Wednesday, December 14, 2011

അരിഗാത്തോ ഗോസായിമസ് (നന്ദി)


ജപ്പാനെ കുറിച്ച് കുറച്ചെങ്കിലും അറിയാവുന്നവര്‍ക്കൊക്കെ ഈ ജനതയുടെ മര്യാദപൂര്‍ണ്ണമായ പെരുമാറ്റത്തെക്കുറിച്ചും അറിയാമായിരിക്കും.അതില്‍ രാവിലെ ഉള്ള "സുപ്രഭാതം" മുതല്‍ ഓരോ മിനുട്ടിലും പല പ്രാവശ്യം ഉള്ള "നന്ദി","നമസ്ക്കാരം" ,"ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം" അങ്ങനെ പലതും പെടും.ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ നിന്നും കൊടുത്തയക്കുന്ന ചോദ്യാവലിയില്‍ പ്രത്യേകം ചോദിക്കുന്ന ഒരു കാര്യം "കുട്ടികള്‍ രാവിലെ എഴുന്നേറ്റു ഗ്രീറ്റിങ്ങ്സ് പറയാറുണ്ടോ?കുട്ടികള്‍ ആണോ അതോ മാതാപിതാക്കള്‍ ആണോ ആദ്യം പറയുന്നത്?"എന്നൊക്കെയാണ്.ഇതില്‍ നിന്നും തന്നെ മനസ്സിലാകും ഗ്രീറ്റിങ്ങ്സ് നു ഇവിടെ ഉള്ള പ്രാധാന്യം. വര്‍ത്തമാനം പറയാന്‍ തുടങ്ങുന്ന കൊച്ചു കുട്ടികളെ ആദ്യം പഠിപ്പിക്കുന്നത്‌ "കോണിച്ചിവ" എന്ന് പറയാന്‍ ആണ്.അതായതു നമ്മള്‍(മലയാളികള്‍ അല്ല,ഇന്ത്യക്കാര്‍)ആരെയെങ്കിലും കാണുമ്പോള്‍ പറയുന്ന "നമസ്തേ".പിന്നെ സുപ്രഭാതം,നന്ദി ഇതൊക്കെ ആണ് കുഞ്ഞിനെ ആദ്യം പഠിപ്പിക്കുന്ന വാക്കുകള്‍.അത്ഭുതം തോന്നുന്നു അല്ലെ...


ഇവിടെ കുട്ടികള്‍ സാധാരണയായി നടന്നാണ് സ്കൂളില്‍ പോകുന്നത്.പേടിക്കാനായി ഒന്നും ഇല്ലെങ്കിലും സ്കൂളില്‍ നിന്നും ഒരു മുന്‍കരുതല്‍ എന്ന പോലെ ഒരു വോളണ്ടിയര്‍ പ്രോഗ്രാം ചെയ്യുന്നുണ്ട്.റിട്ടയര്‍ ആയ അപ്പൂപ്പന്മാര്‍,അമ്മൂമ്മമാര്‍ ഒക്കെ വോളണ്ടിയര്‍ ആയി റോഡില്‍ നില്‍ക്കും,ഏതു മഞ്ഞത്തും മഴയത്തും. കൊച്ചുകുട്ടികള്‍ക്ക് സിഗ്നല്‍ കടക്കാന്‍ ഒരു ചെറു സഹായം,ഒരു ശ്രദ്ധ അത്രെയോക്കെയെ ചെയ്യേണ്ടതുള്ളൂ.വയസായവര്‍ക്ക് അതൊക്കെ സന്തോഷമുള്ള കാര്യമല്ലേ..അവര് രാവിലെ ഏഴു മണി മുതല്‍ പല പല സ്ഥലങ്ങളില്‍ ആയി റോഡില്‍ ഉണ്ടാകും.ഓരോ കുട്ടിയും കടന്നു പോകുമ്പോള്‍ "ഒഹായോ ഗോസയിമസ്(സുപ്രഭാതം)"പറയും,കുട്ടികള്‍ തിരികെയും.രാവിലെ ആരെ,എപ്പോള്‍,എവിടെ കണ്ടാലും സുപ്രഭാതം നിര്‍ബന്ധം.രാവിലെ കഴിഞ്ഞുള്ള സമയത്ത് "കോണിച്ചിവ(നമസ്തേ),കോമ്പാവ(ഗുഡ് ഈവനിംഗ്),രാത്രി ഒയാസുമിനസായി(ഗുഡ് നൈറ്റ്‌)".


ആരെങ്കിലും ഫോണ്‍ ചെയ്‌താല്‍ ആദ്യം തന്നെ ആരാണെന്നു പറഞ്ഞിട്ട് "തിരക്കുള്ള സമയത്ത് ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം"എന്നും പറഞ്ഞാണ് തുടങ്ങുക.ഒരു ഫോണ്‍ സംഭാഷണം അവസാനിപ്പിക്കാന്‍ ഇത്തിരി പാടാണ്.പത്തു തവണയെങ്കിലും നന്ദിയും ബുദ്ധിമുട്ടിച്ചതില്‍ ക്ഷമയും പറഞ്ഞെ നിര്‍ത്തൂ.അപ്പോള്‍ നമ്മളും അതൊക്കെ തന്നെ തിരിച്ചു പറയേണ്ടേ?? ജോലി സ്ഥലത്തും അതെ..അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് നീങ്ങാന്‍ മറ്റുള്ളവരോട് "സുമിമാസെന്‍(ക്ഷമിക്കൂ)" പറഞ്ഞിട്ട് വേണം.ആരെങ്കിലും ഒരു ചെറിയ കടലാസു കഷ്ണം എടുത്തു കൊടുത്താലോ തന്നാലോ പോലും ,അല്ലെങ്കില്‍ കടന്നു പോവാന്‍ കുറച്ചൊന്നു മാറി കൊടുത്താല്‍ ഒക്കെ നന്ദിയും സോറിയും പറഞ്ഞു വിഷമിപ്പിക്കും ഇവര്‍.ജോലി കഴിഞ്ഞു പോവാന്‍ നേരത്ത് പരസ്പരം നന്ദിയും ജോലിക്ഷീണം മാറട്ടെ എന്ന് ഒരു ആശംസ വേറെയും!!!!!



ഇനി നമ്മുടെ വീട്ടില്‍ ആരെങ്കിലും വന്നു എന്നിരിക്കട്ടെ.വാതില്‍ തുറന്നു അകത്തേക്ക് ക്ഷണിച്ചാല്‍ (പരിചയം ഉള്ളവരെ) മിക്കവാറും വരില്ല.വാതില്‍ക്കല്‍ നിന്ന് കാര്യം പറഞ്ഞിട്ട് പോകുന്നതാണ് പതിവ്.പക്ഷെ കൂടുതല്‍ അടുപ്പമുള്ളവരൊക്കെ സമയം ഉണ്ടെങ്കില്‍ അകത്തു വരും.അവിടെയും ,എത്ര അടുത്ത കൂട്ടുകാര്‍ ആണെങ്കിലും പറയും "ശല്യപ്പെടുത്തുന്നതില്‍ ക്ഷമിക്കണം" എന്നൊരു പത്തു പ്രാവശ്യം. അതൊക്കെ സമ്മതിച്ചു..അകത്തു വാ.. എന്ന് പറഞ്ഞാല്‍ സന്തോഷപൂരവം സമ്മതിക്കും.പക്ഷെ നമ്മുടെ ഷൂസും ചെരുപ്പുകളും അലങ്കോലമായി കിടക്കുന്ന കണ്ടാല്‍ ആദ്യം തന്നെ അതൊക്കെ അടുക്കി വയ്ക്കും, എന്നിട്ട് സ്വന്തം ഷൂസ് ഊരി വച്ച് അകത്തു കേറും. അവിടെ നമ്മള്‍ ശെരിക്കും നാണിച്ചു പോകും.അപ്പോള്‍ നമ്മളും പറയും പലവട്ടം ക്ഷമ.അതുകൊണ്ട് ആരെങ്കിലും വന്നു ബെല്‍ അടിച്ചാല്‍ ഞാന്‍ ആദ്യം ഷൂസ് ഒക്കെ ഏതു അവസ്ഥയില്‍ ആണ് എന്ന് ഒരു പരിശോധന നടത്തിയിട്ടേ വാതില്‍ തുറക്കൂ.അബദ്ധം ഒരിക്കലല്ലേ പറ്റാന്‍ പാടുള്ളൂ.


