Wednesday, February 23, 2011

മൌണ്ട് ഫുജിയും ടോക്യോയും

വീണ്ടുമൊരു യാത്ര.ഇത്തവണ മനുവും പിള്ളേരും ഇല്ല,രണ്ടു കൂട്ടുകാരികളുടെ കൂടെ രണ്ടു ദിവസത്തെ പ്രോഗ്രാം.ലക്‌ഷ്യം ടോക്യോയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ക്വില്‍ട്ട് ഫെസ്റ്റിവല്‍ കാണുക,അവിടെ നടക്കുന്ന സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കുക,ഇത്രയുമായിരുന്നു.പക്ഷെ ഒരുപാട് നാളത്തെ ആഗ്രഹമായ ഫുജിസാന്‍(Mount Fuji) മനസ്സിലങ്ങനെ കിടന്നതുകൊണ്ട് യാത്ര രണ്ടു ദിവസത്തെയ്ക്കാക്കി.ഒരു ദിവസം ഫുജിസാനും അടുത്ത ദിവസം ടോക്യോയും.

വിന്റെര്‍ ആയതു കൊണ്ട് ഫുജിസാന്റെ മുകളില്‍ കയറാനൊന്നും പരിപാടി ഉണ്ടായിരുന്നില്ല.പക്ഷെ ജപ്പാനിലെ ഏറ്റവും പൊക്കമുള്ള,ഏറ്റവും ഭംഗിയുള്ള ഫുജിസാനെ കാണണം എന്നത് ഒരു ആഗ്രഹമായിരുന്നു.അതിനു കാരണം എന്റെ ഒരു കൂട്ടുകാരി ആണ്.മൂന്നു നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് അവരുടെ ഭര്‍ത്താവിനു ജോലിമാറ്റം കിട്ടിയത് ഷിസുഒക(Shizuoka)എന്ന സ്ഥലത്തേക്കയിരുന്നു. ഷിസുഒകയില്‍ ഫുജിസാന്‍ ന്റെ അടുത്തു തന്നെ.രാവിലെ ഉറക്കമുണര്‍ന്നു ആദ്യം കാണുന്ന കാഴ്ച ഗാംഭീര്യത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന ഫുജിസാന്‍.നല്ല തെളിഞ്ഞ ദിവസങ്ങളില്‍ വല്ലാത്തൊരു വശ്യതയാണ് ഫുജിയ്ക്ക്.ഓരോ ഋതുക്കളിലും ഓരോ ഭംഗി...എന്റെ സുഹൃത്ത്‌,തെളിഞ്ഞ ആകാശമുള്ള ദിവസങ്ങളില്‍ എല്ലാം, മൊബൈലില്‍ ഫുജിസാനെ പകര്‍ത്തി എനിക്കയച്ചു തരുമായിരുന്നു അന്നൊക്കെ.കണ്ടു കണ്ടു എനിക്കെങ്ങനെയെങ്കിലും ഫുജിസാനെ നേരിട്ട് കണ്ടേ പറ്റൂ എന്ന അവസ്ഥയായി.
എല്ലാ വര്‍ഷവും പ്ലാന്‍ ചെയ്യും,എന്തെങ്കിലുമൊക്കെ കാരണം കൊണ്ട് പോകാന്‍ പറ്റാതാവും,ഞാനൊഴിച്ചു പ്ലാന്‍ ചെയ്തവരൊക്കെ പോകുകയും ചെയ്യും. കഴിഞ്ഞ ചില വര്‍ഷങ്ങളായി ഇതിങ്ങനെ തുടര്‍ന്നു.പക്ഷെ വളരെ വ്യക്തമായി,മേഘങ്ങളുടെ മൂടുപടമില്ലാതെ ഫുജിസാനെ കാണാന്‍ സാധിക്കുന്നത്‌ ഭാഗ്യമായി ഇവിടുത്തെ ആളുകള്‍ കാണുന്നുണ്ട്.പല വര്‍ഷങ്ങള്‍ ശ്രമിച്ചിട്ടും ആ ഭാഗ്യം എനിക്ക് കൈവന്നില്ല.എന്താണെന്നു അറിയില്ലെങ്കിലും,കൂടെ പോകുവാന്‍ പ്ലാന്‍ ചെയ്യാറുള്ള മറ്റൊരു സുഹൃത്തിനു ഇതുവരെ ഫുജിസാനെ നന്നായി കാണാന്‍ പറ്റിയിട്ടില്ലായിരുന്നു.മൂന്നു തവണ,അവര്‍ ആദ്യം പറഞ്ഞ സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചു ഫുജിയെ കാണാന്‍ കാത്തിരുന്നു.ഒന്നുകില്‍ മേഘം മാത്രം,അല്ലെങ്കില്‍ ഫുജിയുടെ തല മാത്രം.. അങ്ങനെ തലയും വാലും മാത്രമേ കണ്ടിട്ടുള്ളൂ.നേരത്തെ തന്നെ കാലാവസ്ഥ ഒക്കെ തിരക്കി കണ്ടു പിടിച്ചിട്ടാണ് പോകുന്നത്..പക്ഷെ എന്തുകൊണ്ടോ അവിടെ എത്തിയാല്‍ ആകാശം മേഘാവൃതം!!!!!!

