത്തിന്റെയും വലുപ്പം ആണ്.ഇവിടെ കാണുന്നതിന്റെ എല്ലാം മിനിയേച്ചർ രൂപം ആണ് ജപ്പാനിൽ .എന്നിട്ടും ജപ്പാനിൽ ആണ് കൂടുതൽ സൌകര്യങ്ങൾ,സുരക്ഷ എന്നൊക്കെയാണ് എനിക്ക് തോന്നുന്നത്. അവിടെ പേടിക്കാൻ ഒന്നും ഇല്ലായിരുന്നു,കുട്ടികൾ തന്നെത്താനെ സ്കൂളിൽ പോക്കും വരവും ,ഇവിടെയാണെങ്കിൽ സ്കൂൾ വരെ പേടിക്കേണ്ട സ്ഥലം ആയി മാറിയിരിക്കുന്നു.ഒരുപക്ഷെ നാളുകള്ക്ക് ശേഷം അമേരിക്കയിൽ കൂടുതൽ പരിചയം ആയി കഴിയുമ്പോൾ എന്റെ അഭിപ്രായം മാറുമായിരിക്കാം.പക്ഷെ ഇപ്പോൾ ഞാൻ ജപ്പാനെ അത്രമേൽ മിസ്സ്‌ ചെയ്യുന്നു.

എങ്കിലും വളരെ വലിയ വേറെ ഒരു പ്രത്യേകത ഉണ്ട്.ഒരുപാട് ഒരുപാട് ഇന്ത്യക്കാർ,ഒരുപാട് മലയാളികൾ ,ഇന്ത്യൻ റെസ്റ്റോറെന്റുകൾ,മലയാളി ഗ്രോസെറി ഷോപ്പുകൾ,നാട്ടിൽ കിട്ട്ടുന്ന എന്തും കിട്ടുന്ന കടകൾ. ഈയൊരു കാര്യം കഴിഞ്ഞ പന്ത്രണ്ടു വര്ഷം ആയി ഞങ്ങളുടെ ജീവിതത്തിൽ ഇല്ലായിരുന്നു. ടോക്യോയിൽ എങ്ങോ ഉള്ള ഒരു നോർത്ത് ഇന്ത്യൻ ഗ്രോസെറി കടയിൽ നിന്നും ഓണ്‍ലൈൻ വഴി വാങ്ങുന്ന ഇന്ത്യൻ സാധനങ്ങളെ ഞങ്ങൾ ഉപയോഗിച്ചിരുന്നുള്ളൂ .പിന്നെ എല്ലാം ജാപ്പനീസ് രീതിയിൽ ആയിപോയിരുന്നു ഞങ്ങൾ ഈ നീണ്ട കാലയളവിൽ .അത് കൊണ്ട് തന്നെ കുട്ടികള്ക്ക് ഇന്ത്യൻ ഭക്ഷണരീതിയുമായി അടുപ്പം കുറവായിരുന്നു.ഇപ്പോഴിതാ ഇവിടെ വന്ന ശേഷം എല്ലാ ആഴ്ചയും മലയാളി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നു,കുട്ടികൾ ഇതേവരെ കണ്ടിട്ടില്ലാത്ത തരം കൂട്ടാനുകൾ ഉണ്ടാക്കുന്നു,മലയാളം മാസികകൾ വായിക്കുന്നു,എന്തിനു,തിയേറ്ററിൽ പോയി മലയാളം സിനിമ വരെ കാണുന്നു. എന്റെ മാറ്റം കുട്ടികളെ അമ്പരപ്പിച്ചു.രണ്ടു പേരും കൂടി ഒരു ദിവസം കാര്യമായി എന്നോട് അപേക്ഷിച്ച ഒരു കാര്യം കേൾക്കണോ ? "ദയവു ചെയ്തു അമ്മ കൂട്ടാൻ ഉണ്ടാക്കുമ്പോൾ ഇത്രയധികം കറിവേപ്പില ഇടല്ലേ...ഇതിപ്പോ ഒരു കറിവേപ്പില കറി ആയി മാറി.." .ഇത് കേട്ട ഉടനെ ചിരിച്ചു കൊണ്ട് മനുവിന്റെ ആത്മഗതം .."അമ്മ വര്ഷങ്ങള്ക്ക് ശേഷം കറിവേപ്പില കണ്ടതിന്റെ ആക്രന്തമാ മക്കളെ.."