നന്നുവിന്റെ(എന്റെ മകള്‍) സ്കൂള്‍ ഓര്‍ക്കെസ്ട്ര ടീമിലെ കുട്ടികളെ പ്രാക്റ്റീസിനും മറ്റു പല പരിപാടികള്‍ക്കും ഒക്കെ ആയി പല സ്ഥലങ്ങളിലേക്ക് കൊണ്ട് പോകേണ്ടി വരാറുണ്ട്,ശനിയാഴ്ചയോ ഞായറാഴ്ചയോ ഒക്കെ.അപ്പോള്‍ കുട്ടികളെ ഗ്രൂപ്പ്‌ ആയി തിരിച്ചു,ഓരോ അമ്മമാരുടെ കാറില്‍ ആണ് കൊണ്ട് പോകുക.കാറില്‍ കേറുന്നതിനു മുന്‍പ് നാലഞ്ചു പേരടങ്ങിയ കുട്ടികള്‍ എല്ലാവരും നമ്മുടെ മുന്‍പില്‍ നിരന്നു നില്‍ക്കും.എന്നിട്ട് ആ ഗ്രൂപ്പിലെ പ്രധാനി,"ഇന്നും ഒരു ദിവസം ഞങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്നതില്‍ നന്ദി.ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം.ദയവു ചെയ്തു ഇത് ഞങ്ങള്‍ക്ക് വേണ്ടി ചെയ്തു തരൂ."ഇത്രയും പറയും.പിന്നെ എല്ലാവരും കൂടി ഒരുമിച്ചു തലകുനിച്ചു,ആ അവസാന വാചകം മാത്രം ആവര്‍ത്തിക്കും.എന്നിട്ടേ കാറില്‍ കയറൂ. അയ്യേ.... മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ വല്ലാതെ തോന്നുന്നില്ലേ...നമ്മള്‍ മലയാളികള്‍ ഇങ്ങനെയൊക്കെ പറയുന്നത് ആലോചിക്കാന്‍ കഴിയുമോ?ഒരു നന്ദി പറയുന്നത് ഔപചാരികതയാണ് എന്ന് പറയുന്നവരാണ് നമ്മള്‍.അപ്പോള്‍ ഇതൊക്കെ?? ഇനി കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ വീണ്ടും എല്ലാവരും അറ്റന്‍ഷന്‍.. പഴയ പോലെ..."അരിഗത്തോഗോസയിമസ്(നന്ദി)" ഇത്രയും പറഞ്ഞിട്ടെ പോകൂ.


ഭക്ഷണസമയത്തെ മര്യാദകളെ കുറിച്ച് കേള്‍ക്കണോ? ഭക്ഷണം ഒക്കെ എടുത്തു വച്ച് എല്ലാവരും ഇരുന്ന ശേഷം "ഇത്തദാക്കിമസ്"എന്ന് കൈകൂപ്പി പറഞ്ഞിട്ടെ ഭക്ഷണം കഴിക്കൂ.അതിനര്‍ത്ഥം ഞാന്‍ ഇത് സ്വീകരിക്കുന്നു എന്നാണ്.സ്കൂളില്‍ ഉച്ചഭക്ഷണം അവിടുന്ന് തന്നെ ആണ്.സമയം ആകുമ്പോള്‍ ഓരോ ക്ലാസ്സിന്റെ മുന്‍പിലും എത്തും,ഭക്ഷണം നിറച്ച പത്രങ്ങള്‍,കഴിക്കാനുള്ള പത്രങ്ങള്‍,ചോപ് സ്റ്റിക്ക്സ്,ഒക്കെ അടങ്ങിയ ട്രോളി.വിളമ്പുകാര്‍ കുട്ടികള്‍ ആണ്.ഓരോ ആഴ്ചയും നാല് കുട്ടികള്‍ക്ക് വീതം ഡ്യൂട്ടി.ആ കുട്ടികള്‍ ഏപ്രന്‍,മാസ്ക്,തലയില്‍ കെട്ടു(ബന്ദാന)ഒക്കെ ആയി റെഡി ആകും.മറ്റു കുട്ടികള്‍ ട്രെയും,അതില്‍ പാത്രങ്ങളും ചോപ് സ്റ്റിക്ക്സും ആയി വരിയായി നില്‍ക്കും.ചോറ് സൂപ്പ്,പാല്‍,മറ്റു വിഭവങ്ങള്‍ എന്നിവ ഓരോരുത്തര്‍ക്കായി കൊടുക്കും.എല്ലാവരും അവനവന്റെ സ്ഥലത്ത് ഇരുന്ന ശേഷം ടീച്ചറും ഇരുന്ന ശേഷം,ആരെങ്കിലും ഒരാള്‍ (അതും ഓരോ ആഴ്ചയും മാറും)ഉറക്കെ"ഇത്തദാക്കിമസ്"പിന്നെ എല്ലാവരും കഴിച്ചു കഴിഞ്ഞാല്‍ "ഗോച്ചിസോസമ"(കിട്ടിയത് സ്വീകരിച്ചു,തൃപ്തിയായി എന്നതിന് അടുത്താണ് അതിന്റെ അര്‍ഥം).ഇങ്ങനെ ഒക്കെ ദിവസവും ചെയ്യുന്ന കുട്ടികള്‍ക്ക് വലുതായാലും ഇതൊക്കെ പാലിച്ചു പോരാന്‍ ബുദ്ധിമുട്ട് കാണില്ല അല്ലെ.


ഏതെന്കിലും, ഓഫീസിലോ ബാങ്കിലോ പോയാല്‍ നമ്മളെ കാണുമ്പോഴെ എഴുന്നേറ്റു വരും ആരെങ്കിലും.എന്താണ് കാര്യം എന്ന് ചോദിച്ചറിഞ്ഞ ശേഷം ചെയ്യാനുള്ളത് ആ നിമിഷം തന്നെ ചെയ്യും.ചെയ്യാന്‍ കുറച്ചു സമയം ആവശ്യമുണ്ടെങ്കില്‍ തലകുനിച്ചു,ക്ഷമ ചോദിച്ചു കുറച്ചു സമയം കാത്തിരിക്കാന്‍ ആവശ്യപ്പെടും.ചെയ്തു തീര്‍ത്തു കഴിഞ്ഞാല്‍ നമ്മളെ വിളിക്കുകയോ അല്ലെങ്കില്‍ അടുത്ത് വന്നു വീണ്ടും തല കുനിച്ചു കാത്തിരിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചു കാര്യങ്ങള്‍ പറയും....


ജപ്പാനില്‍ ആദ്യമായി വന്ന സമയത്ത് എനിക്കിതൊക്കെ കാണുമ്പോള്‍ ഒരു ചമ്മല്‍ ആയിരുന്നു.പിന്നെ വല്ലാത്ത തമാശ തോന്നി.കളിയാക്കാന്‍ തോന്നി.പക്ഷെ ഇപ്പോള്‍ അങ്ങനെ അല്ല,ഗ്രീറ്റിങ്ങ്സ് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നറിയാം.കേട്ട് കേട്ട് ശീലമായി എനിക്കും.നാട്ടില്‍ ചെന്നാലോ,അല്ലെങ്കില്‍ ഓണ്‍ലൈനില്‍ കൂട്ടുകാരോട് സംസാരിക്കുമ്പോഴോ ഒക്കെ എന്തിനെങ്കിലും നന്ദി പറഞ്ഞാല്‍ ഉടനെ വരും ചോദ്യം.."നന്ദിയോ..അതെന്തിനാ..കൂട്ടുകാര്‍ തമ്മില്‍ നന്ദി ആവശ്യമില്ല"അല്ലെങ്കില്‍ "അച്ഛനുമമ്മയോടും എന്തിനാ നന്ദി പറയുന്നത്?"???

എന്റെ കുട്ടികള്‍ എന്തിനും ഏതിനും നന്ദി പറയും,തലകുനിക്കും,ക്ഷമ പറയും നൂറു വട്ടം...നാട്ടില്‍ പോയാല്‍ തമാശ ആണ്,എല്ലാവരും അവരെ കളിയാക്കും."ഓ..പിന്നെ...ഒരു സോറിയും നന്ദിയും കൊണ്ട് വന്നെക്കുന്നു.."എന്ന് പറയും.പിള്ളേര്‍ക്ക് വട്ടാവും.ഇതെന്താ ഇവിടെ ആള്‍ക്കാര്‍ക്ക് ഒരു മര്യാദ ഇല്ലേ എന്ന് ചോദിക്കും അവര്‍.അങ്ങനെയല്ല,നമ്മള്‍ നാട്ടില്‍ അത്രയ്ക്കൊന്നും പറയാറില്ല,എങ്കിലും മനസ്സില്‍ നന്ദി ഒക്കെ ഉണ്ട് എന്ന് പറഞ്ഞു മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിക്കുമെങ്കിലും അവര്‍ക്കത് മനസ്സിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്.