അങ്ങനെ എനിക്ക് മാത്രം പോകാന്‍ സാധികാതെ വര്‍ഷങ്ങള്‍ മൂന്നു നാല് കഴിഞ്ഞു.ഫുജിസാന്‍ ഒരു സ്വപ്നമായി അവശേഷിച്ചു. എന്റെ സുഹൃത്താവട്ടെ,അവരുടെ ഭര്‍ത്താവിനു വീണ്ടും സ്ഥലമാറ്റം ആയപ്പോള്‍ അവിടം വിടുകയും ചെയ്തു.എങ്കിലും അവരവിടെ ഒരുപാട് സുഹൃത്തുക്കളെ സമ്പാദിച്ചാണ് തിരിച്ചു പോന്നത്.ഇടയ്ക്കിടെ അവരെയൊക്കെ സന്ദര്‍ശിക്കാറും ഉണ്ട്.അങ്ങനെയാണ് ഇത്തവണത്തെ ക്വില്റ്റ്‌ ഫെസ്റ്റിവലിനുപോകുന്ന കാര്യം പറഞ്ഞു വന്നപ്പോള്‍,എങ്കില്‍ ഫുജിസാനെ കാണാന്‍ ഒരു ശ്രമം കൂടി നടത്തിയാലോ എന്ന് തോന്നിയത്.ജനുവരിയിലെ ഫുജിസാന്‍ മഞ്ഞു മൂടി കിടക്കും...മനോഹരമായ ആ കാഴ്ച മനസ്സില്‍ ഓര്‍ത്തപ്പോഴേ ആവേശമായി.ഞാനും,നേരത്തെ പറഞ്ഞ ഫുജിസാന്‍ ഇതുവരെ കാണാന്‍ സാധിക്കാത്ത ഹരുക്കോസാനും(Harukko san),ഫുജിസാന്റെ ആരാധിക ആയ,എന്റെ സുഹൃത്തായ,അവിടെ താമസിച്ചിരുന്ന കെയ്കോസാനും(Keyko san) ഒരുമിച്ചു പ്ലാന്‍ ഒക്കെ ഉണ്ടാക്കി.ഹരുക്കോസാന്‍, അവര്‍ കൂടെ ഉള്ളത് കൊണ്ട് ഇത്തവണയും ഫുജിസാന്‍ കാണാന്‍ സാധിക്കില്ല എന്ന് സങ്കടപ്പെട്ടു.എനിക്കാണെങ്കില്‍ മൂന്നു നാല് വര്‍ഷമായിട്ടു ഇതുതന്നെ കേട്ട് കേട്ട്,എന്നാല്‍ പിന്നെ ആ ധാരണ ഒന്ന് പൊളിച്ചടുക്കണമല്ലോ എന്നൊരു തോന്നലും.കണ്ടില്ലെങ്കില്‍ വേണ്ട,അടുത്ത വര്ഷം വീണ്ടും വരാം എന്ന ഉറപ്പില്‍ ഞങ്ങള്‍ പോകാന്‍ തയ്യാറായി.ടിക്കറ്റ്‌,ഹോട്ടല്‍ ബുക്കിംഗ്,എല്ലാം ഹരുക്കോ സാന്‍ ചെയ്തു.ടോക്യോയ്ക്കുള്ള പകുതി ദൂരം എക്സ്പ്രസ്സ്‌ ട്രെയിനിലും അത് കഴിഞ്ഞാല്‍ Shinkansen(Bullet train)ലും ആണ് യാത്ര.

