Saturday, August 10, 2013

പേരറിയാത്ത നൊമ്പരം

പറഞ്ഞു മനസ്സിലാക്കാൻ പറ്റാത്ത ഒരു വിഷമം മനസ്സിനെ ബാധിച്ചിട്ടു ഇതാ, ഒരു മാസം തികയുന്നു. നോക്കെത്താദൂരത്തേക്കു ഒരു യാത്ര പോയി,തിരിച്ചു എന്റെ സ്വന്തം കൂട്ടിലേക്ക് വന്നിട്ടും പറഞ്ഞറിയിക്കാനാവാത്ത ഒരു നൊമ്പരം മനസ്സില് ബാക്കി നില്ക്കുന്നു.എങ്ങനെ വിശേഷിപ്പിക്കണം അതിനെ?

ഈ വർഷവും നാട്ടിൽ പോകുക എന്ന കാര്യം നടപ്പില്ല എന്നാണ് ഒരു മാസം മുൻപ് വരെ ഞാൻ കരുതിയിരുന്നത്.പെട്ടന്ന് ഒരു ദിവസം ഒരു അത്ഭുതം പോലെ തടസ്സങ്ങൾ എന്ന് കരുതിയിരുന്ന എല്ലാം വഴിമാറി പോയപ്പോൾ ഞാൻ തന്നെ അമ്പരന്നു പോയി. പോകണോ വേണ്ടയോ എന്ന് എന്നിട്ടും പലതവണ സംശയിച്ചു.പിന്നെ മനസ്സിനെ പറഞ്ഞു ഉറപ്പിച്ചു,എല്ലാ തടസ്സങ്ങളും മാറിയത് എനിക്ക് പോകാൻ ഉള്ള ഒരു വാതിൽ തുറന്നു തരലാണ്.ആ വാതിലൂടെ ഞാൻ പോയെ പറ്റൂ. തീരുമാനം എടുത്തു കഴിഞ്ഞപ്പോൾ പിന്നെ ബാക്കി എല്ലാം എളുപ്പത്തിൽ നടന്നു,ടിക്കറ്റ്‌ ബുക്ക്‌ ചെയ്യലും നാട്ടിൽ പോകാനുള്ള ഒരുക്കങ്ങളും.രണ്ടു ദിവസത്തിനുള്ളിൽ തയ്യാറായി.

നാല് വര്ഷങ്ങള്ക്ക് ശേഷം നാട് കാണാൻ പോകുന്നു.പല സുഹൃത്തുക്കളും ചോദിച്ചു,എന്ത് തോന്നുന്നു എന്ന്. മറുപടിയ്ക്കായി ഞാൻ എന്റെ മനസ്സിലേക്ക് നോക്കി,പക്ഷെ നിശബ്ദം, ശാന്തം... ആകാംക്ഷയോ അത്യുൽസാഹമൊ ഉണ്ടായില്ല. വല്ലാത്ത ഒരു പേടി മാത്രം എന്തിനെന്നു മനസ്സിലായും ഇല്ല. ഒരു മാസത്തേയ്ക്ക് മനുവിനെ തനിച്ചാക്കി ഞാനും കുട്ടികളും പറന്നു,നോക്കെത്താ ദൂരത്തുള്ള സ്വന്തം നാട്ടിലേയ്ക്ക്.