ഇതൊക്കെ വായിക്കുമ്പോള്‍ മലയാളി ആയ ആര്‍ക്കും തോന്നുന്ന തമാശ തന്നെ എനിക്ക് തോന്നിയിരുന്നു ആദ്യമൊക്കെ.ഇപ്പോള്‍ ശീലമായി.പക്ഷെ ശീലമായതും പ്രശ്നമാണ്,നാട്ടില്‍ ചെന്നാല്‍ കാണുന്നതെല്ലാം ഇതിനു വിപരീതം അല്ലെ...


ഒരു അനുഭവം കൂടി പറഞ്ഞിട്ട് അവസാനിപ്പിക്കാം... വേനല്‍ക്കാലത്ത് സൈക്കിള്‍ ഉപയോഗിക്കാറുണ്ട് ഞാന്‍.കഴിഞ്ഞ വേനലില്‍ ഇന്ത്യയില്‍ നിന്നും മനുവിന്റെ ഓഫീസില്‍ എത്തിയ ഒരാള്‍ക്ക് എന്റെ സൈക്കിള്‍ ഉപയോഗിക്കാന്‍ കൊടുത്തു.അദ്ദേഹം ഒരു ദിവസം അത് റെയില്‍വേ സ്റ്റേഷന്‍റെ മുന്നില്‍ വച്ച് ട്രെയിനില്‍ കേറി എങ്ങോട്ടോ പോയി.തിരിച്ചു വന്നു സൈക്കിള്‍ നോക്കിയപ്പോള്‍ കാണുന്നില്ല.പക്ഷെ ഞങ്ങളോട് മിണ്ടിയതേ
ഇല്ല.ഇവിടുത്തെ ജോലി കഴിഞ്ഞു അദ്ദേഹം തിരിച്ചു പോയി.എന്റെ സൈക്കിള്‍ തിരികെ കിട്ടിയില്ല എന്ന് ഞാന്‍ മനുവിനോട് പരാതി പറഞ്ഞു.പിന്നെ ഫോണ്‍ ചെയ്തു ചോദിച്ചപ്പോള്‍ ആണ് പുള്ളിക്കാരന്‍ സൈക്കിള്‍ കാണാതെ പോയ കാര്യം പറയുന്നത്.ഞങ്ങള്‍ അത്ഭുതപെട്ടു..ഇവിടെയും കള്ളന്മാരോ എന്ന്.കുറച്ചു ദിവസം കഴിഞ്ഞു ഒരു ഫോണ്‍,അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്നും.നിങ്ങളുടെ സൈക്കിള്‍ കാണാതെ പോകുകയുണ്ടായോ എന്നൊരു ചോദ്യം.ഉവ്വ് എന്ന് മറുപടി പറഞ്ഞപ്പോള്‍ ആ പോലീസുകാരന്‍ പറഞ്ഞു അത് സ്റ്റേഷനില്‍ ഉണ്ട്,വന്നു എടുത്തു കൊണ്ട് പോകൂ എന്ന്.ഞങ്ങള്‍ പിന്നെയും അത്ഭുതപെട്ടു സൈക്കിള്‍ എടുക്കാന്‍ പോയി.അവിടെ ചെന്നപ്പോള്‍ ആണ് വിവരം അറിയുന്നത്,അന്ന് ഞങ്ങളുടെ സുഹൃത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ വച്ചിട്ട് പോയ സൈക്കിള്‍,പൂട്ടിയിരുന്നില്ല.ട്രെയിനില്‍ വന്നിറങ്ങിയ ഏതോ ഹൈ സ്കൂള്‍ കുട്ടി മഴ കാരണം നടന്നു പോകാതെ പൂട്ടാതെ വച്ചിരുന്ന സൈക്കിള്‍ എടുത്തു കൊണ്ട് പോയി.അങ്ങനെ വല്ലപ്പോഴും ചെയ്യുന്നവര്‍ ,പ്രത്യേകിച്ച് ഹൈ സ്കൂള്‍ കുട്ടികള്‍ അത് തിരിച്ചു പോലീസ് സ്റ്റേഷനില്‍ കൊണ്ട് വയ്ക്കും.സൈക്കിള്‍ കണ്ടപ്പോള്‍ പോലീസുകാര്‍ക്ക്‌ കാര്യം മനസ്സിലായി.അവര്‍ ഇന്‍ഷുറന്‍സ്ന്റെ സീല്‍ നോക്കി ആളെ കണ്ടു പിടിച്ചു വിളിച്ചതാണ് വീട്ടിലേക്കു. എടുത്തു കൊണ്ട് പോയ കുട്ടിയ്ക്ക് വേണ്ടി പോലീസുകാരന്‍ ക്ഷമ പറഞ്ഞു.

ഇതൊക്കെ ആണ് ജപ്പാന്‍കാര്‍.എന്ന് കരുതി ജപ്പാനിലുള്ള സകലരും മാലാഖമാര്‍ ആണ് എന്നല്ല കേട്ടോ.എല്ലായിടത്തും ഉണ്ടാകും നല്ലവരും മോശം ആളുകളും.ജപ്പാന്‍കാരുടെ ചീത്ത വശങ്ങളും പലതും കണ്ടിട്ടുമുണ്ട്.പക്ഷെ മോശം കാര്യങ്ങള്‍ മറന്നു നല്ല കാര്യങ്ങള്‍ മാത്രം ഉള്ളിലേക്ക് എടുക്കുന്നതല്ലേ നല്ലത് എന്ന ചിന്തയില്‍ നിന്നാണ് ഇത് എഴുതാന്‍ തുടങ്ങിയത്..അവസാനിപ്പിക്കുന്നതും അങ്ങനെ തന്നെ.

46 comments:

  1. ജപ്പാനീസ് ക്രൂരരും എന്തും ചെയ്യാന്‍ മടിക്കാത്തവരും എന്ന ധാരണയായിരുന്നു മനസ്സില്‍ ഇത് വരെ. രണ്ടാം മഹാ യുദ്ധത്തിനു ശേഷം അതിലെ ജേതാക്കള്‍ പടച്ച് വിട്ട കഥകളായിരിക്കാം മനസ്സില്‍ ഇങ്ങിനെ ഒരു ധാരണ ഉറപ്പിക്കാന്‍ കാരണം. ഇപ്പോള്‍ ഈ പോസ്റ്റ് വായിച്ചപ്പോള്‍ ഞാന്‍ അന്തം വിട്ട് പോയി. ഇത്രത്തോളം മര്യാദക്കാര്‍ക്ക് എങ്ങിനെ ദുഷ്ടത കാണിക്കാന്‍ കഴിയും.
    പോസ്റ്റിന് നൂറു നൂറു അഭിനന്ദനങ്ങള്‍.

    ReplyDelete
  2. കോണിച്ചിവ

    എഴുത്തിനെക്കുറിച്ച് എല്ലാ തവണയും പറയുന്നതിനാല്‍ പ്രത്യേകം പറയുന്നില്ല. അത്രയും മനോഹരമാണ് ശൈലി.
    അനുഭവക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് ശരിയാണ്. ഇങ്ങിനെ ഒക്കെ ആണെന്ന് കേള്‍ക്കുമ്പോള്‍ ശരിക്കും അത്ഭുതം തോന്നുന്നുണ്ട്. ചിന്തിക്കുമ്പോള്‍ തന്നെ എന്തിനാ ഇങ്ങിനെയൊക്കെ എന്ന് തോന്നുന്നു. പക്ഷെ അതൊരു ശീലമാകുമ്പോള്‍ അത് കേള്‍ക്കുന്നവര്‍ക്ക് അവന്‍ എത്ര ചെറുതാണെങ്കിലും തന്നെയും പരിഗണിക്കുന്നു എന്ന ചിന്ത അവനില്‍ ഉണ്ടാകുന്നത് നല്ലൊരു സന്തോഷം ആണെന്ന് കാണാനാകും. സ്കൂളില്‍ നടന്നു പോകുന്ന കുട്ടിയും അവരെ ശ്രദ്ധിക്കാന്‍ വൃദ്ധരും എന്നത് നല്ലൊരു കാര്യമായി അനുഭവപ്പെട്ടു. വീട്ടില്‍ വരുന്നവര്‍ അകത്ത്‌ കയറുന്നതിനു മുന്‍പ്‌ അലങ്കോലമായി കിടക്കുന്ന ചെരുപ്പുകള്‍ നേരെയാക്കി വെക്കുക എന്നതൊക്കെ നമ്മള്‍ ചിന്തിക്കാത്തതാണെന്കിലും അനുകരിക്കേണ്ട ശീലങ്ങള്‍ തന്നെ. ഏതൊരു സ്ഥലത്തും നല്ലതും ചീത്തയും ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ അനുഭവക്കുറിപ്പിനെ ശരിയായി ഉള്‍ക്കൊള്ളാന്‍ ഉപകരിച്ചു.
    ഇത്തരത്തിലുള്ള വിവരണങ്ങളാണ് അറിയാത്ത ഒരു രാജ്യത്തെക്കുറിച്ച് ശരിയായി വിലയിരുത്താന്‍ സഹായിക്കുക.
    അഭിനന്ദനങ്ങള്‍ നല്ല കുറിപ്പിന്.