രാവിലെ ആറു മണിക്ക് വീടിനു മുന്നില്‍ കാറുമായി ഹരുക്കോ സാന്‍ റെഡി.മഞ്ഞു പെയ്തു പെയ്തു റോഡോന്നും കാണാന്‍ തന്നെ ഇല്ലാത്ത അവസ്ഥ. നേരം വെളുത്തിട്ടില്ല.



ഞങ്ങള്‍ രണ്ടു പേരും കൂടി കെയ്കോ സാന്റെ വീട്ടില്‍ ചെന്ന് അവരെയും കൂട്ടി നേരെ റെയില്‍വേ സ്റ്റേഷനിലേക്ക് വച്ചുപിടിച്ചു.ഇത്രയും മഞ്ഞു പെയ്തത് കൊണ്ട് ട്രെയിന്‍ ഉണ്ടാവില്ലേ എന്നൊരു പേടി ഉണ്ടായിരുന്നു.പക്ഷെ ട്രെയിന്‍ കൃത്യസമയത്ത് തന്നെ എത്തി.അങ്ങനെ ഞങ്ങളുടെ യാത്ര തുടങ്ങി.

തമാശ പറഞ്ഞും,കുട്ടികളെ കുറിച്ചുള്ള കാര്യങ്ങള്‍ സംസാരിച്ചും,അവര്‍ രണ്ടു പേരുടെയും ഇന്ത്യ കാണണമെന്നുള്ള ആഗ്രഹത്തെ കുറിച്ചും ഒക്കെ സംസാരിച്ചു നേരം പോയത് അറിഞ്ഞതെ ഇല്ല.ഞങ്ങളുടെ താമസസ്ഥലമായ ടോയമ (Toyama prefecture) വിട്ടതോടെ മഞ്ഞു കുറഞ്ഞു കുറഞ്ഞു വന്നു.മൈബാര(Maibara) എന്ന സ്റ്റേഷനില്‍ എത്തിയപ്പോള്‍ പുറത്തേക്കു നോക്കിയാല്‍ വിന്റെറിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു. മൈബാരയില്‍ ഇറങ്ങി. നല്ല തണുപ്പ്... അപ്പൊ വിന്റെര്‍ തന്നെ...അവിടെ നിന്നും shinkansen ആണ് ടോക്യോക്ക്.Shinkansen(bullet train) നു പ്രത്യേക ട്രാക്ക്‌ ആണ് എന്നറിയാമല്ലോ.ആ പ്ലാറ്റ്ഫോമില്‍ പോയി ഞങ്ങളുടെ വണ്ടിയ്ക്കായി ഇരുപതു മിനുട്ട് കാത്തിരിക്കേണ്ടി വന്നു.അവിടെ വെറുതെ ഇരുന്നു തലങ്ങും വിലങ്ങും പോയ്കൊണ്ടിരിക്കുന്ന shinkansen ന്റെ കണക്കെടുപ്പ് നടത്തി.കണ്ണടച്ചു തുറക്കുംമുന്‍പേ ട്രെയിന അതിന്റെ പാട്ടിനു പോയ്കഴിയും....എന്തൊരു സ്പീഡ്‌.