ഓരോ തവണ കടുകും കറിവേപ്പിലയും കൂട്ടാനിൽ വറുത്തിടുമ്പോൾ ഞാൻ എന്റെ കുട്ടിക്കാലത്തിലേക്കും,ഇത്രയും കാലം അടച്ചിട്ട എന്റെ മനസ്സിന്റെ ലോലമായ ഓർമകളിലേയ്ക്കും മടങ്ങി പോകുന്നത് എന്ത് കൊണ്ടായിരിക്കും...ഈ കറിവേപ്പില മണത്തിനു വലിയൊരു പങ്കുണ്ട് എന്റെ നൊസ്റ്റാൾജിയയിൽ. കുട്ടിയായിരിക്കുമ്പോൾ ഇടയ്ക്കൊക്കെ അമ്മയുടെ വീട്ടില് പോകും,ശനി ഞായറുകളിൽ .അമ്മൂമ്മയും മുത്തശ്ശനും ഉള്ള ആ പഴയ വീട്.ബസിറങ്ങി നടന്ന് ചെല്ലുന്നത് വീടിന്റെ പുറകു വശത്തേയ്ക്ക് ആണ്.ആ പറമ്പിലേയ്ക്ക് കയറുമ്പോൾ എന്റെ മൂക്കിലെയ്ക്ക് അടിച്ചു കയറുന്ന മണം ,അത് കറിവേപ്പിലയുടെത് ആയിരുന്നു.ഒരുപാട് കറിവേപ്പില മരങ്ങൾ ഉണ്ടായിരുന്നു ആ പറമ്പിൽ .മുത്തശ്ശൻ ഉണ്ടായിരുന്ന കാലം വരെ വളരെ വൃത്തിയോടെയും വെടിപ്പോടെയും കിടന്നിരുന്നു പറമ്പ് എല്ലാം. ഏതു നേരവും ഏതെങ്കിലും ചെടിയുടെ അടിയിൽ കള പറിച്ചും,വെള്ളം ഒഴിച്ചും ഇരിക്കുന്ന മുത്തശ്ശൻ ...അടുക്കളവശത്തെ പുറം വരാന്തയിൽ ചാരം ഇട്ടു തേച്ചു കഴുകി കമിഴ്‍ത്തി വച്ച ഓട്ടു ഗ്ലാസ്സുകൾ,ഓട്ടു പിഞ്ഞാണങ്ങൾ ,കിണ്ടികൾ,വിളക്കുകൾ, നിറയെ ജാതിയും,ചാമ്പയും ചക്കയും മാങ്ങയും ഒക്കെ നിറഞ്ഞു നിന്നിരുന്ന ആ വീട്,എന്നോട് ഒരുപാട് ഇഷ്ടം ഉണ്ടായിരുന്ന മുത്തശ്ശൻ ,അത്രയ്ക്കൊന്നും എന്നോട് താല്പര്യം ഇല്ലാതിരുന്ന അമ്മൂമ്മ,ചിറ്റ ,എന്നെക്കാളും രണ്ടു വയസിനു താഴെ ഉള്ള ചിറ്റയുടെ മക്കൾ,കൊച്ചമ്മാവൻ,എനിക്ക് മാത്രം കടക്കാൻ അധികാരം ഉണ്ടായിരുന്ന കൊച്ചമ്മാവന്റെ കൊച്ചു മുറി,റെഡ് ഓക്സൈഡ് ഇട്ട മിന്നുന്ന തറ,മുത്തശ്ശന്റെ ചാരുകസേരയും പാള വിശറിയും,ഓട്ടു പിഞ്ഞാണത്തിലെ കഞ്ഞി,പ്ലാവില കൊണ്ടുള്ള സ്പൂണ്‍,ഞാൻ ചെല്ലുമ്പോൾ മുഖം കറുപ്പിച്ചാണെങ്കിലും ചിറ്റയോ അമ്മൂമ്മയോ ഉണ്ടാക്കിത്തരുന്ന ഓട്ടു ഗ്ലാസിലെ ഒട്ടും സ്വാദില്ലാത്ത കാപ്പി, പ്രത്യേകതരം സ്വാദുള്ള മാങ്ങാഅച്ചാർ ,പറമ്പിന്റെ അങ്ങേ അറ്റത്തുള്ള കുളവും മോട്ടോർ ഷെഡും,ഉച്ചയ്ക്ക് ശേഷം ഏറ്റവും ഇളയ ചിറ്റയോടൊപ്പം ആ കുളത്തിൽ പോയുള്ള തുണി അലക്കൽ,ഇടയ്ക്കിടെ മുഖം വെള്ളത്തിന്‌ മുകളിൽ കാണിക്കുന്ന ആമകൾ,കുളത്തിനക്കരെ ഉള്ള വീട്ടിലെ, "മോള് എപ്പോഴാ വന്നേ " എന്ന് കുശലം ചോദിയ്ക്കാൻ വരുന്ന അമ്മൂമ്മ,സൂര്യപ്രകാശം കടന്നു വരാൻ മടിക്കുന്ന ചെറിയ ഇടവഴികൾ,നിറയെ ചാമ്പയ്ക്ക ഉണ്ടാകുന്ന ചാമ്പമരം,ജാതി, കൊച്ചമ്മവന്റെ ബൈക്ക്,അമ്മൂമ്മയുടെ നീളമുള്ള കറുകറുത്ത മുടി, അമ്മൂമ്മ അടുത്തെത്തുമ്പോഴുള്ള പേരറിയാത്ത ഏതോ തൈലത്തിന്റെ മണം ,സന്ധ്യയായാൽ വിളക്ക് കത്തിച്ചു ഉറക്കെയുള്ള നാമം ചൊല്ലൽ,അത് കഴിഞ്ഞ ഉടനെ അത്താഴം, .......എത്രയധികം ഓർമകളാണ് ഇവിടെ അമേരിക്കയിൽ ഇരുന്നു ഒരു കൂട്ടാനു കടുകും കറിവേപ്പിലയും വറുത്തിടുമ്പോൾ എന്റെ മനസ്സിലേയ്ക്ക് വരുന്നത് !!!!!!ഇത്രകാലം എവിടെയായിരുന്നു ഈ ഓർമ്മകൾ എല്ലാം??? ഒരിക്കലും ഒരിക്കലും തിരിച്ചു വരാത്ത വിധം എല്ലാം പോയിപോയ് .മുത്തശ്ശനും അമ്മൂമ്മയും ഇല്ല,എന്റെ അമ്മ ഇല്ല,ഓർമകളിൽ നിറഞ്ഞു നില്ക്കുന്ന ആ വീടില്ല,ഓട്ടു പാത്രങ്ങളും കിണ്ടികളും വിളക്കുകളും ഒക്കെ ഇപ്പൊ ആരുടെ അടുത്തായിരിക്കും?ആരെങ്കിലും അതൊക്കെ ഉപയൊഗിക്കുന്നുണ്ടാകുമോ ?