    ReplyDelete
  3. ജപ്പാന്‍ ജനതയുടെ സംസ്കാരത്തിന്റെ നല്ല വശങ്ങളെ ഇനിയും പോസ്റ്റുകളിലൂടെ പരിചയപ്പെടുത്തുമല്ലോ....

    ReplyDelete
  4. കോണിച്ചിവ...
    ഒഹായോ ഗോസയിമസ്

    ഇത്രയേറെ മര്യാദ മനസ്സിൽ കാത്തു സൂക്ഷിക്കുന്നവരാണു ജപ്പാൻ‌കാർ എന്നത് പുതിയ അറിവാണ്..ഈ അറിവ് പങ്കു വച്ചതിനു ആദ്യമേ നന്ദി പറയട്ടെ.ഇങ്ങനെയുള്ള ചിട്ടകളാണോ ജപ്പാനിൽ ആത്മഹത്യകൾ കൂടാനുള്ള കാരണവും? മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് അല്പം പോലും ഇഷ്ടപ്പെടാത്തവരാണല്ലോ പൊതുവെ മലയാളികൾ..അപ്പൊൾ ജപ്പാനിൽ നിന്നും തീർച്ചയായും പലതും പഠിക്കാനുണ്ട്.മഞ്ജു അത് എഴുതുമ്പോൾ വായിച്ചു പോകുന്നത് അറിയുന്നേ ഇല്ല.മനോഹരമായ ശൈലി..കൂടുതൽ ജാപ്പാൻ വിശേഷങ്ങൾ തുടർച്ചയായി എഴുതണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു ( ഒരു ജപ്പാൻ ശൈലി ഇരിയ്ക്കട്ടെ)

    അപ്പോൾ ഇത് കമന്റ് വായിക്കാൻ വിലയേറിയ സമയം ഉപയോഗിച്ചതിനു നന്ദി.

    ആശംസകൾ മഞ്ജു...!

    ReplyDelete
  5. മഞ്ജു..വളരെ മനോഹരമായി എഴുതിയിരിക്കുന്നു...ഓരോ രാജ്യത്തെയും ആചാരമര്യാദകൾ മനസ്സിലാക്കുമ്പോഴാണ് നമ്മൾ എത്രയോ പിന്നിലാണെന്ന് മനസ്സിലാകുന്നത്..ഇത്രയും മനോഹരമായി പെരുമാറാൻ നമ്മൾ എന്നാണോ പഠിക്കുക..? ഇതിലെ പല നല്ല കാര്യങ്ങളും നമ്മുടെ മാതാപിതാക്കൾ പിന്തുടർന്നിരുന്നു. പക്ഷേ ഇംഗ്ലീഷുകാരന്റെ സംസ്കാരത്തിനുപിന്നാലെയുള്ള പരക്കംപാച്ചിലിനിടയിൽ,പഴഞ്ചൻ രീതികളെന്ന് മുദ്രകുത്തി നാം അതെല്ലാം നഷ്ടപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

    മനോഹരമായ ഒരു വായന സമ്മാനിച്ചതിന് ഒത്തിരി അരിഗാത്തോ ഗോസായിമസ്.

    ReplyDelete
  6. ജപ്പാനിലെ സംഭവങ്ങൾ എഴുതിയത് ഒന്ന് പോലും വിടാതെ വായിക്കാറുണ്ട്, വളരെ മനോഹരം.

    ReplyDelete
  7. മഞ്ജൂ, ഇഷ്ടമായി.. :-))))

    വിവിധ നാടുകളും, ഭാഷകളും, സംസ്കാരങ്ങളും ഒക്കെ ഇഷ്ട വിഷയമാണെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇത് വരെ നാട് വിട്ടു മാറേണ്ടി വന്നിട്ടില്ല.. എന്നെങ്കിലും അവസരം കിട്ടിയാല്‍ പാഴാക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന പ്രത്യാശയുണ്ട്..

    ReplyDelete
  8. ഈ മനോഹരമായ അനുഭവക്കുറിപ്പിന് ഒരുപാട് അരിഗത്തോഗോസയിമസ് !!!

    ReplyDelete
  9. സിനിമേലും പരസ്യങ്ങളിലുമൊക്കെ കാണാറുണ്ട് ഇവരുടെ മര്യാദകള്‍. നമുക്ക് അതിശയം തോന്നും ശരിക്കും. കാരണം നമുക്കൊന്ന് സോറി പറയാനോ താങ്ക്സ് പറയാനോ ഒക്കെ ചമ്മലല്ലെ.
    നല്ല പോസ്റ്റ് മഞ്ജൂ...ഒരുപാട് നന്ദി.

    ReplyDelete
  10. ഇങ്ങിനെയൊക്കെയാണല്ലേ ജപ്പാൻകാർ. ഇനിയുമെഴുതൂ ജപ്പാൻ ജീവിതത്തേപ്പറ്റി.

    ReplyDelete
  11. അബുദാബിയിൽ ബുന്ദുക്ക് എന്ന ഒരു ജപ്പാൻ എണ്ണക്കമ്പനിയുടെ ഓഫ്‌ഷോർ പ്ലാറ്റ്‌ഫോമിൽ എണ്ണപര്യവേഷനത്തിന് പോകാറുണ്ട് ഞാൻ. കടലിന്റെ നടുക്ക് ആയതുകൊണ്ട് ഹെലികോപ്റ്ററിൽ ചെന്നിറങ്ങുമ്പോൾ മുതൽ എങ്ങനെയെങ്കിലും കരയിലേക്ക് മടങ്ങാനായിരിക്കും ആഗ്രഹം. ഒരു ദിവസം പ്ലാറ്റ്‌ഫോമിൽ ചെന്നപ്പോൾ ജോലി അന്ന് നടക്കാൻ സാദ്ധ്യതയില്ലെന്ന് മനസ്സിലായി. വന്ന ഉടനെ ഞങ്ങളെ തിരിച്ച് വിട്ടാൽ ഞങ്ങൾക്ക് വിഷമം ആകില്ലേ എന്നതാണ് ജപ്പാൻ കാരനായ കമ്പനി മാനേജറുടെ (തക്കഹാഷി) ചിന്ത. അദ്ദേഹം ക്ഷമാപണം തുടങ്ങി. ഞങ്ങൾ ഉള്ളിൽ ചിരിച്ചുകൊണ്ട് കരയിലേക്ക് മടങ്ങാമെന്നുള്ള സന്തോഷത്തിൽ നിന്നു. തക്കഹാഷി മാപ്പ് പറഞ്ഞ് പറഞ്ഞ് വശംകെട്ടു. കുഴപ്പമില്ല കുഴപ്പമില്ല എന്ന് പറഞ്ഞ് ഞങ്ങളും അവശതയായി.

    പിന്നീടൊരിക്കൻ എനിക്കയച്ച ഒരു ഡോക്യുമെന്റിൽ എന്റെ പേര് Manjo Rabindsom എന്ന് തെറ്റി എഴുതിയതിന് ക്ഷമാപണം പറഞ്ഞ് കുറിയർ വഴി വീണ്ടും ഒരു കത്ത് അയച്ചു. മെയിൽ വഴി ക്ഷമാപണങ്ങൾ വേറെയും.

    ഈ പോസ്റ്റ് വായിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ഓർമ്മയിലൂടെ കടന്ന് പോയത് ഇതൊക്കെയാണ്. എന്തായാലും കുട്ടികൾ വരിയായി നിന്ന് പറയുന്ന ആ രംഗത്തിന്റെ തീവ്രത, അതൊരു അനുഭവം തന്നെ ആണല്ലേ ? അടുപ്പമുള്ളവർക്കിടയിൽ കാര്യമായ വിഷിങ്ങ് ഒന്നും നടത്താത്ത ഒരു ജനത മലയാളികൾ മാത്രം ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്.