ഞങ്ങളുടെ ട്രെയിനില്‍ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല.അവിടെയും ഇവിടെയുമായി കുറച്ചാളുകള്‍.നല്ല തെളിഞ്ഞ ആകാശം ആയിരുന്നു.ഫുജിസാനെ കാണാന്‍ പറ്റും എന്നുള്ള വിശ്വാസം കൂടി കൂടി വന്നു.പക്ഷെ കേയ്കോ സാന്‍ ,ഫുജിസാന്റെ അടുത്ത് താമസിക്കുന്ന അവരുടെ കുടുംബസുഹൃത്തിന് മെയില്‍ ചെയ്തു,മേഘങ്ങളുടെ അവസ്ഥ എന്താണ്?ഫുജിസാനെ കാണാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നിരാശാജനകമായിരുന്നു.തെളിഞ്ഞ ആകാശം ആണ്,പക്ഷെ ഫുജിസാനെ ചുറ്റി മേഘങ്ങള്‍ ഉണ്ട്,അതുകൊണ്ട് കാണാന്‍ ബുദ്ധിമുട്ടാണ് എന്നവര്‍ മറുപടി അയച്ചു.ഹരുക്കോ സാന്‍ ഇതോടെ മൂഡ്‌ ഔട്ട്‌ ആയി.ഞാന്‍ അവരെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു,ഇത്ര വെയില്‍ ഉള്ളത് കൊണ്ട് കാണാന്‍ സാധിക്കും എന്ന് തന്നെ ആയിരുന്നു എന്റെ വിശ്വാസം.അങ്ങനെ ഞങ്ങള്‍ ഷിന്‍ ഫുജി (shin fuji) എന്ന സ്റ്റേഷനില്‍ എത്തി.സാധാരണ ദിവസങ്ങളില്‍ സ്റ്റേഷന്‍റെ പുറത്തിറങ്ങിയാല്‍ ആദ്യം കാണുന്നത് ഭീമനെ പോലെ തലയുയര്‍ത്തി പിടിച്ചു നില്‍കുന്ന ഫുജിസാനെ ആണ്.പക്ഷെ ...നിര്‍ഭാഗ്യകരം....ഹരുക്കോ സാന്‍ ഭയന്നത് പോലെ തന്നെ സംഭവിച്ചു... മേഘങ്ങള്‍,മേഘങ്ങള്‍ മാത്രം എല്ലായിടത്തും.അവിടെ അങ്ങനെ ഒരു പര്‍വതം ഉണ്ട് എന്ന് വിശ്വസിക്കാന്‍ പ്രയാസം.




ഇതാ... ഇങ്ങനെ തലയും വാലും ഇല്ലാതെ....

സങ്കടത്തോടെ,ഞങ്ങള്‍ അടുത്തുള്ള റെന്റ് എ കാറിലേക്ക് നടന്നു.നേരെ പോയത് കേയ്കോ സാന്‍ പണ്ട് താമസിച്ചിരുന്ന സ്ഥലത്തേക്ക്.പോകുന്ന വഴിയെല്ലാം ഞാന്‍ ഫുജിസാനെ തിരഞ്ഞു... ഇടയ്കൊക്കെ തല മാത്രം കാണാന്‍ പറ്റി.




കേയ്കോ സാന്റെ കുടുംബസുഹൃത്തായ Tsuchiya san നടത്തുന്ന ചെറിയ ഒരു റെസ്റ്റോറന്റിലെക്കാണ് ഞങ്ങള്‍ ചെന്ന് കയറിയത്.അദ്ദേഹം സ്വയം ഉണ്ടാക്കുന്ന soba(നൂഡില്‍സ്)ആണ് അവിടുത്തെ പ്രത്യേകത.പ്രശസ്തമായ ഒരു മരുന്ന് കമ്പനിയില്‍,കേയ്കോ സാന്റെ ഭര്‍ത്താവിനൊപ്പം ജോലി ചെയ്തിരുന്ന ആ കുടുംബസുഹൃത്,ജോലി രാജി വച്ചിട്ടാണ് സ്വയം ഡിസൈന്‍ ചെയ്ത,പരമ്പരാഗത രീതിയിലുള്ള വളരെ ചെറിയ ഈ റെസ്റ്റോറന്റ് തുടങ്ങിയത്.വരുന്നവരെല്ലാം ചുറ്റിനും താമസിക്കുന്നവര്‍ തന്നെ.പിന്നെ ഫുജിസാന്‍ കാണാന്‍ വരുന്ന ടൂറിസ്റ്റുകള്‍ വല്ലപ്പോഴും.അവരോടു വിശേഷം ഒക്കെ പറഞ്ഞു,സോബ ഉണ്ടാക്കി വിളമ്പും.ആകെ മൂന്നു മേശയെ ഉള്ളു അവിടെ.പക്ഷെ എവിടെ ഇരുന്നാലും തൊട്ടു മുന്‍പില്‍ ഫുജിസാന്‍ ആണ്.എന്നും ഈ പര്‍വതത്തെ കാണാന്‍ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു റെസ്റ്റോറന്റ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ,എത്രമാത്രം ഇവിടെയുള്ള ആളുകള്‍ ഫുജിസാനെ വിലമതിക്കുന്നു എന്നെനിക്ക് മനസ്സിലായി.എന്ത് പറഞ്ഞു വന്നാലും അതിലൊക്കെ ഫുജിസാന്‍ മാത്രം അവര്‍ക്ക്.അത്ഭുതം തോന്നിപ്പോയി.ഞങ്ങള്‍ ചെല്ലുന്നതിന്റെ തലേദിവസം പൌര്‍ണമി ആയിരുന്നു.രാത്രി നിലവില്‍ കുളിചു നില്ക്കുന്ന ഫുജിസാനെ കുറിച്ച് പറഞ്ഞു അവിടെ ഉണ്ടായിരുന്ന നാട്ടുകാര്‍ ഞങ്ങളെ കൊതിപ്പിച്ചു.