ഈ ഓർമകളെ എല്ലാം എനിക്ക് തിരിച്ചു നൽകിയ കറിവേപ്പിലയെ ഞാൻ ഒന്ന് സ്നേഹിച്ചോട്ടെ എന്നെന്റെ മക്കളോട് പറയാൻ എന്റെ മനസ്സ് വെമ്പുന്നു .പക്ഷെ വേണ്ട.ഒരിക്കലും നാട്ടിൽ താമസിച്ചിട്ടില്ലാത്ത അവർക്ക് എന്ത് മനസ്സിലാവാൻ!!അവരുടെ ഓർമ്മകളിൽ എല്ലാം സ്വന്തം കുട്ടികാലം ചിലവിട്ട ജപ്പാനിലെ ആ മനോഹര ഗ്രാമവും, അവിടുത്തെ പാടവും പറമ്പും ,സ്കൂളും കൂട്ടുകാരും ഒക്കെ ആണ് . അവരുടെ ഓർമ്മകൾ അവരുടേത് മാത്രം ആകട്ടെ.. എന്റെ ഓർമ്മകൾ എന്റെതും !!!

29 comments:

  1. നന്നായി..

    എന്നു,
    ഒരു ചേന്ദമംഗലംകാരൻ...

    ReplyDelete
  2. Manju, good start as a blogger.... you've openly and nicely described whatever nostalgic thoughts that came to your mind.. Good Job...

    ReplyDelete
  3. മനസ്സിലുള്ളതെല്ലാം നന്നായി കുടഞ്ഞിട്ടു :)...... സസ്നേഹം

    ReplyDelete
  4. ഓര്‍മ്മകളെ, കൈവള ചാര്‍ത്തി ,,,,,

    ReplyDelete
  5. ഇത്ര നൊസ്റ്റിയോ മഞ്ജൂ? ..... എന്റെ അമ്മ വീടിനെപ്പറ്റിയും ഏകദേശം ഇത് പോലെയുള്ള ഓര്‍മ്മകളാണെനിക്കുമുള്ളത്.(കൊടുങ്ങല്ലൂര്‍) “അവരുടെ ഓർമ്മകൾ അവരുടേത് മാത്രം ആകട്ടെ.. എന്റെ ഓർമ്മകൾ എന്റെതും !!!“ -എന്ന ഒടുക്കം കൊള്ളാം!

    ReplyDelete
  6. വളരെ മനോഹരമായി എഴുതി.

    വായിയ്ക്കുന്നവരെല്ലാവരും തന്നെ അവരവരുടെ കുട്ടിക്കാലം ഒരു നിമിഷമെങ്കിലും ഓര്‍ക്കും എന്നുറപ്പ്.

    ReplyDelete
  7. നന്നായിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ എപ്പഴെങ്കിലുമൊക്കെ ആ പഴയ കാലങ്ങളിലേക്കു തിരിച്ചുപോവാതിരിക്കാനാവില്ല നമുക്കു്.

    ReplyDelete
  8. ഓര്‍മ്മകള്‍ വന്ന വഴി! നൊസ്റ്റാള്‍ജിയ ഇല്ലാത്ത ആളാണ് ഞാനും. ഇനി ഇതുപോലെ വല്ലതും വരുമോ ആവോ! :)

    ReplyDelete
  9. Valare nannayirikkunnu Manjuu iniyum ezhuthanam. Kure samayathekku njanum ente kuttikkalatheykku thirichupoyi

    ReplyDelete
  10. ജപ്പാൻ പുരാണം കൊള്ളാം... :) നന്നായി അവതരിപ്പിച്ചിരിക്കുന്നു.

    കുവൈത്തിൽനിന്നും ഒരാൾ

    ReplyDelete
  11. ജപ്പാന്‍ വിട്ടുവോ?
    ജപ്പാനില്‍ നമുക്കറിയാവുന്ന ഒരു ബ്ലോഗര്‍ ഉണ്ടെന്ന് പറയാന്‍ കഴിയില്ലല്ലോ ഇനി

    ReplyDelete
  12. ഒരു കുഞ്ഞു കരിവേപ്പിലയുടെ സുഗന്ധം എങ്ങോ ഞാൻ അറിയുന്നു !