    അടുത്ത ജന്മം ജപ്പാനിലായിരുന്നെകിൽ എന്ന് മഞ്ജുവിന്റെ പോസ്റ്റുകളൊക്കെ വായിച്ച് കഴിയുമ്പോൾ ആഗ്രഹിക്കാറുണ്ട്.

    ReplyDelete
  12. അദ്ദേഹം ക്ഷമാപണം തുടങ്ങി. ഞങ്ങൾ ഉള്ളിൽ ചിരിച്ചുകൊണ്ട് കരയിലേക്ക് മടങ്ങാമെന്നുള്ള സന്തോഷത്തിൽ നിന്നു. തക്കഹാഷി മാപ്പ് പറഞ്ഞ് പറഞ്ഞ് വശംകെട്ടു. കുഴപ്പമില്ല കുഴപ്പമില്ല എന്ന് പറഞ്ഞ് ഞങ്ങളും അവശതയായി

    ഹ ഹ ഹ ഹ ...അത് കലക്കി മനോജ് :))))

    ReplyDelete
  13. നല്ല പോസ്റ്റ്...
    മഞ്ജുവിന്റെ ബ്ലോഗിലൂടെയാണ് ജപ്പാൻ വിശേഷങ്ങളൊക്കെ വിശദമായി അറിയുന്നത്. അതിനുമുമ്പ് ഇത്രയൊന്നും വിശദമായി ജപ്പാൻ‌കാരെ കുറിച്ച് എനിക്കറിയില്ലായിരുന്നു, അഥവാ അറിയാൻ ശ്രമിച്ചിട്ടില്ലായിരുന്നു. ഇനിയുമിനിയും ഒരുപാടെഴുതൂ മഞ്ജൂ....

    ReplyDelete
  14. കുറേകാലത്തിനു ശേഷമാണ് മഞ്ജുവിന്റെ ഒരു പോസ്റ്റ് കാണുന്നത്

    ഞാൻ ആദ്യമായി ജപ്പാനിൽ പോയപ്പോഴുള്ള ഒരു സംഭവം ഓർക്കുന്നു. ആദ്യദിവസം ഓഫീസിലെത്തി ഇമെയിൽ ഒക്കെ നോക്കിക്കൊണ്ടിരുന്നപ്പോൾ ഒരു മനുഷ്യൻ എന്റെ സീറ്റിന്റെ തൊട്ടപ്പുറത്ത് വന്ന് കുത്തിയിരിക്കുന്നു. കാര്യം മനസ്സിലാകാത്തതു കൊണ്ട് ഞാൻ ശ്രദ്ധിച്ചില്ല. പുള്ളി എന്നെ തന്നെ ആണ് നോക്കുന്നതെന്ന് തിരിച്ചറിഞ്ഞത് അഞ്ചു മിനിറ്റ് കഴിഞ്ഞാണ്.ഞാൻ അങ്ങോട്ട് മുഖം തിരിച്ചപ്പോൾ എന്റെ അടുത്തേക്ക് മെല്ലെ നീങ്ങി വന്ന് ഒരു ഡിസ്കഷനു സമയമുണ്ടോ എന്നു ചോദിച്ചു.500 പേരിൽ കൂടുതൽ ഉള്ള ഒരു ഡിപാർട്ട്മന്റിന്റെ ഹെഡ് ആണ് പുള്ളിയെതെന്ന് പിന്നെയാണ് അറിയുന്നത്. ആദ്യമായതു കൊണ്ട് ആ വിനയം കണ്ട് ഞാൻ ശെരിക്കും അമ്പരന്നു പോയി.

    പക്ഷേ ജപാൻകാരുടെ കൂടെ ജോലി ചെയ്യാൻ അത്ര എളുപ്പമൊന്നുമല്ല. ആരെയും അവർ കണ്ണടച്ചു വിശ്വസിക്കില്ല.ഭയങ്കര ഡിമാന്റിങ്ങും.എന്നാലും ഏറ്റവും പാട് ഇന്ത്യൻ പ്രൊജക്ടുകൾ തെന്നെയാണ്. കഴിഞ്ഞ രണ്ടുവർഷം ഇന്ത്യൻ പ്രൊജക്റ്റുകളിൽ പണിയെടുത്ത് നടുവൊടിഞ്ഞാണ് ഞാൻ നാടുവിടാൻ തീരുമാനിച്ചത്. :)

    സസ്നേഹം,
    പഥികൻ

    ReplyDelete
  15. അരിഗത്തോഗോസയിമസ് മഞ്ജു!! അരിഗത്തോഗോസയിമസ് !! (മഞ്ജുവിന് ജപ്പാനില്‍ എന്താണോ പറയുക). ജപ്പാന്‍ വിശേഷങ്ങളിലൂടെ ഞങ്ങളെയും ജപ്പാനില്‍ ഇടക്കിടക്ക് എത്തിക്കുന്നതിന് മഞ്ജുവിനോട് എത്ര അരിഗത്തോഗോസയിമസ് പറഞ്ഞാലും മതിയാവില്ല. അതിനേക്കാളേറെ ഇപ്പോള്‍ ഇന്ന് ഞാന്‍ അരിഗത്തോഗോസയിമസ് പറയുന്നത് ഗൂഗിളിനോടാണ്. ബസ്സ് പൂട്ടിക്കെട്ടിയത് കൊണ്ടാണല്ലോ മഞ്ജു അതില്‍ നിന്നും ഇറങ്ങി ഈ ബ്ലോഗിലേക്ക് എത്തിയത്. അതിനും ഗൂഗിളിനും ഇതിവിടെ പോസ്റ്റ് ചെയ്തതിന് മഞ്ജുവിനും അരിഗത്തോ ഗോസയിമസ്!!

    ReplyDelete
  16. Hi Manju Chechi,

    The writing is awesome. we got a chance to get to know about the Japanese culture through you.Keep it up.

    ReplyDelete
  17. Dear Manju.. coool.. I loved it. when you come back for vacation you'll feel that you are in a very uncivilized society, at least for few days. we must a lot of wisdom from japanese,like you concluded. Thanks a lot.

    ReplyDelete
  18. ഷെരീഫിക്ക... ജപ്പാന്‍കാര്‍ അങ്ങനെ തന്നെ ആയിരുന്നു പണ്ട്...അതല്ലേ രണ്ടാം ലോക മഹായുദ്ധത്തില്‍ കണ്ടത്?പക്ഷെ ആ നുക്ലിയര്‍ ബോംബ്‌ ഇവരുടെ മാനസിക നില പാടെ മാറ്റിയിട്ടുണ്ട്... ലോകത് ഇവരെ ഒരു ജനതയും അനുഭവിചിട്ടില്ലാത്തത് അല്ലെ ഇവര്‍ അനുഭവിച്ചത്? കമന്റ്‌ നു നന്ദി കേട്ടോ...

    പട്ടേപ്പാടം റാംജി... അങ്ങ് പറഞ്ഞത് തന്നെ ശേരി.. ഞാനും പണ്ട് അക്രുതിയിരുന്നു,എന്തിനു ഇത്ര ഫോര്മാലിട്ടി എന്ന്..പക്ഷെ ഇവിടെ താമസിച്ചു,ഇവരുടെ രീതികള്‍ ശീലം ആയപ്പോള്‍ ഇതുപോലുള്ള മര്യാദകള്‍ അത്യാവശ്യം ആണ് എന്ന് തോന്നിപോകുന്നു... അഭിപ്രായത്തിനു നന്ദി.

    ഫിയോനിക്സ്‌ ...നന്ദി... ഇനിയും എഴുതാം..

    സുനില്‍... ഇത്തരത്തിലുള്ള ചിട്ടകളള്‍ ആണ് ആത്മഹത്യ കൂടാന്‍ കാരണം എന്ന് തോന്നുന്നില്ല... കാരണം ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് ഇങ്ങനെ ഉള്ള ചിട്ടകളുടെ നടുവിലേക്കാണ്.അവര്‍ക്കത് പാലിക്കുക എന്നത് ഒരു ഭാരം അല്ല. അതവരുടെ ജീവിതചര്യയുടെ ഭാഗം ആണ്.ആത്മഹത്യക്ക് കാരണം വേറെ പലതും ആകാം,കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നത് പ്രധാന കാരണം ആണ് എന്ന് തോന്നുന്നു. അഭിപ്രായത്തിനു നന്ദി കേട്ടോ..