കഷ്ണവും മുറിയൊക്കെ ആയിട്ടു..റെസ്റ്റോറന്റില്‍ നിന്നുള്ള അന്നത്തെ കാഴ്ച...


സോബയും,ടെമ്പുറയും...


ഹരുക്കോ സാനും കെയ്കോ സാനും

പക്ഷെ ജനുവരി ഒന്നാം തിയതി മുതല്‍ എല്ലാ ദിവസവും തെളിഞ്ഞ മുഖത്തോടെ കണ്ടിരുന്ന ഫുജിസാന്‍ നു ഇത് എന്ത് പറ്റി എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും അത്ഭുതപെട്ടു.ഹരുക്കോ സാന്‍ ന്റെ അന്ധവിശ്വാസത്തെ വിശ്വസിക്കണോ വേണ്ടയോ എന്നായി എനിക്ക്.ഹരുക്കോ സാന്‍ ആണെന്കില്‍ വല്ലാത്ത സങ്കടത്തിലും.ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ Tsuchiya san ന്റെ ഭാര്യ ഒരു അഭിപ്രായം പറഞ്ഞു...ചിലപ്പോള്‍ ഈ ഒരു വശം മാത്രമേ മേഘങ്ങള്‍ മറച്ചു കാണൂ..മറുവശത്ത് പോയി നോക്കിയാലോ എന്ന്.ഞങ്ങള്‍ എന്തിനും റെഡി.പക്ഷെ മറുവശം എന്നാല്‍ ഒരുപാട് ദൂരം ഉണ്ടാകില്ലേ.. ഈ പര്‍വതത്തിനെ വലം വയ്ക്കണ്ടേ...എന്നൊക്കെ മനസ്സില്‍ ആശങ്ക തോന്നാതെയുമിരുന്നില്ല.റെസ്റ്റോറന്റ് ഭാര്യയെ ഏല്‍പ്പിച്ചു,ഞങ്ങള്‍ടെ കൂടെ വരാന്‍ അദ്ദേഹം തയ്യാറായി.ഞങ്ങളോട് ഡ്രൈവ് ചെയ്യണ്ട എന്ന് പറഞ്ഞു സ്വന്തം കാറെടുത്തു.അങ്ങനെ കിലോമീറ്ററുകളോളം ചുറ്റി വളഞ്ഞു ഞങ്ങള്‍ ഫുജിസാനെ വീണ്ടും അന്വേഷിക്കാന്‍ തുടങ്ങി.വഴിയില്‍ ഇടയ്ക്കിടെ മേഘങ്ങള്‍ മാറി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു.







പക്ഷെ ഒരു പൂര്‍ണമായ കാഴ്ച ആവുന്നില്ല.അവസാനം ഒരുപാട് ദൂരം ഡ്രൈവ് ചെയ്തു മറുവശത്ത് എത്തിയപ്പോള്‍,അവിടെ അതാ,തല ഉയര്‍ത്തി പിടിച്ചു ഗാംഭീര്യത്തോടെ ഫുജി സാന്‍.ഒരു പര്‍വതത്തിന് ഇത്ര സൌന്ദര്യമോ എന്ന് തോന്നി പോയി എനിക്ക്.കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.






ഇത് മൂന്നും എന്റെ വകയുള്ള ഫോട്ടോസ്...










ഇത് ഗൂഗിള്‍ ല്‍ നിന്നും ചൂണ്ടിയത്.... അതായതു കഴിവുള്ളവര്‍ എടുത്തത്‌...