    ReplyDelete
  13. നമ്മുടെ കറിവേപ്പില സുഗന്ധം മണക്കുന്ന ഗ്രുഹാതുരത്വം നമുക്കു മാത്രമായി അവശേഷിക്കട്ടേ..കുട്ടികളുടെ ഗ്രുഹാതുരത്വം അവർക്കുള്ളതും,,അതിൽ കറിവേപ്പില നാമായീട്ട് ഇട്ടുകൊടുക്കണ്ട....വളരേ നന്നായി...ഇനിയും എഴുതു...

    ReplyDelete
  14. Kaavum kulavum kaakapoo koottavum thumbiyum thumbayumulla gramam.gramathileno en balya kaumarangal poonullanodi nadannirunnu pand poonullanodi nadannirunnu

    ReplyDelete
  15. ഈ ഒർമചെപ്പുകലിലുദെ ഞങ്ങളും നിൻറെ കൂടെ യാത്ര ചെയ്യുകയാണെന്ന് തോന്നി മഞ്ജു. ഹൃദയത്തിൽ തൊട്ടു എഴുതിയിരിക്കുന്നു.

    ReplyDelete
  16. കറിവേപ്പിലയുടെ ഗന്ധം അറിയുന്നൂ ഞാൻ,, എങ്കിലും ഇനി ജപ്പാൻ കാര്യം ഓർത്ത് അല്പം വിഷമം...

    ReplyDelete
  17. Thank you Animesh for the Smiley :)

    ReplyDelete
  18. ജോബി പുളിക്കൽ .. ചെന്നമംഗലത്തുകാരാൻ ആണോ?? എവിടെയാണ്?? സന്തോഷം നാട്ടുകാരനെ കണ്ടതിൽ :)
    പൊയ്മുഖം ..നന്ദി
    അനിൽ രാജ് ..നന്ദി..ബ്ലോഗ്‌ തുടങ്ങീട്ടു കുറെ കാലം ആയി.. കുറെ നാളായി എഴുതാറില്ലന്നു മാത്രം...
    വിനീത്... നന്ദി..:)
    ചരത് ..നന്ദി..:)
    ശശിയേട്ടാ ... നൊസ്റ്റാൾജിയ ഇല്ലാത്ത ആളെന്ന് അഹങ്കരിച്ചിട്ടുണ്ട് ഞാൻ.. അത് കൊണ്ടായിരിക്കും നൊസ്റ്റി ആയപ്പോ ഒടുക്കത്തെ നൊസ്റ്റി ..ക്ഷമിച്ചു കള :))))
    ശ്രീ ..നന്ദി..:)
    എഴുത്തുകാരി ചേച്ചി... അതെ ശെരിയാണ് പറഞ്ഞത്... എല്ലാവര്ക്കും കാണും അവരവരുടേതായ ഓർമ്മകൾ..:)
    ബിന്ദു ഉണ്ണി ... കാത്തിരുന്നോ ട്ടോ.. തീര്ച്ചയായും വരും...:)
    സ്മൈലി ചേച്ചി... നന്ദി ട്ടോ.. എഴുതാം..
    ചിന്തകൻ ..നന്ദി..:)
    ദിനേശ് ..നന്ദി
    അജിത്‌.. അതെ പന്ത്രണ്ടു വര്ഷത്തെ പാർപ്പിന് ശേഷം അവിടം വിട്ടു ...
    സുനിൽ ..നന്ദി..:)
    അതെ... അങ്ങനെ തന്നെ ആണ് ഞാനും ആലോചിക്കാറുള്ളതു ... കുട്ടികള്ക്ക് അവരുടെതായ നൊസ്റ്റാൾജിയ വേണ്ടേ?? നന്ദി ട്ടോ വായനയ്ക്ക്..
    അനോണി... നന്ദി..
    മഞ്ജു .. നന്ദി..:)
    മിനി... സാരല്യ.... ഇനിം ഒരുപാട് എഴുതാൻ ഉള്ളത് മനസ്സില് നിറച്ചിട്ടാണ് അവിടെ നിന്നും പോന്നത്...ഇനിയും ജപ്പാൻ വിശേഷങ്ങൾ ഞാൻ എഴുതും :)