ഖത്തർ എയർവെയ്സ് വിമാനം കൊച്ചിയിൽ ഇറങ്ങാൻ നേരം മകന്റെ വായിൽ നിന്നും വീണ്ടും ആ ചോദ്യം, അമ്മ, ഹൌ ഡു യു ഫീൽ? ഹോം സ്വീറ്റ് ഹോം എന്ന് തോന്നുന്നുണ്ടോ? അറിയില്ല, അപ്പോഴും ഉത്തരം ഇല്ല, മനസ്സ് നിശബ്ദം.
കാത്തു നിന്നിരുന്നത് ഒരേ ഒരു സഹോദരൻ മാത്രം.മനസ്സിലേയ്ക്ക് ഓടി എത്തിയ ഓർമ്മകൾ പക്ഷെ ,വര്ഷങ്ങള്ക്ക് മുൻപ് എല്ലാ വേനലവധിയ്‌ക്കും നാട്ടിലെത്തുന്ന എന്നെ കാത്തു വിമാനത്താവളത്തിൽ ഉണ്ടാകുമായിരുന്ന അമ്മയും അച്ഛനും മറ്റു ബന്ധുക്കളും ആണ്.ഇല്ല, ഈ തവണ ആരും ഇല്ല... നാല് വർഷങ്ങൾ വല്ലാത്ത അകൽച്ച എനിക്ക് സമ്മാനിച്ചു എന്റെ നാട്.അമ്മ ഇല്ലാതെ ആകുമ്പോൾ വീടും മറ്റു ബന്ധങ്ങളും ഇല്ലാതെ ആകുന്നു എന്ന സത്യവും പതുക്കെ തിരിച്ചറിഞ്ഞു.
വീട്ടിലേയ്ക്കുള്ള യാത്രയിൽ ഞാൻ സ്വയം ചോദിച്ചു,എനിക്കെന്താണ് പറ്റിയത്?പിന്നെ സമാധാനിച്ചു,രണ്ടു ദിവസം കൊണ്ട് എല്ലാം ശെരിയാകും.കാത്തിരിക്കുന്ന അച്ഛന്റെ അടുത്തേയ്ക്ക് എത്തിയപ്പോഴും, വിരസമായ,ശൂന്യമായ വീട് കണ്ടു മനസ്സ് വീണ്ടും പേരറിയാത്ത ആ നൊമ്പരത്തിലേക്ക് വീണുപോയി.
പിന്നീട് എത്ര ദിവസങ്ങള്,ബന്ധുവീട് സന്ദർശനങ്ങൾ,പൊള്ളയായ വാക്കുകൾ ,സുഖാന്വേഷണങ്ങൾ,..പക്ഷെ ആ നൊമ്പരം എന്നെ വിട്ടു പോയതെ ഇല്ല. ഇതെന്റെ നാടല്ലെ,ഇവിടെ ഉള്ളവർ ഒക്കെ പരിചയക്കാരല്ലേ എന്നൊക്കെ ഞാൻ പലവട്ടം മനസ്സിനോട് ദേഷ്യപ്പെട്ടു.

പൊട്ടിപൊളിഞ്ഞ റോഡിനെകുറിച്ചും,കുട്ടികളെ ഓടിച്ചിട്ട്‌ കടിക്കുന്ന കൊതുകിനെകുറിച്ചും സംസാരിക്കുമ്പോൾ,ഉള്ളിന്റെ ഉള്ളിൽ ഞാൻ അന്വേഷിച്ചു,ആരോടാണ് എന്റെ ഈ പരാതി ?എന്തിനു വേണ്ടി? ഓരോ യാത്രയും കഴിഞ്ഞു തിരികെ വീടെത്തുമ്പോൾ വീണ്ടും ആ നൊമ്പരം എന്നെ മുറിപ്പെടുത്തി.പതുക്കെ എനിക്ക് മനസ്സിലായി,ഞാൻ താരതമ്യം ചെയ്യുകയാണ്,പണ്ടത്തെ നാട്ടിലേയ്ക്കുള്ള വരവും,വീടും,ആളുകളും ,ബഹളങ്ങളും;,ഇപ്പോഴത്തെ ശൂന്യതയും തമ്മിൽ.അമ്മ ഇല്ലാതെ ആയതോടെ മുറിഞ്ഞുപോയ ബന്ധങ്ങൾ തന്നെ എല്ലായിടത്തും.ആകാംഷയോടെ കാത്തിരിക്കാൻ ആരുമില്ല എന്ന സത്യം ഞാൻ മനസിലാക്കുന്നു.പൊള്ളയായ സുഖന്വേഷണങ്ങൾ എന്നെ നൊമ്പരപ്പെടുത്തുന്നു.ജീവിതമെന്നാൽ പണമാണ് മുഖ്യം എന്ന് എല്ലായിടത്തു നിന്നും കേട്ടു.വീണു കിടക്കുന്നവരെ വീണ്ടും ചവിട്ടിമെതിക്കാനുള്ള ആളുകളുടെ ഉത്സാഹം കണ്ടു,സ്നേഹത്തോടെ എന്ന വ്യാജേന കുറ്റപ്പെടുത്തലുകൾ കേട്ടു.
മുറിവ് വീണ എന്റെ മനസ്സിനെ പക്ഷെ ഞാൻ വഴക്ക് പറഞ്ഞു,എല്ലാം നിന്റെ തോന്നലുകൾ ആണ് എന്ന്.എത്രയോ നല്ല കാര്യങ്ങൾ ഉണ്ടായി!!