    ReplyDelete
  19. ഷിബു... അഭിപ്രായത്തിനു നന്ദി.

    മിനി..അഭിപ്രായത്തിനു നന്ദി കേട്ടോ...

    നീമ ..തീര്‍ച്ചയായും നീമയ്ക്ക് ഒരുപാട് നാടുകള്‍ കാണാനും സംസ്കാരങ്ങള്‍ കണ്ടു പഠിക്കാനും ഇട വരട്ടെ എന്ന് ആശംസിക്കുന്നു.. നന്ദി കേട്ടോ...

    ജാസി... നന്ദി...

    മുല്ല... പറഞ്ഞത് നേര്...ആധുനിക സമൂഹം എന്ന് നമ്മള്‍ മലയാളികള്‍ പറയുന്നുണ്ടെങ്കിലും,ഒരു നന്ദി പറയാന്‍ മടിയെക്കാള്‍ ഏറെ ചമ്മല്‍ തന്നെ ആണ് നമ്മുക്ക്..
    അഭിപ്രായത്തിനു നന്ദി ട്ടോ...

    എഴുത്തുകാരി ചേച്ചി... നന്ദി... ഇനിയും എഴുതാം കേട്ടോ...

    ReplyDelete
  20. മനോജ്‌.... ഷിപ്പിംഗ് കമ്പനിയിലെ അനുഭവം ചിരിപ്പിച്ചു...പക്ഷെ എനിക്ക് അത്ഭുതം തോന്നുന്നില്ല.. അത് അങ്ങനെയേ അവര്‍ പെരുമാറൂ... സംശയം ഇല്ല അതില്‍. മനോജ്‌ രവീന്ദ്രന്‍ എന്നത് രവീന്ദ്രന്‍ സാന്‍ എന്ന് വിളിച്ചതാണ് അങ്ങനെ ആയിപ്പോയത് അല്ലെ...ഹഹഹ...
    അഭിപ്രായത്തിനു നന്ദി മനോജ്‌... ജപ്പാനില്‍ ഈ ജന്മം തന്നെ ഒന്ന് വന്നു പോകവുന്നതെ ഉള്ളൂ കേട്ടോ..:))

    ബിന്ദു ..ഇനിയും എഴുതാം അകെട്ടോ... അഭിപ്രായത്തിനു നന്ദി..

    ReplyDelete
  21. “ഏതെന്കിലും, ഓഫീസിലോ ബാങ്കിലോ പോയാല്‍ നമ്മളെ കാണുമ്പോഴെ എഴുന്നേറ്റു വരും ആരെങ്കിലും.എന്താണ് കാര്യം എന്ന് ചോദിച്ചറിഞ്ഞ ശേഷം ചെയ്യാനുള്ളത് ആ നിമിഷം തന്നെ ചെയ്യും.ചെയ്യാന്‍ കുറച്ചു സമയം ആവശ്യമുണ്ടെങ്കില്‍ തലകുനിച്ചു,ക്ഷമ ചോദിച്ചു കുറച്ചു സമയം കാത്തിരിക്കാന്‍ ആവശ്യപ്പെടും.ചെയ്തു തീര്‍ത്തു കഴിഞ്ഞാല്‍ നമ്മളെ വിളിക്കുകയോ അല്ലെങ്കില്‍ അടുത്ത് വന്നു വീണ്ടും തല കുനിച്ചു കാത്തിരിക്കേണ്ടി വന്നതില്‍ ക്ഷമ ചോദിച്ചു കാര്യങ്ങള്‍ പറയും....“

    ഉപകാരം ചെയ്തവരെ പോലും തെറി വിളിച്ച് ശീലിച്ച നമ്മൾക്ക് ഇത്തരം വിദേശരാജ്യ്ങ്ങളിലൊക്കെ കാണുന്ന ഗ്രീറ്റിങ്ങ് പെരുമാറ്റ ചട്ടങ്ങളൊക്കെ കാണുമ്പോൾ അത്ഭുതമാണ് തോന്നുക അല്ലേ മജ്ഞു..
    ഒരു മനോഹരമായ അനുഭവക്കുറിപ്പാണിത് കേട്ടൊ

    ReplyDelete
  22. കോണിച്ചിവ!

    പുത്തന്‍ അറിവുകളുമായി നല്ല എഴുത്ത്.

    ജപ്പാന്‍ വിശേഷങ്ങള്‍ ഇനിയും കേള്‍ക്കട്ടെ ...

    ReplyDelete
  23. വളരെ ഇഷ്ടമായി ഈ പോസ്റ്റ്‌.
    എന്നാല്‍ ഒരു കാര്യം പറയട്ടെ ..ഈ മര്യാദ വാചകങ്ങള്‍ എല്ലയിപ്പോളും ആത്മാര്‍ത്ഥ ഉള്ളവയാണെന്ന് തോന്നിയിട്ടില്ല.കാറ്റടിച്ചു കതകു തുറക്കുമ്പോളും
    കടയിലെ പെണ്‍കുട്ടികള്‍ അറിയാതെ യാന്ത്രികമായി "ഒക്യക്ക്‌ സമ ദോസോ "(വെല്‍ക്കം മൈ ഗ്രേറ്റ്‌ കസ്റ്റമര്‍ ) എന്ന് പറയുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്.

    ReplyDelete
  24. എനിക്ക് ഇവിടെ വന്നപ്പോള്‍ മാത്രം ആണ് ജപ്പാനില്‍ നിന്നും വന്നിട്ടുള്ള ആളുകളെ അടുത്ത് അറിയാന്‍ സാധിച്ചത് ,അതിനു കാരണം മോള്‍ടെ സ്കൂളില്‍ പോകുമ്പോള്‍ ആണ് ,അവളുടെ ക്ലാസ്സില്‍ മൂന്ന് ജപ്പാനികള്‍ ഉണ്ട് .അതില്‍ ഒരു കുട്ടി ഒരു വാക്ക് പോലും ഇംഗ്ലീഷ് സംസാരിക്കില്ലായിരുന്നു .ആ കുട്ടി വേറെ 21 കുട്ടികളുടെ കൂടെആണ് നാലാം ക്ലാസ്സില്‍ ഇരിക്കുന്നത് ..ആ കൊച്ചിനെ എന്ത് കാര്യത്തിനും സഹായിക്കുന്നത് മറ്റ് രണ്ട്കുട്ടികള്‍ ആണ് .അവര് എവിടെ പോയാലും ഒരുമിച്ച് ആവും .മാസത്തില്‍ പത്തു ദിവസം എങ്കിലും ഞാന്‍ അവരെ സ്കൂളില്‍ കാണും ട്ടോ .അവര് ഇപ്പോളും ആ കുട്ട്യേ എല്ലാ കാര്യത്തിലും സഹായിച്ചു കൂടെ നില്‍ക്കുന്നത് കാണുമ്പോള്‍ അതിശയം തോന്നിയിരുന്നു .....
    ഈ പോസ്റ്റ്‌ വായിച്ചു തീര്‍ന്നപ്പോള്‍ ,നമ്മള്‍ ക്ക് പരിചിതമല്ലാത്ത പലതും ഓര്‍മ്മപ്പെടുത്തുന്നു .ഇനിയും ജപ്പാന്‍ വിശേഷങ്ങള്‍ എഴുതൂ .
    ഇതിന്റെ കൂടെതന്നെ ,
    സ്നേഹം നിറഞ്ഞ ക്രിസ്മസ് ,പുതുവത്സരാശംസകളും നേരുന്നു .....

    ReplyDelete
  25. ഇഷ്ടപ്പെട്ടു..
    അരിഗാത്തോ ഗോസായിമസ്

    ReplyDelete
  26. Conichiva Manju. Inganathe visheshangal oru thudaranayi ezhuthikoloo......vayikkan njangal ready...... go sayi arikathundennu prathyekam parayunnilla :)

    ReplyDelete
  27. നന്നായി എഴുതി മഞ്ജു.
    ജപ്പാനികളെക്കുറിച്ചുള്ള ഈ ലേഖനത്തിനു ആശംസകള്‍ .എത്രയോ നല്ല പാഠങ്ങങള്‍ നാം അവരില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു.ജപ്പാനികള്‍ സമരം ചെയ്യുന്നത് കൂടുതല്‍ നേരം പണിയെടുത്തുകൊണ്ടാണെന്നു കേട്ടിട്ടുണ്ട്. അതില്‍ വാസ്തവം ഉണ്ടോ..?