    ReplyDelete
  19. മഞ്ജൂ, കറിവേപ്പിലയിലൂടെ കയറിവന്ന നൊസ്റ്റാള്‍ജിയയും ജപ്പാന്‍ വിശേഷങ്ങളും നന്നായി ട്ടോ...

    ReplyDelete
  20. നന്നായിരിക്കുന്നു.

    ReplyDelete
  21. ഒരു പ്രത്യേകതയുമില്ലാത്ത ചെറുപ്പമെന്നൊക്കെ നമുക്ക് തോന്നുന്നതാണ്.
    കഷ്ടപ്പെട്ട വളർന്നു വന്നവർ ഓരോന്നെഴുതുമ്പോൾ തോന്നുന്ന ഒരിത്!
    ഓരോ ചെറുപ്പത്തിനും പ്രത്യേകതയുണ്ട്.
    അമേരിക്കയിലെ ജാപ്പനീസ് കറിവേപ്പില ഓർമ്മകൾ നന്നായി
    അതിന്, ഗൃഹാതുരതയുടെ മണമുണ്ട്...

    തലക്കെട്ട് കറിവേപ്പില എന്നതിന് പകരം, കുറച്ചു കൂടി ആകർഷകമാക്കാമായിരുന്നു എന്നെ തോന്നുന്നു.

    ReplyDelete
  22. ഈ ഓർമകളെ എല്ലാം എനിക്ക് തിരിച്ചു
    നൽകിയ കറിവേപ്പിലയെ ഞാൻ ഒന്ന് സ്നേഹിച്ചോട്ടെ
    എന്നെന്റെ മക്കളോട് പറയാൻ എന്റെ മനസ്സ് വെമ്പുന്നു ...

    പക്ഷെ വേണ്ട.ഒരിക്കലും നാട്ടിൽ
    താമസിച്ചിട്ടില്ലാത്ത അവർക്ക് എന്ത് മനസ്സിലാവാൻ!!

    അവരുടെ ഓർമ്മകളിൽ എല്ലാം സ്വന്തം കുട്ടികാലം
    ചിലവിട്ട ജപ്പാനിലെ ആ മനോഹര ഗ്രാമവും, അവിടുത്തെ
    പാടവും പറമ്പും ,സ്കൂളും കൂട്ടുകാരും ഒക്കെ ആണ് ...

    അവരുടെ ഓർമ്മകൾ അവരുടേത് മാത്രം ആകട്ടെ..
    എന്റെ ഓർമ്മകൾ എന്റെതും !!!


    നമൊക്കെ ഒരേ തൂവൽ പക്ഷികളാണ് ..കേട്ടൊ മജ്ഞു

    ReplyDelete
  23. Hai Friend VEry NIce idhu vayichappol NAlloru Image anu MAnsil kadanu vannu poyadhu ..THank u so much ya keep it up

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. ഞാനൊരുപാട് വൈകി ഈ ബ്ലോഗിലെത്താന്‍ .. എന്നാലും എല്ലാം വായിച്ചു തീര്‍ത്തു.