ജപ്പാനിലെ ഏറ്റവും പൊക്കമുള്ള പര്‍വതമാണിത്.3776മീറ്റര്‍ ആണ് ഉയരം.ശെരിക്കും ഇതൊരു അഗ്നിപര്‍വതം ആണ്.ഏറ്റവും അവസാനം പൊട്ടിത്തെറിച്ചത് 1707-08 കാലത്താണ്.അതിന്റെ ആകൃതി തന്നെ ആണ് ഏറ്റവും വലിയ പ്രത്യേകത.(Symmetrical cone).ജപ്പാനീസ് സാഹിത്യത്തില്‍ ഒക്കെ മൌണ്ട് ഫുജിയ്ക്ക് വലിയ പ്രാധാന്യം ആണ് ഉള്ളത്.ജപ്പാനില്‍ പ്രശസ്തമായ ഒരു ചൊല്ലുണ്ട്."ഒരിക്കലെങ്കിലും മൌണ്ട് ഫുജി കയറാത്തവന്‍ വിഡ്ഢിയാണ്,രണ്ടു പ്രാവശ്യം കയറിയവനും..."എന്താണോ അര്‍ഥം? നഞ്ഞെന്തിനു നന്നാഴി? എന്ന് തന്നെ ആവാം അര്‍ഥം അല്ലെ....മൌണ്ട് ഫുജി എന്ന പേരിന്റെ അര്‍ഥം തന്നെ "Everlasting life"എന്നാണത്രേ.

പല സ്ഥലത്തേക്കും മാറി മാറി വണ്ടിയോടിച്ചു ഫുജിസാനെ ഞങ്ങള്‍ കണ്ണ് നിറയെ കണ്ടു.അപ്പോഴാണ് ഒഷിനോഹക്കായ്(Oshino Hakkai) എന്ന സ്ഥലത്തെക്കുറിച്ച് കേയ്കോ സാനിനു ഓര്‍മ വന്നത്.അവിടെ അടുത്ത് തന്നെ ആയത് കൊണ്ട് കാണണമെന്നുണ്ടയിരുന്നെന്കിലും റെന്റ് എ കാര്‍ എടുത്തിരിക്കുന്നത് വൈകുന്നേരം ആറു മണി വരെ ആണ്.ആറു മണിക്ക് മുന്‍പ് തിരിച്ചു സ്റ്റേഷന്‍ പരിസരത്ത് എത്താന്‍ സാധിക്കുമോ എന്നൊരു സംശയം.പക്ഷെ വേഗം പോയി വരാം എന്ന ഉറപ്പില്‍ ഞങ്ങള്‍ അവിടെയ്ക്ക് വച്ചുപിടിച്ചു.കണ്ടില്ലായിരുന്നെങ്കില്‍ എത്ര വലിയ നഷ്ടം ആകുമായിരുന്നു എന്ന് പിന്നീട് മനസ്സിലായി.


ഒഷിനോഹക്കായ്(Oshino Hakkai) എന്നത് എട്ടു കുളങ്ങളുടെ പേരാണ്.ഈ കുളങ്ങളില്‍ ഉള്ളത് മൌണ്ട് ഫുജിയില്‍ നിന്നുള്ള മഞ്ഞു ഉരുകിയ വെള്ളം ആണ്.ഈ വെള്ളം, മൌണ്ട് ഫുജിയുടെ അടിത്തട്ടിലെക്കാന് ആദ്യം പോകുന്നത്.എന്നിട്ട് ലാവ മൂലമുണ്ടായ പാറകള്‍ ഈ വെള്ളത്തിനെ അരിച്ചെടുക്കുന്നു.(filtering).പ്രകൃതിയാണ് ഈ ഫില്‍റ്ററിംഗ് ചെയ്യുന്നത്.പിന്നെ വെള്ളം അടിത്തട്ടിലൂടെ ഒഴുകി ഈ പറഞ്ഞ ഒഷിനോഹക്കായ് എന്ന കുളങ്ങളില്‍ എത്തുന്നു. ആ ഒഴുകിഎത്തല്‍ 80 വര്‍ഷങ്ങള്‍ എടുത്താണ് പൂര്‍ത്തിയാകുന്നത് അത്രേ.ലാവ കൊണ്ട് അരിച്ചെടുക്കുന്നതിനാല്‍ ഈ വെള്ളം വളരെ ശുദ്ധമാകുന്നു.മാത്രമല്ല,അതില്‍ ഒരുപാട് മിനരെല്‍സ് അടങ്ങിയിട്ടുണ്ട് എന്നും പറയപ്പെടുന്നു.എന്ത് തന്നെ ആയാലും ഇത്ര തെളിമയാര്‍ന്ന കുളങ്ങള്‍ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല.അടിത്തട്ട് വരെ വ്യക്തമായി കാണാം.അതിന്റെ ഭംഗി വിവരിക്കാന്‍ വാക്കുകളില്ല എനിക്ക്.