    ReplyDelete
  28. നന്ദി..മഞ്ജു..നന്ദി..
    നന്ദിയെ കുറിച്ച് ഇത്രയും നല്ല ഒരു വിവരണം തന്നതിന്.
    ജപ്പാനിലെ ഇങ്ങനെയുള്ള പെരുമാറ്റരീതികള്‍ വായിക്കുമ്പോള്‍ ശരിക്കും അത്ഭുതമാണ് തോന്നുന്നത്. മഞ്ജു പറഞ്ഞത് ശരിയാണ്. ഇവിടെ വന്നു ഇങ്ങനെയൊക്കെ പറഞ്ഞാല്‍ നമുക്ക് വട്ടാണെന്ന് വിചാരിക്കും. എന്തായാലും ഈ വിവരണങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത് ഒരു പുസ്തകം ഇറക്കണം കേട്ടോ. അതിന്റെ അവസാനം എനിക്കുള്ള ഒരു നന്ദിയും തരണേ...

    ReplyDelete
  29. ജപ്പാനിലെ വഴികളില്‍ കൂടി പോകുന്ന കുട്ടികളെ സഹായിക്കുന്ന മുതിര്‍ന്നവരുടെ മനസ്സ്...
    മലയാളികള്‍ പഠിക്കാന്‍ ഒരുപാട് കാര്യങ്ങള്‍...
    എഴുത്ത് വളരെ നന്നായിരിക്കുന്നു..ഞാന്‍ കുറച്ചു നേരം ജപ്പാനിലായിരുന്നു..

    ReplyDelete
  30. പഥികന്‍...,..ശെരിയാണ് പറഞ്ഞത്..ജപ്പാനില്‍ ജോലി വളരെ കഠിനം തന്നെ ആണ്... ഹാര്‍ഡ്‌ വര്‍ക്ക്‌ എന്നത് എന്താണെന്നു അറിഞ്ഞത് ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ ആണ്.ആരെയും വിശ്വസിക്കാത്തവരും ആണ് ഈ ജപ്പാന്‍കാര്‍........,.പക്ഷെ ഇതൊക്കെ അവരുടെ രക്തത്തില്‍ ഉള്ള മര്യാദകള്‍ ആണ്.അതിപ്പോ നല്ല ആളായാലും ചീത്ത ആളായാലും മര്യാദകള്‍ ഒക്കെ ഒരുപോലെ തന്നെ പ്രകടിപ്പിക്കും.
    അഭിപ്രായത്തിനു നന്ദി കേട്ടോ..

    നന്ദി മനോരാജ് നന്ദി... മഞ്ജു എന്നാല്‍ ഒരു ജാപ്പനീസ് പലഹാരം ആണ്:))) എന്റെ പേര് പറയുമ്പോഴേ ഇവിടെ എല്ലാവരും ചിരിക്കും... അഭിപ്രായത്തിനു നന്ദി ട്ടോ... ബസ്‌ പോയാലും പ്ലസ്‌ ഉണ്ടേ...:))

    സീമ.... താങ്ക്യൂ..

    വിനു...അഭിപ്രായത്തിനു നന്ദി കേട്ടോ...

    ReplyDelete
  31. മുരളീമുകുന്ദന്‍....,...അതെ.. ആദ്യം ആദ്യം അത്ഭുതം കൊണ്ട് വാ പൊളിച്ചു നിന്ന് പോയി... എന്തിനു ആള്‍ക്കാര്‍ ഇങ്ങനെ ഒക്കെ പറയുന്നു..എന്തിനു ഇത്ര ഫോര്മാലിട്ടി എന്നൊക്കെ... പിന്നെ പിന്നെ മനസ്സിലായി..ഇതാണ് ശേരി എന്ന്... അഭിപ്രായത്തിനു നന്ദി കേട്ടോ..

    അനില്‍കുമാര്‍ ..ഇനിയും എഴുതാം..നന്ദി കേട്ടോ...

    സോജന്‍...,... ...അങ്ങനെ തോന്നിയിട്ടുണ്ടോ ആത്മാര്‍ഥത ഇല്ലാതെ ആണ് പറയുന്നത് എന്ന്?? എനിക്ക് അങ്ങനെ ഫീല്‍ ചെയ്തിട്ടില്ല.. ഇതില്‍ ആത്മാര്‍ഥതയുടെ പ്രശ്നം ഉണ്ടോ... ഇതൊക്കെ അവരുടെ രീതി ആണ്... ഉറപ്പായും പാലിക്കേണ്ട കാര്യങ്ങള്‍...,... കസ്റ്റമര്‍ ന്റെ കാര്യത്തില്‍ ആണെങ്കില്‍,കസ്റ്റമര്‍ എന്നാല്‍ ദൈവ തുല്യം എന്നല്ലേ ഇവിടെ...
    അഭിപ്രായത്തിനു നന്ദി..കേട്ടോ..

    സിയാ... ക്രിസ്ത്മസ് പുതുവല്‍സര ആശംസകള്‍...,...:))
    ജാപ്പനീസ് നു ഇംഗ്ലീഷ് പഠിക്കാന്‍ കുറച്ചു പാടാന്..ആ കുട്ടികള്‍ കുറെ നാള്‍ അമേരികയില്‍ നില്‍ക്കുവനെന്കില്‍ ഓക്കേ ആകും എങ്കിലും... അഭിപ്രായത്തിനു നന്ദി കേട്ടോ..

    മനോജ്‌....,..നന്ദി..

    കുറുമാന്‍...,... എഴുതാം... നന്ദി.

    റോസാപ്പൂക്കള്‍... ,... അങ്ങനെ കൂടുതല്‍ പണി എടുത്താണ് സമരം എന്നൊക്കെ കേട്ടിട്ടുണ്ട് ഞാനും...പക്ഷെ കണ്ടിട്ടില്ല..കാരണം ഇത്രേം വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു സമരം പോലും കണ്ടിട്ടില്ല... അഭിപ്രായത്തിനു നന്ദി..

    മഞ്ജു... അതെ... നാട്ടില്‍ ചെന്നാല്‍ എന്നെ ഓടിക്കും ആള്‍ക്കാര്‍,അവള്‍ടെ ഒരു ജാഡ എന്ന്... അത് കൊണ്ട് എയര്‍ പിടിച്ചു നില്‍ക്കണേ പറ്റൂ...ഹഹഹ... അഭിപ്രായത്തിനു നന്ദി ....

    സിബു...അഭിപ്രായത്തിനു നന്ദി...

    ReplyDelete
  32. സൂര്യന്‍ ആദ്യം ഉദിക്കും ആ നാടിന്റെ നന്മ കണ്ടെത്തി നമ്മള്‍ക്കായി പകര്‍ന്നു നല്‍കാന്‍ തയ്യാര്‍ ആയ സഹോദരി ആ നല്ല മനസ്സിന് ആദ്യം നന്ദി പറയട്ടെ
    അവര്‍ അവരുടെ സംസക്കാരം മുറുകി പിടിച്ചു തളരാതെ മുന്നേറുമ്പോള്‍ നമ്മുടെ ഭാരതത്തിലെ നല്ല ആചാരങ്ങളെ ചവിട്ടി മെതിക്കുന്ന ഒരു രീതിയെ കുറിച്ച് ഓര്‍ത്ത്‌ ദുഖിക്കുന്നു .നല്ല ലേഖനം ഇനിയും ഇതിന്റെ രണ്ടാം ഭാഗവും പ്രതീക്ഷിക്കുന്നു ,എഴുതുമല്ലോ
    എരിപ്പിടത്തിനും നന്ദി ഇതുപോലെ ഉള്ള ഒരു നല്ല ബ്ലോഗറെ കാട്ടി തന്നതിന്

    ReplyDelete
  33. "മോശം കാര്യങ്ങള്‍ മറന്നു നല്ല കാര്യങ്ങള്‍ മാത്രം ഉള്ളിലേക്ക് എടുക്കുന്നതല്ലേ നല്ലത് "

    ReplyDelete
  34. നമ്മുടെ നാട്ടില്‍ ഈ കഥയൊക്കെ അറിഞ്ഞാല്‍ ചിരിക്കും ..ഇവിടെ ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്ത കാര്യങ്ങളാണല്ലോ..പങ്കുവച്ചതിന്‌ നന്ദി