കുട്ടികള്ക്ക് അവരുടെ കസിൻസ് ന്റെ കൂടെയുള്ള ഏറ്റവും നല്ല ദിവസങ്ങള് കിട്ടി,സ്നേഹവും സ്വാതന്ത്ര്യത്തോടെ ഉള്ള ഇടപെടലുകളും എന്നും തന്നിരുന്ന,ജീവിതത്തിലെ പ്രതിസന്ധികളിൽ കൂടെ നിന്ന ഭർത്താവിന്റെ വീട്ടുകാർ, സ്വന്തം സഹോദരൻ,ഇതൊക്കെ എന്റെ സന്തോഷങ്ങൾ അല്ലെ?
ഓണ്‍ലൈനിൽ വര്ഷങ്ങളോളം കണ്ടു പരിചയപ്പെട്ട സൌഹൃദങ്ങൾ,നേരിട്ട് കണ്ടപ്പോൾ യാതൊരു അപരിചിതത്വവും തോന്നിയില്ല ആരോടും.മനസ്സ് തുള്ളിച്ചാടിയ നിമിഷങ്ങൾ ആയിരുന്നു ഓരോന്നും.കോളേജ് കാലം മുതൽ ഇന്നും കാത്തു സൂക്ഷിക്കുന്ന (അവരുടെ മിടുക്ക് കൊണ്ട്,തീര്ച്ചയായും എന്റെ അല്ല)സൌഹൃദങ്ങളെയും കാണാൻ കഴിഞ്ഞത് സുകൃതം മാത്രം.

എങ്കിലും,എങ്കിലും.. ആ കുഞ്ഞു നൊമ്പരം,അതെന്നെ വിട്ടു പോയില്ല.തിരിച്ചു പോരാൻ ഉള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഞാൻ ഒരു കാര്യം മനസ്സിലാക്കി ,ചെറിയ ഒരു ആശ്വാസം മനസ്സിനെ തഴുകുന്നുണ്ട്.അതെന്നെ അമ്പരപ്പിച്ചു,ഇത് ഞാൻ തന്നെയോ?മനസ്സിലുണ്ടായിരുന്ന നാടിന്റെ ചിത്രം പാടെ മാറിപ്പോയോ?അല്ല,നാടിനും നാട്ടുകര്ക്കും ഒന്നും സംഭവിച്ചിട്ടില്ല,എന്റെ കുറ്റപ്പെടുത്തലുകൾ ആരും അർഹിക്കുന്നതും അല്ല,നാല് വര്ഷത്തോളം നാടിനെ മറന്ന ഞാൻ തന്നെയല്ലേ പ്രതി?

തിരിച്ചു ഡാലസിൽ എത്തിയ നിമിഷം മകന്റെ വായിൽ നിന്നും വീണ്ടും ആ ചോദ്യം, അമ്മ, ഹൌ ഡു യു ഫീൽ? ഹോം സ്വീറ്റ് ഹോം?
അതെ എന്ന് പറഞ്ഞത് അറിയാതെ ആയിരുന്നു, മനസ്സിലേക്ക് നോക്കിയപ്പോൾ നൊമ്പരത്തിന് പിന്നിൽ ഒരു കുഞ്ഞു പുഞ്ചിരി ഒളിച്ചിരിക്കുന്നു. എത്ര അപരിചിതം നിന്റെ വഴികൾ എന്റെ പ്രിയപ്പെട്ട മനസ്സേ...