ഇത് മൂന്നും എന്റെ......








ഇതെല്ലം ഫോട്ടോ എടുക്കാന്‍ അറിയാവുന്നവര്‍ എടുത്തത്‌... ഞാന്‍ ചൂണ്ടിയത്....


അവിടെ നിന്നും മടങ്ങാന്‍ തോന്നിയതെ ഇല്ല.കണ്ടു കൊതി തീര്‍ന്നില്ല എങ്കിലും വീണ്ടും വരാം എന്ന് മനസ്സിന് ഉറപ്പു കൊടുത്ത്ഞങ്ങള്‍ മടങ്ങി.അസ്തമയസൂര്യന്‍ ഫുജിസാനില്‍ നിറങ്ങളുടെ ഉത്സവം തീര്‍ക്കുന്നു.ഓടികൊണ്ടിരിക്കുന്ന കാറില്‍ ഇരുന്നു ആ നിറങ്ങളെ ഒക്കെ ക്യാമറയില്‍ ആക്കാന്‍ ഞാന്‍ വെറുതെ ഒരു ശ്രമം നടത്തി.




തിരിച്ചു റെസ്റ്റോറന്റില്‍ എത്തിയപ്പോള്‍ അവിടെ പഴയ പോലെ മേഘാവൃതം.അങ്ങനെ ഒരു സുന്ദരന്‍ (അതോ സുന്ദരിയോ?) അവിടെ ഒളിച്ചിരിക്കുന്നത് ആരും അറിയാത്ത പോലെ....എന്തത്ഭുതം!!!!!!


റെസ്റ്റോറന്റ് ന്റെ മുന്നില്‍ നിന്നുള്ള ദൃശ്യം... അവിടെ ആരും ഇല്ലാട്ടോ...





Tsuchiya san & ഭാര്യ ഞങ്ങളോടൊപ്പം...

നേരം വൈകിയത് കൊണ്ട് ഞങ്ങള്‍ മടങ്ങിപോകാന്‍ തയ്യാറായി.Tsuchiya sanനോടും ഭാര്യയോടും യാത്ര പറഞ്ഞ്,വീണ്ടും മനുവിനെയും കുട്ടികളെയും കൂട്ടി വരാമെന്നു ഉറപ്പു കൊടുത്ത്,ഞങ്ങള്‍ കാറില്‍ കയറി.ഇനി ആറു മണിക്ക് മുന്‍പ് സ്റ്റേഷന്‍റെ മുന്‍പില്‍ റെന്റ് എ കാറില്‍ എത്തണം.കാര്‍ മടക്കി കൊടുത്ത് അടുത്ത Shinkansen ല്‍ കേറി ടോക്യോയില്‍ എത്തണം.നാളെ ക്വില്റ്റ്‌ ഫെസ്റ്റിവല്‍.

ഫുജിസാന്‍ നെ മതിവരുവോളം കണ്ട സന്തോഷത്തില്‍ ഹരുക്കോ സാന്‍,ഇനിയും കാണാനുള്ള ആവേശത്തില്‍ ഞാന്‍,ഫുജിസാന്റെ ഭംഗിയുടെ 70%(??) എങ്കിലും കണ്ടല്ലോ എന്ന ആശ്വാസത്തില്‍ കേയ്കോ സാന്‍,shinkansen നു വേണ്ടിയുള്ള കാത്തിരിപ്പു തുടരുന്നു ഞങ്ങള്‍....

(ഓഫ്‌: ജപ്പാനില്‍ ആരെയും പേര് മാത്രമായി വിളിക്കാറില്ല...സാന്‍ എന്ന് കൂട്ടിയേ വിളിക്കൂ.. അതുകൊണ്ടാണ് ഞാന്‍ ഹരുക്കോ സാന്‍,കെയ്കോ സാന്‍ എന്ന് പറഞ്ഞിരിക്കുന്നത്.)