    യാത്രകള്‍ നടത്താനും ഒരു രാജ്യം , അവിടത്തെ ചരിത്ര സ്മാരകങ്ങള്‍ , സംസ്കാരം എന്നിവ അറിയാനും എനിക്കും വലിയ ഇഷ്ടമാ.. അങ്ങനെ ജപ്പാനെക്കുറിച്ച് അവിടെ വളരെക്കാലമായി കഴിഞ്ഞ ഒരാളുടെ അനുഭവങ്ങള്‍ വായിച്ചതില്‍ വലിയ സന്തോഷം തോന്നുന്നു. എന്നെപ്പോലുള്ളവര്‍ ഒരാഴ്ച്ചയോ രണ്ടാഴ്ച്ചയോ കൊണ്ട് നടത്തുന്ന യാത്രകളില്‍ ലഭിക്കുന്ന പരിമിതമായ അറിവിനേക്കാള്‍ എത്രയോ വലുതാണിത്. പ്രത്യേകിച്ച് അവരുടെ ഉപചാര രീതികള്‍ , സ്കൂള്‍ യാത്ര നടത്തി വന്നപ്പോളുള്ള കുട്ടികളുടെ നന്ദി പറച്ചിലെല്ലാം എനിക്ക് പുതിയൊരറിവായിരുന്നു.

    ചേച്ചിക്ക് ഇതിനെ ഒന്നു വിപുലീകരിച്ച് എഴുതാനുള്ള ശ്രമം നടത്തിക്കൂടെ? അവിടത്തെ ആളുകള്‍ (പരിചയക്കാരും അല്ലാതെയുമുള്ള) , അവരുടെ കഥകള്‍ ,ജീവിതം , രീതികള്‍ , താങ്കളുടെ അനുഭവങ്ങള്‍ , വളരുന്ന കുട്ടികള്‍ എല്ലാം ഉള്‍പെടുത്തി ഒരു പുസ്തകമാക്കാമല്ലോ... നമ്മുടെ നാട്ടിലുള്ളവര്‍ക്ക് ജപ്പാനെക്കുറിച്ച് നല്ലൊരു അറിവും ലഭിക്കും. ഒരു സംസ്കാരത്തെ പരിചയപ്പെടാനുള്ള അവസരവും ലഭിക്കും .

    പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  26. ഇതൊരു പുതിയതരം കറിവേപ്പില തന്നെ. കറിവേപ്പിലയ്ക്ക്‌ നമ്മള്‍ പരമ്പരാഗതമായി കൊടുത്തിട്ടുള്ള സ്ഥാനം ഇതല്ലല്ലോ. മണത്തിനായി മാത്രം ഉപയോഗിച്ചതിനുശേഷം കഴിക്കുന്നതിനുമുമ്പായി പുറത്തുകളയേണ്ടുന്ന ഒന്ന്‌. അങ്ങനെയുള്ള കറിവേപ്പിലയ്ക്ക്‌ ഇത്രയും കഴിവുണ്ടായി എന്നത്‌ സന്തോഷം തരുന്നു. കറിവേപ്പിലകള്‍ക്കും ഇനി തല ഉയര്‍ത്തി നില്‍ക്കാം. കറിവേപ്പിലയെ ചേര്‍ത്തുള്ള ആ പ്രയോഗം നമുക്ക്‌ മാറ്റി എഴുതാം.

    ReplyDelete
  27. ഇതൊരു പുതിയതരം കറിവേപ്പില തന്നെ. കറിവേപ്പിലയ്ക്ക്‌ നമ്മള്‍ പരമ്പരാഗതമായി കൊടുത്തിട്ടുള്ള സ്ഥാനം ഇതല്ലല്ലോ. മണത്തിനായി മാത്രം ഉപയോഗിച്ചതിനുശേഷം കഴിക്കുന്നതിനുമുമ്പായി പുറത്തുകളയേണ്ടുന്ന ഒന്ന്‌. അങ്ങനെയുള്ള കറിവേപ്പിലയ്ക്ക്‌ ഇത്രയും കഴിവുണ്ടായി എന്നത്‌ സന്തോഷം തരുന്നു. കറിവേപ്പിലകള്‍ക്കും ഇനി തല ഉയര്‍ത്തി നില്‍ക്കാം. കറിവേപ്പിലയെ ചേര്‍ത്തുള്ള ആ പ്രയോഗം നമുക്ക്‌ മാറ്റി എഴുതാം.

    ReplyDelete