    ReplyDelete
  35. മഞ്ജു, നല്ല പോസ്റ്റ്. ഒരു നൂറ് അനുഭവങ്ങളും, സംഭവങ്ങളുമൊക്കെയാണ് എനിക്കിത് വായിച്ചപ്പോ ഓർമ്മ വന്നത്. എന്റെ അനുഭവത്തിൽ നമ്മൾ ഇന്ത്യക്കാർ - അല്ലങ്കിൽ മലയാളികൾ മാത്രമേ ഇതുപോലെ ‘നന്ദിയും’ സോറിയും പറയുന്നതിൽ പിശുക്ക് കാണിക്കാറുള്ളു എന്നാ. ഗൾഫിലായിരുന്നപ്പോൾ പോലും രണ്ട് അറബികൾ തമ്മിൽ കണ്ട് മുട്ടിയാൽ ഒരു അഞ്ച്മിനിറ്റ് നേരത്തേക്ക് പരസ്പരം ഗ്രീറ്റിംഗ്സാ. ഇംഗ്ലീഷ്കാരുടെ കാര്യം പിന്നെ പറയണ്ട. ഇവിട്ന്ന് നാട്ടിൽ അവധിക്ക് പോകുമ്പോൾ അറിയാതെ വല്ല ‘താങ്ക്യു’ സോറി ഒക്കെ പറഞ്ഞ് പോയാൽ കേൾക്കുന്നവൻ യിവനേത് നാട്ടുകാരനാടേ എന്ന ഭാവത്തോടെ നോക്കുന്നത് കാണുമ്പോഴാ ഇവിടെയിതിന്റെയൊന്നും ആവശ്യമില്ലല്ലോന്ന് ഓർമ്മ വരുന്നത്. അപ്പോൾ, അരിഗത്തോഗോസയിമസ് .. മെറി ക്രിസ്മസ് & ഹാപ്പി ന്യു ഇയർ. :)

    ReplyDelete
  36. ഇതാണ് അല്ലെ ജപ്പാന്‍ ....

    ReplyDelete
  37. നന്മയുടെ പരിമളം പ്രസരിപ്പിച്ച ഈ പോസ്റ്റ്‌ വായിക്കാനിത്തിരി വൈകി.സോറി.
    നമ്മള്‍ മലയാളികള്‍ തന്നെ അറിയണം ഇതിലെഴുതിയ കാര്യങ്ങള്‍.
    നമ്മള്‍ എന്ത് ആനക്കാര്യം ചെയ്തു കൊടുത്താലും 'ഓ ..ഇതൊക്കെ അല്ലേലും നീ എനിക്ക് ചെയ്തു തരേണ്ടത്‌ തന്നെ.."എന്ന മനോഭാവമാണല്ലോ ഇവിടെ പലര്‍ക്കും.ഒരു നന്ദി വാക്ക് പറയാന്‍ പ്രയാസമേതുമില്ല,കേള്‍ക്കുന്നവര്‍ക്ക് അത് മനസ്സില്‍ കുളിര്‍ പരത്തും.പക്ഷെ,അത് പോലും പറയാന്‍ മടി കാണിക്കുന്നവരുടെ ഇടുങ്ങിയ മനസ്സ് കുറച്ച് കടുപ്പമാണ്.
    ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞ്‌ ഈ കമന്റ് അവസാനിപ്പിക്കാം.
    "മോശം കാര്യങ്ങള്‍ മറന്നു നല്ല കാര്യങ്ങള്‍ മാത്രം ഉള്ളിലേക്ക് എടുക്കുന്നതല്ലേ നല്ലത് എന്ന ചിന്തയില്‍ നിന്നാണ് ഇത് എഴുതാന്‍ തുടങ്ങിയത്."
    ഈ ചിന്തക്ക് ഫുള്‍ മാര്‍ക്ക്‌ !

    ReplyDelete
  38. MANJU MANOJ

    THANKS FOR THE POST AND THANKS FOR THE INFORMATION ABOUT JAPAN. KEEP WRITTING

    SAJEEV

    ReplyDelete
  39. അരിഗാത്തോ ഗോസായിമസ് ..
    ഈ വിശേഷങ്ങൾ പറഞ്ഞു തനതിനു. :)

    ReplyDelete
  40. ഇത് കാണാന്‍ വൈകി. വളരെ നന്നായിരിക്കുന്നു.
    ഞാനും ജാപ്പനീസ് പഠിക്കാന്‍ തുടങ്ങി :)

    ReplyDelete
  41. DEAR MANJU
    NANNAYITTUNDU!
    ADHIKAM INDIAKARILLATHA STHALANGALIL THAMASIKKUKA ENNATHU THEERCHAYAYUM VYTHASTHAMAYA ORU ANUBHAVAM THANNEYAYIRIKKUM ENNU OOHIKKUNNU. PAKSHE AA STALATHEKURICH KOODUTHAL ARIYAN PATTUM.
    ALL THE BEST

    ReplyDelete
  42. വളരെ താമസിച്ചു പോയി ഇവിടെ എത്താന്‍....എത്തിയത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സഹായത്താല്‍...ശാസ്ത്രഗതിയില്‍ മഞ്ചു എഴുതിയ "ജപ്പാനീസ് സ്കൂളുകളും എന്റെ കുട്ടികളും" എന്ന ലേഖനം വായിച്ചാണ് ഞാന്‍ ഇവിടെ വന്നെത്തപ്പെട്ടത്...ലേഖനം വളരെ നന്നായിട്ടുണ്ട്...നല്ല അറിവുകള്‍ പങ്ക് വെച്ചതിന് നന്ദി...

    ReplyDelete
  43. buzz ഇല്ലാത്തതു കൊണ്ടു മഞ്ജുവിനെ കണ്ടിട്ട് ഒത്തിരി ആയി..
    (എനിക്ക് എന്തോ പ്ലുസുമായി അത്ര അടുപ്പം പോര)ഇപ്പൊ പഥികന്റെ
    പോസ്റ്റില്‍ കണ്ടപ്പോള്‍ ആണ്‌ ഓടി വന്നത്..
    ഒന്ന് മെയില്‍ അയക്കണേ പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍..
    ജപ്പാനെ അറിയാന്‍ തുടങ്ങിയത് മഞ്ജുവിനെ വായിച്ചു ആണ്‌ സത്യത്തില്‍..
    ബ്ലോഗിന്റെ ഒരു പ്രത്യേകത ആണ്‌ അത്..

    ബുക്സ് ‍ വായിക്കുന്നതിനീക്കാള്‍
    നമ്മുടെ അറിവുകള്‍ വിശ്വസനീയം എന്ന് തോന്നാന്‍ സുഹൃത്തുക്കളെ വായിക്കുക..
    ഒരു കത്ത് വായിക്കുംബോലെ..അത് കൊണ്ടു ആണ്‌ പഥികനും,യാത്രികനും,
    നിരക്ഷരനും,വിനുവേട്ടനും,മുരളി ചേട്ടനും ഒക്കെ നമുക്ക് കൂടുതല്‍ പ്രിയപ്പെട്ടവര്‍
    ആകുന്നതു..

    പിന്നെ എന്‍റെ മോള്‍ക്ക്‌ മഞ്ജുവിനെ പരിചയപ്പെടണം എന്ന് പറഞ്ഞു..ഒന്ന്
    മെയില്‍ അയക്കുമോ മഞ്ജു.ഇപ്പൊ അര്‍ഥവും കിട്ടി പേരിന്റെ കേട്ടോ.. (ചോദിക്കാതെ
    ഞാന്‍ ഒരു ധയിര്യത്തില്‍ വാക്ക് കൊടുത്തു പോയി.. നോക്കിയപ്പോള്‍ മഞ്ജുവിന്റെ
    മെയില്‍ id ഇല്ല...)..എന്‍റെ മെയില്‍ id..
    vcva2009@gmail.com

    ReplyDelete
  44. വെരി വെരി അരിഗത്തോഗോസയിമസ് :) ഈ വിവരങ്ങള്‍ക്ക്..

    നമ്മള്‍ മലയാളികള്‍ക്ക് ഇല്ലാത്ത ഒരു ശീലമാണ്‌ നന്ദി പറയലും ക്ഷമ ചോദിക്കലും.. അതു പോലെ ഉള്ള അനുഗ്രഹങ്ങളില്‍ നന്ദിയില്ലാതെയിരിക്കലും.. മറ്റുള്ളവരില്‍ നിന്ന് പലതും നാം പഠിക്കേണ്ടതുണ്ട്. പക്ഷെ നമ്മള്‍ പകര്‍ത്തുക അവരില്‍ ഉള്ള നല്ല ശീലങ്ങളായിരിക്കില്ല പലപ്പോഴും എന്നതാണ്‌ വാസ്തവം..

    ReplyDelete
    Replies
    1. aashamsakal...... blogil puthiya post..... NEW GENERATION CINEMA ENNAAL...... vayikkane.............

      Delete